Posted on 03 April 2010.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂComments (54)
Posted on 27 January 2010.

മലയാളസിനിമയുടെ മുത്തെന്നായിരുന്നു സംവിധായകജോഡിയായിരുന്ന സിദ്ദീക് – ലാല്‍മാരെപ്പറ്റി പറഞ്ഞിരുന്നത്. റാംജിറാവു സ്‌പീക്കിംഗ് എന്ന ആദ്യചിത്രത്തിലൂടെത്തന്നെ വിസ്‌മയവും വിസ്‌മയവിജയവും സൃഷ്‌ടിച്ചു അവര്‍. തൊഴില്‍രഹിതരായ മൂന്നു ചെറുപ്പക്കാരുടെ ജീവിതങ്ങളെ മുന്‍നിര്‍ത്തി ഉഗ്രനൊരു സാമൂഹികവിമര്‍ശവിഷയമാണ് ആ ചിത്രം കൈകാര്യം ചെയ്‌തത്. അതിന്റെ വിഷയപരമായ ആഴവും ഉള്‍ക്കരുത്തും മലയാളസിനിമയും പ്രേക്ഷകരും നെഞ്ചേറ്റി ലാളിച്ചു. തുടര്‍ന്ന് വിജയത്തിന്റെ പാതയ്‌ക്കായി ഉള്‍ക്കരുത്തുള്ള വിഷയമെന്ന കാര്യമൊക്കെ വിട്ടെങ്കിലും രസനീയങ്ങളായ കഥകളും കഥാസന്ദര്‍ഭങ്ങളും അവതരണരീതിയും കൈമുതലാക്കി ഇരുവരുംചേര്‍ന്ന് ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്‌ഫാദര്‍, വിയറ്റ്‌നാംകോളനി, കാബൂളിവാല എന്നീ ചിത്രങ്ങളൊരുക്കി. എല്ലാം വിജയിച്ചു. ഇരുവരും പേരു ചാര്‍ത്താതെ സഹകരിച്ച ആഅവസാനചിത്രമായ മാന്നാര്‍ മത്തായി സ്‌പീക്കിംഗും വിജയിച്ചു. തുടര്‍ന്ന് ഇണപിരിഞ്ഞ ഇവരില്‍ സിദ്ദീഖ് രചന, സംവിധാനത്തിന്റെ പാതയില്‍ തുടരുകയും ലാല്‍ നിര്‍മാണ, വിതരണ, അഭിനയരംഗത്ത് നിലയുറപ്പിക്കുകയും ചെയ്‌തു. ലാലില്ലാതെ സിദ്ദീക് ചെയ്‌ത ചിത്രങ്ങളായ ഹിറ്റ്‌ലറും ഫ്രണ്ട്‌സും മറ്റും നിലവാരത്തില്‍ താഴെയായിരുന്നെങ്കിലും വിജയഫോര്‍മുലകള്‍ പിന്തുടര്‍ന്നു. അവസാനചിത്രമായ ക്രോണിക് ബാച്ചിലര്‍ പക്ഷേ, ഹൈസ്‌കൂള്‍ നിലവാരത്തിലുള്ള നാടകവും പടയപ്പ എന്ന തമിഴ്‌സിനിമയുടെ കഥാപാത്രവത്‌ക്കരണത്തെ അനുകരിക്കുന്നതുമൊക്കെയായിരുന്നു. എന്നിട്ടും പടം ഹിറ്റായി. ഹിറ്റായിട്ടും പിന്നെ ആറുവര്‍ഷം സിദ്ദീഖ് മലയാളത്തില്‍ സിനിമയെടുത്തില്ല. ഒഠുവില്‍ അദ്ദേഹം ഇപ്പോള്‍ ദിലീപ്, നയന്‍താര ജോഡിയുമായി ബോഡിഗാഡ് എന്ന ചിത്രമെടുത്തിരിക്കുന്നു. ക്രോണിക് ബാച്ചിലറിന്റെ നിലവാരത്തില്‍നിന്ന് ആറുകൊല്ലംകൊണ്ട് അദ്ദേഹം പിന്നെയും ആറായിരമടി താഴേക്കുപോയിരിക്കുന്നു ഈ ചിത്രത്തില്‍ എന്ന് പറയാതെ നിവൃത്തിയില്ല. പടംകണ്ടിറങ്ങുന്ന പ്രേക്ഷകരും അതുതന്നെയാണ് പറയുന്നതെന്നത് ഈ ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുമെന്നുറപ്പ്.
കെട്ടുകഥകളാണ് സിദ്ദീഖ് ചിത്രങ്ങളുടെ ഇതിവൃത്തം. വളരെ സങ്കീര്‍ണമായ ഒറു കഥാപരിസരവും കഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഗതിവിഗതികളും ഒടുവില്‍ അത് ഇഴപിരിച്ചെടുത്ത് ശുഭകരമായി അവസാനിപ്പിക്കുന്ന രീതിയുമാണ് റാംജിറാവു മുതല്‍ ഇന്നുവരെ ഈ സംവിധായകന്‍ ചെയ്‌ത സിനിമകളെല്ലാം അനുവര്‍ത്തിക്കുന്ന പ്രമേയരീതി. ബോഡിഗാഡിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ല. ധീരതയെ ആരാധിക്കുന്ന ഒരു കുട്ടി, അവന്‍ വളര്‍ന്നുവരുമ്പോള്‍ ഗുണ്ടകളെ ആരാധിക്കുന്നു. അവന്റെ പേര് ജയകൃഷ്‌ണന്‍ (ദിലീപ്). അവന്‍ ഗുണ്ടകളുടെ ഗുണ്ടയും എന്നാല്‍ മഹാനല്ലവനുമായ അശോകേട്ടന്റെ (ത്യാഗരാജന്‍) അടുക്കലെത്തിപ്പെടുന്നു. സംഗതിവശാല്‍ അവന്‍ അശോകേട്ടന്റെ മകളായ അമ്മുവിന്റെ (നയന്‍താര) ബോഡിഗാഡായി അവളോടും കൂട്ടുകാരിയോടുമൊപ്പം ദൂരെയുള്ള കോളേജിലേക്ക് എത്തിപ്പെടുന്നു. ഗുണ്ടയാകാന്‍ പഠിത്തം പണ്ടേ കളഞ്ഞെങ്കിലും ജയകൃഷ്‌ണന് പഠിക്കുമ്പോള്‍ ഫസ്റ്റ്‌റാങ്കായിരുന്നതിനാല്‍ അവന് അമ്മുവിന്റെ ക്ലാസില്‍ അഡ്‌മിഷനും തന്തപ്പടി ശരിപ്പെടുത്തുന്നു. പതിവുപോലെ ആശാന്‍ പെങ്കൊച്ചിനും കൂട്ടുകാരിക്കും കോളേജിലാകെ പാരയാകുന്നു. അവന്റെ കാവല്‍ശല്യം ഒഴിവാക്കാന്‍ പെങ്കൊച്ച് ഒരു ഫോണ്‍ ഇന്‍ പ്രേമം നമ്പര്‍ എടുത്തുകാച്ചുന്നു. പിന്നെ, പറയണോ കഥ? അമ്മുവാണെന്നറിയാതെ ആ ഫോണ്‍ ഇന്‍ പ്രണയം തളിരിടുന്നു. അമ്മുവിനാണെങ്കില്‍ പയ്യെപ്പയ്യെ ജയകൃഷ്‌ണനോടു മുടിഞ്ഞ പ്രേമവും ആയിത്തീരുന്നു. ഇത് ഒടുവില്‍ അറിയുന്ന തന്തപ്പടി ബോഡിഗാഡിനെ വകവരുത്താന്‍ തീരുമാനിക്കുന്നു. ഇവിടെ വച്ച് കഥയ്‌ക്ക്, സിദ്ദീഖ് സാറിന്റെ പടങ്ങളിലെ മുടങ്ങാച്ചടങ്ങായ ഒ.ഹെന്‍റി ട്വിസ്റ്റ് സംഭവിക്കുന്നു. പിന്നെ, ഒരു ഫ്‌ളാഷ്‌ബാക്ക്, ഒരു ക്ലൈമാക്‌സ്, ഒരു ആന്റി ക്ലൈമാക്‌സ്… അതൊന്നും തല്‍ക്കാലം പറയുന്നില്ല. കാണാനിരിക്കുന്നവരുടെ മനസ്സിലെ രസച്ചരടു പൊട്ടിക്കുന്നതെന്തിന്?…
ഈ ചിത്രത്തിനുവേണ്ടിയാണോ സിദ്ദീഖ് സാര്‍ കഴിഞ്ഞ ആറേഴുവര്‍ഷം കാത്തിരുന്നതും ഒരുങ്ങിയതും. അദ്ദേഹം, മലയാളത്തില്‍ സിനിമയെടുക്കാന്‍ ഭയമാണെന്നും മലയാളിപ്രേക്ഷകസമൂഹം മാറിയെന്നും പുതിയ പ്രേക്ഷകനെ ഭയമാണെന്നുമൊക്കെ പറയുന്ന ഇന്റര്‍വ്യൂകള്‍ ഇടയ്‌ക്കു കണ്ടിരുന്നു. ഏതായാലും ആ സ്ഥിതി ഇതോടെ മാറും. ബോഡിഗാഡ് വന്നതോടുകൂടി പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ ആയിരിക്കും ഇനിമേല്‍ ഭയം.
ഈ ചിത്രത്തില്‍ കുറേയധികം പാട്ടുകളുണ്ട്. അവനവളാണോ… അവളിവളാണോ… എവളെവളാണോ… എന്നൊക്കെയാണ് പാട്ടുകളുടെ വരികള്‍. ഒരു അഴശകലാരൂപമായ കഥാപ്രസംഗത്തില്‍ ഇങ്ങനെയാണ്. കഥ നാലുവരി പറഞ്ഞാല്‍ പിന്നൊരു പാട്ടാണ്. ഇവിടെ ആ അര്‍ഥത്തില്‍ സിദ്ദീഖ് കഥാപ്രസംഗത്തിന്റെ ശൈലി കടംകൊണ്ടിരിക്കുകയാണ്.
പടതത്തിന്റെ ഒരു വിഭാഗത്തെക്കുറിച്ചും നല്ലതുപറയാനില്ല. ദിലീപിന്റെയും ത്യാഗരാജന്റെയും സാന്നിദ്ധ്യമാണ് ഒരു ആശ്വാസഘടകം. പക്ഷേ, അവര്‍ക്കും വലിയ പെര്‍ഫോമന്‍സ് സാദ്ധ്യതകളില്ല. അമ്മുവായിവരുന്ന നയന്‍താരയ്‌ക്ക് മുഖത്ത് കൃത്രിമമായ ചില പേശീചലനങ്ങള്‍ കാഴ്‌ചവയ്‌ക്കാനല്ലാതെ പ്രേമമോ അതിന്റെ ഭഗ്നഭാവമോ അതിലെ വേദനയോ ഒന്നും തോന്നുന്നുമില്ല, കാണുന്നവരില്‍ തോന്നിക്കുന്നുമില്ല. ജനാര്‍ദ്ദനന്റെ കാര്യസ്ഥന്‍, ഹരിശ്രീയുടെ നീലാബരന്‍, വൈജയന്തിയുടെ മല്ലി, ഗിന്നസ് പക്രുവിന്റെ കുടമാളൂര്‍ ബാലാജി, സിദ്ധാര്‍ത്ഥന്റെ തടിയന്‍, സീനത്തിന്റെ അമ്മ, അപ്പാ ഹാജയുടെ രാജീവ്, കൊച്ചിന്‍ ഹനീഫയുടെ പ്രിന്‍സിപ്പല്‍, നന്ദുവിന്റെ അച്ഛന്‍, സീമാ ജി. നായരുടെ അമ്മ, ചുള്ളിക്കാടിന്റെ അദ്ധ്യാപകന്‍ തുടങ്ങിയ അനേകം കഥാപാത്രങ്ങളും കുറേ കൊട്ടേഷന്‍ സംഘാംഗങ്ങളും ചിത്രത്തില്‍ വന്നുമറയുന്നുണ്ട്. ആര്‍ക്കും ഒന്നും ചെയ്യാനോ കഥാവികാസത്തില്‍ പങ്കുവഹിക്കാനോ ഇല്ല. ഛായാഗ്രഹണം നിര്‍വഹിച്ച s.kumar വാതില്‍ തുറക്കുമ്പോള്‍ ഹൈ ആംഗിള്‍, അടയ്‌ക്കുമ്പോള്‍ ലോ ആംഗിള്‍ എന്നിങ്ങനെ കേവലവിസ്‌മയം തീര്‍ക്കുന്ന ആംഗിള്‍ മാറ്റങ്ങള്‍ മാത്രമേ ചെയ്യാനുള്ളൂ.
ആകപ്പാടെ പറഞ്ഞാല്‍, ബോഡിഗാഡ് ഒരു കെട്ടുകഥാപ്രസംഗമായിപ്പോയി. ഇത്തരമൊരു സിനിമയെടുക്കാനാണോ നൂറിലധികം ദിവസങ്ങളിലെ ഷൂട്ടും അഞ്ചാറു കോടി രൂപയും ചെലവഴിച്ചത് എന്നത് ആശ്ചര്യപ്പെടുത്തുന്നു.
എങ്കിലും ഈ ചിത്രം പരാജയപ്പെടുമെന്നു തോന്നുന്നില്ല. സ്‌ത്രീപ്രേക്ഷകര്‍ക്ക് ചിത്രത്തിന്റെ അതിനാടകീയത നിറഞ്ഞ ട്വിസ്റ്റുകള്‍ ഇഷ്‌ടപ്പെടാനിടയുണ്ട്. പരമ്പരകള്‍ സൃഷ്‌ടിച്ചിരിക്കുന്ന ഭാവുകത്വമണ്‌ഡലത്തില്‍ ജീവിക്കുന്ന സ്‌ത്രീകള്‍ക്ക് അംഗീകരിക്കാനും അദ്‌ഭുതം കൂറാനുമുള്ള വഹകളെല്ലാം ഇതിലുണ്ട്.
എങ്കിലും സിദ്ദീക്ക് എന്ന സംവിധായകനില്‍ നിന്ന് ഇങ്ങനൊരു കൂട്ട് പ്രേക്ഷകര്‍ നിനച്ചിരുന്നില്ല. മറ്റൊരു സംവിധായകന്റെ ചിത്രമായിരുന്നു ഇതെങ്കില്‍ ഇതിനെപ്പറ്റി കുറച്ചുകൂടി അനുഭാവത്തോടെ പ്രതികരിച്ചേനേ. സിദ്ദീകില്‍ നിന്ന് ജനം കൂടുതല്‍ വ്യക്തത പ്രതീക്ഷിക്കുന്നു.
