Tag Archive | "prithwiraj"

ആശ്വാസമായി നായകന്‍



നായകന്‍ എന്നചിത്രം പുതുമുഖസംവിധായകനായ ലിജോ ജോസ്‌ പെല്ലിശ്ശേരിയുടേതാണ്‌. പി.എസ്‌.റഫീക്കാണു തിരക്കഥ. മഹത്തായ ഒരു ചിത്രമേയല്ല നായകന്‍. പക്ഷേ, നായ്‌ക്കാട്ടംപോലുള്ള സിനിമകള്‍ക്കിടയില്‍ വലിയ ആശ്വാസമായിരിക്കുന്നു ഈ നായകന്‍.
ഇന്ദ്രജിത്ത്‌ കഥകളിനടനായ വരദനുണ്ണിയാണ്‌. അവന്റെ അച്ഛന്‍ കഥകളിയാചാര്യനായ രാമന്‍കുട്ടിയാശാന്‍ (കലാശാല ബാബു). ബോംബെയില്‍ ഒരു കളിക്കുപോയ ആശാനും മകളും അധോലോകനായകനായ ശങ്കര്‍ദാസ്‌ (സിദ്ദീഖ്‌) നടത്തുന്ന ഒരു കൊലയ്‌ക്കു സാക്ഷികളാകുന്നു. അങ്ങനെ ദാസ്‌ അവരെയും കൊല്ലുന്നു. പകരംചോദിക്കാനെത്തിയ വരദനെ തല്ലി ഇഞ്ചപ്പരുവമാക്കുന്നു. അവിടെനിന്ന്‌ അവനെ എടുക്കുന്ന വിന്‍സന്റ്‌ കാരണവര്‍ (തിലകന്‍) എന്ന മറ്റൊരു നല്ലവനായ അധോലോകനായകന്‍ രക്ഷിക്കുന്നു. അയാളുടെ തണലില്‍ വളരുന്ന വരദന്‍ ശങ്കര്‍ദാസിനോട്‌ പ്രതികാരം ചെയ്യുന്നു. ഇതാണു നായകന്റെ കഥ. കേട്ടുമടുത്ത പ്രതികാരകഥ. പക്ഷേ, ശില്‌പഘടനയും ആഖ്യാനവേഗത്തിലും പ്രത്യേകതകള്‍ പാലിച്ച്‌ സംവിധായകന്‍ ഈ സാധാരണചിത്രത്തെ വെറുമൊരു സാധാരണചിത്രമല്ലാതാക്കിയിട്ടുണ്ട്‌.
കഥകളിയുടെ ഘടനയെ അപനിര്‍മിച്ച ഒരു ആഖ്യാനമാണ്‌ സിനിമയ്‌ക്കു നല്‌കിയിരിക്കുന്നത്‌. അങ്ങനെ ഖണ്‌ഡങ്ങളായി തിരിച്ചാണു കഥ മുന്നേറുന്നത്‌. അതിന്റെ പുതുമ ചിത്രത്തിനുണ്ട്‌. എങ്കിലും ഇതു മലയാളത്തിനു മാത്രമേ പുതുമയാകുന്നുള്ളൂ എന്നു പറയേണ്ടിവരും. ചിത്രം ആകെയും കാരണവരുടെ വധരംഗങ്ങളില്‍ പ്രത്യേകിച്ചും ഗോഡ്‌ഫാദറെന്ന കപ്പോളച്ചിത്രത്തെ അതിശക്തമായി സ്‌മരിപ്പിക്കുന്നുണ്ട്‌. ചിത്രത്തിന്റെ പേസും അതുതന്നെ. ഹോളിവുഡ്‌ സിനിമകളില്‍നിന്നു പകര്‍ത്തി മഹേഷ്‌ ഭട്ട്‌ തന്റെ ഫുട്‌പാത്തും അംഗാരേയും പോലുള്ള ചിത്രങ്ങളില്‍ പരീക്ഷിച്ച ചില ക്രാഫ്‌റ്റ്‌ ടിപ്പുകളും ലിജോ തന്റെ ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. എങ്കിലും അത്രയെങ്കിലുമായല്ലോ.
ഈ ചിത്രം ബോക്‌സോഫീസില്‍ ഒരു വന്‍വിജയമാകില്ല. കാരണം, മന്ദതാളത്തിലുള്ള ആഖ്യാനം നമ്മുടെ പ്രേക്ഷകര്‍ക്ക്‌ ഇനിയും അഭിരുചിശീലമായിട്ടില്ല. ആ ഒറ്റക്കാരണംകൊണ്ട്‌ ഈ ചിത്രം തള്ളപ്പെട്ടേക്കാം. ഈ ചിത്രം അങ്ങനെ തള്ളപ്പെട്ടാല്‍ അതു മലയാളസിനിമയ്‌ക്ക്‌ ചെറിയ ചില നഷ്‌ടങ്ങള്‍ സൃഷ്‌ടിക്കും. സിദ്ദീഖിന്റെ ഉജ്വലമായ അഭിനയം, മനോജ്‌ പരമഹംസയുടെ മനോഹരമായ ക്യാമറാവര്‍ക്ക്‌, ഇന്ദ്രജിത്തിന്റെയും അനില്‍മുരളിയുടെയും ജഗതിയും മിതത്വമാര്‍ന്ന പ്രകടനങ്ങള്‍, ഒതുക്കമുള്ള, ഔചിത്യം ദീക്ഷിക്കുന്ന നല്ല സംഘട്ടനരംഗങ്ങള്‍, കഥകളി അഭിനയത്തിന്റെ മറ്റൊരു പേരായ മഹാകലാകാരന്‍ കലാമണ്‌ഡലം കൃഷ്‌ണന്‍ നായരാശാന്റെ മകന്‍ കലാശാല ബാബു ആ വേഷണിട്ടുനില്‌ക്കുന്നതു തന്നെ കാണുന്ന അഴക്‌, പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ശരവണനായി നടിക്കുന്ന പുതിയ നടന്റെ ഗംഭീരപ്രകടനം, പാതി ശരീരമല്ല, മുഴുവന്‍ ശരീരം തളര്‍ന്നാലും അഭിനയം അനുഭവമാക്കിമാറ്റുന്ന തിലകന്റെ സാന്നിദ്ധ്യം, സംവിധാനത്തില്‍ ശാന്തഗാംഭീര്യം ദീക്ഷിക്കാന്‍ കെല്‌പുള്ള ഒരു പുതുസംവിധായകന്റെ രംഗപ്രവേശം… ഇതൊക്കെ അനുഭവിക്കാനുള്ള സാദ്ധ്യതയാണു പ്രേക്ഷകര്‍ക്ക്‌ അങ്ങനെയെങ്കില്‍ നഷ്‌ടമാകുക.

ഈ ചിത്രം മേക്കിംഗ്‌ സമയത്ത്‌ പലതരം പ്രതിസന്ധിയും നേരിട്ടുവെന്നു കേട്ടിട്ടുണ്ട്‌. വിപണിമൂല്യമില്ലാത്ത നായകനെ വച്ച്‌ പുതുരചയിതാവും പുതുസംവിധായകനും ചിത്രമൊരുക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികള്‍. അവയില്ലായിരുന്നെങ്കില്‍ ലിജോ ഈ ചിത്രം കൂടുതല്‍ മനോഹരമാക്കിയേനേ എന്നുതോന്നുന്നു. ഇനിയും അവസരങ്ങള്‍ വന്നാല്‍, പ്രമേയം തെരഞ്ഞെടുക്കുന്നതില്‍ക്കൂടി ലിജോ ശ്രദ്ധ കൂടുതല്‍ പതിപ്പിച്ചാല്‍ മലയാളത്തിന്‌ മികച്ചൊരു സംവിധായകനെ ലഭിക്കുമെന്ന്‌ ഈ ചിത്രം എടുത്തുപറയുന്നു.
സിദ്ദീഖ്‌ ഒന്നല്ല രണ്ടായിരുന്നു എന്ന മട്ടിലുള്ള ഗജിനിലെവല്‍ സൂത്രപ്പണിയാണ്‌ ഈ ചിത്രത്തില്‍നിന്ന്‌ പ്രേക്ഷകനെ അകറ്റിയതെന്നും തോന്നുന്നു. ഏതായാലും നായകന്‍ മികച്ചൊരു ശ്രമമാണ്‌. അതിന്‌ രചയിതാവിനും സംവിധായകനും അഭിനന്ദനങ്ങള്‍. പിന്നെ, രചനയില്‍ അല്‌പംകൂടി മികവാകാമായിരുന്നു. ഏതായാലും നായകന്‍ വിജയിച്ചില്ലെങ്കില്‍ അതിന്റെ പിന്നിലെ കുറ്റക്കാര്‍ മുഖ്യമായും ലിജോയോ റഫീക്കോ ആയിരിക്കില്ല. അവര്‍ക്കും കുറ്റമില്ലെന്നല്ല, എങ്കിലും വ്യത്യസ്‌തമായ ലാവണ്യശിക്ഷണം ലഭിച്ചിട്ടില്ലാത്ത നമ്മുടെ പ്രേക്ഷകര്‍ ആവും മുഖ്യപ്രതികള്‍. പിന്നെ, സൂപ്പര്‍താരത്തിന്റെ സിനിമയ്‌ക്കുമാത്രമേ കയറൂ എന്ന ഇനിഷ്യല്‍ പുള്ളേഴ്‌സിന്റെ ശാഠ്യവും.

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (165)

താന്തോന്നി തോന്നിപ്പിക്കുന്നതെന്തൊക്കെ?


താന്തോന്നി എന്നാല്‍ തനിക്കു തോന്നുന്നതുപോലെ നടക്കുന്നവന്‍, തനിക്കു ബോധിച്ചതു ചെയ്യുന്നവന്‍, ദുര്‍ബുദ്ധി എന്നൊക്കെ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ താന്തോന്നി എന്ന ചിത്രത്തിന്റെ ശീര്‍ഷകം അര്‍ത്ഥവത്താണ്‌. തനിക്കുതോന്നുംപടി നടക്കുന്ന ദുര്‍ബുദ്ധിയായ വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞ്‌ എന്ന നായകകഥാപാത്രത്തിന്റെ വീരകഥ പറയുന്ന ചിത്രത്തിന്‌ താന്തോന്നി എന്ന പേര്‌ അത്യന്തം ചേരുന്നു. അതല്ലാതെതന്നെ പേര്‌ വളരെ അനുയോജ്യമാണ്‌. തനിക്കുതോന്നുംപടി, അതായത്‌, പ്രേക്ഷകനെ അവനവളുമാരുടെ സാമാന്യബുദ്ധിയെയോ തരിമ്പും വകവയ്‌ക്കാതെയും വിലവയ്‌ക്കാതെയും, തന്നിഷ്‌ടപ്രകാരം, സിനിമയെടുക്കുന്ന ദുര്‍ബുദ്ധിയെയും അതേയര്‍ത്ഥത്തില്‍ നമുക്കു താന്തോന്നിത്തരം എന്നുവിളിക്കാം. നവാഗതസംവിധായകനായ ജോര്‍ജ്‌ വര്‍ഗീസും തിരക്കഥാകൃത്ത്‌ ടി.എ.ഷാഹിദും നടന്‍ പൃഥ്വിരാജും ഈ താന്തോന്നിത്തരം ആണ്‌ ഇത്തവണ കാട്ടിയിരിക്കുന്നത്‌. താന്തോന്നിത്തരത്തിന്‌ തല്ലുകൊള്ളിത്തരമെന്നും അര്‍ത്ഥമുണ്ട്‌. നാട്ടുകാരുടെ തല്ലുകൊള്ളാന്‍ വിണ്ണില്‍ മേയുന്ന ഈ താരങ്ങളെ കിട്ടിക്കൊള്ളണമെന്നില്ല. പക്ഷേ, പ്രേക്ഷകന്റെ തലോടലേല്‌ക്കാതെ ബോക്‌സോഫീസില്‍ ഈ താന്തോന്നിത്തരം അഥവാ, തല്ലുകൊള്ളിത്തരം കാലിടറിവീഴുമെന്ന കാര്യത്തില്‍ രണ്ടില്ല പക്ഷം. ഇതു തിയറ്ററില്‍നിന്നിറങ്ങുന്ന പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായമാണെന്നു കേട്ടറിഞ്ഞ ധൈര്യത്തില്‍ത്തന്നെയാണു പറയുന്നത്‌.
താന്തോന്നിക്കും മേന്തോന്നിക്കും പ്രതിവിധിയില്ല, മന്തിനും താന്തോന്നിത്തത്തിനും മരുന്നില്ല… ഇതെല്ലാം പഴയ മലയാളത്തിലെ ചില ചൊല്ലുകളാണ്‌. ഇവയെ ഓര്‍മിപ്പിക്കും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളുന്ന ഈ ചിത്രവധത്തിനിരയാകുന്നവരെ താന്തോന്നി എന്ന ചിത്രം. എന്തായാലും ഈ താന്തോന്നിത്തത്തിനു മരുന്നില്ലെന്നത്‌ വര്‍ഷങ്ങളായി മലയാളസിനിമാപ്രേക്ഷകര്‍ അനുഭവിച്ചുവരുന്ന നഗ്നസത്യം. രണ്ടാമത്തെ ചൊല്ലിനെപ്പറ്റിയാണെങ്കിലോ, മന്ത്‌ പിന്നേം സഹിക്കാം ഇമ്മാതിരി താന്തോന്നിപ്പടങ്ങള്‍ വയ്യേവയ്യെന്നു തന്നെ പറയും അല്‌പം വകതിരിവുള്ള പ്രേക്ഷകന്‍.
താന്തോന്നി എന്ന വാക്കിന്‌ അല്‌പം ഭേദഗതി വിചാരിച്ചാല്‍ തന്തയെ തോന്നിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥം കല്‌പിക്കാം. ഈ ചിത്രം കാണുമ്പോള്‍ നമ്മള്‍ പലരുടെയും തന്തയെ തോന്നിപ്പോകും (മനസ്സില്‍ വിചാരിക്കുകയും വിളിക്കുകയും ചെയ്‌തുപോകുമെന്നു സാരം). ആ അര്‍ത്ഥത്തിലും താന്തോന്നി അര്‍ഥവത്തായ പേരുതന്നെ.
പിന്നെ, ടി.എ.ഷാഹിദ്‌ എന്ന എഴുത്തുകാരന്റെ ഇഷ്‌ടവിഷയവും തന്തവിഷയകം തന്നെ. ഒരു തന്തൈ… ഒരു സന്താനം… അവരുടെ ബന്ധവും ആ ബന്ധത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളും സമസ്യകളും (കടപ്പാട്‌ – ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ – കൗതുകകരമെന്നു പറയട്ടെ, ഈ ചിത്രത്തിലും ചുള്ളിക്കാടിന്‌ കടപ്പാടു കിട്ടുന്നുണ്ട്‌, തന്റെ ശബ്‌ദത്തിന്റെ പേരില്‍) തന്നേഡേയ്‌… മൂപ്പരുടെ പടങ്ങളുടെ സ്ഥിരം ഫോര്‍മാറ്റ്‌. അത്‌ ഇന്നലേ എന്റെ നെഞ്ചിലേ കൊച്ചു മണ്‍വിളക്കൂതിയില്ലേ ആകാം പുലിക്കാട്ടില്‍ മൂപ്പരും കൊച്ചുമൂപ്പരുമാകാം ബെന്‍ ജോണ്‍സണും തന്തയുമാകാം മത്സരത്തിലെ അപ്പനും മകനുമാകാം, രാജമാണിക്യത്തിലെ തന്തയും തന്തയില്ലാത്ത മാണിക്യവുമാകാം, എന്തായാലും തന്ത വേണം മകനും വേണം… പിന്നെ, അലമ്പ്‌ സെന്റിമെന്റ്‌സും മഴയത്തു കുടയില്ലാതെ പോയ കുട്ടിയും ഒക്കെച്ചേര്‍ത്ത്‌ ഷാഹിദ്‌ അതിന്റെ സ്റ്റേജ്‌ നാടകമാക്കിക്കൊള്ളും. ഇവിടെയും കാര്യങ്ങള്‍ക്കോ സന്ദര്‍ഭങ്ങള്‍ക്കോ സമവാക്യങ്ങള്‍ക്കോ മാറ്റമേതുമില്ല. ആ അര്‍ത്ഥത്തില്‍ തന്തോന്നി എന്നും പടത്തിനു പേരുപറയാം. തന്തയില്ലാതെ പിറന്ന കൊച്ചുകുഞ്ഞ്‌ വടക്കന്‍ വീടെന്ന തറവാട്ടിലുണ്ടാകുന്ന പുകിലുകളാണു ചിത്രത്തിന്റെ ആദ്യപാതി. രണ്ടാംപാതിയില്‍ പ്രസ്‌തുത തന്ത ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ഡീറ്റെയില്‍സും വടക്കന്‍വീടരോടുള്ള പ്രതികാരവും മറ്റും മറ്റും.
പൃഥ്വിരാജിന്റെ സ്വന്തം ക്രെഡിറ്റില്‍ ഇതുവരെ ഒരു മലയാളപടമേ വിജയിച്ചിട്ടുള്ളൂ. പുതിയമുഖം. അതോടെ ആള്‍ ലാലു കളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്‌ താന്തോന്നി. ഒരു ലാല്‍ കഥാപാത്രത്തിന്റെ അമാനുഷികതയും മറ്റുമായാണ്‌ കൊച്ചുകുഞ്ഞിനെ രൂപപ്പെടുത്തിയിരിക്കുന്നത്‌. ലാല്‍ തന്റെ കരിയറിന്റെ ഒരു നല്ല ശതമാനം സവിശേഷ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ജനമനസ്സുകളില്‍ നീക്കാനാവാത്ത സ്ഥാനം നേടിയിട്ടാണ്‌ മംഗലശേരി നീലകണ്‌ഠനായതെന്നത്‌ പൃഥ്വി ഓര്‍ക്കുന്നത്‌ നന്ന്‌. അതിനുമുന്‍പേ വിന്‍സന്റ്‌ ഗോമസും സാഗര്‍ ഏലിയാസ്‌ ജാക്കിയും ഒക്കെയായെങ്കിലും അവയൊക്കെ അന്ന്‌ അന്തിമമായി പരാജയപ്പെടുന്ന സാധാരണമനുഷ്യഭാവവും കൂടിച്ചേര്‍ന്ന കഥാപാത്രങ്ങളായിരുന്നു. ഇന്നും ലാല്‍ സ്റ്റണ്ടുരംഗങ്ങളില്‍ ഒന്നരക്കിലോമീറ്ററൊക്കെ പറക്കുകയൊക്കെ ചെയ്‌താല്‍ ജനം കൂവുകതന്നെ ചെയ്യും. അപ്പോഴാണ്‌ അങ്ങനെയൊരു സ്ഥാനനേട്ടം സംസിദ്ധമാകാത്ത പൃഥ്വി സൂപ്പര്‍മാന്‍ കളിക്കിറങ്ങുന്നത്‌. താന്തോന്നിയില്‍ പൃഥ്വി സ്റ്റണ്ടുരംഗങ്ങളില്‍ മൂന്നുനാലു കിലോമീറ്ററൊക്കെയാണു പറന്നുവരുന്നത്‌. ജനം കൂകുമെന്നു ചിന്തിക്കാനുള്ള സാമാന്യവിവരം പോലും ഇതിന്റെ ശില്‌പികള്‍ക്കില്ലേ? ഇവര്‍ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്‌?. ഇവര്‍ കേരളത്തിലെ തിയറ്ററിലിരുന്നു സിനിമ കാണാറില്ലേ?
ഒരു പ്രേമവും നായികയുമുണ്ട്‌ ചിത്രത്തില്‍. ഒരു പാട്ട്‌, ഒരു മരംചുറ്റല്‍, പിന്നെ ഏതാനും രംഗങ്ങളില്‍ പശ്ചാത്തലത്തിലെവിടെയെങ്കിലും മിഴുങ്ങസ്യാ എന്നു നില്‍ക്കല്‍. കഴിഞ്ഞു, സ്‌ത്രീകഥാപാത്രത്തിന്റെ കഥ. ഐ.എസ്‌.ആര്‍.ഒ.യിലെ ഡോക്‌ടറേറ്റുള്ള ഈ യുവശാസ്‌ത്രജ്ഞ, വാനനിരീക്ഷക, യന്ത്രക്കാറ്റാടികളുടെ ഫോട്ടം പിടിക്കാന്‍ (അത്‌ അവളുടെ വാനനിരീക്ഷണപഠനങ്ങളുടെ ഭാഗമാണുപോലും) വന്നുനില്‌ക്കുന്ന രംഗങ്ങളൊക്കെ കണ്ടാല്‍ എന്റെ രചയിതാവേ, പത്താംക്ലാസുവരെയെങ്കിലും വിദ്യാഭ്യാസം കിട്ടിയവര്‍ക്കു ചിരിപൊട്ടുമെന്നു ചിന്തിക്കാന്‍ പോലും താങ്കള്‍ക്കു കഴിയുന്നില്ലേ?
അതുപോലെ, താന്തോന്നി കൊച്ചുകുഞ്ഞ്‌ അബ്‌കാരി ലേലം നടക്കുന്നിടത്തുവന്ന്‌ ഒരുകാര്യവുമില്ലാതെ ഡയലോഗു കീറുന്നതുമൊക്കെ അനാവശ്യമാണെന്നു മനസ്സിലാക്കാന്‍ അണിയറക്കാര്‍ തയ്യാറല്ല. അരമണിക്കൂറെടുത്തു നായകനെ വിധിയാംവണ്ണമൊന്ന്‌ അവതരിപ്പിച്ച്‌ പടംതുടങ്ങാന്‍ എന്നുള്ളതും ശ്രദ്ധിക്കുക.
നെല്‍സണ്‍ (സുരേഷ്‌ കൃഷ്‌ണ) ഇരിക്കുന്ന റിസോര്‍ട്ടില്‍ ശ്രീജിത്ത്‌ രവി എത്തി കുത്തേറ്റുമരിക്കുന്നതും അത്‌ കൊച്ചുകുഞ്ഞിന്റെ റിസോര്‍ട്ടായതും ഒക്കെ കഥയെ ഷാഹിദ്‌ ആവാഹിച്ചുവരുത്തുന്നതിന്‌ ഉദാഹരണമാണ്‌. അബ്‌ദുള്ള മലേടടുത്തു ചെന്നില്ലെങ്കില്‍ മല അബ്‌ദുള്ളേടടുത്തേക്കു വരികതന്നെ. എല്ലാ റിസോര്‍ട്ടും എല്ലാ യന്ത്രക്കാറ്റാടിയിടങ്ങളും എല്ലാമെല്ലാം നായകനായ കൊച്ചുകുഞ്ഞിന്റേതായതും പ്രേക്ഷകരില്‍ ചിരിയാണു പടര്‍ത്തുന്നത്‌. ഇതെന്ത്‌, ബെന്‍സ്‌ വാസുക്കാലമോ? ഇക്കണക്കിനുപോയാല്‍ റെയില്‍വേസ്റ്റേഷനിലോ ബസ്‌സ്റ്റാന്‍ഡിലോ ആ പെങ്കൊച്ചു പോയിരുന്നെങ്കില്‍ അതും ലവന്റേതായിരുന്നേനെയല്ലോ. ചേട്ടനും കുടുംബക്കാര്‍ക്കും താനൊരു മഹാന്‍ എന്നു കാട്ടിക്കൊടുക്കാന്‍ നായകന്‍ കൊലക്കുറ്റം അട്ടിമറിക്കുന്നത്‌ പൊതുസമൂഹത്തിന്‌ എന്തു സന്ദേശമാണു നല്‌കുകയെന്നതും ചോദ്യച്ചിഹ്നമായി നില്‍ക്കുന്നു.
സാങ്കേതികവിഭാഗത്തിലേക്കോ ഗാനസംഗീതവിഭാഗത്തിലേക്കോ കടന്ന്‌ വിലയിരുത്താനുംമാത്രമൊന്നും മഹത്തായ ചിത്രമല്ല താന്തോന്നി. ഇതു കാണാന്‍ കൊള്ളാമോ ഇല്ലയോ എന്നുള്ള സാമാന്യജനത്തിന്റെ ചോദ്യത്തിന്‌ ഈ ചിത്രം കണ്ട ബഹുഭൂരപക്ഷത്തിന്റെയും ഉത്തരം തന്നെയാണ്‌ ഇതെഴുതുന്നയാളും നല്‌കാനുദ്ദേശിക്കുന്നത്‌. കാണാന്‍ കൊള്ളില്ല എന്നു തന്നെ.
പൃഥ്വിരാജ്‌ ഇന്ന്‌ മലയാളത്തില്‍ ഏറ്റവും വിപണിമൂല്യമുള്ള യുവതാരമാണ്‌. അല്‌പം ശ്രദ്ധിച്ചാല്‍, വിവേകപൂര്‍വം നീങ്ങിയാല്‍ അദ്ദേഹത്തിന്‌ മലയാളത്തിലെ താരസിംഹാസനവും മികച്ച നടനെന്ന പേരും സ്വന്തമാക്കാം. അല്ലാതെ ഈ താന്തോന്നിക്കളിയാണ്‌ അദ്ദേഹം തുടരാന്‍ തീരുമാനിക്കുന്നതെങ്കില്‍ താങ്കള്‍ക്കു ഹാ! കഷ്‌ടം എന്നല്ലാതെ മറ്റെന്തുപറയാന്‍…

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (1)

താന്തോന്നി എത്തി



യുവനായകന്‍ വീണ്ടും ആഞ്ഞടിക്കുന്നു എന്ന പരസ്യവാക്യവുമായി പൃഥ്വിരാജിന്റെ താന്തോന്നി ഇന്നുമുതല്‍. ഈ ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ പൃഥ്വിയുടെ കരിയറില്‍ ചലനങ്ങളുണ്ടാക്കുമെന്നു കരുതപ്പെടുന്നു. ടി.എ.ഷാഹിദ്‌ എഴുതുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന നവാഗതനാണ്‌. ഷീലാ കൗള്‍ നായികയാകുന്നു. മുട്ടാന്‍ വരുന്നവരോടെല്ലാം ഒടക്കാന്‍ നില്‍ക്കുന്ന വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞായിട്ടാണ്‌ പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

പ്രമുഖറിലീസ്‌ സെന്ററുകള്‍
തിരുവനന്തപുരം – അജന്ത, കൃപ
എറണാകുളം – കവിത, പത്മ
പാലക്കാട്‌ – പ്രിയദര്‍ശിനി
കോഴിക്കോട്‌ – കൊറോണേഷന്‍, അപ്‌സര
കോട്ടയം – ആനന്ദ്‌
കണ്ണൂര്‍ – സവിത, സമുദ്ര
കൊല്ലം – പ്രണവം
ചങ്ങനാശേരി – അഭിനയ
ചാലക്കുടി – അക്കരെ
ചാലക്കുടി – അഗസ്‌ത്യ
മൂവാറ്റുപുഴ – ഐസക്‌
മാനന്തവാടി – വീണ
കാഞ്ഞങ്ങാട്‌ – വിനായക
കാസര്‍ഗോഡ്‌ – സമ്രാട്ട്‌
അടൂര്‍ – നയനം
തൊടുപുഴ – വിസ്‌മയ
ആലപ്പുഴ – റെയ്‌ബാന്‍ സിനിമ, പങ്കജ്‌
മലപ്പുറം – പത്മം
ഷൊര്‍ണൂര്‍ – ഗീത
കൊച്ചി – കോക്കേഴ്‌സ്‌
പാല – യൂണിവേഴ്‌സല്‍
തലയോലപ്പറമ്പ്‌ – പ്രഭൂസ്‌
കല്‌പറ്റ – അനന്തവീര
മഞ്ചേരി – നര്‍ത്തകി
ഷൊര്‍ണൂര്‍ – അനുരാഗ്‌
ചേര്‍ത്തല – ചിത്രാജ്ഞലി
ഇരിട്ടി – ന്യൂ ഇന്ത്യ

Posted in Featured, ഇന്നു മുതല്‍...Comments (2)

ഇന്നുമുതല്‍ ഇന്ദ്രജിത്ത്‌ നായകന്‍



ഇടവേളയ്‌ക്കുശേഷം ഇന്ദ്രജിത്ത്‌ നായകനാകുന്ന നായകന്‍ എന്ന ചിത്രം ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു. അന്തരിച്ച നടന്‍ ജോസ്‌ പെല്ലിശ്ശേരിയുടെ മകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരിയാണു സംവിധാനം. ചിത്രത്തില്‍ ആക്ഷന്‍ ഹീറോ വേഷമാണ്‌ ഇന്ദ്രജിത്തിന്‌. അന്തരിച്ച നടന്മാരുടെ മക്കള്‍ നായകനും സംവിധായകനുമാകുന്ന ചിത്രമാണിതെന്നു പറയാം.
മോഹന്‍ലാല്‍ വില്ലന്‍വേഷങ്ങളില്‍നിന്നു നായകവേഷങ്ങളിലേക്കു മാറിയകാലത്ത്‌ ബാലു കിരിയത്ത ലാലിനെ നായകനാക്കി നായകന്‍ എന്നപേരില്‍ ഒരു ചിത്രമെടുത്തിട്ടുണ്ട്‌. ആ ചിത്രത്തിലൂടെയാണ്‌ ലാല്‍ നായകപ്പട്ടത്തിലേക്കുള്ള പ്രയാണമാരംഭിച്ചതെന്ന്‌ ബാലു കിരിയത്ത്‌ അവകാശപ്പെടുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകന്‍ എന്ന ചിത്രത്തിലഭിനയിച്ചിട്ടുണ്ട്‌. ആ ചിത്രത്തിലൂടെ കമല്‍ മഹാതാരമായി വളരുകയും ദേശീയ അവാര്‍ഡു നേടുകയും ചെയ്‌തു. മണിരത്‌നത്തിന്റെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയുടെ ആദ്യപടിയും ആ ചിത്രമായിരുന്നു. ഇനി ഇന്ദ്രജിത്തിന്റെ ഊഴമാണ്‌. നായകനിരയിലേക്കുള്ള വളര്‍ച്ചയുടെ പടികയറ്റം.
നായകന്‍ എത്തുന്ന പ്രമുഖകേന്ദ്രങ്ങള്‍
തിരുവനന്തപുരം – രമ്യ
എറണാകുളം – ശ്രീധര്‍
കോഴിക്കോട്‌ – ഡേവിസണ്‍
തൃശൂര്‍ – ഗിരിജ
പാലക്കാട്‌ – ന്യൂ ആരോമ
കൊല്ലം – ആരാധന
പാലാ – മഹാറാണി
ആലപ്പുഴ – സാസ്‌ ശാന്തി
കണ്ണൂര്‍ – സരിത
തലശേരി – പ്രഭ
ചാലക്കുടി – സുരഭി
ആലുവ – മാധുര്യ
കാസര്‍കോഡ്‌ – മെഹബുബ്‌
കല്‍പറ്റ – വിജയ
തളിപ്പറമ്പ്‌ – ന്യൂ ഹരിഹര്‍
മണ്ണാര്‍ക്കാട്‌ – മക്കാസ്‌
പൊന്നാനി – ലക്ഷ്‌മി
ചേര്‍ത്തല – പാരഡൈസ്‌
സുല്‍ത്താന്‍ ബത്തേരി – രാഗം

Posted in Featured, ഇന്നു മുതല്‍...Comments (0)

വാസ്‌തവം ടീമിന്റെ പാതിരാമണല്‍



പൃഥ്വിരാജിനെ സംസ്ഥാന അവാര്‍ഡ്‌ ജേതാവാക്കിയ വാസ്‌തവം എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഒന്നിക്കുന്നു. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി, പദ്‌മകുമാര്‍ സംവിധാനം നിര്‍വഹിച്ച്‌ , പൃഥ്വിരാജ്‌ നായകനായി എത്തുന്ന ചിത്രമാണ്‌ പാതിരാമണല്‍. ഇവരൊരുമിച്ച വാസ്‌തവത്തിലെ മുഖ്യവേഷം ചെയ്‌തതിനാണ്‌ പൃഥ്വിക്ക്‌ സംസ്ഥാനബഹുമതി ലഭിച്ചത്‌. പാതിരാമണലിലും വാസ്‌തവത്തിലേതു പോലെ ഉള്‍ക്കാമ്പുള്ള ഒരു കഥാപാത്രമാണ്‌ പൃഥ്വിരാജിന്റേത്‌. കുട്ടനാട്ടിലെ പാതിരാമണലെന്ന ദ്വീപാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും കഥയുടെ അടിത്തറയും. നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള പ്രതിനായകവേഷം അവതരിപ്പിക്കുന്നത്‌ കലാഭവന്‍ മണിയാണ്‌. രണ്ട്‌ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണ്‌ മണിയുടേത്‌. മണിക്കുട്ടന്‍, നെടുമുടി വേണു, മുരളി, സലിംകുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, അര്‍ച്ചന എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍. സംഗീതം ശരത്‌, ക്യാമറ മനോജ്‌ പിള്ള, കലാസംവിധാനം സാലു ജോര്‍ജ്‌.

Posted in Featured, സിനിമാ വാര്‍ത്തകള്‍Comments (0)

വിജി തമ്പി വീണ്ടും പൃഥ്വിരാജുമായി


വിജി തമ്പിയുടെ വേലുത്തമ്പിദളവയില്‍ പൃഥ്വിരാജ്‌ അഭിനയിക്കുന്നു. നമ്മള്‍ തമ്മിലാണ്‌ ഇവര്‍ മുന്‍പൊരുമിച്ച ചിത്രം. രജപുത്രയാണു വേലുത്തമ്പിദളവ നിര്‍മിക്കുക.

Posted in സിനിമാ വാര്‍ത്തകള്‍Comments (2)

താന്തോന്നി


നവാഗതനായ ജോര്‍ജ്‌ വര്‍ഗീസ്‌ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രമാണു താന്തോന്നി. ഷീലാ കൗളാണു നായിക. കാക്കിക്കുശേഷം ടി.എ. ഷാഹിദ്‌ തിരക്കഥയെഴുതുന്ന പൃഥ്വിച്ചിത്രം കൂടിയാണിത്‌. മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ്‌ മരിക്കാര്‍ നിര്‍മിക്കുന്ന താന്തോന്നിയുടെ ചിത്രീകരണം ഏതാണ്ടു പൂര്‍ത്തിയായി. തിലകന്‍, ജഗതി, പി വാസു, സായ്‌കുമാര്‍, സുരാജ്‌, ക്യാപ്‌റ്റന്‍ രാജു, സാദിക്‌, അനില്‍മുരളി, രാമു, ടോണി, സുരേഷ്‌ കൃഷ്‌ണ, സുധീഷ്‌, കന്യ, ബിന്ദുപണിക്കര്‍, അംബിക തുടങ്ങിയവരും താരനിരയിലുണ്ട്‌. പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക്‌ തേജ്‌ മെര്‍വിന്‍ ഈണംപകര്‍ന്നു.

Posted in സിനിമാ വാര്‍ത്തകള്‍Comments (1)

പോക്കിരിരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും


പൃഥ്വിരാജ്‌ ഒടുവില്‍ ഒരു സൂപ്പര്‍താരചിത്രത്തിന്റെ മുഖ്യസാന്നിദ്ധ്യമാകുന്നു. പുതിയമുഖത്തിലൂടെ താരപരിവേഷത്തിലേക്കുയര്‍ന്നശേഷം പൃഥ്വിയുടെ പ്രമുഖചിത്രങ്ങളിലൊന്നായിരിക്കും മമ്മൂട്ടിയോടൊപ്പം നായകപദവി പങ്കാളുന്ന പോക്കിരിരാജ. വൈശാഖന്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന സിബി കെ തോമസ്‌, ഉദയകൃഷ്‌ണ. ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത്‌ ആരംഭിച്ചു. നെടുമുടി വേണു, വിജയരാഘവന്‍, ടി.പി.മാധവന്‍, സാദിഖ്‌, സന്തോഷ്‌ തുടങ്ങിയവ്‌ വേഷമിടുന്ന ചിത്രത്തില്‍ നായികയാകുന്നത്‌ തമഇഴ്‌ താരം ശ്രീയ ശരണാണ്‌. സിദ്ദീഖ്‌, സായ്‌കുമാര്‍, സുരാജ്‌, സലിംകുമാര്‍, സുമന്‍, കലാശാല ബാബു, റിയാസ്‌ ഖാന്‍, ജോണി, അനില്‍ മുരളി, നാരായണന്‍ നായര്‍, സന്തോഷ്‌ ജോഗി, ശ്വേതാ മേനോന്‍, ബിന്ദു പണിക്കര്‍, അംബികാ മോഹന്‍, തെസ്‌നിഖാന്‍ തുടങ്ങിയ വന്‍നിരയും ചിത്രത്തിലുണ്ട്‌. ഇവര്‍ക്കുപുറമേ മാദകനര്‍ത്തകി മുമൈദ്‌ ഖാനും നൃത്തരംഗത്തിലുണ്ട്‌. മുളകുപ്പാടം ഫിലിംസിനുവേണ്ടി ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മിക്കുന്നു

Posted in സിനിമാ വാര്‍ത്തകള്‍Comments (0)


Model of the Week