Tag Archive | "jagadheesh"

ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടിയില്ല


മമ്മൂട്ടി നായകനായി അമര്‍ അക്‌ബര്‍ ആന്റണിയെന്നൊരു ചിത്രം രചനയും സംവിധാനവും ജഗദീഷ്‌ നിര്‍വഹിക്കുന്നു എന്നൊരു വാര്‍ത്ത സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത്‌ ആ ചിത്രം തന്നെ റദ്ദായതായാണ്‌. മമ്മൂട്ടി ചിത്രം താന്‍ ഉദ്ദേശിക്കുന്നതിലും അധികം ബിഗ്‌ബജറ്റാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ താനാ ചിത്രം വേണ്ടെന്നു വയ്‌ക്കുകയും പകരം മറ്റൊരു ചെറിയ ചിത്രത്തിനുവേണ്ടി നീങ്ങുകയാണെന്നും ജഗദീശ്‌ അവകാശപ്പെടുന്നെങ്കിലും മമ്മൂട്ടി തിരക്കഥ ഇഷ്ടപ്പെടാതെ ചിത്രത്തില്‍നിന്നു മാറിയതാണെന്നും കേള്‍ക്കുന്നുണ്ട്‌. ഏതായാലും ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകില്ലെന്നുറപ്പായി. മോഹന്‍ലാലിനെ നായകനാക്കി അധിപന്‍ എന്ന ചിത്രത്തിനടക്കം പല ചിത്രങ്ങള്‍ക്കും രചന നിര്‍വഹിച്ച ആളാണ്‌ ജഗദീഷ്‌. ഈയിടെ വന്ന ഏപ്രില്‍ ഫൂളിന്റെയും തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു.

Posted in ഫീച്ചറുകള്‍, സിനിമാ വാര്‍ത്തകള്‍Comments (131)

സീനിയര്‍ മാന്‍ഡ്രേക്ക്‌


വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ അലി അക്‌ബര്‍ ജൂനിയര്‍ മാന്‍ഡ്രേക്ക്‌ എന്നൊരു പടമെടുത്തത്‌. അതിന്റെ രചനാരംഗത്ത്‌ ഇന്നത്തെ പ്രമുഖതിരക്കഥാകൃത്ത്‌ ബെന്നി പി.നായരമ്പലം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം പഴയ പേരുമാത്രം പൊടിതട്ടിയെടുത്ത്‌ അലി അക്‌ബര്‍ സ്വയം സംവിധാനം ചെയ്‌ത്‌ ഒരു രണ്ടാം ഭാഗമൊരുക്കിയിരിക്കുകയാണ്‌ പ്രസ്‌തുതചിത്രത്തിന്‌; സീനിയര്‍ മാന്‍ഡ്രേക്ക്‌ എന്ന പേരില്‍.
ഈ ചിത്രത്തെ ഒരു പരീക്ഷണചിത്രമെന്നേ വിളിക്കാനാവൂ. പരീക്ഷണം പക്ഷേ. പ്രേക്ഷകരുടെ നേരേ ആണെന്നേ പറയാനാവൂ. ശരിക്കും പരീക്ഷണം. പണ്ട്‌ ജൂനിയര്‍ മാന്‍ഡ്രേക്കു കണ്ടവര്‍ അതിന്റെ പത്തിലൊന്നു തമാശെങ്കിലും ഈ രണ്ടാംഭാഗത്തില്‍നിന്നു പ്രതീക്ഷിച്ചുപോകുന്നതില്‍ തെറ്റുപറയാനാകുമോ. ഏതായാലും, വിചിത്രമെന്നേ പറയേണ്ടൂ, പത്തിലൊന്നുപോയിട്ട്‌, അഞ്ചിലൊന്നുപോലും മര്യാദ ആദ്യഭാഗത്തോടുപുലര്‍ത്താത്ത ഒരു വികൃതസൃഷ്‌ടിയായിപ്പോയിട്ടുണ്ട്‌ അലി അക്‌ബറിന്റെ സീനിയര്‍ മാന്‍ഡ്രേക്ക്‌.
കഴിഞ്ഞ കുറച്ചുകാലമായി ചിരിമന്നന്‍ ജഗതി ശ്രീകുമാര്‍ താഴേക്കാണ്‌ എന്നത്‌ ഒരു സത്യമാണ്‌. എങ്കിലും പാസഞ്ചര്‍, ഇവിടം സ്വര്‍ഗമാണ്‌, മീശമാധവന്‍ പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയം മികവാര്‍ന്ന ഒരു പ്രകടനമാക്കിയിട്ടുണ്ട്‌. എങ്കിലും തമാശയുടെ കാര്യത്തില്‍ അദ്ദേഹം താഴോട്ടുതന്നെ.
ഈ ചിത്രം ശ്രീ ജഗതി ശ്രീകുമാര്‍ തിയറ്ററില്‍ പോയി കാണണം. ഞാന്‍ എന്റെ അനുഭവത്തിലാദ്യമായി ജഗതിയെ പ്രേക്ഷകര്‍ കൂവുന്നതു നേരിട്ടുകണ്ട ചിത്രമാണിത്‌. പണ്ടൊക്കെ ഏതു പരട്ടപ്പടത്തിലും സ്വന്തം സാന്നിദ്ധ്യം ഒരു വിസ്‌മയപ്രകടനത്തിന്റെ അരങ്ങാക്കിയിട്ടുള്ള ജഗതി ഈ പടത്തില്‍ വീണിരിക്കുന്നു. ജഗതിയുടെ നമ്പരുകള്‍ പണ്ടേപ്പോലെ ഏല്‍ക്കുന്നില്ല. ജഗദീഷും ഈ പടം തിയറ്ററില്‍ പോയി കാണണം. ജഗദീഷിന്റെ മുഖം സ്‌ക്രീനില്‍ തെളിയുമ്പോള്‍ ജനം കൂവുകയാണ്‌. ഇതിന്റെ അര്‍ത്ഥം ഈ നടന്മാര്‍ തിരിച്ചറിയണം. ഇവരെ കാണാനാണ്‌ ജനം ഈ പടത്തിന്‌ ടിക്കറ്റെടുത്തു കയറിയതെന്നുറപ്പ്‌. എന്നിട്ട്‌, ഇവരെ കാണുമ്പോള്‍ കൂവണമെങ്കില്‍ കാര്യമെന്താണ്‌ എന്ന്‌ ഈ നടന്മാര്‍ തന്നെയാണ്‌ തിരിച്ചറിയേണ്ടത്‌. കല്‌പനയുടെ തിരുവനന്തപുരം പ്രയോഗവും വെറും തറലെവലിലായിപ്പോയി.
ഈ ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന്‍ തന്നെയാണു നിര്‍വഹിച്ചിരിക്കുന്നത്‌. ഇതിന്റെ കഥ മനസ്സിലാകാത്തതിനാല്‍ മറ്റ്‌ എഡിറ്റര്‍ സുല്ലുപറഞ്ഞ നിസ്സഹായാവസ്ഥയിലായിരിക്കണം സംവിധായകനായ അലി അക്‌ബര്‍ പ്രസ്‌തുതകര്‍മം ഏറ്റെടുത്തിട്ടുണ്ടാകുക.
അല്‌പം ആശ്വാസമാകുമെന്നു കരുതിയ സുരാജും സലിംകുമാറും പോലും പടത്തിന്റെ മൊത്തം ലെവലില്‍നിന്ന്‌ അല്‌പം പോലും ഉയരാനാകാതെ ദീര്‍ഘശ്വാസം വലിക്കുകയാണ്‌. അലി അക്‌ബറെഴുതിയതെന്ന നാട്യത്തില്‍ അവതരിപ്പിക്കുന്ന രണ്ടു നാടന്‍പാട്ടുകളും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതായിപ്പോയി.
ആകെമൊത്തം നോക്കിയാല്‍ കാലംതെറ്റിപ്പിറന്നൊരു ചാപിള്ളയല്ലാതെ മറ്റൊന്നുമല്ല സീനിയര്‍ മാന്‍ഡ്രേക്ക്‌.

Posted in ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (0)


Model of the Week