Posted on 31 January 2010.
വര്‍ഷങ്ങള്‍ക്കുശേഷം ഒരു മെഗാസ്റ്റാര്‍ ഹൊറര്‍ ചിത്രമാണു മലയാളത്തിലെത്തിയിരിക്കുന്നത്. മമ്മൂട്ടിയും ഷാജി കൈലാസും ഒപ്പം ഷാജിയുടെ സ്ഥിരം രചയിതാവ് എ.കെ. സാജനും ഒത്തൊരുമിക്കുന്ന ദ്രോണ. വെറും ദ്രോണയല്ല; ദ്രോണ 2010.
ഇതിന്റെ കഥാസാരം പറയുക അത്ര എളുപ്പപ്പണിയല്ല. വളരെ സങ്കീര്‍ണ്ണമായൊരു കഥയാണ് ഇത്തവണ ഷാജി കൈലാസ് തന്റെ മമ്മൂട്ടിച്ചിത്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. അതൊരു പ്രേതകഥയാണ്. നല്ലൂര്‍മനയിലെ ഒരു നാരീരത്‌നത്തെ വാഗ്വാദത്തില്‍ തോല്‌പിച്ച മറ്റൊരു പണ്‌ഡിതകുടുംബത്തോടു തോറ്റ വിദുഷിക്കുണ്ടാകുന്ന പകയും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രത്തെ സമ്പന്നമാക്കുന്നത്. നിഗൂഢത നിറഞ്ഞ അന്തരീക്ഷവും അതിന്റെ പ്രയോഗവുമൊക്കെ ചേര്‍ന്ന് സിനിമയെ മായികതയുടെ ഒരു മാസ്‌മരികതയില്‍ നിര്‍ത്തുന്നു.
ഏതായാലും വല്യേട്ടനുശേഷം എട്ടൊമ്പതു വര്‍ഷത്തിനുശേഷം ഷാജി കൈലാസ് മമ്മൂട്ടിയെ വച്ച്, അതും ഇരട്ടവേഷത്തില്‍വച്ച് ഒരു പടമൊരുക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തരമൊന്നാവില്ല പ്രേക്ഷകര്‍ പ്രതീക്ഷിച്ചതെന്നു തീര്‍ച്ച. എന്നാലും ഈ ചിത്രം പൂര്‍ണ്ണമായും പ്രതീക്ഷ കെടുത്തുന്നുവെന്നു പറയുന്നതും ശരിയായിരിക്കില്ല. കാരണം, പടം കണ്ടിറങ്ങുന്നവരില്‍ ചിലരെങ്കിലും പടം കണ്ടിരിക്കാവുന്ന ഒന്നാണെന്നു പറയുന്നത് ഈ ലേഖകന്‍ കേട്ടു. അതുകൊണ്ട് ഈ ചിത്രം ഒരു വന്‍ പരാജയമായിരിക്കില്ലെന്നാണു തോന്നല്‍.
പ്രേതസിനിമകള്‍ക്കു ലോജിക് അഥവാ കേവലയുക്തി വേണ്ടെന്നാണോ ചലച്ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. അതു ശരിയല്ല. കേവലയുക്തിയെങ്കിലും സംതൃപ്‌തിപ്പെടുന്ന ലിസ മുതല്‍ മണിച്ചിത്രത്താഴുവരെയുള്ള പ്രേതസിനിമകള്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. അതു സാദ്ധ്യമാക്കാത്ത അഥര്‍വം മുതല്‍ അഗ്നിനക്ഷത്രവും അപരിചിതനും വരെയുള്ളവ ഇവിടെ പരാജയത്തിന്റെ പടുകുഴിയില്‍ പതിച്ചിട്ടുമുണ്ട്. അതുകൊണ്ട് മിനിമം മര്യാദയുടെ പുറത്തേ പ്രേതസിനിമ എടുക്കാന്‍ പാടുള്ളൂ എന്നതാണ് സാമാന്യതത്വം. അത് ദ്രോണയില്‍ പാലിക്കപ്പെട്ടതായി തോന്നിയില്ല.
എങ്കിലും, നല്ല ഷോട്ടുകള്‍ ഒരുക്കുവാനുള്ള ഷാജി കൈലാസ് എന്ന ക്രാഫ്‌റ്റ് മാന്റെ സാമര്‍ത്ഥ്യം ഈ ചിത്രത്തെ കണ്ടിരിക്കാവുന്ന വിധത്തിലെങ്കിലുമാക്കിയിട്ടുണ്ടെന്നകാര്യം എടുത്തുപറയാതെ വയ്യ. ഒപ്പംതന്നെ, ലക്ഷ്‌മി ശര്‍മ, നവ്യാനായര്‍, കനിഹ, രഞ്‌ജിനി ജോസ്, ധന്യാമേരി വര്‍ഗീസ് എന്നീ അഞ്ചുനായികമാരുടെ സാന്നിദ്ധ്യം എന്നതും പ്രേക്ഷകര്‍ക്കു കണ്ണിനുത്സവമാകാതെ തരമില്ല. അതിനു പുറമേ മമ്മൂട്ടി ഇരട്ടവേഷത്തില്‍ നടത്തുന്ന പ്രകടനവും ആരാധകരെ സംതൃപ്‌തരാക്കാതിരിക്കില്ല.
പക്ഷേ, ദുര്‍ബലമായ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ സിനിമയുടെ ആത്മാവു ചോര്‍ത്തിക്കളഞ്ഞെന്നേ പറയാനാവൂ. കനിഹയെപ്പോലെ ഒരു മുന്‍നിരനായികയുടെ അഭിനയം പോലും അസഹ്യമെന്നേ പറയേണ്ടൂ. ഉര്‍വശിയെപ്പോലൊരു നടിയുടെ അഭാവം അനുഭവവേദ്യമാകുന്ന അവസരമാണിത്. ഉര്‍വശി അഭിനയിക്കേണ്ട വേഷമാണിത്. അതാണ് കനിഹ കുളമാക്കിയിരിക്കുന്നത്.
ദ്രോണ ഒരു ഗംഭീരസിനിമയല്ല. ഷാജി കൈലാസും മമ്മൂട്ടിയും ഇതിനു മുന്‍പ് ഒരുമിച്ച കിംഗും ട്രൂത്തും വല്യേട്ടനും ഈ ദ്രോണയ്‌ക്കുമുന്‍പില്‍ മികച്ച ചിത്രങ്ങളത്രെ. അപ്പനെ മകന്‍ നന്നാക്കുമെന്നാണല്ലോ ചൊല്ല്.
ദ്രോണ ഒരു ഹൊറര്‍ ചിത്രമാണ്; എല്ലാ അര്‍ത്ഥത്തിലും. അതില്‍ കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല.
Posted on 27 January 2010.

മമ്മൂട്ടിയും ഷാജി കൈലാസും ഒമ്പതു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഒരുമിക്കുന്ന ത്രില്ലര്‍ ചിത്രം ദ്രോണ 2010 ഇന്നുമുതല്‍ കേരളത്തിലെ 80 തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. വല്യേട്ടനായിരുന്നു ഈ ഹിറ്റുജോഡി ഒരുമ#ിച്ച അവസാനചിത്രം. ഷാജിയുടെ വിജയരചയിതാവായ എ.കെ.സാജന്‍ ഷാജി-മമ്മൂട്ടി ടീമിനായി ആദ്യമായി എഴുതുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. നായിക കനിഹ. തിലകന്‍ വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രമാകുന്നു. മനോജ് കെ. ജയനും വ്യത്യസ്‌തമായ വേഷവും ഗെറ്റപ്പുമാണ്. മമ്മൂട്ടി രണ്ടു കാലഘട്ടത്തിലെ രണ്ടു കഥാപാത്രങ്ങളായി രംഗത്തെത്തുന്നു. മമ്മൂട്ടി, തിലകന്‍, കനിഹ, മനോജ് എന്നിവര്‍ പഴശ്ശിരാജയ്‌ക്കുശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ദ്രോണയ്‌ക്കുണ്ട്. മഹാഭാരതം എന്ന ഇതിഹാസത്തിലെ പ്രതികാരത്തിന്റെ പ്രതിരൂപമാണ് ദ്രോണാചാര്യര്‍. ഈ അഭിനവദ്രോണയും പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പ്രതികാരത്തിന്റെ കെടാത്ത കനലുമായാണ് എത്തുന്നത്.
പ്രമുഖ തിയറ്ററുകള്‍
തിരുവനന്തപുരം – കൃപ, കൈരളി,
എറണാകുളം – ഷേണായീസ്, ലിറ്റില്‍ ഷേണായിസ്
കോഴിക്കോട് – കൈരളി, ശ്രീ
തൃശ്ശൂര്‍ – രാംദാസ്, കൈരളി
പാലക്കാട് – ആരോമ, ന്യൂ ആരോമ
കണ്ണൂര്‍ – സരിത, സാഗര
കൊല്ലം – കുമാര്‍, പ്രണവം
കോട്ടയം – അനശ്വര
ആലപ്പുഴ – സീതാസ്
Posted in ഇന്നു മുതല്‍...Comments (0)
