Tag Archive | "korean film"

ഹുന്‍ഡേ… എ ഡേ ആഫ്‌റ്റര്‍…



ദേ, പിന്നേം ഉദയഭാനു എന്ന, ഹിറ്റ്‌ലറിലെ ഡയലോഗു പോലെ ആരും പറഞ്ഞുപോകും, ദേ, പിന്നേം സുനാമി എന്ന്‌. അതേ, സുനാമിയാണു ഹുന്‍ഡേ എ ഡേ ആഫ്‌റ്റര്‍ എന്ന, ഇംഗ്ലീഷ്‌ മൊഴിമാറ്റ കൊറിയന്‍ ചിത്രത്തിന്റെ പ്രമേയം.
2004ല്‍ ഡിസംബര്‍ 26ന്‌ ഏഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി അടിച്ചു. അത്‌ ഈ ദശകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്‌. ആ ദുരന്തം ആയിരക്കണക്കിനു മനുഷ്യരുടെ ജീവനെടുത്തു. ലക്ഷക്കണക്കിനു കന്നുകാലികള്‍ ചത്തൊടുങ്ങി. പ്രകൃതിയുടെ സമതുലനാവസ്ഥയില്‍ വ്യതിയാനം വരുത്തി. എണ്ണമറ്റ കെട്ടിടങ്ങളും വാസസ്ഥലങ്ങളും നാനാവിധമാക്കി. കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ജീവിതങ്ങളും വ്യവസ്ഥകളും താറുമാറാക്കി. ചില തീരങ്ങളെ തകര്‍ത്തു തരിപ്പണമാക്കി. ഇങ്ങനെ ദുരന്തങ്ങളുടെ ഫലവൈവിദ്ധ്യം നീളുന്നു.
ഇതിനേക്കാളൊക്കെ വലിയ ഒരു ദുരന്തം ആ സുനാമി കൊണ്ടുവന്നു. അതു മറ്റൊന്നുമല്ല, സുനാമി വിഷയമാക്കിയ സിനിമകളാണ്‌. സുനാമിയെന്ന ദുരന്തത്തെ ചെറുതാക്കിക്കളയുന്ന മഹാദുരന്തങ്ങളാണ്‌ പല സുനാമിച്ചിത്രങ്ങളും. 2012, 2022, സുനാമി, ദശാവതാരം… സുനാമി വിഷയമാക്കുന്ന ചിത്രങ്ങളുടെ പട്ടിക നീളുന്നു.
മനുഷ്യനെ ദ്രോഹിക്കുന്ന മറ്റൊരു സുനാമിച്ചിത്രമാണ്‌ എ ഡേ ആഫ്‌റ്റര്‍.
കൊറിയയിലെ ഹ്യൂണ്ടേ എന്ന തീരദേശനഗരം. അവിടെ സുനാമി സൃഷ്‌ടിക്കുന്ന ജീവിതദുരന്തം. ഇതാണ്‌ ചിത്രത്തിന്റെ പ്രമേയം. കഷ്‌ടിച്ച്‌ ഒന്നരമണിക്കൂര്‍ മാത്രമുള്ള ചിത്രത്തിന്റെ പകുതിയിലേറെ സമയവും സുനാമിയാണു കാഴ്‌ചപ്പെടുന്നത്‌. പ്രമേയമെന്നുപറയുന്നത്‌, ആ തീരദേശത്തെ പലതരം ആളുകളുടെ ജീവിതങ്ങളുടെ ചെറുമുഹൂര്‍ത്തങ്ങളുടെ സങ്കലനമാണ്‌. ഒരു തീരദേശ ലൈഫ്‌ ഗാര്‍ഡും അയാള്‍ രക്ഷിച്ച പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധവും അതിനെ എതിര്‍ക്കാനെത്തുന്ന അവളുടെ മുന്‍കാമുകനും ചേരുന്ന ഒരു കഥാസന്ദര്‍ഭം, പരസ്‌പരം ചേരാനാഗ്രഹിക്കുന്ന കമിതാക്കളുടെ മറ്റൊരു കഥ, ഒന്നിച്ചുജീവിക്കാനാഗ്രഹിക്കുകയും കുട്ടിയുണ്ടായിട്ടും പിരിയുകയും ചെയ്‌ത ശാസ്‌ത്രജ്ഞദമ്പതികള്‍, അയാള്‍ തന്റെയച്ഛനാണെന്നറിയാത്ത അവരുടെ മകള്‍… ഇങ്ങനെ പലപല കഥാചിന്തുകള്‍ സമാന്തരമായി പറഞ്ഞുവന്ന്‌, അവരുടെയെല്ലാം ജീവിതങ്ങളെ സുനാമി എങ്ങനെ ബാധിച്ചെന്നു കാട്ടിത്തരികയാണു സംവിധായകന്‍.
സുനാമിരംഗങ്ങളെ അതീവസമര്‍ത്ഥമായി ചിത്രീകരിക്കാന്‍ സാധിച്ചെങ്കിലും ചിത്രത്തിന്റെ ആദ്യപകുതി പലപ്പോഴും അമച്വര്‍ ഫിലിംമേക്കിംഗായിത്തോന്നിപ്പിക്കുംവിധമാണ്‌. പല കഥകളായി പിരിഞ്ഞുകിടക്കുന്ന സന്ദര്‍ഭങ്ങളിലെ വികാരനിര്‍ഭരരംഗങ്ങള്‍ക്ക്‌ ഇതിനുമുന്‍പ്‌ ഇത്തരം ചിത്രങ്ങള്‍ സൃഷ്‌ടിച്ച സമാനമുഹൂര്‍ത്തങ്ങളില്‍നിന്ന്‌ ഒരു വ്യത്യസ്‌തതയും പറയാനില്ല. ദുരന്തം വരുമ്പോള്‍ നടക്കുന്ന മഹാത്യാഗങ്ങള്‍, ഉദാഹരണത്തിന്‌ ലൈഫ്‌ ഗാര്‍ഡ്‌ തന്റെ ശത്രുവിനെയും കാമുകിയെയും രക്ഷിക്കാന്‍ സ്വയം മരണത്തിനു കീഴടങ്ങുന്നതും ശാസ്‌ത്രജ്ഞദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെമാത്രം ഒരു രക്ഷാവാഹനത്തില്‍ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതും അന്തിമനിമിഷത്തില്‍ ഒരു വൃദ്ധകരം ആ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതും പോലെയുള്ള നിമിഷങ്ങള്‍. എങ്കിലും അത്തരം നിമിഷങ്ങള്‍ എത്രയാവര്‍ത്തി കണ്ടാലും അവ നമ്മുടെ കണ്ണുകളെ ഈറനാക്കുമെന്നതുറപ്പ്‌. ചില നിമിഷങ്ങളെങ്കിലുമുണ്ട്‌, അത്തരത്തില്‍ നമ്മെ വികാരഭരിതരാക്കുന്നവയായി, ഈ സിനിമയില്‍.
മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും അവന്റെ മഹാനേട്ടങ്ങള്‍ക്കുമേല്‍ പ്രകൃതിയുടെ ഒരു ചെറുകൈ വീണാല്‍ അവ എങ്ങനെ നിസ്സാരമായി തകരുന്നുവെന്നും ഒരു ദര്‍ശനം ഈ ചിത്രം പങ്കുവയ്‌ക്കുന്നുണ്ട്‌. ആ ഒരു കാര്യത്തിനായി മാത്രം ഈ ചിത്രം കാണാം.

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (163)

സുനാമിയായി ഹ്യൂണ്ടേ എ ഡേ ആഫ്‌റ്റര്‍


korean ചിത്രമായ ഹ്യൂണ്ടേ എ ഡേ ആഫ്‌റ്റര്‍ ഇന്നുമുതല്‍ പ്രദര്‍ശനം തുടങ്ങുന്നു. 2012 എന്ന വമ്പന്‍ ചിത്രത്തിലെ സുനാമിദൃശ്യങ്ങളെ കടത്തിവെട്ടുന്ന സുനാമിയുമായി എത്തുന്ന ചിത്രമെന്നതാണ്‌ പരസ്യവാക്യം. അവസാനത്തെ മുക്കാല്‍മണിക്കൂറെങ്കിലും സുനാമിദൃശ്യങ്ങളാണു ചിത്രത്തിലുള്ളത്‌.
റിലീസ്‌ കേന്ദ്രങ്ങള്‍
തിരുവനന്തപുരം – ശ്രീവിശാഖ്‌
കോട്ടയം – അനുപമ
ആലപ്പുഴ – സീതാസ്‌
പാലക്കാട്‌ – അരോമ
കോഴിക്കോട്‌ – ക്രൗണ്‍
തൃശൂര്‍ – രാഗം
കൊല്ലം – ആരാധന
ആറ്റിങ്ങല്‍ -യമുന
ചങ്ങനാശേരി – അപ്‌സര
തലശേരി – ലിബര്‍ട്ടി
കണ്ണൂര്‍ – സാഗര
ഷൊര്‍ണൂര്‍ – സുമ

Posted in Featured, ഇന്നു മുതല്‍...Comments (91)


Model of the Week