Tag Archive | "drona"

ദ്രോണരുടെ ശാപം



ദ്രോണരെ അറിയി

Posted in Featured, പരദൂഷണം!...Comments (0)

ദ്രോണയല്ല, ദ്രോഹ; കൊടുംദ്രോഹ



ദ്രോണ എന്ന പേരില്‍ ഒരുചിത്രംകൂടി രണ്ടുമാസത്തിനിടെ കേരളക്കരയില്‍ ഇറങ്ങിയിരിക്കുന്നു. മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിച്ച ദ്രോണ 2010 എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടിയപാടേ വന്നിരിക്കുന്ന ഈ ചിത്രം തമിഴ്‌ ചിത്രമെന്ന ലേബലിലാണു വന്നിരിക്കുന്നതെങ്കിലും ഇത്‌ ആ പേരുപറഞ്ഞ്‌ തമിഴ്‌ സിനിമാപ്രിയരെ ആകര്‍ഷിച്ച്‌ വലയിലാക്കി പീഡിപ്പിക്കുന്ന ഒരു കന്നഡ ചിത്രമാണെന്ന്‌ ആദ്യം തന്നെ പറയട്ടെ. പ്രിയാമണിയുടെ ദേഹപ്രദര്‍ശനത്തിന്റെ മറവിലാണ്‌ ചിത്രം മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്‌. കന്നഡയിലെ ദ്രോണ എന്ന പേര്‌ തമിഴ്‌ എനക്കാ മണി ഉനക്കാ എന്നോ മറ്റോ ആക്കിയിട്ടുണ്ടെങ്കിലും പോസ്റ്ററുകളിലും ടൈറ്റിലിലും മറ്റും പേര്‌ ദ്രോണ എന്നുതന്നെ. ചിത്രത്തിന്റെ നിരൂപണം എഴുതാന്‍ ഇതെഴുതുന്ന ആള്‍ക്ക്‌ പാതി യോഗ്യതയേ ഉള്ളൂ എന്നുകൂടി തുറന്നുപറയട്ടെ. ആദ്യത്തെ ഒരുമണിക്കൂര്‍ നേരം ബലംപിടിച്ചിരുന്ന ഞാന്‍, അത്രയുമായപ്പോള്‍ ശേഷം സഹിച്ചിരുന്നാല്‍ തിയറ്ററില്‍നിന്നു പുറത്തിറങ്ങാന്‍ ആള്‍ ശേഷിക്കില്ലെന്നു തിരിച്ചറിഞ്ഞ്‌ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ട്‌ ആദ്യത്തെ നാല്‌പതുമിനിറ്റിന്റെ കഥ മാത്രം പറയാം. സത്യസന്ധനായ പോലീസ്‌ ഓഫീസറായ മുകേഷ്‌ ഋഷിയുടെ മകന്‍ ദ്രോണ കൂട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി കളിക്കളത്തിലെ വില്ലന്‍പയ്യന്‍മാരെ വിരട്ടാന്‍ അപ്പന്റെ തോക്കെടുത്തുകൊണ്ടുവന്നു ചൂണ്ടി അവരെ ഓടിക്കുന്നു. അതുകണ്ടുവന്ന മുകേഷേട്ടന്‍ പയ്യനെ അച്ചാലും മുച്ചാലും അടിക്കുന്നു. അതിനുശേഷം മാത്രമാണ്‌ തന്തപ്പിടി മനസ്സിലാക്കുന്നത്‌ പയ്യന്‍ ഉണ്ടയെടുത്ത്‌ ഇണ്ടത്തുവച്ചിട്ടാണ്‌ തുപ്പാക്കിയുമായി പോയിരുന്നതെന്ന്‌. പയ്യനെക്കണ്ട്‌ മാപ്പുപറയാന്‍ ഓടിയ അപ്പന്‍ മനസ്സിലാക്കുന്നു, പയ്യന്‍ നാടുവിട്ടിരിക്കുന്നു. അങ്ങനെ നാടുവിട്ട പയ്യന്‍ യുവാവായി, പെരുംകള്ളനായി തിരിച്ചെത്തുന്നു. ആ കള്ളനെ അപ്പന്‍ പോലീസ്‌ നോക്കിയിരിക്കുന്ന സമയത്ത്‌ പയ്യന്‍ മറ്റൊരു പേരില്‍ അപ്പനമ്മമാരുടെ സ്വന്തം വീട്ടില്‍ കയറിപ്പറ്റുന്നു. പയ്യനെ അവന്റെ മുറപ്പെണ്ണായ പ്രിയാമണി കയ്യില്‍ കുത്തിയ പച്ച കണ്ട്‌ തിരിച്ചറിയുന്നു. അപ്പോഴേക്കും പയ്യനെ തട്ടാന്‍ ഗുണ്ടാപ്പട വാടകയ്‌ക്ക്‌ അഞ്ചാറു ക്വാളിസും വിളിച്ച്‌ നഗരത്തിലെത്തുന്നു. അവന്‍ വില്ലന്മാരെയെല്ലാം തല്ലി കയ്യും കാലും ഒടിക്കുമ്പോള്‍ അപ്പനും അപ്പന്റെ പോലീസും വരുന്നു, പയ്യനെ കയ്യാമംവയ്‌ക്കുന്നു. അയ്യോ അതെന്തിന്‌ എന്നു ചോദിക്കുന്നിടത്ത്‌, പയ്യനാണ്‌ ഭൂലോകമോഷ്‌ടാവായ ഇന്നയാള്‍ എന്നു പറഞ്ഞ്‌ തള്ളയെ പോലീസപ്പന്‍ വിരട്ടി ഫ്രീസ്‌ ചെയ്യിക്കുന്നിടത്ത്‌ ഇന്റര്‍വെല്‍. ഇതിനിടെ പ്രിയാമണി ഒരു കാര്യവുമില്ലാതെ ബിക്കിനിയില്‍ വന്ന്‌ ഒരു പാട്ടും ഡാന്‍സുമുണ്ട്‌. അതിനുപുറമേ, കൊച്ചുകാച്ചട്ട, ഇരുവശവും കീറിത്തുന്നിയ പലവര്‍ണപ്പാവാടകള്‍ എന്നിങ്ങനെയുള്ള സുതാര്യവേഷങ്ങളില്‍ വേറേയും പാട്ടുകളും ആട്ടങ്ങളുമുണ്ട്‌. പയ്യന്‍ നൂറുമൈലിലോടുന്ന ബൈക്കില്‍ കിടന്നും ഇരുന്നും നടന്നും ഉറങ്ങിയും മറ്റും പോലീസ്‌ വാനുകള്‍, ബൈക്കുകള്‍… എന്നുവേണ്ട, ഹെലികോപ്‌ടര്‍ വരെ വെടിവച്ചിടുന്ന മാരകപ്രകടനം വേറേയും. തെന്നിന്ത്യന്‍ സിനിമാവ്യവസായമേഖലകളില്‍ കമേഴ്‌സ്യല്‍ സിനിമ എന്ന വിഭാഗത്തില്‍ ഇന്നും അമച്വറായിത്തുടരുന്ന ഒന്നാണ്‌ കന്നഡ ഫിലിം ഇന്‍ഡസ്‌ട്രി. ഗിരീഷ്‌ കര്‍ണാഡ്‌, ഗിരീഷ്‌ കാസറവള്ളി, ബി.വി.കാരന്ത്‌, കെ.വി ലങ്കേഷ്‌, കവിതാ ലങ്കേഷ്‌ എന്നിങ്ങനെ ഒരു മികച്ച ധാര അവിടെയുണ്ട്‌. ഇന്ത്യയിലെ ഏതു മികച്ച സിനിമപ്രവര്‍ത്തകരുടെയും ഒപ്പം നില്‍ക്കുന്ന പ്രതിഭകള്‍. എന്നാലും കച്ചവടസിനിമയില്‍ കന്നഡം ഇന്നും എണ്‍പതുകള്‍ക്കു മുന്നിലെ മലയാളത്തിന്റെ അവസ്ഥയിലും മോശം. ഒരു കാര്യം പ്രേക്ഷകര്‍ ശ്രദ്ധിക്കുക. കന്നഡ കച്ചവട സിനിമ. അതു പലരൂപത്തിലും വരാം. തമിഴ്‌ ഡബ്ബിംഗിലോ മലയാളംപേരിലോ പ്രിയാമണിയുടെ ബിക്കിനിയുടെ രൂപത്തിലോ അങ്ങനെ ഏതുവിധത്തിലും അതുവരാം. സൂക്ഷിക്കേണ്ടതു നമ്മളാണ്‌. എന്തെന്നാല്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. പോസ്റ്റ്‌ സ്‌ക്രിപ്‌റ്റ്‌ – പിന്നെ പ്രിയാമണിയുടെ ബിക്കിനി കാണണമെന്നാണെങ്കില്‍ അതിന്‌ ഈ പറട്ടച്ചിത്രം പൈസയുംകൊടുത്ത്‌ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ സഹിക്കണമെന്നില്ല. യൂട്യൂബുവഴി ഒന്നെത്തിനോക്കിയാല്‍ കാണാനാകും ഈ ദേശീയഅവാര്‍ഡ്‌ ബിക്കിനിഷോ…

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (0)

ദ്രോണ: ഹൊറര്‍!…. ഹൊറര്‍!..


വര്‍ഷങ്ങള്‍ക്കുശേഷം ഒരു മെഗാസ്റ്റാര്‍ ഹൊറര്‍ ചിത്രമാണു മലയാളത്തിലെത്തിയിരിക്കുന്നത്‌. മമ്മൂട്ടിയും ഷാജി കൈലാസും ഒപ്പം ഷാജിയുടെ സ്ഥിരം രചയിതാവ്‌ എ.കെ. സാജനും ഒത്തൊരുമിക്കുന്ന ദ്രോണ. വെറും ദ്രോണയല്ല; ദ്രോണ 2010.
ഇതിന്റെ കഥാസാരം പറയുക അത്ര എളുപ്പപ്പണിയല്ല. വളരെ സങ്കീര്‍ണ്ണമായൊരു കഥയാണ്‌ ഇത്തവണ ഷാജി കൈലാസ്‌ തന്റെ മമ്മൂട്ടിച്ചിത്രത്തിനായി കണ്ടെത്തിയിരിക്കുന്നത്‌. അതൊരു പ്രേതകഥയാണ്‌. നല്ലൂര്‍മനയിലെ ഒരു നാരീരത്‌നത്തെ വാഗ്വാദത്തില്‍ തോല്‌പിച്ച മറ്റൊരു പണ്‌ഡിതകുടുംബത്തോടു തോറ്റ വിദുഷിക്കുണ്ടാകുന്ന പകയും അതിന്റെ അനന്തരഫലങ്ങളുമാണ്‌ ചിത്രത്തെ സമ്പന്നമാക്കുന്നത്‌. നിഗൂഢത നിറഞ്ഞ അന്തരീക്ഷവും അതിന്റെ പ്രയോഗവുമൊക്കെ ചേര്‍ന്ന്‌ സിനിമയെ മായികതയുടെ ഒരു മാസ്‌മരികതയില്‍ നിര്‍ത്തുന്നു.
ഏതായാലും വല്യേട്ടനുശേഷം എട്ടൊമ്പതു വര്‍ഷത്തിനുശേഷം ഷാജി കൈലാസ്‌ മമ്മൂട്ടിയെ വച്ച്‌, അതും ഇരട്ടവേഷത്തില്‍വച്ച്‌ ഒരു പടമൊരുക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തരമൊന്നാവില്ല പ്രേക്ഷകര്‍ പ്രതീക്ഷിച്ചതെന്നു തീര്‍ച്ച. എന്നാലും ഈ ചിത്രം പൂര്‍ണ്ണമായും പ്രതീക്ഷ കെടുത്തുന്നുവെന്നു പറയുന്നതും ശരിയായിരിക്കില്ല. കാരണം, പടം കണ്ടിറങ്ങുന്നവരില്‍ ചിലരെങ്കിലും പടം കണ്ടിരിക്കാവുന്ന ഒന്നാണെന്നു പറയുന്നത്‌ ഈ ലേഖകന്‍ കേട്ടു. അതുകൊണ്ട്‌ ഈ ചിത്രം ഒരു വന്‍ പരാജയമായിരിക്കില്ലെന്നാണു തോന്നല്‍.
പ്രേതസിനിമകള്‍ക്കു ലോജിക്‌ അഥവാ കേവലയുക്തി വേണ്ടെന്നാണോ ചലച്ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്‌. അതു ശരിയല്ല. കേവലയുക്തിയെങ്കിലും സംതൃപ്‌തിപ്പെടുന്ന ലിസ മുതല്‍ മണിച്ചിത്രത്താഴുവരെയുള്ള പ്രേതസിനിമകള്‍ ഇവിടെ വിജയിച്ചിട്ടുണ്ട്‌. അതു സാദ്ധ്യമാക്കാത്ത അഥര്‍വം മുതല്‍ അഗ്നിനക്ഷത്രവും അപരിചിതനും വരെയുള്ളവ ഇവിടെ പരാജയത്തിന്റെ പടുകുഴിയില്‍ പതിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ മിനിമം മര്യാദയുടെ പുറത്തേ പ്രേതസിനിമ എടുക്കാന്‍ പാടുള്ളൂ എന്നതാണ്‌ സാമാന്യതത്വം. അത്‌ ദ്രോണയില്‍ പാലിക്കപ്പെട്ടതായി തോന്നിയില്ല.
എങ്കിലും, നല്ല ഷോട്ടുകള്‍ ഒരുക്കുവാനുള്ള ഷാജി കൈലാസ്‌ എന്ന ക്രാഫ്‌റ്റ്‌ മാന്റെ സാമര്‍ത്ഥ്യം ഈ ചിത്രത്തെ കണ്ടിരിക്കാവുന്ന വിധത്തിലെങ്കിലുമാക്കിയിട്ടുണ്ടെന്നകാര്യം എടുത്തുപറയാതെ വയ്യ. ഒപ്പംതന്നെ, ലക്ഷ്‌മി ശര്‍മ, നവ്യാനായര്‍, കനിഹ, രഞ്‌ജിനി ജോസ്‌, ധന്യാമേരി വര്‍ഗീസ്‌ എന്നീ അഞ്ചുനായികമാരുടെ സാന്നിദ്ധ്യം എന്നതും പ്രേക്ഷകര്‍ക്കു കണ്ണിനുത്സവമാകാതെ തരമില്ല. അതിനു പുറമേ മമ്മൂട്ടി ഇരട്ടവേഷത്തില്‍ നടത്തുന്ന പ്രകടനവും ആരാധകരെ സംതൃപ്‌തരാക്കാതിരിക്കില്ല.
പക്ഷേ, ദുര്‍ബലമായ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ സിനിമയുടെ ആത്മാവു ചോര്‍ത്തിക്കളഞ്ഞെന്നേ പറയാനാവൂ. കനിഹയെപ്പോലെ ഒരു മുന്‍നിരനായികയുടെ അഭിനയം പോലും അസഹ്യമെന്നേ പറയേണ്ടൂ. ഉര്‍വശിയെപ്പോലൊരു നടിയുടെ അഭാവം അനുഭവവേദ്യമാകുന്ന അവസരമാണിത്‌. ഉര്‍വശി അഭിനയിക്കേണ്ട വേഷമാണിത്‌. അതാണ്‌ കനിഹ കുളമാക്കിയിരിക്കുന്നത്‌.
ദ്രോണ ഒരു ഗംഭീരസിനിമയല്ല. ഷാജി കൈലാസും മമ്മൂട്ടിയും ഇതിനു മുന്‍പ്‌ ഒരുമിച്ച കിംഗും ട്രൂത്തും വല്യേട്ടനും ഈ ദ്രോണയ്‌ക്കുമുന്‍പില്‍ മികച്ച ചിത്രങ്ങളത്രെ. അപ്പനെ മകന്‍ നന്നാക്കുമെന്നാണല്ലോ ചൊല്ല്‌.
ദ്രോണ ഒരു ഹൊറര്‍ ചിത്രമാണ്‌; എല്ലാ അര്‍ത്ഥത്തിലും. അതില്‍ കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല.

Posted in ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (0)

ദ്രോണ 2010 തിയറ്ററുകളില്‍



മമ്മൂട്ടിയും ഷാജി കൈലാസും ഒമ്പതു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഒരുമിക്കുന്ന ത്രില്ലര്‍ ചിത്രം ദ്രോണ 2010 ഇന്നുമുതല്‍ കേരളത്തിലെ 80 തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. വല്യേട്ടനായിരുന്നു ഈ ഹിറ്റുജോഡി ഒരുമ#ിച്ച അവസാനചിത്രം. ഷാജിയുടെ വിജയരചയിതാവായ എ.കെ.സാജന്‍ ഷാജി-മമ്മൂട്ടി ടീമിനായി ആദ്യമായി എഴുതുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്‌. നായിക കനിഹ. തിലകന്‍ വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രമാകുന്നു. മനോജ്‌ കെ. ജയനും വ്യത്യസ്‌തമായ വേഷവും ഗെറ്റപ്പുമാണ്‌. മമ്മൂട്ടി രണ്ടു കാലഘട്ടത്തിലെ രണ്ടു കഥാപാത്രങ്ങളായി രംഗത്തെത്തുന്നു. മമ്മൂട്ടി, തിലകന്‍, കനിഹ, മനോജ്‌ എന്നിവര്‍ പഴശ്ശിരാജയ്‌ക്കുശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ദ്രോണയ്‌ക്കുണ്ട്‌. മഹാഭാരതം എന്ന ഇതിഹാസത്തിലെ പ്രതികാരത്തിന്റെ പ്രതിരൂപമാണ്‌ ദ്രോണാചാര്യര്‍. ഈ അഭിനവദ്രോണയും പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പ്രതികാരത്തിന്റെ കെടാത്ത കനലുമായാണ്‌ എത്തുന്നത്‌.
പ്രമുഖ തിയറ്ററുകള്‍
തിരുവനന്തപുരം – കൃപ, കൈരളി,
എറണാകുളം – ഷേണായീസ്‌, ലിറ്റില്‍ ഷേണായിസ്‌
കോഴിക്കോട്‌ – കൈരളി, ശ്രീ
തൃശ്ശൂര്‍ – രാംദാസ്‌, കൈരളി
പാലക്കാട്‌ – ആരോമ, ന്യൂ ആരോമ
കണ്ണൂര്‍ – സരിത, സാഗര
കൊല്ലം – കുമാര്‍, പ്രണവം
കോട്ടയം – അനശ്വര
ആലപ്പുഴ – സീതാസ്‌

Posted in ഇന്നു മുതല്‍...Comments (0)


Model of the Week