
പാപ്പിയും അപ്പച്ചനും ഒരുങ്ങുന്നു. തൊടുപുഴയിലാണ് പാപ്പിയും അപ്പച്ചനും ഒരുക്കം തുടരുന്നത്. വിജയചിത്രങ്ങളുടെ ലൊക്കേഷന്‍ എന്ന പേരാണ് ഇപ്പോള്‍ തൊടുപുഴയ്‌ക്കുള്ളത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒത്തൊരുമിച്ച രസതന്ത്രം തൊടുപുഴയിലാണു ചിത്രീകരിച്ചത്. ചിത്രം വന്‍വിജയമായിരുന്നു. ഇപ്പോള്‍ ദിലീപിന്റെ പ്രസ്റ്റീജ്യസ് ഫിലിമെന്ന് ചലച്ചിത്രരംഗത്തെ അണിയറക്കാരെല്ലാം വിലയിരുത്തുന്ന പാപ്പീ അപ്പച്ചാ ഇവിടെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
പാപ്പി എന്ന് എല്ലാവരും വിളിക്കുന്ന ചെറുപ്പക്കാരന്റെയും അവന്റെ പുന്നാര അപ്പച്ചന്റെയും കഥ പറയുകയാണ് നവാഗതനായ മമാസ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പാപ്പീ അപ്പച്ചാ. സാധാരണക്കാരല്ല, അല്ലെങ്കില്‍ സാധാരണക്കാരെപ്പോലല്ല ഈ അപ്പച്ചനും പാപ്പിയും എന്നുമാത്രം. ഇത്തിരിക്കണ്ടം എന്ന ഗ്രാമത്തിലെ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരാണവര്‍. നാട്ടിലെ ആശുപത്രിയും സ്‌കൂളും ബിസിനസുകളും എന്നുവേണ്ട എല്ലാത്തിന്റെയും ഉടമകള്‍. എന്നാല്‍ അതിന്റെയൊരു മാന്യത അവര്‍ക്കുണ്ടോ? അതില്ലതാനും. വിജയത്തിനു വേണ്ടി എന്തു തന്ത്രം പയറ്റാനും ഏതറ്റം വരെ പോകാനും മടിക്കാത്ത പാപ്പിയും അവന് അക്കാര്യത്തില്‍ മാതൃകയായി ഒരപ്പച്ചനും. ഇന്നസെന്റാണ് അപ്പച്ചനാകുന്നത്. പാപ്പിയാകുന്നത് ദിലീപും. ഇവരുടെ കുടുംബപ്പേര് നിരപ്പേല്‍ എന്നാണ്. ഇവരുടെ പ്രവൃത്തി കണ്ടാല്‍ എല്ലാവരെയും എല്ലാത്തിനെയും നിരപ്പാക്കുന്നതില്‍ ഇവര്‍ക്കുള്ള സാമര്‍ഥ്യമാണോ ഈ കുടുംബപ്പേരിനു പിന്നിലെന്ന് ആരും സംശയിച്ചുപോകും.
ഇങ്ങനെയൊക്കെയുള്ള പാപ്പി ഒരിടത്തുമാത്രം അല്‌പം പ്രശ്‌നത്തിലായി. ഒരാളുടെ മുന്നില്‍മാത്രം. അതും ഒരു പെണ്‍കുട്ടി. നിരപ്പേല്‍ വക സ്‌കൂളില്‍ ടീച്ചറായെത്തിയ ആനിട്ടീച്ചറാണ് പാപ്പിയുടെ കറുത്ത പ്രവൃത്തികള്‍ക്കു മുന്നില്‍ എതിര്‍പ്പിന്റെ കൊടിയുയര്‍ത്തിയത്. ആനിയും പാപ്പിയും തമ്മിലുള്ള ശീതസമരത്തിന്റെ കഥ കൂടിയായി മാറുകയാണ് ഇവിടന്നങ്ങോട്ട് പാപ്പീ അപ്പച്ചാ.
നര്‍മമധുരമായ രംഗങ്ങളിലൂടെ കഥ വികസിക്കുന്നത്. ആത്മാവുള്ള തമാശച്ചിത്രങ്ങളുടെ കളരിയില്‍ നിന്നാണ് മമാസിന്റെ വരവ്. മലയാളിയുടെ പൊട്ടിച്ചിരിയുടെ രണ്ടാം ഇരട്ടഅവതാരമായ റാഫിമെക്കാര്‍ട്ടിന്‍ സ്‌കൂളില്‍ പയറ്റിത്തെളിഞ്ഞാണ് തന്റെ ആദ്യചിത്രമൊരുക്കാനുള്ള ആത്മവിശ്വാസം മമാസ് കൈമുതലാക്കിയത്. സി.ഐ.ഡി. മൂസയിലൂടെ ജോണി ആന്റണിയെ സംവിധായകനാക്കിയ ദിലീപ് -ദിലീപിന്റെ സഹോദരന്‍ അനൂപ് സഖ്യമാണ് പാപ്പി അപ്പച്ചായിലൂടെ മമാസിനെയും അവതരിപ്പിക്കുന്നത്. അനൂപ് പ്രിയാഞ്‌ജലിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കാവ്യാമാധവനാണ് നായിക. സുരേഷ് കൃഷ്‌ണ, അശോകന്‍, രാജീവ്, മണികണ്‌ഠന്‍, കൊച്ചുപ്രേമന്‍, ആദിത്യന്‍, ചെമ്പില്‍ അശോകന്‍, കലാഭവന്‍ പ്രജോദ്, നാരായണന്‍ കുട്ടി, മച്ചാന്‍ വര്‍ഗീസ്, മജീദ് എടവനക്കാട്, ധര്‍മജന്‍, കെപിഎസി ലളിത, തെസ്‌നി ഖാന്‍, മഞ്‌ജുഷ, മഞ്‌ജു രാഘവന്‍ തുടങ്ങിയവരടങ്ങുന്നതാണ് താരനിര.
ഛായാഗ്രഹണം സഞ്‌ജീവ് ശങ്കറും പാട്ടെഴുത്ത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതം വിദ്യാസാഗറും നിര്‍വഹിക്കുന്നു. മഞ്‌ജുനാഥ് ആണു വിതരണം. എ.എസ്.ദിനേശ് വാര്‍ത്താവിതരണം നിര്‍വഹിക്കുന്നു.



