Tag Archive | "cochin haneefa"

വീണുകിട്ടിയ കിരീടം



കൊച്ചിന്‍ ഹനീഫയുടെ നിര്യാണം ഒരു വലിയ വേദനയായി മാറുന്ന ഈ കാലത്ത്‌ വൈബ്‌ടോക്കീസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്‌ അന്‍വര്‍ അബ്‌ദുള്ള 2005ല്‍ ചന്ദ്രോത്സവത്തിന്റെ സെറ്റില്‍ വച്ച്‌ ആ അനുഗൃഹീതനടനുമായി നടത്തിയ അഭിമുഖം ഇവിടെ പുനഃപ്രകാശനം ചെയ്യുകയാണ്‌.

കൊച്ചിന്‍ ഹനീഫ.
മലയാളത്തിലും തമിഴിലും സിനിമാലോകത്ത്‌ ഒരുപോലെ അറിയപ്പെട്ട പ്രതിഭാധനന്‍.
സര്‍വരുടെയും സുഹൃത്ത്‌.
മലയാളത്തില്‍ മമ്മൂട്ടി, ജോഷി, മോഹന്‍ലാല്‍ തുടങ്ങിയ വമ്പന്മാരുടെ പ്രിയതോഴനായിരുന്നു. തമിഴില്‍ കമലഹാസന്‍, രജനീകാന്ത്‌, ശിവാജിഗണേശന്‍, കരുണാനിധി തുടങ്ങിയ വന്‍തോക്കുകള്‍ ആയിരുന്നു, നന്‍പര്‍കള്‍. ഇങ്ങനെ വിലസുന്നതിനിടയ്‌ക്കാണ്‌ അദ്ദേഹം നമ്മളെ പെട്ടെന്ന്‌ ചിരിപ്പിക്കാന്‍ തുടങ്ങിയത്‌. ആദ്യം നമുക്കത്‌ അദ്‌ഭുതമായിരുന്നു. പിന്നെ, പതിവായി. മുന്‍പ്‌ സ്‌ക്രീനില്‍ ഒരു വിടലച്ചിരിയുമായി പ്രത്യക്ഷപ്പെട്ടിരുന്ന വില്ലന്റെ സ്ഥാനത്ത്‌, ഇപ്പോള്‍ ലോറല്‍ ആന്റ്‌ ഹാര്‍ഡിയിലെ ഹാര്‍ഡിയെപ്പോലെ, തന്റെ ശരീരത്തിന്റെ ചിരിപ്പിക്കുന്ന കെമിസ്‌ട്രിയുമായി പ്രത്യക്ഷപ്പെടുമ്പോള്‍ത്തന്നെ ജനം, പ്രത്യേകിച്ച്‌, കുട്ടികള്‍, ചിരി തുടങ്ങുകയായി. ഹനീഫിക്കാ…. ഹനീഫയങ്കിള്‍ എന്നെല്ലാം പറഞ്ഞ്‌.
പൊള്ളയായ വെറുമൊരു ചിരിയല്ല താനെന്ന്‌ ഹനീഫയ്‌ക്ക്‌ നന്നായറിയാം. ചിരിയുടെ നാനാര്‍ത്ഥങ്ങളെപ്പറ്റി, തന്നെപ്പറ്റിയും ശ്രീ ഹനീഫ സംസാരിക്കുയാണിവിടെ.
ചിരിയാണു താങ്കളുടെ തട്ടകമെന്നു ജനമറിയുന്നത്‌, കിരീടത്തിലെ, കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ ചെങ്കോലിലെ ഹൈദ്രോസിലൂടെയാണ്‌. ഹൈദ്രോസ്‌ താങ്കളെത്തേടിവന്നതെങ്ങനെ?.
= കിരീടവും അതുവഴി ചെങ്കോലും അവയിലെ ഹൈദ്രോസും സത്യത്തില്‍ എനിക്കു വീണുകിട്ടിയ കിരീടമാണ്‌. അക്കരെയക്കരെയക്കരെയെന്ന സിനിമയില്‍ ശ്രീനിവാസന്‌ കിരീടം വഴിയില്‍ക്കിടന്നു കിട്ടുന്നതുപോലെ. ആ റോള്‍ വേറേ ആരോ ചെയ്യേണ്ടതാണ്‌. എനിക്കാണെങ്കില്‍ ആ സമയത്ത്‌ കിരീടത്തിലെ ഹൈദ്രോസെന്നല്ല, ഒരു റോളും സ്വീകരിക്കാനാവാത്തത്ര തിരക്കാണ്‌. തമിഴില്‍ ഞാന്‍ സംവിധാനം ചെയ്‌ത പകലില്‍ ഒരു പൗര്‍ണമിയുടെ പാട്ടുകള്‍ ഒരുക്കാനാണു കേരളത്തിലെത്തിയത്‌. സംഗീതം ചെയ്യേണ്ട ഇളയരാജ എന്തോ അത്യാവശ്യം പ്രമാണിച്ച്‌ വരാന്‍ രണ്ടുദിവസം വൈകി. ആ രണ്ടുദിവസം വെറുതെയിരിക്കേണ്ട മട്ടായിപ്പോയി കാര്യങ്ങള്‍. അപ്പോഴാണു കിരീടത്തിലെ ഈ റോളിന്റെ ഓഫര്‍ വന്നത്‌. രണ്ടുദിവസം കൊണ്ടു ചെയ്യാമെങ്കില്‍ ആകാമെന്നായി ഞാന്‍. അതുമതിയെന്ന്‌ ലോഹിയും സിബിയും. ആ രണ്ടു ദിവസം വെറുതെ കളയാതിരിക്കാന്‍ ഹൈദ്രോസിനെ സ്വീകരിച്ചു. അതു ക്ലിക്കായി, അങ്ങനെ വീണുകിട്ടിയതാണു ഹൈദ്രോസ്‌.
കിരീടത്തില്‍ ഹൈദ്രോസ്‌ ക്ലിക്കായെങ്കിലും തുടര്‍ച്ചയായി തമാശവേഷങ്ങള്‍ വരുന്നത്‌ ചെങ്കോല്‍ മുതലാണല്ലോ?
= ശരിയാണ്‌. അതിനുകാരണം, കിരീടത്തില്‍ ഹൈദ്രോസ്‌ വെറുമൊരു കോമാളിയാണ്‌. ചെങ്കോലില്‍ ആ കഥാപാത്രത്തിനു വ്യക്തിത്വം കിട്ടി. ഒരു കഥയില്ലാത്തവനാണു കിരീടത്തിലയാള്‍. ചെങ്കോലില്‍ ലോഹി ആ കഥാപാത്രത്തെ വളര്‍ത്തി. അയാള്‍ ലോറിത്തെരുവിലെ ബീവാത്തുമ്മ എന്ന തന്റെ ഉമ്മയെക്കുറിച്ചു പറയുന്നിടത്താണു ആ കഥാപാത്രത്തിന്‌ ഐഡന്റിന്റി ഉണ്ടാകുന്നത്‌. അതോടെ ജനമനസ്സില്‍ ഹൈദ്രോസ്‌ തറഞ്ഞു. ആ കഥാപാത്രത്തിനു വളര്‍ച്ചയുണ്ടായത്‌ കിരീടത്തില്‍ ആ കഥാപാത്രം ക്ലിക്കായതുകൊണ്ടാണല്ലോ. കിരീടത്തില്‍ ഹൈദ്രോസാകാന്‍ എനിക്കു പറ്റിയതു യാദൃച്ഛികമായാണെങ്കിലും ചെങ്കോലില്‍ എന്നെ മുന്‍കൂട്ടി ക്ഷണിച്ചു. കാരണം, ഹൈദ്രോസാകാന്‍ മറ്റൊരാള്‍ക്കു പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ, ചെങ്കോലിനു കാരണമായതും അന്നു വീണുകിട്ടിയ ആ കിരീടം തന്നെ. ചെങ്കോല്‍ എന്ന മലയാളസിനിമയില്‍ സജീവമാക്കുകയും ചെയ്‌തു.
വന്നുവന്ന്‌ തമാശവേഷങ്ങള്‍ ടൈപ്പായെന്നു പറഞ്ഞാല്‍?
= ഞാന്‍ സമ്മതിക്കില്ല. ചില ആവര്‍ത്തനവൈരസ്യങ്ങളൊക്കെയുണ്ട്‌. അതു സ്വാഭാവികവുമാണ്‌.
തുടര്‍ച്ചയായി തമാശറോളുകള്‍ ചെയ്യുമ്പോള്‍ കൊച്ചിന്‍ ഹനീഫയുടെ മറ്റൊരു മുഖം നഷ്‌ടമാകുകയല്ലേ. മഹാനദിയിലെയും ദുബായ്‌യിലെയും പോലെയുള്ളവ?
= ഈ തമാശകള്‍ക്കിടയിലും മഹാനദിയും ദുബായ്‌യുമൊക്കെ കിട്ടിയില്ലേ. അപ്പോള്‍ രണ്ടുതരം വേഷത്തിനും ഹനീഫയെ ആളുകള്‍ക്ക്‌ ആവശ്യമുണ്ടെന്നര്‍ത്ഥം.
സംവിധാനം ചെയ്യുമ്പോള്‍ പക്ഷേ, തമാശപ്പടങ്ങളല്ലല്ലോ ചെയ്യാറ്‌?
= ഞാന്‍ അടിസ്ഥാനപരമായി ഗൗരവക്കാരനാണ്‌. ജീവിതത്തെക്കാണുന്നതും സീരിയസായാണ്‌. മനുഷ്യരെ നിരീക്ഷിക്കുന്നത്‌ അവരുടെ ചിരിപ്പിക്കുന്ന വശങ്ങള്‍ വച്ചല്ല, കരയിക്കുന്ന വശങ്ങള്‍ വച്ചാണ്‌. അപ്പോള്‍ എനിക്ക്‌ എന്റേതായി അത്തരം സിനിമകളേ ചെയ്യാനാവൂ.
മാന്നാര്‍ മത്തായി സ്‌പീക്കിംഗ്‌, മേഘം, ചെങ്കോല്‍… എല്ലാപ്പടത്തിലും ഒരു ഓട്ടം കാണാം. ഇത്‌ ആവര്‍ത്തനവിരസമായില്ലേ?
= ഇത്രയും വണ്ണമുള്ളൊരാള്‍ നല്ല സ്‌പീഡില്‍ ആത്മരക്ഷാര്‍ഥമോടുന്നത്‌ കാണുന്നതു തന്നെ തമാശയാണ്‌. അതാവും അത്തരം സീനുകള്‍ തുടര്‍ച്ചയായി വരാന്‍ കാര്യം. എനിക്കാണെങ്കില്‍, ഈ ദേഹം ഇങ്ങനെയിരിക്കുന്നെങ്കിലും ഏതു വേന്ദ്രനേക്കാളും സ്‌പീഡില്‍ ഓടാനും കഴിയും. ഞാനും അതാസ്വദിക്കുന്നുണ്ട്‌. പിന്നെ, ഒരു രംഗം ക്ലിക്കായാല്‍ അത്‌ അനുകരിക്കാന്‍ എല്ലാരും വരും. കുറയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ട്‌ ഞാന്‍.
തമിഴില്‍ പടം ചെയ്‌തത്‌ കരുണാനിധിയുടെ പൂംപുഹാറിനുവേണ്ടിയാണല്ലോ. അപ്പോള്‍ തിരുത്തലുകള്‍ക്ക്‌ നിര്‍ബന്ധിതനായിട്ടുണ്ടോ?
= മലയാളത്തില്‍ മമ്മൂട്ടി ചെയ്‌ത പടങ്ങളാണു തമിഴിലേക്കു മാറ്റിയത്‌. മമ്മൂട്ടിയെത്തന്നെ അഭിനയിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, തമിഴിനുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്ന കരുണാനിധിക്ക്‌ തമിഴനല്ലാത്ത ഒരുവനെ തമിഴില്‍ അഭിനയിപ്പിക്കാന്‍ വൈമുഖ്യമുണ്ടായിരുന്നു. അങ്ങനെ ഒരു ഒത്തുതീര്‍പ്പിനു വഴങ്ങിയിട്ടുണ്ട്‌. പക്ഷേ, തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്‌തിരുന്ന സത്യരാജിനെ നായകനാക്കാന്‍ കരുണാനിധി പറഞ്ഞു. ഞാന്‍ നിര്‍ദേശിച്ചത്‌, തുടര്‍ച്ചയായി പടങ്ങള്‍ പൊട്ടിനില്‌ക്കുന്ന ശിവകുമാറിനെയും. ഒടുവില്‍ എന്റെ വാശിക്ക്‌ കരുണാനിധി സമ്മതിച്ചു. ശിവകുമാര്‍ അഭിനയിച്ചു. പടം സൂപ്പര്‍ഹിറ്റായി. ഒപ്പം വന്ന സത്യരാജിന്റെ, നമ്മുടെ മാമാട്ടിക്കുട്ടിയമ്മ എന്ന സൂപ്പര്‍ഹിറ്റിന്റെ തമിഴായ എന്‍ ബൊമ്മക്കുട്ടിയമ്മാവുക്ക്‌, പൊട്ടുകയും ചെയ്‌തു.
മമ്മൂട്ടിയുമായി രസത്തിലല്ലെന്നൊരു കിംവദന്തി?
= വെറും കിംവദന്തി. ഒന്നിച്ചുണ്ടാകാന്‍ തിരക്കുകള്‍ സമ്മതിക്കുന്നില്ലെന്നേയുള്ളൂ. അല്ലാതെ ഞാനും മമ്മൂട്ടിയും അന്നും ഇന്നും എന്നും നല്ല സുഹൃത്തുക്കള്‍ തന്നെ. അങ്ങനെയല്ലാതാകില്ല. കാരണം, അത്‌ അത്തരത്തിലൊരു ബന്ധമാണ്‌.
സംവിധാനം?
= ഉടന്‍ ഉണ്ടാകും.

പോസ്റ്റ്‌ സ്‌ക്രിപ്‌റ്റ്‌ – അങ്ങനെ പറഞ്ഞാണ്‌ അന്നു സംഭാഷണം അവസാനിപ്പിച്ചത്‌. പക്ഷേ, അതുണ്ടായില്ല. അതിലപ്പുറം, ഇങ്ങനെ, ഈ പ്രായത്തില്‍ മരിക്കേണ്ട ഒരാളായിരുന്നോ ഹനീഫിക്കാ എന്ന വേദന മാത്രം ബാക്കി. ഹനീഫിക്കായ്‌ക്കു മാത്രം അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഇവിടെയുണ്ട്‌ എന്ന്‌ അദ്ദേഹം നമുക്കു കാണിച്ചുതന്നു. ആ കഥാപാത്രങ്ങള്‍ ഭാവനയില്‍ വിരിയുമ്പോള്‍ ഇവിടെ സിനിമാക്കാര്‍ എന്തുചെയ്യണമെന്നു മാത്രം അദ്ദേഹം മറുമരുന്നു പറഞ്ഞുതരാതെ സ്ഥലംവിട്ടു. ഹനീഫിക്കാ… അങ്ങയെ മലയാളസിനിമ മിസ്‌ ചെയ്യുന്നു…. വല്ലാതെ മിസ്‌ ചെയ്യുന്നു…. നത്തിംഗ്‌ എല്‍സ്‌ റ്റു സേ….

Posted in മുഖാമുഖംComments (0)

മരണത്തിനു മായ്‌ക്കാനാകാത്ത മന്ദഹാസം



വര്‍ത്തമാനകാല മലയാളസിനിമയില്‍ സജീവമായിരുന്നവരില്‍ പ്രായംകൊണ്ടല്ലെങ്കിലും അനുഭവംകൊണ്ട്‌ ഏറ്റവും സീനിയറായിരുന്നു കൊച്ചിന്‍ ഹനീഫ. ഇന്നത്തെ മിക്കവാറും എല്ലാ പ്രശസ്‌തനടീനടന്മാരേക്കാളും സംവിധായകരേക്കാളും സാങ്കേതികപ്രവര്‍ത്തകരെക്കാളും നേരത്തേ സിനിമയില്‍ പ്രവേശിച്ചയാളാണു കൊച്ചിന്‍ ഹനീഫ. കെ.പി.എ.സി. ലളിതയെയും പറവൂര്‍ ഭരതനെയും ജഗതി ശ്രീകുമാറിനെയും ഐ.വി.ശശിയെയും പോലെ അപൂര്‍വം പേരേ ഹനീഫയോടൊപ്പമോ അതിലധികമോ ചലച്ചിത്രാനുഭവമുള്ളവരായി കാണുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒറ്റയാനായി ബാക്കിയുണ്ടായിരുന്ന, അഭിനയത്തിന്റെ ഒരു തലമുറയുടെ അവസാനകണ്ണിയാണു വിടപറഞ്ഞതെന്നുതന്നെ പറയേണ്ടിവരും.
എഴുപതുകളുടെ രണ്ടാംപാതിയില്‍, അതായത്‌, എണ്‍പതുകളുടെ തുടക്കത്തോടെ ഇന്നത്തെ മലയാള സിനിമാലോകം പിറവിയെടുക്കുന്നതിനു മുന്‍പുതന്നെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്കു കൊച്ചിന്‍ ഹനീഫ കടന്നുവന്നു. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും മലയാളസിനിമ നടനരംഗത്തും സാങ്കേതികരംഗത്തും മാറ്റങ്ങള്‍ക്കു വശംവദമാകുന്ന വേളയില്‍ രണ്ടു രംഗത്തും സാന്നിദ്ധ്യമായിരുന്നു, ഹനീഫ.
ജോഷിയുമായുണ്ടായ മനപ്പൊരുത്തമാണ്‌ ഹനീഫ എന്ന നടനെയും എഴുത്തുകാരനെയും സംവിധായകനെയും വളര്‍ത്തിയതെന്നു പറയാം. ഇതിഹാസം മുതല്‍ സന്ദര്‍ഭം വരെയുള്ള സിനിമകള്‍ക്ക്‌ രചനാ-സംവിധാനപങ്കാളിത്തമായ ഈ കൂട്ടുകെട്ട്‌ അന്നത്തെ ശക്തമായ ടീമായിരുന്നു. ജയന്‍ നായകനായ മൂര്‍ഖനില്‍ മുഴുനീളവും തത്തുല്യവുമായ വേഷമഭിനയിക്കാന്‍ ജോഷി കൊച്ചിന്‍ ഹനീഫയ്‌ക്കു നല്‌കിയ അവസരമാണ്‌ നടനെന്ന നിലയില്‍ അദ്ദേഹത്തെ വളര്‍ത്തിയത്‌. തുടര്‍ന്ന്‌ വില്ലന്‍വേഷങ്ങളാണ്‌ കൊച്ചിന്‍ ഹനീഫ കൂടുതലും കൈകാര്യം ചെയ്‌തിരുന്നത്‌. താന്‍തന്നെ സംവിധാനം ചെയ്‌ത മൂന്നുമാസങ്ങള്‍ക്കുമുന്‍പിലെ വില്ലന്‍വേഷം അക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു. സ്‌ത്രീപ്രേക്ഷകര്‍ക്ക്‌ വെറുപ്പുതോന്നുന്ന, അതിക്രൂരനായ വില്ലനായാണ്‌ അക്കാലത്ത്‌ അദ്ദേഹം അഭിനയിച്ചിരുന്നത്‌.
കുടുംബസിനിമകള്‍ക്കാണ്‌ അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ചത്‌. എണ്‍പതുകളുടെ അവസാനം ലോഹിതദാസിന്റെ രചനയില്‍ വാത്സല്യം എന്ന ചിത്രം ചെയ്‌തതോടെ അദ്ദേഹം സംവിധാനവും അവസാനിപ്പിച്ചു. അതിനു മുന്‍പുതന്നെ തമിഴിലും തൊഴില്‍ അഭിനയം മാത്രമാക്കിയിരുന്നു. മലയാളത്തില്‍ താന്‍ ചെയ്‌ത ചിത്രങ്ങള്‍ തന്നെയാണ്‌ പാടാത തേനികളായും പാശപറവൈകളായും മറ്റും അദ്ദേഹം തമിഴില്‍ ചെയ്‌തത്‌. അവയ്‌ക്ക്‌ തിരക്കഥ രചിച്ചത്‌ ശക്തനായ കരുണാനിധിയായിരുന്നു.
അഭിനയകാര്യത്തില്‍ അദ്ദേഹത്തിന്‌ ശക്തമായ പിന്തുണ നല്‌കിയിരുന്നത്‌ രണ്ടു സംവിധായകരാണ്‌. പ്രിയദര്‍ശനും ജോഷിയും. ജോഷി അദ്ദേഹത്തിലെ വില്ലനിസത്തെ ഉപയോഗപ്പെടുത്തിയപ്പോള്‍ പ്രിയന്‍ ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്യാനുള്ള പ്രാഗത്ഭ്യത്തെയാണ്‌ ഉപയോഗപ്പെടുത്തിയത്‌. രാക്കുയിലിന്‍ രാഗസദസ്സില്‍ പോലെയുള്ള ചിത്രങ്ങളില്‍ പ്രിയന്‍ ക്യാരക്‌ടര്‍ വേഷം നല്‌കി.
അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ മാറ്റം വരുത്തിയ ലോഹിതദാസ്‌ – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ഹൈദ്രോസ്‌ എന്ന കഥാപാത്രമാണ്‌. കിരീടത്തിലല്ല, ചെങ്കോലില്‍ ആ ഹൈദ്രോസ്‌ നടത്തിയ പ്രകടനമാണ്‌ ഹനീഫയിലെ ഹാസ്യനടനെ രംഗത്തവതരിപ്പിച്ചത്‌. തുടര്‍ന്ന്‌ മാന്നാര്‍ മത്തായി സ്‌പീക്കിംഗിലെ എല്‍ദോസ്‌ എന്ന കഥാപാത്രവും വന്നു. തുടര്‍ന്ന്‌ കൊച്ചിന്‍ ഹനീഫ അല്‌പം ടൈപ്പു ചെയ്യപ്പെടുകയുണ്ടായി. എല്ലാ സിനിമകളിലും മാന്നാര്‍ മത്തായിയിലെപ്പോലെ ഒരു ഓട്ടം നിര്‍ബന്ധമായിത്തീര്‍ന്നു. അപ്പോഴും തമിഴ്‌സിനിമകളില്‍ അദ്ദേഹം വ്യത്യസ്‌ത്യങ്ങളായി വേഷങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. മഹാനദി എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ വില്ലന്‍വേഷമാണ്‌ അദ്ദേഹത്തെ തമിഴില്‍ പ്രശസ്‌തനാക്കിയത്‌.
തമാശവേഷങ്ങളില്‍, പലപ്പോഴും വിഡ്‌ഢിവേഷങ്ങളില്‍ അഭിനയിക്കുമ്പോഴും, ജോഷി അദ്ദേഹത്തിന്‌ വ്യത്യസ്‌തങ്ങളായ വില്ലന്‍വേഷങ്ങളാണു നല്‌കിയിരുന്നത്‌. ദുബായ്‌യിലെ വില്ലന്‍ അതിനൊരുദാഹരണമാണ്‌. തമാശനടനെന്ന മുദ്രകുത്തപ്പെട്ടിരിക്കുമ്പോഴാണ്‌ രക്തക്കറ പുരണ്ട ചിരിയുമായി ആ ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ തകര്‍ത്താടിയത്‌.
സൗഹൃദങ്ങളുടെ തമ്പുരാനായിരുന്നു ഹനീഫ. പരിചയപ്പെട്ട ഒരാളെപ്പോലും അദ്ദേഹം പിരിഞ്ഞിട്ടില്ല. എല്ലാവരും വലിയ ആളുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്‌, കമല്‍ഹാസന്‍, പ്രിയദര്‍ശന്‍, ജോഷി, കരുണാനിധി, ശിവാജി ഗണേശന്‍… അദ്ദേഹത്തിന്റെ സുഹൃദ്‌നിരയില്‍ താരങ്ങള്‍ അനേകരാണ്‌. മലയാളത്തിലെ മിക്ക വന്‍താരങ്ങളുടെയും വളര്‍ച്ച അടുത്തുനിന്നു നോക്കിക്കണ്ട ആളാണു ഹനീഫ. അപ്പോഴും 1980ല്‍ സ്‌ഫോടനത്തിന്റെ സെറ്റില്‍ വച്ച്‌ മമ്മൂട്ടിയെന്ന പുതിയ താരത്തിനോട്‌ അനുഭാവപൂര്‍വം സംസാരിച്ച മനുഷ്യസ്‌നേഹി അദ്ദേഹത്തില്‍നിന്നു മാഞ്ഞിരുന്നില്ല.
വില്ലനായിരിക്കുമ്പോഴും വിഡ്‌ഢിവേഷം കെട്ടുമ്പോഴുമെല്ലാം അദ്ദേഹത്തില്‍ ഒരു ചിരി ഉണ്ടായിരുന്നു. ചിലപ്പോള്‍ ക്രൂരഹാസം; ചിലപ്പോള്‍ വിഡ്‌ഢിച്ചിരി. സിനിമയ്‌ക്കു പുറത്തുവച്ചുള്ള എല്ലാ ഫോട്ടോകളിലും അദ്ദേഹത്തില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായ മന്ദഹാസം ഉണ്ടായിരുന്നു. നന്മയുള്ള ഒരു മന്ദഹാസം. ആ മന്ദഹാസത്തെ മായ്‌ക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ മരണം ദുര്‍ബലമാണ്‌.

Posted in ലേഖനങ്ങള്‍Comments (0)

കൊച്ചിന്‍ ഹനീഫ അരങ്ങൊഴിഞ്ഞു



മലയാളത്തിന്റെയും തമിഴകത്തിന്റെയും സ്‌നേഹവും ആദരവും ഏറ്റുവാങ്ങി, മൂന്നു പതിറ്റാണ്ടായി തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തു നിറഞ്ഞുനിന്ന കൊച്ചിന്‍ ഹനീഫ വിടവാങ്ങി. കരള്‍രോഗമാണ്‌ ആ പ്രതിഭാസാന്നിദ്ധ്യത്തെ അകാലത്തില്‍ മരണത്തിനു കീഴടക്കിയത്‌. എഴുത്തുകാരനായും സംവിധായകനായും നടനായും കൊച്ചിന്‍ ഹനീഫ മലയാളം തമിഴ്‌ ചലച്ചിത്രവേദികളില്‍ നിറഞ്ഞാടി. മലയാളസിനിമയെന്ന കുടുംബത്തിലെ സര്‍വാദരണീയനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. കൊച്ചിയുടെ പുത്രനെന്നറിയപ്പെടുന്നതില്‍ അദ്ദേഹം അനല്‌പമായി ആഹ്ലാദിച്ചിരുന്നു. അദ്ദേഹത്തിന്റെ അകാലവേര്‍പാടില്‍ വൈബ്‌ ടോക്കീസ്‌, കൊച്ചിന്‍ വൈബ്‌ പ്രവര്‍ത്തകര്‍ അഗാധമായി അനുശോചിക്കുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ചലച്ചിത്രാസ്വാദകരുടെയും, ഏറ്റവുമേറെ, കൊച്ചിക്കാരുടെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

Posted in സിനിമാ വാര്‍ത്തകള്‍Comments (0)


Model of the Week