Tag Archive | "kavya madhavan"

വല്യവധിയെത്തുന്നു; വമ്പന്‍ചിത്രങ്ങളും


വന്‍താരനിരയുടെ സാന്നിദ്ധ്യമുള്ള വന്‍ചിത്രങ്ങളില്ലാതെ തിയറ്ററുകള്‍ മാഴ്‌കിക്കിടന്ന വേനല്‍വറുതിക്കാലം കഴിയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുംബസമേതം തിയറ്ററിലെത്തുന്ന മദ്ധ്യവേനലവധിക്കാലം അഥവാ, വല്യവധി എത്തുന്നതോടെയാണ്‌ തിയറ്ററുകള്‍ താരചിത്രങ്ങളാല്‍ സമ്പന്നമാകുക. സാധാരണ, വേനലവധിക്കുമുന്‍പുള്ള രണ്ടുമാസക്കാലം ചെറുകിടചിത്രങ്ങളേ തിയറ്ററിലുണ്ടാകാറുള്ളൂ. ഇത്തവണയും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കള്ളനും വലിയ പോലീസും, വലിയങ്ങാടി തുടങ്ങിയ പേരില്‍ മാത്രം വലിപ്പമുള്ള ചിത്രങ്ങളും നന്തുണി, അണ്ണാറക്കണ്ണനും തന്നാലയത്‌, തുടങ്ങിയ ചില ചിത്രങ്ങളാണ്‌ ഈ മാസങ്ങളില്‍ റിലീസായത്‌. യുഗപുരുഷനും ബോഡി ഗാഡും ആഗതനും വലിയ ചലനമുണ്ടാക്കിയതുമില്ല. തമിഴില്‍നിന്നുപോലും വിണ്ണൈത്താണ്ടി വരുവായായും അസ്സലും ഒഴിച്ചാല്‍ വമ്പന്‍ചിത്രങ്ങള്‍ വന്നില്ല. രസിക്കും സീമാനേ പോലുള്ള ചിത്രങ്ങളാണു വന്നത്‌. കുട്ടിയും തീരാത വിളൈയാട്ടുപിള്ളൈയും മോശം പ്രതികരണത്തിലൊടുങ്ങി. ചിത്രങ്ങളുടെ കമ്മി മൂലം ആര്യ രണ്ട്‌, ഗര്‍ജനം, ദ്രോണ, കിരണ്‍ ബേഡി ഐപിഎസ്‌ തുടങ്ങിയ തെലുഗു, കന്നഡ ഡബ്ബിംഗ്‌ ചിത്രങ്ങളാണു ചാകര പ്രതീക്ഷിച്ചെത്തിയത്‌. പുറമേ, കഴിഞ്ഞ വര്‍ഷം റിലീസായ യൂണിവേഴ്‌സല്‍ സോള്‍ജ്യര്‍ 3 പോലുള്ള മൂന്നാംകിട ഇംഗ്ലീഷ്‌ റിലീസുകളും. ഏതായാലും ഈ വറുതി അവസാനിക്കുകയാണ്‌. അവധിക്കാലകളക്ഷന്‍ മുന്നില്‍ക്കണ്ട്‌ ചിത്രങ്ങള്‍ റിലീസിനൊരുങ്ങിക്കഴിഞ്ഞു.

മാര്‍ച്ച്‌ 18 – താന്തോന്നി
മാര്‍ച്ച്‌ 18നെത്തുന്ന താന്തോന്നി എന്ന പൃഥ്വിരാജ്‌ ചിത്രമാണ്‌ റിലീസ്‌ മത്സരത്തില്‍ ആദ്യമെത്തുക. നവാഗതനായ ജോര്‍ജ്‌ വര്‍ഗീസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ടി.എ.ഷാഹിദാണ്‌. കാക്കിക്കു ശേഷം ഷാഹിദ്‌ എഴുതുന്ന പൃഥ്വിച്ചിത്രമാണിത്‌. ഷീലാ കൗളാണു നായിക. ജഗതി ശ്രീകുമാര്‍, സുരേഷ്‌ കൃഷ്‌ണ, വിജയരാഘവന്‍, സായ്‌കുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, അനില്‍ മുരളി, ക്യാപ്‌റ്റന്‍ രാജു, സാദക്‌, അബു സലിം, രാമു, അംബിക, നിമിഷം, ലക്ഷ്‌മിപ്രിയ തുടങ്ങിയവരഭിനയിക്കുന്നു. പുതിയ മുഖത്തില്‍ ആരംഭിച്ച ആക്ഷന്‍ ഹീറോ പരിവേഷം പൃഥ്വി തുടരുന്ന ചിത്രമായിരിക്കും ഇത്‌.

മാര്‍ച്ച്‌ 25 – ഇന്‍ ഗോസ്റ്റ്‌ഹൗസ്‌ ഇന്‍
ലാലിന്റെ രണ്ടാം സംവിധാനസംരംഭമായ ഇന്‍ ഗോസ്റ്റ്‌ഹൗസ്‌ ഇന്നാണ്‌ മാര്‍ച്ച്‌ 25നെത്തുന്നത്‌. ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാംഭാഗവും റ്റു ഹരിഹര്‍നഗറിന്റെ തുടര്‍ച്ചയുമായ ചിത്രമാണിത്‌. പ്രശസ്‌തരായ മഹാദേവന്‍, ഗോവിന്ദന്‍കുട്ടി, അപ്പുക്കുട്ടന്‍, തോമസുകുട്ടി സഖ്യത്തെ മുകേഷ്‌, സിദ്ദിഖ്‌, ജഗദീഷ്‌, അശോകന്‍ ടീം ഒരിക്കല്‍ക്കൂടി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും ലാല്‍ തന്നെ. രോഹിണി, ലെന, റീനാ ബഷീര്‍, ജെസീന്ത എന്നിവര്‍ ഈ നാല്‍വരുടെ ഭാര്യമാരായി രംഗത്തെത്തുന്നു. തമ്പി ആന്റണി, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. ഇടവേളയ്‌ക്കുശേഷം ഒഎന്‍വി കുറുപ്പ്‌ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത്‌ അലക്‌സ്‌പോളാണ്‌.

മാര്‍ച്ച്‌ 26 – പ്രമാണി
മാര്‍ച്ച്‌ 26ന്‌ പ്രമാണിയെത്തുന്നു. മമ്മൂട്ടിയും പ്രഭുവും സ്‌നേഹയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും മാടമ്പിയൊരുക്കിയ ഉണ്ണിക്കൃഷ്‌ണന്‍ ബി.യാണ്‌. ഫഹദ്‌ ഫാസില്‍, സിദ്ദിഖ്‌, സുരേഷ്‌ കൃഷ്‌ണ, ബാബുരാജ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ജനാര്‍ദനന്‍, സലിംകുമാര്‍, നാരായണന്‍കുട്ടി, ലക്ഷ്‌മി, കെപിഎസി ലളിത, പാര്‍വതി തുടങ്ങിയവരാണു താരനിരയില്‍.

ഈ സിനിമകള്‍ക്കു പുറമേ വേറേയും പ്രമുഖചിത്രങ്ങള്‍ മാര്‍ച്ചിലും ഏപ്രിലിലുമായി റിലീസിനൊരുങ്ങുന്നുണ്ട്‌.

ജനകന്‍
മോഹന്‍ലാലും സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന ജനകന്‍ മാര്‍ച്ചിലോ ഏപ്രിലിലോ റിലീസാകും. എന്‍.ആര്‍.സഞ്‌ജീവെന്ന നവാഗതന്‍ എസ്‌.എന്‍.സ്വാമിയുടെ രചനയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതിര്‍മയി, ബിജു മേനോന്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കൃഷ്‌ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സത്യന്‍ അന്തിക്കാടു ചിത്രം
ചിത്രീകരണം പൂര്‍ത്തിയായി ചിത്രീകരണാനന്തരപ്രവര്‍ത്തനങ്ങളിലേക്കു കടന്നിരിക്കുന്ന, സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രവും വല്യവധിക്കാലത്തു റിലീസ്‌ ചെയ്‌തേക്കും. മംമ്‌തയാണു നായിക. സത്യന്‍ അന്തിക്കാടു തന്നെ രചനയും നിര്‍വഹിക്കുന്നു. ഇളയരാജയാണു സംഗീതം.

ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌
ജോഷി ഒരുക്കുന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സും അവധിക്കാലത്തു വന്നേക്കാം. ലാലും ദിലീപും ശരത്‌ കുമാറും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്ഷ്‌മി റായ്‌, കനിഹ, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണു പ്രധാനസ്‌ത്രീവേഷങ്ങളണിയുന്നത്‌. സുരാഝ്‌ വെഞ്ഞാറമ്മൂട്‌, സലിംകുമാര്‍, ബാബു ആന്റണി, ശോഭാ മോഹന്‍ തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിലെ നായിക കാവ്യാമാധവനാണ്‌. രചന ഉദയ്‌ കൃഷ്‌ണ- സിബി കെ. തോമസ്‌.

Posted in Featured, ഫീച്ചറുകള്‍Comments (0)

തിരികെയെത്തുന്ന കാവ്യസൗകുമാര്യം



കാവ്യ തിരിച്ചെത്തുകയാണ്‌. മലയാളിയുടെ ഹൃദയസൗന്ദര്യം പോലുള്ള ആ നായിക വിവാഹത്തോടെ സിനിമാഭിനയത്തോടു വിടപറഞ്ഞത്‌ ഒരുപാടുപേര്‍ക്ക്‌ നഷ്‌ടബോധമുണര്‍ത്തിയിരുന്നു. പെരുമഴക്കാലത്തിലും മിഴിരണ്ടിലും ഒക്കെ മികച്ച അഭിനയം കാഴ്‌ചവച്ച ആ മിടുക്കിയെ നഷ്‌ടപ്പെടുമ്പോള്‍ മലയാളസിനിമയ്‌ക്ക്‌ വലിയ നഷ്‌ടം തന്നെയായിരുന്നു സംഭവിച്ചത്‌. ആ ഇടത്തേക്ക്‌ കാവ്യ തിരിച്ചെത്തുന്നു. കൂടുതല്‍ പക്വതയോടെ, കൂടുതല്‍ കരുത്തോടെ.
മമാസ്‌ ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാപ്പീ അപ്പച്ചാ എന്ന ചിത്രത്തിലൂടെ കാവ്യയുടെ പുനപ്രവേശം. ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ – ദിലീപ്‌ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിലൂടെയായിരുന്നു കാവ്യ തിരിച്ചുവരുമെന്ന്‌ ആദ്യം പറഞ്ഞുകേട്ടിരുന്നത്‌. ആ ചിത്രം തുടങ്ങാന്‍ താമസിച്ചപ്പോള്‍ പാപ്പി അപ്പച്ചാ തിരിച്ചുവരവ്‌ ചിത്രമായി കാവ്യ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഗ്യജോഡികളെന്നറിയപ്പെടുന്ന ദിലീപ്‌-കാവ്യ സ്‌ക്രീന്‍ പൊരുത്തം അതുകൊണ്ട്‌ പ്രേക്ഷകര്‍ക്ക്‌ ഒരിക്കല്‍ക്കൂടി വിരുന്നാകുന്നു.
കമല്‍ സംവിധാനം ചെയ്‌ത പൂക്കാലം വരവായിയില്‍ ബാലതാരമായ കാവ്യ കമലിന്റെ തന്നെ അഴകിയ രാവണനിലും കുട്ടിവേഷമിട്ടു. പതിനാലാം വയസ്സില്‍ ലാല്‍ജോസെന്ന കമല്‍ശിഷ്യന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികപ്പട്ടത്തിലെത്തിയ കാവ്യ പത്തുവര്‍ഷമായി ഏറ്റവും തിരക്കുള്ള മലയാളനായികയാണ്‌. അന്യഭാഷകളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പോകാത്ത കാവ്യ (തെങ്കാശിപ്പട്ടണത്തിന്റെയും ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യന്റെയും തമിഴ്‌ റീമേക്കുകളിലും സിദ്ദീക്കിന്റെ സാധുമിരണ്ടാലിലും കാവ്യ അഭിനയിച്ചിട്ടുണ്ട്‌) മലയാളത്തില്‍ മികച്ച വേഷങ്ങളിലൂടെയും ഉഗ്രന്‍ ഹിറ്റുകളിലൂടെ പ്രിയതാരമായി മാറി. മിഴിരണ്ടിലും, പെരുമഴക്കാലം, തിളക്കം, മാടമ്പി തുടങ്ങിയവയാണ്‌ പ്രമുഖചിത്രങ്ങള്‍. മുന്നയുടെയും വിനീതിന്റെയും മുതല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വരെ നായികയായി. എങ്കിലും ദിലീപുമൊത്തഭിനയിച്ച ചിത്രങ്ങളാണ്‌ കാവ്യയുടെ വന്‍വിജയചിത്രങ്ങള്‍. തിളക്കവും കൊച്ചിരാജാവും ലയണും ഒക്കെ അതിനു തെളിവുകളാണ്‌. പാപ്പീ അപ്പച്ചായും ഇനി ആ പട്ടികയില്‍ ഇടംപിടിക്കും.

Posted in ഫീച്ചറുകള്‍Comments (0)

പാപ്പീടെ അപ്പച്ചനും അപ്പച്ചന്റെ പാപ്പീം…



പാപ്പിയും അപ്പച്ചനും ഒരുങ്ങുന്നു. തൊടുപുഴയിലാണ്‌ പാപ്പിയും അപ്പച്ചനും ഒരുക്കം തുടരുന്നത്‌. വിജയചിത്രങ്ങളുടെ ലൊക്കേഷന്‍ എന്ന പേരാണ്‌ ഇപ്പോള്‍ തൊടുപുഴയ്‌ക്കുള്ളത്‌. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒത്തൊരുമിച്ച രസതന്ത്രം തൊടുപുഴയിലാണു ചിത്രീകരിച്ചത്‌. ചിത്രം വന്‍വിജയമായിരുന്നു. ഇപ്പോള്‍ ദിലീപിന്റെ പ്രസ്റ്റീജ്യസ്‌ ഫിലിമെന്ന്‌ ചലച്ചിത്രരംഗത്തെ അണിയറക്കാരെല്ലാം വിലയിരുത്തുന്ന പാപ്പീ അപ്പച്ചാ ഇവിടെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്‌.
പാപ്പി എന്ന്‌ എല്ലാവരും വിളിക്കുന്ന ചെറുപ്പക്കാരന്റെയും അവന്റെ പുന്നാര അപ്പച്ചന്റെയും കഥ പറയുകയാണ്‌ നവാഗതനായ മമാസ്‌ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പാപ്പീ അപ്പച്ചാ. സാധാരണക്കാരല്ല, അല്ലെങ്കില്‍ സാധാരണക്കാരെപ്പോലല്ല ഈ അപ്പച്ചനും പാപ്പിയും എന്നുമാത്രം. ഇത്തിരിക്കണ്ടം എന്ന ഗ്രാമത്തിലെ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരാണവര്‍. നാട്ടിലെ ആശുപത്രിയും സ്‌കൂളും ബിസിനസുകളും എന്നുവേണ്ട എല്ലാത്തിന്റെയും ഉടമകള്‍. എന്നാല്‍ അതിന്റെയൊരു മാന്യത അവര്‍ക്കുണ്ടോ? അതില്ലതാനും. വിജയത്തിനു വേണ്ടി എന്തു തന്ത്രം പയറ്റാനും ഏതറ്റം വരെ പോകാനും മടിക്കാത്ത പാപ്പിയും അവന്‌ അക്കാര്യത്തില്‍ മാതൃകയായി ഒരപ്പച്ചനും. ഇന്നസെന്റാണ്‌ അപ്പച്ചനാകുന്നത്‌. പാപ്പിയാകുന്നത്‌ ദിലീപും. ഇവരുടെ കുടുംബപ്പേര്‌ നിരപ്പേല്‍ എന്നാണ്‌. ഇവരുടെ പ്രവൃത്തി കണ്ടാല്‍ എല്ലാവരെയും എല്ലാത്തിനെയും നിരപ്പാക്കുന്നതില്‍ ഇവര്‍ക്കുള്ള സാമര്‍ഥ്യമാണോ ഈ കുടുംബപ്പേരിനു പിന്നിലെന്ന്‌ ആരും സംശയിച്ചുപോകും.
ഇങ്ങനെയൊക്കെയുള്ള പാപ്പി ഒരിടത്തുമാത്രം അല്‌പം പ്രശ്‌നത്തിലായി. ഒരാളുടെ മുന്നില്‍മാത്രം. അതും ഒരു പെണ്‍കുട്ടി. നിരപ്പേല്‍ വക സ്‌കൂളില്‍ ടീച്ചറായെത്തിയ ആനിട്ടീച്ചറാണ്‌ പാപ്പിയുടെ കറുത്ത പ്രവൃത്തികള്‍ക്കു മുന്നില്‍ എതിര്‍പ്പിന്റെ കൊടിയുയര്‍ത്തിയത്‌. ആനിയും പാപ്പിയും തമ്മിലുള്ള ശീതസമരത്തിന്റെ കഥ കൂടിയായി മാറുകയാണ്‌ ഇവിടന്നങ്ങോട്ട്‌ പാപ്പീ അപ്പച്ചാ.
നര്‍മമധുരമായ രംഗങ്ങളിലൂടെ കഥ വികസിക്കുന്നത്‌. ആത്മാവുള്ള തമാശച്ചിത്രങ്ങളുടെ കളരിയില്‍ നിന്നാണ്‌ മമാസിന്റെ വരവ്‌. മലയാളിയുടെ പൊട്ടിച്ചിരിയുടെ രണ്ടാം ഇരട്ടഅവതാരമായ റാഫിമെക്കാര്‍ട്ടിന്‍ സ്‌കൂളില്‍ പയറ്റിത്തെളിഞ്ഞാണ്‌ തന്റെ ആദ്യചിത്രമൊരുക്കാനുള്ള ആത്മവിശ്വാസം മമാസ്‌ കൈമുതലാക്കിയത്‌. സി.ഐ.ഡി. മൂസയിലൂടെ ജോണി ആന്റണിയെ സംവിധായകനാക്കിയ ദിലീപ്‌ -ദിലീപിന്റെ സഹോദരന്‍ അനൂപ്‌ സഖ്യമാണ്‌ പാപ്പി അപ്പച്ചായിലൂടെ മമാസിനെയും അവതരിപ്പിക്കുന്നത്‌. അനൂപ്‌ പ്രിയാഞ്‌ജലിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കാവ്യാമാധവനാണ്‌ നായിക. സുരേഷ്‌ കൃഷ്‌ണ, അശോകന്‍, രാജീവ്‌, മണികണ്‌ഠന്‍, കൊച്ചുപ്രേമന്‍, ആദിത്യന്‍, ചെമ്പില്‍ അശോകന്‍, കലാഭവന്‍ പ്രജോദ്‌, നാരായണന്‍ കുട്ടി, മച്ചാന്‍ വര്‍ഗീസ്‌, മജീദ്‌ എടവനക്കാട്‌, ധര്‍മജന്‍, കെപിഎസി ലളിത, തെസ്‌നി ഖാന്‍, മഞ്‌ജുഷ, മഞ്‌ജു രാഘവന്‍ തുടങ്ങിയവരടങ്ങുന്നതാണ്‌ താരനിര.
ഛായാഗ്രഹണം സഞ്‌ജീവ്‌ ശങ്കറും പാട്ടെഴുത്ത്‌ ഗിരീഷ്‌ പുത്തഞ്ചേരിയും സംഗീതം വിദ്യാസാഗറും നിര്‍വഹിക്കുന്നു. മഞ്‌ജുനാഥ്‌ ആണു വിതരണം. എ.എസ്‌.ദിനേശ്‌ വാര്‍ത്താവിതരണം നിര്‍വഹിക്കുന്നു.

Posted in ലൊക്കേഷന്‍Comments (0)


Model of the Week