Tag Archive | "indrajith"

ആശ്വാസമായി നായകന്‍



നായകന്‍ എന്നചിത്രം പുതുമുഖസംവിധായകനായ ലിജോ ജോസ്‌ പെല്ലിശ്ശേരിയുടേതാണ്‌. പി.എസ്‌.റഫീക്കാണു തിരക്കഥ. മഹത്തായ ഒരു ചിത്രമേയല്ല നായകന്‍. പക്ഷേ, നായ്‌ക്കാട്ടംപോലുള്ള സിനിമകള്‍ക്കിടയില്‍ വലിയ ആശ്വാസമായിരിക്കുന്നു ഈ നായകന്‍.
ഇന്ദ്രജിത്ത്‌ കഥകളിനടനായ വരദനുണ്ണിയാണ്‌. അവന്റെ അച്ഛന്‍ കഥകളിയാചാര്യനായ രാമന്‍കുട്ടിയാശാന്‍ (കലാശാല ബാബു). ബോംബെയില്‍ ഒരു കളിക്കുപോയ ആശാനും മകളും അധോലോകനായകനായ ശങ്കര്‍ദാസ്‌ (സിദ്ദീഖ്‌) നടത്തുന്ന ഒരു കൊലയ്‌ക്കു സാക്ഷികളാകുന്നു. അങ്ങനെ ദാസ്‌ അവരെയും കൊല്ലുന്നു. പകരംചോദിക്കാനെത്തിയ വരദനെ തല്ലി ഇഞ്ചപ്പരുവമാക്കുന്നു. അവിടെനിന്ന്‌ അവനെ എടുക്കുന്ന വിന്‍സന്റ്‌ കാരണവര്‍ (തിലകന്‍) എന്ന മറ്റൊരു നല്ലവനായ അധോലോകനായകന്‍ രക്ഷിക്കുന്നു. അയാളുടെ തണലില്‍ വളരുന്ന വരദന്‍ ശങ്കര്‍ദാസിനോട്‌ പ്രതികാരം ചെയ്യുന്നു. ഇതാണു നായകന്റെ കഥ. കേട്ടുമടുത്ത പ്രതികാരകഥ. പക്ഷേ, ശില്‌പഘടനയും ആഖ്യാനവേഗത്തിലും പ്രത്യേകതകള്‍ പാലിച്ച്‌ സംവിധായകന്‍ ഈ സാധാരണചിത്രത്തെ വെറുമൊരു സാധാരണചിത്രമല്ലാതാക്കിയിട്ടുണ്ട്‌.
കഥകളിയുടെ ഘടനയെ അപനിര്‍മിച്ച ഒരു ആഖ്യാനമാണ്‌ സിനിമയ്‌ക്കു നല്‌കിയിരിക്കുന്നത്‌. അങ്ങനെ ഖണ്‌ഡങ്ങളായി തിരിച്ചാണു കഥ മുന്നേറുന്നത്‌. അതിന്റെ പുതുമ ചിത്രത്തിനുണ്ട്‌. എങ്കിലും ഇതു മലയാളത്തിനു മാത്രമേ പുതുമയാകുന്നുള്ളൂ എന്നു പറയേണ്ടിവരും. ചിത്രം ആകെയും കാരണവരുടെ വധരംഗങ്ങളില്‍ പ്രത്യേകിച്ചും ഗോഡ്‌ഫാദറെന്ന കപ്പോളച്ചിത്രത്തെ അതിശക്തമായി സ്‌മരിപ്പിക്കുന്നുണ്ട്‌. ചിത്രത്തിന്റെ പേസും അതുതന്നെ. ഹോളിവുഡ്‌ സിനിമകളില്‍നിന്നു പകര്‍ത്തി മഹേഷ്‌ ഭട്ട്‌ തന്റെ ഫുട്‌പാത്തും അംഗാരേയും പോലുള്ള ചിത്രങ്ങളില്‍ പരീക്ഷിച്ച ചില ക്രാഫ്‌റ്റ്‌ ടിപ്പുകളും ലിജോ തന്റെ ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. എങ്കിലും അത്രയെങ്കിലുമായല്ലോ.
ഈ ചിത്രം ബോക്‌സോഫീസില്‍ ഒരു വന്‍വിജയമാകില്ല. കാരണം, മന്ദതാളത്തിലുള്ള ആഖ്യാനം നമ്മുടെ പ്രേക്ഷകര്‍ക്ക്‌ ഇനിയും അഭിരുചിശീലമായിട്ടില്ല. ആ ഒറ്റക്കാരണംകൊണ്ട്‌ ഈ ചിത്രം തള്ളപ്പെട്ടേക്കാം. ഈ ചിത്രം അങ്ങനെ തള്ളപ്പെട്ടാല്‍ അതു മലയാളസിനിമയ്‌ക്ക്‌ ചെറിയ ചില നഷ്‌ടങ്ങള്‍ സൃഷ്‌ടിക്കും. സിദ്ദീഖിന്റെ ഉജ്വലമായ അഭിനയം, മനോജ്‌ പരമഹംസയുടെ മനോഹരമായ ക്യാമറാവര്‍ക്ക്‌, ഇന്ദ്രജിത്തിന്റെയും അനില്‍മുരളിയുടെയും ജഗതിയും മിതത്വമാര്‍ന്ന പ്രകടനങ്ങള്‍, ഒതുക്കമുള്ള, ഔചിത്യം ദീക്ഷിക്കുന്ന നല്ല സംഘട്ടനരംഗങ്ങള്‍, കഥകളി അഭിനയത്തിന്റെ മറ്റൊരു പേരായ മഹാകലാകാരന്‍ കലാമണ്‌ഡലം കൃഷ്‌ണന്‍ നായരാശാന്റെ മകന്‍ കലാശാല ബാബു ആ വേഷണിട്ടുനില്‌ക്കുന്നതു തന്നെ കാണുന്ന അഴക്‌, പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ശരവണനായി നടിക്കുന്ന പുതിയ നടന്റെ ഗംഭീരപ്രകടനം, പാതി ശരീരമല്ല, മുഴുവന്‍ ശരീരം തളര്‍ന്നാലും അഭിനയം അനുഭവമാക്കിമാറ്റുന്ന തിലകന്റെ സാന്നിദ്ധ്യം, സംവിധാനത്തില്‍ ശാന്തഗാംഭീര്യം ദീക്ഷിക്കാന്‍ കെല്‌പുള്ള ഒരു പുതുസംവിധായകന്റെ രംഗപ്രവേശം… ഇതൊക്കെ അനുഭവിക്കാനുള്ള സാദ്ധ്യതയാണു പ്രേക്ഷകര്‍ക്ക്‌ അങ്ങനെയെങ്കില്‍ നഷ്‌ടമാകുക.

ഈ ചിത്രം മേക്കിംഗ്‌ സമയത്ത്‌ പലതരം പ്രതിസന്ധിയും നേരിട്ടുവെന്നു കേട്ടിട്ടുണ്ട്‌. വിപണിമൂല്യമില്ലാത്ത നായകനെ വച്ച്‌ പുതുരചയിതാവും പുതുസംവിധായകനും ചിത്രമൊരുക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികള്‍. അവയില്ലായിരുന്നെങ്കില്‍ ലിജോ ഈ ചിത്രം കൂടുതല്‍ മനോഹരമാക്കിയേനേ എന്നുതോന്നുന്നു. ഇനിയും അവസരങ്ങള്‍ വന്നാല്‍, പ്രമേയം തെരഞ്ഞെടുക്കുന്നതില്‍ക്കൂടി ലിജോ ശ്രദ്ധ കൂടുതല്‍ പതിപ്പിച്ചാല്‍ മലയാളത്തിന്‌ മികച്ചൊരു സംവിധായകനെ ലഭിക്കുമെന്ന്‌ ഈ ചിത്രം എടുത്തുപറയുന്നു.
സിദ്ദീഖ്‌ ഒന്നല്ല രണ്ടായിരുന്നു എന്ന മട്ടിലുള്ള ഗജിനിലെവല്‍ സൂത്രപ്പണിയാണ്‌ ഈ ചിത്രത്തില്‍നിന്ന്‌ പ്രേക്ഷകനെ അകറ്റിയതെന്നും തോന്നുന്നു. ഏതായാലും നായകന്‍ മികച്ചൊരു ശ്രമമാണ്‌. അതിന്‌ രചയിതാവിനും സംവിധായകനും അഭിനന്ദനങ്ങള്‍. പിന്നെ, രചനയില്‍ അല്‌പംകൂടി മികവാകാമായിരുന്നു. ഏതായാലും നായകന്‍ വിജയിച്ചില്ലെങ്കില്‍ അതിന്റെ പിന്നിലെ കുറ്റക്കാര്‍ മുഖ്യമായും ലിജോയോ റഫീക്കോ ആയിരിക്കില്ല. അവര്‍ക്കും കുറ്റമില്ലെന്നല്ല, എങ്കിലും വ്യത്യസ്‌തമായ ലാവണ്യശിക്ഷണം ലഭിച്ചിട്ടില്ലാത്ത നമ്മുടെ പ്രേക്ഷകര്‍ ആവും മുഖ്യപ്രതികള്‍. പിന്നെ, സൂപ്പര്‍താരത്തിന്റെ സിനിമയ്‌ക്കുമാത്രമേ കയറൂ എന്ന ഇനിഷ്യല്‍ പുള്ളേഴ്‌സിന്റെ ശാഠ്യവും.

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (165)

ഇന്നുമുതല്‍ ഇന്ദ്രജിത്ത്‌ നായകന്‍



ഇടവേളയ്‌ക്കുശേഷം ഇന്ദ്രജിത്ത്‌ നായകനാകുന്ന നായകന്‍ എന്ന ചിത്രം ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു. അന്തരിച്ച നടന്‍ ജോസ്‌ പെല്ലിശ്ശേരിയുടെ മകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരിയാണു സംവിധാനം. ചിത്രത്തില്‍ ആക്ഷന്‍ ഹീറോ വേഷമാണ്‌ ഇന്ദ്രജിത്തിന്‌. അന്തരിച്ച നടന്മാരുടെ മക്കള്‍ നായകനും സംവിധായകനുമാകുന്ന ചിത്രമാണിതെന്നു പറയാം.
മോഹന്‍ലാല്‍ വില്ലന്‍വേഷങ്ങളില്‍നിന്നു നായകവേഷങ്ങളിലേക്കു മാറിയകാലത്ത്‌ ബാലു കിരിയത്ത ലാലിനെ നായകനാക്കി നായകന്‍ എന്നപേരില്‍ ഒരു ചിത്രമെടുത്തിട്ടുണ്ട്‌. ആ ചിത്രത്തിലൂടെയാണ്‌ ലാല്‍ നായകപ്പട്ടത്തിലേക്കുള്ള പ്രയാണമാരംഭിച്ചതെന്ന്‌ ബാലു കിരിയത്ത്‌ അവകാശപ്പെടുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകന്‍ എന്ന ചിത്രത്തിലഭിനയിച്ചിട്ടുണ്ട്‌. ആ ചിത്രത്തിലൂടെ കമല്‍ മഹാതാരമായി വളരുകയും ദേശീയ അവാര്‍ഡു നേടുകയും ചെയ്‌തു. മണിരത്‌നത്തിന്റെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയുടെ ആദ്യപടിയും ആ ചിത്രമായിരുന്നു. ഇനി ഇന്ദ്രജിത്തിന്റെ ഊഴമാണ്‌. നായകനിരയിലേക്കുള്ള വളര്‍ച്ചയുടെ പടികയറ്റം.
നായകന്‍ എത്തുന്ന പ്രമുഖകേന്ദ്രങ്ങള്‍
തിരുവനന്തപുരം – രമ്യ
എറണാകുളം – ശ്രീധര്‍
കോഴിക്കോട്‌ – ഡേവിസണ്‍
തൃശൂര്‍ – ഗിരിജ
പാലക്കാട്‌ – ന്യൂ ആരോമ
കൊല്ലം – ആരാധന
പാലാ – മഹാറാണി
ആലപ്പുഴ – സാസ്‌ ശാന്തി
കണ്ണൂര്‍ – സരിത
തലശേരി – പ്രഭ
ചാലക്കുടി – സുരഭി
ആലുവ – മാധുര്യ
കാസര്‍കോഡ്‌ – മെഹബുബ്‌
കല്‍പറ്റ – വിജയ
തളിപ്പറമ്പ്‌ – ന്യൂ ഹരിഹര്‍
മണ്ണാര്‍ക്കാട്‌ – മക്കാസ്‌
പൊന്നാനി – ലക്ഷ്‌മി
ചേര്‍ത്തല – പാരഡൈസ്‌
സുല്‍ത്താന്‍ ബത്തേരി – രാഗം

Posted in Featured, ഇന്നു മുതല്‍...Comments (0)

ഇന്ദ്രജിത്ത്‌ വീണ്ടും


വാര്‍ത്തകള്‍

ഇന്ദ്രജിത്ത്‌ വീണ്ടും
ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്ദ്രജിത്ത്‌ വീണ്ടും സജീവമാകുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത ഹാപ്പി ഹസ്‌ബന്റ്‌സില്‍ ജയറാമിനും ജയസൂര്യയ്‌ക്കും ഒപ്പം നായകനായി അഭിനയിച്ചുകൊണ്ടാണ്‌ ഇടവേളയ്‌ക്ക്‌ ഇന്ദ്രന്‍ വിരാമമിടുന്നത്‌. കഴിഞ്ഞ വര്‍ഷം നായകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നീണ്ടതാണ്‌ ഇന്ദ്രജിത്തിന്‌ മലയാളത്തില്‍ പടങ്ങള്‍ ഇല്ലാതാകാന്‍ കാരണമായത്‌. തമിഴിലും മലയാളത്തിലും ഈ വര്‍ഷം സജീവമാകുകയാണ്‌ ഈ യുവനടന്‍. ക്ലാസ്‌മേറ്റ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പ്രിയതാരമായ ഇന്ദ്രജിത്തിന്റെ നായകനും ഈ വര്‍ഷം ആദ്യപകുതിയില്‍ റിലീസ്‌ ചെയ്യും.

Posted in സിനിമാ വാര്‍ത്തകള്‍Comments (0)


Model of the Week