
മൈ നെയിം ഈസ് ഖാന്‍. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കാരണമായ വന്‍ചിത്രം. കരണ്‍ ജോഹറും ഷാരുഖ് ഖാനും കജോളും ഒന്നിക്കുന്ന വമ്പന്‍ ചിത്രം. ഏതായാലും കണക്കുകൂട്ടലുകളെയും പ്രതീക്ഷകളെയും അട്ടിമറിച്ചില്ല ഈ കരണ്‍ജോഹര്‍ ചിത്രം. ആദ്യപത്തുമിനിറ്റിലെ ഇഴച്ചിലും അവസാനപത്തുമിനിറ്റിലെ അതിനാടകീയതയും ദോഷങ്ങളായി പറയാമെങ്കിലും എല്ലാ ദോഷങ്ങളെയും അതിജീവിക്കുന്ന ഒരു ഉള്‍ക്കരുത്ത് ഈ ചിത്രത്തിനുണ്ട്. അത് ചിത്രത്തിന്റെ ആത്മാവായിത്തീര്‍ന്നിരിക്കുന്ന അതിന്റെ രാഷ്‌ട്രീയപരതയാണു താനും.
മുസ്‌ലിം സമുദായത്തില്‍പ്പെട്ട അംഗങ്ങള്‍, പ്രത്യേകിച്ച്, അവരിലെ ഇടത്തരക്കാരും സാധാരണക്കാരും ലോകമെമ്പാടും, പോസ്റ്റ് 9/11 കാലത്തു നേരിടുന്ന പ്രതിസന്ധിയാണു ചിത്രത്തിന്റെ പ്രമേയപരിസരം. അമേരിക്കയില്‍ സംഗതിവശാല്‍ എത്തിപ്പെടുന്ന ഓട്ടിസം രോഗി കൂടിയായ നായകന്‍ റിസ്‌വാന്‍ ഖാന്‍ (ഷാരുഖ് ഖാന്‍) തന്റെ ജീവിതസന്ദര്‍ഭങ്ങള്‍ കൊണ്ടു സൃഷ്‌ടിക്കുന്ന ലോകവും മനുഷ്യരുമാണു ചിത്രത്തില്‍ നമ്മള്‍ കാണുന്നത്. വിധവയും ആറുവയസ്സുകാരന്റെ മാതാവുമായ മന്ദിരയെ (കജോള്‍) വിവാഹം കഴിച്ച് ജീവിക്കുന്ന ഖാന്‍ തന്റെ കുട്ടിക്കാലത്ത് 1983ലെ ഹിന്ദു മുസ്‌ലിം ലഹള കണ്ടിട്ടുണ്ട്. അന്ന് അവന്റെ അമ്മീജാന്‍ (സറീന വഹാബ്) പറഞ്ഞുകൊടുത്ത തത്വശാസ്‌ത്രമാണ് അവന്റെ ജീവിതദര്‍ശനം. മനുഷ്യരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമില്ല; നല്ലവരും ചീത്തവരും മാത്രമേ ഉള്ളുവെന്ന്. ഖാന്‍ ദമ്പതികളുടെ ജീവിതം സുന്ദരമായി നീങ്ങുമ്പോഴാണ് 9/11 സംഭവിക്കുന്നത്. അതോടെ അമേരിക്കയും അമേരിക്കന്‍ കേന്ദ്രിതലോകവും മുസ്‌ലിം സമുദായത്തിനെതിരാകുന്നു. ഞാന്‍ മുസ്‌ലിമാണെങ്കിലും തീവ്രവാദയല്ലെന്നു തെളിയിക്കേണ്ട ബാദ്ധ്യത ഓരോ മുസ്‌ലിമിനുമുണ്ടാകുന്നു. ആ ബാദ്ധ്യത ഏറ്റെടുക്കാന്‍ റിസ്‌വാന്‍ ഖാന്‍ നിര്‍ബന്ധിതനാകുന്നതും തുടര്‍ന്നുള്ള സംഗതികളുമാണു ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.
ഹിന്ദിച്ചിത്രങ്ങളുടെ വിപണി ലോകമൊട്ടാകെ വ്യാപിച്ചതുകൊണ്ട് എല്ലാ വിലയേറിയ സാങ്കേതികസൗകര്യങ്ങളും കൊണ്ടു ചിത്രം ചെയ്യാനാകുമെന്നത് ആ ചിത്രങ്ങളുടെ സാങ്കേതികമേന്മ ഒട്ടൊന്നുല്ല വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. താരേ സമീന്‍ പറും ത്രീ ഇഡിയറ്റ്‌സും ഇപ്പോള്‍ മൈ നെയിം ഈസ് ഖാനും ഒക്കെ ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരമുള്ള പ്രൊഡക്ഷനുകള്‍ തന്നെയായിരിക്കുന്നു. ഇവ ആസന്നഭാവിയില്‍ പ്രാദേശികചിത്രങ്ങള്‍ക്ക് വന്‍ഭീഷണിയാകുമെന്നുറപ്പാണ്. (പ്രാദേശികസിനിമകള്‍ തങ്ങളുടെ ശക്തി എന്തെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍)
ഒറ്റപ്പെടുത്തപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തോടു അനുഭാവം പ്രകടിപ്പിക്കാനും രാഷ്‌ട്രീയമായി തീവ്രവാദത്തിന്റെയും തീവ്രവാദത്തിനെതിരായ യുദ്ധത്തിന്റെയും രാഷ്‌ട്രീയം മനസ്സിലാക്കി, അതു പുറത്തുകൊണ്ടുവരാനും സ്വന്തം നിലപാടു വ്യക്തമാക്കാനും സാധാരണ കലാകാരന്മാര്‍ തുനിഞ്ഞുകാണാറില്ല. എന്നാല്‍, കരണ്‍ ജോഹറും ഷാരുഖ് ഖാനും അതിനു മുന്നോട്ടുവന്നിരിക്കുകയാണ്. ഷാരുഖ് ഖാന്‍ കരിയര്‍ മൊത്തമെടുത്തു പരിശോധിച്ചാലറിയാം, അദ്ദേഹം ഇതുവരെ വളരെ കുറച്ചു മുസ്‌ലിം വേഷങ്ങളാണു ചെയ്‌തിട്ടുള്ളത്. ഹേറാമിലും ചക്‌ദേ ഇന്ത്യയിലും ഇപ്പോള്‍ മൈ നെയിം ഈസ് ഖാനിലും. മൂന്നും മതരാഷ്‌ട്രീയത്തിന്റെ വേരുകള്‍ ചികയുന്നവയാണെന്നത് എടുത്തുപറയണം. ആ അര്‍ത്ഥത്തില്‍ മറ്റു ഖാന്‍മാരുടെ ചിത്രങ്ങളില്‍നിന്ന് ഷാരുഖ് ഖാന്‍ ചിത്രങ്ങള്‍ വേറിടുന്നുണ്ട്.
പ്രഫഷനലായ സമീപനംകൊണ്ടാവാം, ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടീനടന്മാര്‍ എല്ലാവരും കഥാപാത്രങ്ങളായി മാറിയിട്ടുണ്ട്. സംഗീതം പാട്ടുംകൂത്തുമായി രംഗത്തില്ലെങ്കിലും സദാ പശ്ചാത്തലത്തെ സമ്പന്നമാക്കുന്നുണ്ട്. ശങ്കര്‍ എഹ്‌സാന്‍ ലോയ്‌മാരുടെ സംഗീതം സ്വയം അനുകരിക്കുന്നുണ്ടോ എന്നു സന്ദേഹിപ്പിക്കുന്നെന്നുമാത്രം. റിസ്‌വാന്‍ ഖാനായി ഷാരുഖ് മികച്ച പ്രകടനമാണു നടത്തുന്നത്. ഡര്‍, അന്‍ജാം തുടങ്ങിയ ആദ്യകാലചിത്രങ്ങളിലൂടെ മികച്ച അഭിനേതാവെന്നു വിശേഷിപ്പിക്കപ്പെട്ടെങ്കിലും തുടര്‍ന്ന് ചോക്കലേറ്റു ചിത്രങ്ങളുമായി കളംമാറിയ കിംഗ് ഖാന്‍ ചക് ദേ ഇന്ത്യയിലെ കബീര്‍ ഖാനിലൂടെയാണ് തന്റെ അഭിനയശേഷി പിന്നീട് തിരിച്ചുപിടിച്ചത്. ഇപ്പോളിതാ, ഈ ചിത്രത്തില്‍ ഖാനായി, ഓട്ടിസമുള്ള രോഗിയായി അദ്ദേഹം അതിമനോഹരമായി അഭിനയിച്ചിരിക്കുന്നു. കജോള്‍ ജനപ്രിയസിനിമനായികമാരുടെ മാനറിസങ്ങളിലും അഭിനയമാവശ്യപ്പെടുന്ന മുഹൂര്‍ത്തങ്ങളിലും തന്റെ നിലവാരത്തില്‍ത്തന്നെ അഭിനയിച്ചിട്ടുണ്ട്. മുസ്‌ലിംകളോടുമാത്രമല്ല, കറുത്തഅമേരിക്കനോടുമുള്ള നിലപാട് ഈ ചിത്രത്തില്‍ പരിശോധിക്കപ്പെട്ടിട്ടുണ്ട്. ആഫ്രോ അമേരിക്കന്‍ അമ്മയും കുട്ടിയും ഉജ്വലമാകുകയും ചെയ്‌തു.
വളരെ മനോഹരമായി ചിത്രീകരിച്ച വികാരനിര്‍ഭരമായ സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഒപ്പം നിര്‍മലമെന്നു പറയാവുന്ന നര്‍മത്തിന്റെ, പലപ്പോഴും കരയിച്ചുകൊണ്ടു മന്ദഹസിപ്പിക്കുന്ന അത്രമേല്‍ ലഘുവല്ലാത്ത തമാശകളുടെ ലാവണ്യം പല രംഗങ്ങളെയും സുന്ദരമാക്കിയിട്ടുണ്ട്. പലപ്പോഴും വൈകാരികമായ വലിഞ്ഞുമുറുകലും ഉദ്വേഗത്തിന്റെ തിരതള്ളലും പ്രേക്ഷകന് അനുഭവപ്പെടാം. ഏതായാലും രസിക്കാന്‍ വേണ്ടി അലസമനോഭാവത്തോടെ കണ്ടുതള്ളാനുള്ള ലളിതമായ സിനിമയല്ലിത്; നിങ്ങളിതിനെ അംഗീകരിച്ചാലും ഇല്ലെങ്കിലും.
രാഷ്‌ട്രീയപരമായി ശരിയെന്നു വിശേഷിപ്പിക്കുമ്പോഴും ഒരു സംശയം ബാക്കിയാകുന്നു. മൈ നെയിം ഈസ് ഖാന്‍. ആന്റ് ഐ ആം നോട്ട് എ ടെററിസ്റ്റ് എന്ന വാക്യം ഒരു പ്രത്യേകതരത്തില്‍ സങ്കീര്‍ണമാണ്. അമേരിക്കയും വാര്‍ ഓണ്‍ ടെറര്‍ അംഗീകരിച്ച രാജ്യങ്ങളും പറയുന്നത്, നിങ്ങളൊരു മുസ്‌ലിമാണെങ്കില്‍ നിങ്ങളൊരു തീവ്രവാദിയായിരിക്കാനുള്ള സാദ്ധ്യതയുണ്ട്; അതല്ല നിങ്ങളെന്നു തെളിയിക്കാനുള്ള ബാദ്ധ്യത ഞങ്ങളുടേതല്ല, നിങ്ങളുടേതാണ് എന്നാണ്. ആ നിര്‍ദേശത്തെ ശിരസ്സാ വഹിക്കുകയല്ലേ ചിത്രത്തിലെ ഖാനെന്നും സംശയിക്കാം. താന്‍ ഖാനാണെങ്കിലും തീവ്രവാദിയല്ലെന്നത്, ആദ്യം ജോര്‍ജ് ബുഷിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെടുകയും പിന്നെ, ഒബാമയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയാണ് ഖാന്‍. അങ്ങനെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് സിനിമ അതിന്റെ ഉള്ളടരുകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് കാതലായ ചോദ്യം. അതൊക്കെ അങ്ങനെ നില്‌ക്കുമ്പോഴും സിനിമ അടിസ്ഥാനപരമായി ചേര്‍ന്നുനില്‌ക്കുന്ന പക്ഷം തര്‍ക്കങ്ങള്‍ക്കതീതമാണ്. അത് ഏതെങ്കിലും മതത്തിന്റെ പക്ഷമല്ല; സ്‌നേഹത്തിന്റെ പക്ഷമാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു. വിദ്വേഷത്തിനു മേല്‍ സ്‌നേഹത്തിന്റെ മരുന്നുപുരട്ടുവാന്‍ യത്‌നിക്കുന്ന ചിത്രമാണിത്. മതാതീതമായ മാനവസ്‌നേഹത്തിന്റെ ദീപശിഖയേന്തിയ ചലച്ചിത്രമാണിത്.





