Tag Archive | "gossip"

അവാര്‍ഡു കിട്ടാത്തവരുണ്ടോ… അവാര്‍ഡ്‌?…



കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ എല്ലാ ചാനലുകാരും ഏതെങ്കിലും സോപ്പുകമ്പനിയുടെയോ ഷാംപൂ കമ്പനിയുടെയോ കൂട്ടുചേര്‍ന്ന്‌ മലയാളസിനിമാ അവാര്‍ഡു പ്രഖ്യാപിക്കുന്നുണ്ട്‌. ഈയടുത്തായി വനിതാപ്രസിദ്ധീകരണങ്ങളും സോപ്പുകമ്പനികളുടെ ഒത്താശയോടെ (ഒത്തൊരുമിച്ചുള്ള ആശ) ഇതേ സോപ്പിംഗ്‌ നടത്തുന്നു. ഇത്തവണ ഈ ടൈപ്പ്‌ അവാര്‍ഡുകളുടെ പ്രഖ്യാപനം വന്നതു വായിച്ചവര്‍ ഈയടുത്ത്‌ ഏതു മലയാളസിനിമ കണ്ടു ചിരിച്ചതിലും ഏറെ ചിരിച്ചത്രേ. കാരണം, എല്ലാവര്‍ക്കും എന്തെങ്കിലും അവാര്‍ഡില്ലാതെ പട്ടിക ഒരാള്‍ പോലും പുറത്തുവിട്ടിട്ടില്ല. മികച്ച നടന്‍ മമ്മൂട്ടിയെങ്കില്‍ ചലച്ചിത്രരത്‌നം മോഹന്‍ലാല്‍. മികച്ച നടന്‍ ലാലെങ്കില്‍ ചലച്ചിത്രകുലോത്തുംഗന്‍ മമ്മൂട്ടി. എല്ലാവര്‍ക്കും സര്‍വകാലപ്രതിഭാ അവാര്‍ഡിന്‌ പാവം മധുസാര്‍ തന്നെ ശരണം. പിന്നെ, മികച്ച താരജോഡി ജയസൂര്യ-റോമ, മികച്ച പുതുമഖനടന്‍, നടി, മികച്ച പുതുമുഖതാരജോഡി, രണ്ടാമത്തെ സിനിമയിലെ മികച്ച നടന്‍, സീരിയല്‍ രംഗത്തുനിന്നുവന്ന സംവിധായകരില്‍ മികച്ചത്‌, മികച്ച ഭാവിതാരം പൃഥ്വിരാജ്‌, മികച്ച ഒന്നാമത്തയും രണ്ടാമത്തെയും മൂന്നാമത്തെയും നടീനടന്മാരും സംവിധായകരും എന്നുവേണ്ട അവാര്‍ഡു ചെല്ലാത്തവരില്ല സിനിമാക്കാരില്‍ എന്ന അവസ്ഥ.
എന്നിട്ടും അപൂര്‍വം ചിലര്‍ക്ക്‌ അവാര്‍ഡില്ലാതെ പോയെന്നതാണത്രേ സംഘാടകരെ വിഷമിപ്പിക്കുന്ന സംഗതി. അതിനു പരിഹാരമായി അടുത്ത കൊല്ലംതൊട്ട്‌, അവാര്‍ഡു പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ത്തന്നെ മറ്റൊരു പ്രഖ്യാപനവും കൂടി നടത്തുന്നത്‌ നന്നായിരിക്കും. അഥവാ, ആര്‍ക്കെങ്കിലും അവാര്‍ഡു കിട്ടാതെയുണ്ടെങ്കില്‍ ആയവര്‍ അവാര്‍ഡു കമ്മിറ്റി ഓഫീസുമായി അവാര്‍ഡുദാനദിവസം വൈകുന്നേരം അഞ്ചുമണിക്കുമുമ്പു ബന്ധപ്പെടുവാന്‍ അപേക്ഷിച്ചുകൊണ്ടാവട്ടെ ആ പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ആ പരാതിയും അവസാനിക്കും.
പണ്ട്‌, ഒരു ഫുട്‌ബോള്‍ മത്സരത്തില്‍, 22 കളിക്കാര്‍ ഒരു പന്തിനായി ഓടുന്നതുകണ്ട്‌ ഓരോരുത്തര്‍ക്കും ഓരോ പന്ത്‌ ഉടനടി നല്‌കാന്‍ കല്‌പിച്ച നാട്ടുരാജാവിന്റെ പിന്മുറക്കാരിലാരോ ആണ്‌ ഈ അവാര്‍ഡുവിതരണമേള കണ്ടുപിടിച്ചതെന്നുതോന്നുന്നു. അതോ, പണ്ടേതോ നടന്‍ അവാര്‍ഡു കിട്ടാതെ പേവാര്‍ഡിലായ വര്‍ഷം മുതല്‍, ഇനി ആര്‍ക്കും അവാര്‍ഡു കൊടുക്കാതിരിക്കരുതെന്ന്‌ ആരോഗ്യവകുപ്പിന്റെ രഹസ്യനിര്‍ദേശമുണ്ടോ എന്നും അറിയില്ല.

Posted in പരദൂഷണം!...Comments (1)

ചെക്ക്‌



ചെസ്സ്‌ അഥവാ, ചതുരംഗം എന്ന ബൗദ്ധികലീലയിലെ ഒരു സാങ്കേതികപദമാണ്‌ ചെക്ക്‌. ചെക്ക്‌ ചെയ്യുന്നയാള്‍ എതിരാളിയോട്‌ ഉറക്കെ പ്രഖ്യാപിക്കുന്നു, ചെക്ക്‌. പിന്നെ, ആ ചെക്കഴിക്കാതെ എത്ര വലിയ അനാത്തൊലി കാര്‍പ്പോവായാലും ശരി, തന്റെ രാജാവിനെ രക്ഷിക്കാനാവില്ല. അഴിക്കാനാവാത്ത കുരുക്കാണു ചെക്കെങ്കിലോ, കളി തീര്‍ന്നു. ചെക്കിട്ടവന്‍ ജയിച്ചു, മറ്റേ കാര്‍പ്പോവ്‌ തോറ്റു.
ചെസ്സിനെപ്പറ്റി ഇത്ര വിസ്‌തരിച്ചുപറയാന്‍ കാരണം, മലയാളസിനിമയിലും വളരെക്കാലമായി പ്രാധാന്യമുള്ള സാങ്കേതികപദമാണ്‌ ചെക്ക്‌ എന്നതുകൊണ്ടാണ്‌. സിനിമയില്‍ പക്ഷേ, തുടക്കത്തില്‍ തടസ്സം അഴിക്കാനാണ്‌ ചെക്ക്‌ ഉപയോഗിക്കുന്നത്‌; പിന്നതു വലിയ ആനച്ചെക്കായേക്കുമെങ്കിലും. ഒരു സിനിമ, അതിലഭിനയിച്ച താരത്തിനോ സാങ്കേതികപ്രവര്‍ത്തകര്‍ക്കോ മറ്റോ പണം ബാക്കി നല്‌കാനുള്ളതുമൂലം മുടങ്ങുന്ന അവസ്ഥ വന്നാല്‍ നിര്‍മാതാവ്‌ എടുത്തുനീട്ടുന്ന മാരകായുധമാണ്‌ ചെക്ക്‌. പക്ഷേ, ചെക്കു പില്‍ക്കാലത്തു മടങ്ങിയാല്‍ നിര്‍മാതാവിന്റെ കുതിര പിന്നെ മുന്നോട്ടുപോകൂല. ചെക്കുകിട്ടിയവന്‍ വണ്ടിതടയും. അയാള്‍ ചെക്കുനീട്ടി പ്രഖ്യാപിക്കും, വണ്ടിച്ചെക്ക്‌! സമീപഭൂതകാലത്തിലെ പ്രശസ്‌തമായ വണ്ടിച്ചെക്കുകേസ്‌ നടന്‍ ദിലീപ്‌ നിര്‍മാതാവ്‌ ദിനേഷ്‌ പണിക്കര്‍ക്കിട്ടു വച്ച ചെക്കാണ്‌.
മറ്റൊന്ന്‌ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനും സര്‍വോപരി, കോളേജുകുമാരികളുടെ സ്വപ്‌നകാമുകനുമായ ശ്രീ.ശ്രീ്‌ തളത്തില്‍ ദിനേശനുമായി ബന്ധപ്പെട്ടാണ്‌. അഞ്ചാറുവര്‍ഷം മുന്‍പ്‌ സിനിമ സംവിധാനം ചെയ്യുന്നതിലേക്കായി രണ്ടുനിര്‍മാതാക്കള്‍ ശ്രീ തളത്തിലിന്‌ അഞ്ചു ലക്ഷം രൂപ നല്‌കിയത്രേ. പിന്നീടിങ്ങോട്ട്‌ ദിനേശന്‍ മേല്‍ക്കക്ഷികളെ കണ്ടാല്‍ ചിരിക്കും എന്നല്ലാതെ സംവിധാനക്കാര്യമോ പണം തിരിച്ചുനല്‌കുന്ന കാര്യമോ ചര്‍ച്ചയ്‌ക്കെടുത്തതേയില്ല. ഇതിനിടയില്‍ നിര്‍മാതാക്കളിലൊരാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിധവയും ജീവിച്ചിരിക്കുന്ന നിര്‍മാതാവും കൂടി ദിനേശനെതിരെ നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ചിരുന്നു. സംഘടന ദിനേശന്‌ ചെക്കും പറഞ്ഞു. പിന്നെങ്ങനെയൊക്കെയോ കേസു കൂട്ടവും തേഞ്ഞുമാഞ്ഞുപോയെന്നുതോന്നുന്നു. ദിനേശന്‍ വടക്കോട്ടുനോക്കിനിന്ന്‌ ആദ്യസിനിമ സംവിധാനം ചെയ്യുമ്പോള്‍ പണമെറിഞ്ഞത്‌ ഇവരില്‍ ജീവിച്ചിരിക്കുന്ന നിര്‍മാതാവായിരുന്നെന്നത്‌ ഈ റ്റോട്ടല്‍ തിരക്കഥയിലെ ഒരു തമാശരംഗം മാത്രം.
ഏതായാലും ചെക്കുവിഷയത്തില്‍ ശ്രീ ദിനേശന്റെ തലയണമന്ത്രത്തിലെ കഥാപാത്രത്തിന്റെ ഡയലോഗു പോലെ, അമേരിക്കയ്‌ക്ക്‌ ഇന്ത്യ എത്രയോ ചെക്കു കൊടുത്തിരിക്കുന്നു. എന്നുവച്ച്‌ അമേരിക്ക ഇന്ത്യക്ക്‌ എതിരെ ജനീവാക്കോടതിയില്‍ കേസുകൊടുത്തിട്ടുണ്ടോ എന്നാണോ എന്നത്‌ ഊഹാപോഹത്തിനുവിടുന്നു.

Posted in പരദൂഷണം!...Comments (0)


Model of the Week