Posted on 09 February 2010. Tags: amitabh bachan, kandahar, major ravi, malayalam film, mohanlal

ഇച്ചിരെ താമസിച്ചാലും ബേണ്ടൂല്ല, ബരുമ്പം മെച്ചത്തില് ബരണം എന്നാണല്ലോ മഹാകവി രജനീകാന്ത് പറഞ്ഞിരിക്കുന്നത്. പുത്തനച്ചിയായി വന്ന് പുരപ്പുറം തൂക്കുകയും കൂടി ചെയ്‌താല്‍ ഉഷാര്‍. ഇന്ത്യന്‍ സിനിമയിലെ മേജര്‍ ഉഗ്രനായ ബിഗ് ബി, സാക്ഷാല്‍ അമിതാഭ് ബച്ചന്‍ മലയാളത്തിലെത്തുന്നു. ഇച്ചിരെ താമസിച്ചുപോയി. എന്നാലും വരുന്നത് ഗംഭീരമായിട്ടാണ്. മറ്റൊരു മേജറായ മേജര്‍ രവിയുടെ കാണ്‌ഡഹാറിലൂടെ കൂടെ അഭിനയിക്കുന്നത് മേജര്‍ മഹാദേവനായി വന്ന് ലെഫ്‌റ്റനന്റ് കേണലായി മാറിയ മോഹന്‍ലാലും. മനോരമയുടെ പരിപാടിക്കു വന്നപ്പോള്‍ ലാലേട്ടന്റെ ചോദ്യം കേട്ടപ്പോഴേ ബച്ചേട്ടന്‍ മലയാളം കുരച്ചുകുരച്ചു പരയുമെന്നുറപ്പിച്ചതാണ്. ഇനിയൊന്നേ അറിയാനുള്ളൂ. മലയാളത്തിന്റെ തച്ചനായ തിലകന്റെ കമ്മി ബച്ചന്‍ നികത്തുമോയെന്ന്. ഓര്‍ക്കുന്നുണ്ടോ, പണ്ട് തച്ചനെത്തട്ടി ഭരത് തട്ടിയെടുത്തയാളാണ് ബച്ചന്‍. ഏതായാലും മലയാളത്തിലേക്കു വരുമ്പോള്‍ ബച്ചന്‍ സാര്‍, ജാഗ്രതൈ…. സംഘടനാകാര്യങ്ങളിലൊന്നും കേറി തലയിട്ടേക്കല്ലേ… നിരോധിച്ചു പണ്ടാരടക്കിക്കളയും… അഭിനയം മുട്ടിച്ചുകളയും…
Posted in പരദൂഷണം!...
Posted on 18 January 2010. Tags: dileep, innocent, kavya madhavan, malayalam film, mams chandran, pappee appacahaa, rafi-mecartin, thodupuzha

പാപ്പിയും അപ്പച്ചനും ഒരുങ്ങുന്നു. തൊടുപുഴയിലാണ് പാപ്പിയും അപ്പച്ചനും ഒരുക്കം തുടരുന്നത്. വിജയചിത്രങ്ങളുടെ ലൊക്കേഷന്‍ എന്ന പേരാണ് ഇപ്പോള്‍ തൊടുപുഴയ്‌ക്കുള്ളത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒത്തൊരുമിച്ച രസതന്ത്രം തൊടുപുഴയിലാണു ചിത്രീകരിച്ചത്. ചിത്രം വന്‍വിജയമായിരുന്നു. ഇപ്പോള്‍ ദിലീപിന്റെ പ്രസ്റ്റീജ്യസ് ഫിലിമെന്ന് ചലച്ചിത്രരംഗത്തെ അണിയറക്കാരെല്ലാം വിലയിരുത്തുന്ന പാപ്പീ അപ്പച്ചാ ഇവിടെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
പാപ്പി എന്ന് എല്ലാവരും വിളിക്കുന്ന ചെറുപ്പക്കാരന്റെയും അവന്റെ പുന്നാര അപ്പച്ചന്റെയും കഥ പറയുകയാണ് നവാഗതനായ മമാസ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പാപ്പീ അപ്പച്ചാ. സാധാരണക്കാരല്ല, അല്ലെങ്കില്‍ സാധാരണക്കാരെപ്പോലല്ല ഈ അപ്പച്ചനും പാപ്പിയും എന്നുമാത്രം. ഇത്തിരിക്കണ്ടം എന്ന ഗ്രാമത്തിലെ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരാണവര്‍. നാട്ടിലെ ആശുപത്രിയും സ്‌കൂളും ബിസിനസുകളും എന്നുവേണ്ട എല്ലാത്തിന്റെയും ഉടമകള്‍. എന്നാല്‍ അതിന്റെയൊരു മാന്യത അവര്‍ക്കുണ്ടോ? അതില്ലതാനും. വിജയത്തിനു വേണ്ടി എന്തു തന്ത്രം പയറ്റാനും ഏതറ്റം വരെ പോകാനും മടിക്കാത്ത പാപ്പിയും അവന് അക്കാര്യത്തില്‍ മാതൃകയായി ഒരപ്പച്ചനും. ഇന്നസെന്റാണ് അപ്പച്ചനാകുന്നത്. പാപ്പിയാകുന്നത് ദിലീപും. ഇവരുടെ കുടുംബപ്പേര് നിരപ്പേല്‍ എന്നാണ്. ഇവരുടെ പ്രവൃത്തി കണ്ടാല്‍ എല്ലാവരെയും എല്ലാത്തിനെയും നിരപ്പാക്കുന്നതില്‍ ഇവര്‍ക്കുള്ള സാമര്‍ഥ്യമാണോ ഈ കുടുംബപ്പേരിനു പിന്നിലെന്ന് ആരും സംശയിച്ചുപോകും.
ഇങ്ങനെയൊക്കെയുള്ള പാപ്പി ഒരിടത്തുമാത്രം അല്‌പം പ്രശ്‌നത്തിലായി. ഒരാളുടെ മുന്നില്‍മാത്രം. അതും ഒരു പെണ്‍കുട്ടി. നിരപ്പേല്‍ വക സ്‌കൂളില്‍ ടീച്ചറായെത്തിയ ആനിട്ടീച്ചറാണ് പാപ്പിയുടെ കറുത്ത പ്രവൃത്തികള്‍ക്കു മുന്നില്‍ എതിര്‍പ്പിന്റെ കൊടിയുയര്‍ത്തിയത്. ആനിയും പാപ്പിയും തമ്മിലുള്ള ശീതസമരത്തിന്റെ കഥ കൂടിയായി മാറുകയാണ് ഇവിടന്നങ്ങോട്ട് പാപ്പീ അപ്പച്ചാ.
നര്‍മമധുരമായ രംഗങ്ങളിലൂടെ കഥ വികസിക്കുന്നത്. ആത്മാവുള്ള തമാശച്ചിത്രങ്ങളുടെ കളരിയില്‍ നിന്നാണ് മമാസിന്റെ വരവ്. മലയാളിയുടെ പൊട്ടിച്ചിരിയുടെ രണ്ടാം ഇരട്ടഅവതാരമായ റാഫിമെക്കാര്‍ട്ടിന്‍ സ്‌കൂളില്‍ പയറ്റിത്തെളിഞ്ഞാണ് തന്റെ ആദ്യചിത്രമൊരുക്കാനുള്ള ആത്മവിശ്വാസം മമാസ് കൈമുതലാക്കിയത്. സി.ഐ.ഡി. മൂസയിലൂടെ ജോണി ആന്റണിയെ സംവിധായകനാക്കിയ ദിലീപ് -ദിലീപിന്റെ സഹോദരന്‍ അനൂപ് സഖ്യമാണ് പാപ്പി അപ്പച്ചായിലൂടെ മമാസിനെയും അവതരിപ്പിക്കുന്നത്. അനൂപ് പ്രിയാഞ്‌ജലിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കാവ്യാമാധവനാണ് നായിക. സുരേഷ് കൃഷ്‌ണ, അശോകന്‍, രാജീവ്, മണികണ്‌ഠന്‍, കൊച്ചുപ്രേമന്‍, ആദിത്യന്‍, ചെമ്പില്‍ അശോകന്‍, കലാഭവന്‍ പ്രജോദ്, നാരായണന്‍ കുട്ടി, മച്ചാന്‍ വര്‍ഗീസ്, മജീദ് എടവനക്കാട്, ധര്‍മജന്‍, കെപിഎസി ലളിത, തെസ്‌നി ഖാന്‍, മഞ്‌ജുഷ, മഞ്‌ജു രാഘവന്‍ തുടങ്ങിയവരടങ്ങുന്നതാണ് താരനിര.
ഛായാഗ്രഹണം സഞ്‌ജീവ് ശങ്കറും പാട്ടെഴുത്ത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതം വിദ്യാസാഗറും നിര്‍വഹിക്കുന്നു. മഞ്‌ജുനാഥ് ആണു വിതരണം. എ.എസ്.ദിനേശ് വാര്‍ത്താവിതരണം നിര്‍വഹിക്കുന്നു.
Posted in ലൊക്കേഷന്‍
Posted on 18 January 2010. Tags: 2010 januvary release, happy husbands review, inrajith, jayaram, jayasoorya, malayalam film
മിലന്‍ ജലീല്‍ നിര്‍മിച്ച്, കൃഷ്‌ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത ഹാപ്പി ഹസ്‌ബന്റ്‌സ് മലയാളികള്‍ക്കു വേണ്ടിയുള്ള, മലയാളികള്‍ക്കു മാത്രം വേണ്ടിയുള്ള ചിത്രമാണ്. അങ്ങനെ പറഞ്ഞാലും പൂര്‍ണ്ണമാവില്ല. കാരണം, എല്ലാ മലയാളികളെയും ഈ ചിത്രം ലക്ഷ്യം വയ്‌ക്കുന്നില്ല. ഹിന്ദിസിനിമകള്‍ കാണാത്ത മലയാളികള്‍ക്ക്, അതും അബദ്ധത്തില്‍പ്പോലും മസ്‌ത്, നോ എന്‍ട്രി എന്നീ ഹിന്ദിച്ചിത്രങ്ങള്‍ ണ്ടുപോയിട്ടില്ലാത്ത, പാവം മലയാളിപ്രേക്ഷകര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട തരത്തില്‍ എടുത്തിട്ടുള്ള സിനിമയാണ് ഹാപ്പി ഹസ്‌ബന്റ്‌സ്. കാരണം, അനില്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, ഫര്‍ദീന്‍ ഖാന്‍ എന്നീ നായകതാരങ്ങള്‍ ഭര്‍ത്താക്കന്മാരും ലറ ദത്ത, ഇഷ ഡ്യോള്‍, സെലീന ജെയ്‌റ്റ്‌ലി എന്നിവര്‍ അവരുടെ ഭാര്യമാരും, ബിപാഷ ബസു അവര്‍ക്കിടയിലേക്കു കടന്നുവരുന്ന ബാര്‍ ഡാന്‍സറും ആയഭിനയിക്കുന്ന പ്രസ്‌തുതചിത്രത്തിന്റെ പ്രമേയം മാത്രമല്ല, കഥാസന്ദര്‍ഭങ്ങളപ്പാടെതന്നെയും ഉപയോഗപ്പെടുത്തി സൃഷ്‌ടിച്ചിരിക്കുന്ന ചിത്രമാണ് ഹാപ്പി ഹസ്‌ബന്റ്‌സ്.
2005ല്‍ അനീസ് ബസ്‌മിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നോ എന്‍ട്രിയില്‍നിന്നാണ് ഹാപ്പി ഹസ്‌ബന്റ്‌സ് പ്രചോദനമുള്‍ക്കൊള്ളുന്നതെന്ന് ചലച്ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടൊന്നുമില്ലെങ്കിലും, ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വാര്‍ത്തകളും മറ്റും കണ്ടപ്പോഴേ ഊഹിച്ചിരുന്നു. എങ്കിലും ആ അടിസ്ഥാനപ്രമേയം സ്വീകരിച്ചുകൊണ്ട്, രസകരമായ വ്യത്യസ്‌തകഥാസന്ദര്‍ഭങ്ങള്‍ കൂട്ടിയിണക്കി ഒരു പുതിയ സിനിമയാക്കാനുള്ള ശ്രമമെങ്കിലും തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. അങ്ങനെയൊന്നുംതന്നെ ഇല്ലെന്നു ചിത്രം കണ്ടപ്പോള്‍ മനസ്സിലായി. നോ എന്‍ട്രിയില്‍ കഥാഗതിയില്‍ മാറ്റമുണ്ടാക്കാന്‍ കുളിമുറിയില്‍ പ്രത്യക്ഷപ്പെടുന്ന പാറ്റ വരെ ഈ ഹാപ്പി ഹസ്‌ബന്റ്‌സിലും ഉണ്ട്. അതേ പാറ്റ തന്നെയാണോ എന്നറിയില്ല. പണ്ടൊരു പ്രേക്ഷകന്‍ ലോഹിതദാസിന്റെ ഓര്‍മച്ചെപ്പെന്ന സിനിമകണ്ടിട്ട് ഇങ്ങനെ പറഞ്ഞത്രേ: നാനാ പടേക്കറും ജാക്കി ഷ്രോഫും മനീഷാ കൊയ്‌രാളയും അഭിനയിച്ച അഗ്നിസാക്ഷി തന്നെയളിയാ, അത്… ആ ലൊക്കേഷന്‍ വരെ കോപ്പിയടിച്ചിരിക്കുന്നു… അതുപോലെയാണ് ഹാപ്പി ഹസ്‌ബന്റ്‌സിന്റെയും കാര്യം.
സദാചാരനിരതനും കേരളാടുഡേ മാഗസിന്റെ എംഡിയുമായ മുകുന്ദന്‍ മേനോന്‍ (ജയറാം) ഭാര്യ കൃഷ്‌ണേന്ദു( ഭാവന)വിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അവളുടെ സുഹൃത്തായ ശ്രേയ (സംവൃത) യുടെ ഭര്‍ത്താവും സ്‌ത്രീവിഷയസമര്‍ത്ഥനുമായ രാഹുലിന്റെ (ഇന്ദ്രജിത്ത്) സൗഹൃദം നേടുന്നതാണ് പടത്തിന്റെ ആദ്യഭാഗം. രാഹുല്‍ മുകുന്ദനെ ഡയാന (റിമ കല്ലിങ്കല്‍) എന്ന ബാര്‍ ഡാന്‍സറെ പരിചയപ്പെടുത്തുന്നു. അവള്‍ മുകുന്ദന്റെ ജീവിതത്തില്‍ ഒരു ചുറ്റിക്കെട്ടുവള്ളിയായി പടരാന്‍ ശ്രമിക്കുന്നതും അത് മുകുന്ദന്റെയും കൃഷ്‌ണേന്ദുവിന്റെയും ജീവിതത്തില്‍ മാത്രമല്ല, രാഹുല്‍ – ശ്രേയ ദമ്പതികളുടെയും, മുകുന്ദന്റെ സഹോദരതുല്യനായ ജോണ്‍ (ജയസൂര്യ)- സെറീന (വന്ദന) ദമ്പതികളുടെയും ജീവിതങ്ങളെ ആകെ ഗുലുമാലാക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിവൃത്തം കൂടുതല്‍ അറിയണമെന്നുള്ളവര്‍ നോ എന്‍ട്രിയുടെ കഥാസാരം ഇന്റര്‍നെറ്റില്‍ വായിക്കുക. ഈ ചിത്രത്തിന്റെ എഴുത്തുസമയത്ത് ജോണിന്റെ ഭാര്യയായ കഥാപാത്രത്തിന് എന്തുപേരിടണമെന്ന ചര്‍ച്ചയില്‍ ആ കഥാപാത്രമായി നോ എന്‍ട്രിയില്‍ അഭിനയിച്ച നടിയുടെ പേരിനോടു സാമ്യമുള്ള പേരാണ് എഴുത്തുകാരന്റെ മനസ്സിലുദിച്ചതെന്നു തോന്നുന്നു. ഹിന്ദിയില്‍ സെലീന നടിച്ച പാത്രത്തിനാണ് ഇവിടെ സെറീന എന്നു പേരു വീണിരിക്കുന്നത്. ഇതില്‍നിന്നറിയാം, നോ എന്‍ട്രിയുടെ ഇതിവൃത്തത്തില്‍ ഹാപ്പി ഹസ്‌ബന്റ്‌സ് തിരക്കഥാകൃത്തു നടത്തിയ എന്‍ട്രിയുടെ കഥ.
ഹിന്ദിക്കാര്‍ മലയാളത്തില്‍ അനേകം സിനിമാക്കകള്‍ കൊണ്ടുപോകുന്നുണ്ട്. അതൊക്കെ, മാലോകരോടു തുറന്നുപറഞ്ഞ്, കനത്ത കാശും നല്‌കിയാണ്. അവിടന്ന് തിരിച്ചിങ്ങോട്ടു പൊക്കുന്നവര്‍ ആ മര്യാദയൊക്കെ പാലിക്കുന്നുണ്ടോ ആവോ. നോ എന്‍ട്രി എന്ന സിനിമ തന്നെ പെല്ലാം ഊരിലതേ എന്ന തെലുഗുസിനിമയുടെ കഥ കടംകൊണ്ടെടുത്തതാണ്. എന്നാല്‍ നിര്‍മാതാവ് ബോണി കപൂര്‍ ആ കഥ പണംകൊടുത്തുവാങ്ങിയതാണ്. മാത്രമല്ല, ആ ചിത്രത്തിന്റെ അടിസ്ഥാനകഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് നോ എന്‍ട്രിയുടെ തിരക്കഥ മൗലികമാക്കിയത്. ഇവിടെയും ഒരുപക്ഷേ, ഹാപ്പി ഹസ്‌ബന്റ്‌സിന്റെ ആളുകള്‍ അത്തരം അണിയറപ്രവര്‍ത്തനം നടത്തിയിരിക്കാം. ഏതായാലും നോ എന്‍ട്രിയുമായോ പെല്ലാം ഊരിലതേയുമായോ ഉള്ള ബന്ധം ഈ ചിത്രവുമായി ബന്ധപ്പെട്ട ആരും പറഞ്ഞുകേട്ടില്ല.
ഹാപ്പി ഹസ്‌ബന്റ്‌സ് എന്ന സിനിമ സാമാന്യജനത്തിന് രസിക്കുന്നുണ്ടെന്നാണ് തിയറ്ററിലെ പ്രതികരണത്തില്‍ നിന്നു തോന്നിയത്. ആളുകള്‍ നല്ലതോതില്‍ ആസ്വദിക്കുന്നതും ചിരിക്കുന്നതുമായാണ് കണ്ടത്. എന്നാലും മനംനിറഞ്ഞുചിരിച്ചുപോകുന്ന ഒരു നല്ലതമാശപോലും ചിത്രത്തില്‍ ഇല്ലെന്നതാണു സത്യം. സുരാജിന്റെയും സലിംകുമാറിന്റെയും കോമാളിത്തങ്ങള്‍ ആണു ജനത്തെ ചിരിപ്പിക്കുന്നത്. സലിംകുമാര്‍ ഒന്നുരണ്ടുനിമിഷങ്ങളില്‍ തന്റെ നിലവാരത്തിലേക്കുയര്‍ന്നു മിന്നിത്തിളങ്ങി. ചിത്രത്തില്‍ രസകരമായ ഒരു മുഹൂര്‍ത്തം, സെറീനയാണെന്നുകരുതി കൃഷ്‌ണേന്ദുവിനോടു തന്നെ, തന്നെക്കുറിച്ച് മോശമാക്കി സംസാരിക്കുന്ന രംഗമാണ്. അതില്‍ ജയറാം നാടകീയമായ ആ ഏറ്റുപറച്ചിലിന് നസീര്‍, ഉമ്മര്‍ മുതല്‍ സോമന്‍ വരെയുള്ള നടന്മാരെ അനുകരിക്കുന്നുണ്ട്. വെറുതെ ഒരു ഭാര്യയിലും ആ മിമിക്രിപ്പാട്ടാണ് ജനത്തെ തിയറ്ററിലെത്തിച്ചത്. ഹാപ്പി ഹസ്‌ബന്റ്‌സിന്റെ അണിയറക്കാര്‍ക്ക് പ്രമോയില്‍ മേല്‍പ്പറഞ്ഞ ഭാഗം ചേര്‍ത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാവുന്നതാണ്.
നടീനടന്മാര്‍ക്ക് അവരവരുടെ വേഷം കെട്ടിയാടുക എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഇന്ദ്രജിത്തിന്റെ നര്‍മരംഗങ്ങള്‍ പണ്ട്, കിന്നാരം, കുറുക്കന്‍ രാജാവായി തുടങ്ങിയ ചിത്രങ്ങളിലെ സുകുമാരനെ ഓര്‍മിപ്പിച്ചു എന്നത് ഒരു ദോഷമായിട്ടാണ് ഇവിടെ പറയുന്നത്. നല്ല ഒരു റോള്‍ ഡയാനയുടേതാണ്. ബിപാഷ അസ്സലാക്കിയ ആ വേഷം റിമയുടെ ശിലാമുഖം തന്നെക്കൊണ്ടാവുംവിധം വിരസമാക്കി. അഭിനയത്തിന് ആവശ്യമായ ഭാവം കൈവശം സ്റ്റോക്കില്ലാത്തതിനാല്‍ റിമയ്‌ക്ക് അതു പുറത്തുനിന്ന് വരുത്തി ഉപയോഗിക്കാവുന്നതാണ്. അനില്‍നായരുടെ ക്യാമറയ്‌ക്ക് ദൃശ്യങ്ങള്‍ പതിച്ചെടുക്കുന്നതിനപ്പുറം ഉദ്ദേശ്യങ്ങളൊന്നുമുള്ളതായി തോന്നിയില്ല. പരമ്പരരംഗത്തുനിന്നു വരുന്ന സംവിധായകര്‍ക്കു പതിവുള്ളതുപോലെ, മീഡിയം ലോംഗ്‌ഷോട്ടുകളിലാണ് സജിയുടെ പിടിത്തം. പിന്നെ, നോ എന്‍ട്രിയില്‍ വലിയ സദാചാരസംഹിതകളൊന്നും അടിച്ചേല്‌പിക്കുന്നില്ലായിരുന്നു. പക്ഷേ, നമ്മുടെ പാവം മലയാളിപ്രേക്ഷകന് (ശരിക്കും പറഞ്ഞാല്‍ വീട്ടിലിരുന്ന് അവിഹിതം മുഴുവന്‍ സീരിയലില്‍ കണ്ടാസ്വദിച്ച് വല്ലപ്പോഴും തിയറ്ററിലെത്തുന്ന പ്രേക്ഷകയ്‌ക്ക്) അതു ദഹിച്ചില്ലെങ്കിലോ എന്നുപേടിച്ച് അന്ത്യഭാഗത്ത് സദാചാരത്തെ ചാരംതട്ടിയെടുക്കുന്ന വിദ്യയുണ്ട്. അത് ഡയാനയുടെ ഡയലോഗു വഴിയാണ് സാധിച്ചിരിക്കുന്നത്. വേശ്യയുടെ സദാചാരപ്രസംഗം എന്നൊരു പഴഞ്ചൊല്ല് ഓര്‍ത്തുപോയി അപ്പോള്‍.
അവസാനമായി ഇത്രയും പറയാം. നോ എന്‍ട്രി കണ്ടിട്ടില്ലാത്തവര്‍ക്കു ചുമ്മാ നേരംപോക്കിനു കാണാവുന്ന സിനിമയാണ് ഹാപ്പി ഹസ്‌ബന്റ്‌സ്. ഇത് സാമാന്യവിജയമാകാന്‍ തന്നെയാണിട.
rating – 30/100
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 14 January 2010. Tags: happy husbands, malayalam film
ഇന്നുമുതല്‍…
ഹാപ്പി ഹസ്‌ബന്റ്‌സ്
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത മള്‍ട്ടി സ്റ്റാറര്‍ ചിത്രമായ ഹാപ്പി ഹസ്‌ബന്റ്‌സ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി. 53 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്‌തിട്ടുള്ളത്. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നീ നായകന്മാരും വന്ദന, ഭാവന, സംവൃത സുനില്‍, പുതുതരംഗം റിമാ കല്ലിങ്കല്‍ എന്നീ നായികമാരും നിറയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കൃഷ്‌ണ പൂജപ്പുരയാണ്. സജി സുരേന്ദ്രന്‍- കൃഷ്‌ണ പൂജപ്പുര ടീമിന്റെ ആദ്യചിത്രമായ ഇവര്‍ വിവാഹിതരായാല്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇവരുടെ രണ്ടാമത്തെ ചിത്രമാണ് ഹാപ്പി ഹസ്‌ബന്റ്‌സ്. ഭാര്യമാരോടു കള്ളം പറയുന്ന ഭര്‍ത്താക്കന്മാര്‍ പിടിക്കുന്ന പുലിവാലാണ് കഥയും മര്‍മ്മവും നര്‍മ്മവും. സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
മിലന്‍ ജലീല്‍ ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ അനില്‍ നായരും എഡിറ്റിംഗ് മനോജും സംഗീതം എം.ജയചന്ദ്രനും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരി എഴുതി. രാജു നെല്ലിമൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. കല സുജിത് രാഘവും വസ്‌ത്രാലങ്കാരം കുമാര്‍ എടപ്പാളും കൈകാര്യം ചെയ്‌തു. പ്രദീപ് രംഗനാണ് ചമയം.
പ്രധാനതിയറ്ററുകള്‍
എറണാകുളം – സവിത
തിരുവനന്തപുരം – ധന്യ
കോഴിക്കോട് – കൈരളി
തൃശൂര്‍ – രാംദാസ്
കോട്ടയം – അഭിലാഷ്
പാലക്കാട് – പ്രിയതമ
കൊല്ലം – പ്രണവം
കണ്ണൂര്‍ – സവിത
Posted in ഇന്നു മുതല്‍...