Tag Archive | "r sukumaran"

യുഗപുരുഷന്‍



കേരളം സൃഷ്‌ടിച്ച ഏറ്റവും ദാര്‍ശനികൗന്നത്യമാര്‍ന്ന വ്യക്തിത്വമാണ്‌ ശ്രീനാരായണഗുരുവിന്റേത്‌. ദാര്‍ശനികമായ അഗാധതയോടൊപ്പംതന്നെ, ഭൗതികസാഹചര്യങ്ങളുടെ ഇരുട്ടില്‍നിന്ന്‌ കേരളത്തെ കരകയറ്റാന്‍ ശ്രമിക്കുകയും വിജയിക്കുകയുംചെയ്‌ത സാമൂഹികപരിഷ്‌കര്‍ത്താവ്‌ എന്ന നിലയിലും, ദീര്‍ഘകാലക്ഷമതയും പ്രവാചകത്വവും നിറഞ്ഞ മതചിന്തകളുടെ ആവിഷ്‌കാരകന്‍ എന്ന നിലയിലും ശ്രീനാരായണഗുരുവിനോടു കിടപിടിക്കാന്‍പോന്ന ഒരു വ്യക്തിത്വത്തെ കേരളം സൃഷ്‌ടിച്ചിട്ടില്ല. എല്ലാനിലയ്‌ക്കും സിനിമപോലെ ബൃഹത്തായ ഒരു കലാരൂപത്തിന്‌ ആസക്തിതോന്നുന്നത്ര സംഭവബഹുലവും ഉജ്വലവുമായ ഒരു ജീവിതകഥയാണ്‌ ഗുരുവിന്റേത്‌. മുന്‍പ്‌ കെ.സുരേന്ദ്രന്‍ ഗുരു എന്ന നോവലിലൂടെയും പെരുമ്പടവം ശ്രീധരന്‍ തന്റെ നാരായണം നോവലിലൂടെയും ഈ ജീവിതം ആവിഷ്‌കരിക്കാന്‍ ഉദ്യമിച്ചത്‌ ആ ജീവിതത്തിന്റെ ആഴവും പരപ്പും കണ്ടും അറിഞ്ഞും വിസ്‌മയിച്ചതുകൊണ്ടാണ്‌.
കേരളത്തിന്റെ ചരിത്രപുരുഷന്മാരില്‍ ധാരാളം പേര്‍ സിനിമയ്‌ക്കു പാത്രമാകുന്നുണ്ട്‌. പഴശ്ശിരാജ, കുഞ്ഞാലിമരയ്‌ക്കാര്‍, വേലുത്തമ്പിദളവ മുതല്‍ എകെജി വരെയള്ള ചരിത്രപുരുഷന്മാര്‍ സിനിമയ്‌ക്കു പാത്രമായിട്ടുണ്ട്‌. ഇതിനേക്കാളൊക്കെ സാമൂഹികപ്രസക്തിയും വര്‍ത്തമാനകാലപ്രസക്തിയും ഉള്ള കഥയും ജീവിതവും ചരിത്രവുമായിരുന്നു ശ്രീനാരായണഗുരുവിന്റേത്‌. നാരായണഗുരുവിന്റെ കാലം ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന്റെ സംഘര്‍ഷനിര്‍ഭരവും സ്‌തോഭപൂര്‍ണ്ണവുമായ കാലം കൂടിയാണ്‌. ഏതായാലും ഈ വലിയ ജീവിതത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ സിനിമ ചെയ്യാനുള്ള ആര്‍. സുകുമാരന്റെ ശ്രമത്തെയും അതിനായി അദ്ദേഹം സഹിച്ച ബുദ്ധിമുട്ടുകളുടെ വെളിച്ചത്തില്‍ അഭിനന്ദിക്കട്ടെ.

എങ്കിലും അദ്ദേഹത്തിന്റെ യുഗപുരുഷന്‍ വേണ്ടത്ര ഭംഗിയുള്ള ഒരു സിനിമയായോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. പൊത്തുവരുത്തമില്ലാത്ത കുറേ ശ്ലഥചിത്രങ്ങളും സന്ദര്‍ഭങ്ങളുടെ ചിത്രീകരണവുമായിപ്പോയില്ലേ യുഗപുരുഷന്റേത്‌. ഇങ്ങനെ ഗുരുവിനെക്കുറിച്ച്‌ പൊതുജനത്തെ അറിയിക്കാനാണെങ്കില്‍ ഡോക്യുമെന്ററിയുടെ രൂപം സ്വീകരിച്ചാല്‍ മതിയായിരുന്നില്ലേ. സിനിമയായി വികസിപ്പിക്കുമ്പോള്‍ കഥയ്‌ക്ക്‌ നാടകീയമായ തുടക്കവും വികാസവും അന്ത്യവുമൊക്കെ ഉണ്ടായിവരേണ്ടതുണ്ട്‌. ഇവിടെ കഥ ചലനാത്മകമല്ലാതെ നില്‌ക്കുന്നതായിട്ടാണ്‌ തുടക്കം മുതല്‍ ഒടുക്കംവരെ തോന്നുക.
ആദ്യം ചില നല്ലതുകള്‍ പറഞ്ഞുകൊള്ളട്ടെ. അടിസ്ഥാനപരമായി ചിത്രകാരനായ സംവിധായകന്റെ പല രംഗവിന്യാസങ്ങള്‍ക്കും ചിത്രകലയുടെ ചാരുത ലഭിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌, ആദ്യഭാഗങ്ങളില്‍ കാണുന്ന രാത്രിരംഗങ്ങള്‍ക്ക്‌ എടുത്തുപറയേണ്ട മികവുണ്ട്‌. ക്യാമറയും ചിത്രസന്നിവേശവും മര്യാദയോടെ കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. പേരെടുത്തു പറയേണ്ടത്‌ കലാസംവിധാനവേല കയ്യാളിയ കൃഷ്‌ണന്‍കുട്ടിയുടെതാണ്‌. അതിമനോഹരമായി, കുറഞ്ഞ സൗകര്യങ്ങളില്‍ നിന്ന്‌ അദ്ദേഹം അത്‌ ചെയ്‌തിട്ടുണ്ട്‌. അതുപോലെ വസ്‌ത്രമൊരുക്കിയിരിക്കുന്നതും ചമയം ഒരുക്കിയിരിക്കുന്നതും നന്നായി. കഥാപാത്രങ്ങള്‍ക്ക്‌ രൂപസാമ്യമുള്ളവരെ താരങ്ങളും അല്ലാത്തവരുമായ ആളുകളില്‍നിന്നു കണ്ടെത്തിയതിലും സംവിധായകന്റെ വൈഭവം കാണാം. സംഘട്ടനം, പാട്ട്‌, മമ്മൂട്ടിയുടെ ഉള്‍പ്പെടുത്തല്‍ എന്നിവയൊഴിച്ച്‌ സിനിമ ഒരിടത്തും കച്ചവടതാല്‌പര്യാനുസരണം വേണ്ടാത്തതു ചെയ്യുന്നില്ലെന്നതും എടുത്തുപറയണം. ഇതിനുപുറമേ, ഈ വല്ലാത്ത കാലത്ത്‌ ഗുരുവിന്റെ ഉണര്‍ത്തുകള്‍ ആവശ്യമാണെന്നതും ഈ സിനിമയെ സാര്‍ത്ഥകമാക്കുന്നു. ഗുരുവിന്റെ വാക്കുകളുടെ പൊരുളിനെ അന്വേഷിക്കാനുള്ള ശ്രമം സംവിധായകനിലെ ചരിത്രാന്വേഷി നടത്തിയിട്ടുണ്ട്‌.
അതൊന്നും പക്ഷേ, ആകെമൊത്തം ഒരു നല്ല സിനിമയായി പരിണമിച്ചില്ലെന്നതിനാലാണു സങ്കടം. തിരക്കഥയാണു പാളിയത്‌. ഗുരുവിന്റെ ചെയ്‌തികള്‍ അവിടവിടെയായി എടുത്തെടുത്ത്‌ എഴുതുകയല്ലാതെ അതിനെ ഇഴപ്പൊരുത്തമുള്ളതാക്കാന്‍ തിരക്കഥാകാരനു സാധിച്ചില്ല. ഗാന്ധിജിയുടെയും ടാഗോറിന്റെയും സന്ദര്‍ശനങ്ങള്‍ സത്യത്തില്‍ സിനിമയ്‌ക്കാവശ്യമുള്ളതാണോ എന്നുപോലും തോന്നിപ്പോകും. ഗാന്ധിയും ടാഗോറും ആശാനും ഒക്കെയുള്ള സിനിമ എന്ന അടിസ്ഥാനമോഹം സംവിധായകന്റേതുമാത്രമാണ്‌. അവയെ നാടകീയമായി അവതരിപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്‌. കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടവും ആവശ്യമുണ്ടായിരുന്നോ എന്നു സംശയിക്കുന്നു.
ചിത്രം പ്രൊഫഷനലായി ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത്‌ നിസ്സംശയം പറയാനാകും. കടുവയുടെയും കടലിലെ തെങ്ങിന്റെയും ആനിമേഷനുകളിലെ വൈകല്യങ്ങള്‍ക്ക്‌ മാപ്പുനല്‌കാം. പക്ഷേ, ഗുരു സിലോണില്‍ നിന്നു മടങ്ങിയെന്നു പ്രേക്ഷകര്‍ക്കുറപ്പുകൊടുക്കാന്‍ സംവിധായകന്‍ ഒരു കപ്പല്‍ കടല്‍ താണ്ടുന്ന ആനിമേഷന്‍ ചിത്രം നല്‌കിയതും ഗുരു കളവങ്കോടത്തു പ്രതിഷ്‌ഠിക്കുന്ന കണ്ണാടിയില്‍ സര്‍വചരാചരപ്രകൃതിയും അണ്‌ഡകടാഹവും നിറയുന്ന ആനിമേഷന്‍ ഗ്രാഫിക്‌സ്‌ വര്‍ക്കും കടന്നകൈയായിപ്പോയി.
സംവിധായകന്‌ തന്റെ സൃഷ്‌ടിയിലുള്ള ആത്മവിശ്വാസക്കുറവ്‌ തെളിയിക്കുന്ന ഒരു സംഗതി ചിത്രത്തിലുടനീളം കാണാം. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്കു മനസ്സിലായില്ലെങ്കിലോ എന്നു കരുതി, ഓരോ പുതിയ കഥാപാത്രവും വരുമ്പോള്‍ സൈഡില്‍ നിന്ന്‌ ആരെങ്കിലും ചുവടെ കൊടുത്തിരിക്കുംവിധമൊക്കെ പറയുന്നതുകേള്‍ക്കാം.
അല്ലാ, നമ്മുടെ മൂര്‍ക്കോത്തു കുമാരനല്ലേ ആ പോകുന്നത്‌….
കെ.പി.കേശവമേനോന്‍ വന്ന കാലില്‍ നില്‍ക്കാതെ എറാത്തു കേറിയിരുന്നാട്ടെ…
രബീന്ദ്രനാഥടാഗോറെന്താ ഒന്നും മറുപടി പറഞ്ഞില്ല…
മഹാത്മാഗാന്ധി വന്നതേതായാലും വളരെ നന്നായി….
ഡോക്‌ടര്‍ പല്‌പുവിന്‌ കുടിക്കാനെന്താ, ചായയോ കാപ്പിയോ…
ഈ വിധത്തില്‍ ഓരോ കഥാപാത്രത്തിന്റെയും പേരുചേര്‍ത്ത്‌ എന്തെങ്കിലുംപറഞ്ഞ്‌ പ്രേക്ഷകര്‍ക്ക്‌ ആളെ മനസ്സിലാക്കിക്കൊടുക്കുന്നതിലും നന്നായിരുന്നു, പടംതുടങ്ങുമ്പോള്‍ത്തന്നെ ഓരോ കഥാപാത്രത്തെയും കാണിച്ച്‌ പേരെഴുതിക്കാണിക്കുന്നത്‌.
അതുപോലെ, സര്‍വചരാചരങ്ങളെയും പിന്നെ, നാട്ടിലുള്ള, അതും തിരുവനന്തപുരത്തുള്ള അമ്പലങ്ങളുടെയും പള്ളികളുടെയും മോസ്‌കുകളുടെയും ഒരു മൊണ്ടാഷുകാട്ടല്‍, പഴയ ശ്രീ അയ്യപ്പന്‍, ദേവീ മഹാമായേ ചിത്രങ്ങളുടെ ലെവലിലായിപ്പോയി. കുമാരനാശാന്‍ വീട്ടിലിരുന്ന്‌ ഭാര്യയ്‌ക്കും മക്കള്‍ക്കും ചണ്‌ഡാലഭിക്ഷുകി വായിച്ചുകൊടുക്കുന്നതിന്റെ ഇന്‍സെര്‍ട്ടായി ചേര്‍ത്ത ആനന്ദഭിക്ഷുവിന്‌ മാതംഗി വെള്ളം കൊടുക്കുന്ന രംഗം ഇതിനേക്കാള്‍ നന്നായി 1983ലോ 84ലോ കോട്ടയത്തുനടന്ന സംസ്ഥാനസ്‌കൂള്‍ യുവജനോത്സവത്തില്‍ ടാബ്ലോയായി ഇതെഴുതുന്നയാള്‍ കണ്ടിട്ടുണ്ട്‌ (നേരത്തേ കലാസംവിധാനത്തെ അഭിനന്ദിച്ചത്‌ ഇവിടെ റദ്ദാകുന്നില്ല). റെഡീമര്‍ ബോട്ടപകടവും അമച്വറിഷ്‌ ആയിപ്പോയി സാറേ…
അഭിനയത്തില്‍ മികച്ചുനിന്നത്‌ കലാഭവന്‍ മണിയുടെ കോരനാണ്‌. തമ്പി ആന്റണി ഈയടുത്തായി എവിടന്നോ അഭിനയം പഠിച്ചെന്നു തോന്നുന്നു. ഈയടുത്തുകണ്ട സൂഫി പറഞ്ഞ കഥയില്‍ അദ്ദേഹം നന്നായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ യുഗപുരുഷനിലെ ചെറിയ വേഷത്തില്‍ കക്ഷി മിന്നിത്തിളങ്ങിയിട്ടുണ്ട്‌. തമ്പി ആന്റണിയുടെ അനിയന്‍ ബാബു ആന്റണിയുടെ അയ്യങ്കാളിയും നന്നായിട്ടുണ്ട്‌. മമ്മൂട്ടിയുടെ കെ.സി. കുട്ടനും സിദ്ദീഖിന്റെ ഡോക്‌ടര്‍ പല്‌പുവും സായ്‌കുമാറിന്റെ കഥാപാത്രവുമൊക്കെ പോസ്റ്ററിനെ താരസമ്പന്നമാക്കാനുള്ളതുതന്നെയാണ്‌ പ്രഥമമായി. എങ്കിലും ഈ ചെറുചിത്രത്തോട്‌ സഹകരിക്കാന്‍ ആ നടന്മാര്‍ കാട്ടിയ അനുഭാവം, പ്രത്യേകിച്ച്‌ താരതമ്യേന അപ്രധാനറോള്‍ ചെയ്യാന്‍ മമ്മൂട്ടി എടുത്ത തീരുമാനം അഭിനന്ദനപൂര്‍വം അംഗീകരിക്കേണ്ടതുതന്നെയാണ്‌. ഗുരുവായി വന്ന തലൈവാസല്‍ വിജയ്‌ രൂപംകൊണ്ട്‌ ഗുരു തന്നെ. എന്നാല്‍ ഭാവം കൊണ്ട്‌ അദ്ദേഹം ഗുരുവായോ എന്നത്‌ തര്‍ക്കത്തിനുവിടുന്നു. യോഗിയായ ഗുരുവിന്‌ വേണ്ട ആത്മചൈതിന്യം ആ മുഖത്തു സ്‌ഫുരിക്കാത്തതിനുകാരണം, സംവിധായകന്‍ ഗുരുവിന്റെ കഥാപാത്രത്തെ അങ്ങനെയാണു കണ്ടത്‌ എന്നതിനാലാണെന്നതാകും കൂടുതല്‍ ശരി. പ്രസാദവും ഉന്മേഷവും എന്നതിനു പകരം ഗുരുവിന്റെ നീക്കങ്ങളില്‍ ക്ഷീണവും ആലസ്യവും കാണുന്നു എന്നത്‌ സംവിധായകന്‍ അത്‌ അങ്ങനെയാണു വേണ്ടതെന്ന്‌ അഭിനേതാവിനെ അനുസരിപ്പിച്ചതുകൊണ്ടാകണമല്ലോ.
ഈ ചിത്രത്തില്‍ ഒരുപാടു ചെറിയ ഫ്‌ളാഷ്‌ബാക്കുകളുണ്ട്‌. ഗുരുവിനെ അയല്‍ക്കാരി കാണാന്‍ വരുമ്പോള്‍ അമ്മയുടെ മരണം കാട്ടുന്നത്‌ ഉദാഹരണം. എഴുത്തുകാരന്‍ ദൃശ്യങ്ങളുടെ ശില്‌പഘടന രൂപപ്പെടുത്തിയെടുക്കുമ്പോള്‍ അനുഭവിച്ച ആശയക്കുഴപ്പം ഈ ചെറുഫ്‌ളാഷ്‌ബാക്കുകളില്‍ വ്യക്തമാണ്‌. അതാണു വിവേകാനന്ദനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ധരണി മുഴങ്ങുമ്പോഴും തോന്നിച്ചത്‌. അതെപ്പറ്റി ഒരു തമാശ പറഞ്ഞുകൊണ്ടവസാനിപ്പിക്കാം. ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഉത്തിഷ്‌ടതാ… ജാഗ്രതാ… പ്രാപ്യവരാന്‍ നിബോതതാ… എന്നാണ്‌ പറയുന്നത്‌. വിവേകാനന്ദന്‍ പറഞ്ഞത്‌ ഉത്തിഷ്‌ഠതാ… ജാഗ്രതാ… പ്രാപ്യവരാന്‍ നിബോധതാ… എന്നല്ലേ എന്നു സംശയിക്കുമ്പോഴേക്കും അങ്ങനല്ലെന്ന്‌ അടിവരയിട്ടുകൊണ്ടു സിനിമയില്‍ വീണ്ടും മുഴങ്ങി… ഉത്തിഷ്‌ടതാ… ജാഗ്രതാ… പ്രാപ്യവരാന്‍ നിബോതതാ…
വിവേകാനന്ദന്‍ മലയാളിയല്ലാത്തതുകൊണ്ടാവുമോ അങ്ങനെ സംഭവിച്ചത്‌ എന്നാലോചിച്ചു. പക്ഷേ, അദ്ദേഹം പറഞ്ഞതും മലയാളമല്ലല്ലോ… എന്തോ, ഇക്കാര്യം ശ്രീ സുകുമാരന്‍ ഒന്നു പരിശോധിക്കണം. നല്ല അക്ഷരസ്‌ഫുടതയുള്ള ഒരാളെക്കൊണ്ടാണു ഗുരുവിന്‌ ശബ്‌ദംനല്‌കിയത്‌. ആ നിലയ്‌ക്ക്‌ സുകുമാരന്‍ ഇവിടെയും ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ…
ഇതൊക്കെയാണെങ്കിലും ഈ സിനിമയെ കേരളജനത തള്ളിക്കളയരുത്‌. ശ്രീനാരായണീയദര്‍ശനം പിന്തുടരുന്നവരില്‍ സിനിമയോടു താല്‌പര്യമുള്ളവരില്‍ പത്തിലൊന്നാളുകള്‍ കണ്ടാല്‍ത്തന്നെ ഈ ചിത്രം വിജയിക്കും. എല്ലാ കുറവുകളോടുംതന്നെ ഈ ചിത്രം വിജയിക്കേണ്ടതാണ്‌. അതു സിനിമയുടെ നന്മകൊണ്ടല്ല പറയുന്നത്‌; ശ്രീനാരായണദര്‍ശനത്തിന്റെ നന്മയും മേന്മയും കേരളം മറക്കാന്‍ പാടില്ലെന്നതുകൊണ്ടാണ്‌. കുട്ടികളെ ഈ ചിത്രം കൊണ്ടുപോയി കാണിക്കാന്‍ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ശ്രമിക്കണം. പക്ഷേ, ആ കുട്ടികളോട്‌ അറിവുള്ളവര്‍ ഇങ്ങനെ പറഞ്ഞുകൊടുക്കണം: മക്കളേ, ഇതാണു കേരളംകണ്ട ഏറ്റവും വലിയ വ്യക്തിത്വമായ ശ്രീനാരായണഗുരുവിന്റെ കഥയും കാലവും. പക്ഷേ, സിനിമ എന്നു പറയുന്ന കലാരൂപമുണ്ടല്ലോ… അതു ദേ, ഇങ്ങനെയല്ല കേട്ടോ മക്കളേ, ഇരിക്കുന്നത്‌…

Posted in ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (1)

യുഗപുരുഷന്‍ എത്തി



ചരിത്രത്തിന്റെ ഇന്നലെകളില്‍നിന്ന്‌ വര്‍ത്തമാനകാലകേരളത്തിന്റെ കൂടുത്‌ ഇരുണ്ട ഇടനാഴികളില്‍ പ്രകമ്പനം മുഴക്കാന്‍ യുഗപുരുഷനായി ശ്രീനാരായണഗുരു എത്തി. ഇന്നുമുതല്‍ കേരളത്തിലെ പ്രമുഖകേന്ദ്രങ്ങളില്‍ യുഗപുരുഷന്‍ പ്രദര്‍ശനം ആരംഭിക്കുന്നു. മികച്ച ചിത്രങ്ങള്‍ മാത്രം എടുക്കാന്‍ തീരുമാനിച്ചിട്ടുള്ള, ചിത്രകാരന്‍ കൂടിയായ ആര്‍. സുകുമാരന്റെ മൂന്നാമത്തെ ചിത്രമാണ്‌ യുഗപുരുഷന്‍. പാദമുദ്ര, രാജശില്‌പി എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങള്‍. രാജശില്‌പിക്കുശേഷം ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്കിപ്പുറമാണു യുഗപുരുഷനുമായി ഇദ്ദേഹം എത്തുന്നത്‌. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനും പഠനത്തിനും ഒരുക്കങ്ങള്‍ക്കും ശേഷമാണ്‌ ഈ ചിത്രം തുടങ്ങിയത്‌. ശ്രീനാരായണഗുരുവായി തലൈവാസല്‍ വിജയ്‌ എത്തുമ്പോള്‍ ചരിത്രത്തിന്റെ ഓരത്തേക്കു മാറ്റപ്പെട്ട വിപ്ലവകാരി കെ.സി.കുട്ടനായി മമ്മൂട്ടി എത്തുന്നു. ചരിത്രപുരുഷന്മാരെ പ്രിയനടന്മാര്‍ അവതരിപ്പിക്കുന്നതു കാണാനുള്ള സൗഭാഗ്യം കൂടിയാണ്‌ ഈ ചിത്രം. പഴശ്ശിരാജയ്‌ക്കുശേഷം മറ്റൊരു ചരിത്രചിത്രമാകുകയാണ്‌ യുഗപുരുഷന്‍. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, സായ്‌കുമാര്‍, സലിംകുമാര്‍, സിദ്ദീഖ്‌, ബാബു ആന്റണി, ദേവന്‍, നവ്യ നായര്‍ തുടങ്ങിയവര്‍ താരനിരയിലുണ്ട്‌.
പ്രമുഖകേന്ദ്രങ്ങള്‍-
തിരുവനന്തപുരം – കൈരളി
എറണാകുളം – സവിത
കോഴിക്കോട്‌ – ഡേവിസണ്‍, ശ്രീ
പാലക്കാട്‌ – പ്രിയദര്‍ശിനി
കണ്ണൂര്‍ – അമ്പിളി
തൃശൂര്‍ – ഗിരിജ, കൈരളി
കൊല്ലം – ധന്യ
ആലപ്പുഴ – ശീമാട്ടി
കോട്ടയം – അനുപമ

Posted in ഇന്നു മുതല്‍...Comments (0)

യുഗപുരുഷന്‍ ഫെബ്രുവരി നാലിന്‌


ശ്രീനാരായണഗുരുവിന്റെ കഥ പറയുന്ന യുഗപുരുഷന്‍ ഫെബ്രുവരി നാലിന്‌ കേരളത്തില്‍ പ്രദര്‍ശനമാരംഭിക്കുന്നു. ആര്‍. സുകുമാരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗുരുവിന്റെ വേഷമിടുന്നത്‌ തലൈവാസല്‍ വിജയാണ്‌. മമ്മൂട്ടി കെ.സി.കുട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവ്യാനായര്‍, കലാഭവന്‍ മണി, ജഗതി തുടങ്ങിയവരാണു താരനിരയില്‍. ഗാന്ധിജിയും വിവേകാനന്ദനും മറ്റും കഥാപാത്രങ്ങളാണ്‌. എ വി എ പ്രൊഡക്ഷന്‍സിനുവേണ്ടി എ വി അനൂപാണ്‌ ചിത്രം നിര്‍മിച്ചത്‌. രാമചന്ദ്രബാബുവാണ്‌ ഛായാഗ്രാഹകന്‍.

Posted in സിനിമാ വാര്‍ത്തകള്‍Comments (0)


Model of the Week