Tag Archive | "ambika"

താന്തോന്നി തോന്നിപ്പിക്കുന്നതെന്തൊക്കെ?


താന്തോന്നി എന്നാല്‍ തനിക്കു തോന്നുന്നതുപോലെ നടക്കുന്നവന്‍, തനിക്കു ബോധിച്ചതു ചെയ്യുന്നവന്‍, ദുര്‍ബുദ്ധി എന്നൊക്കെ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ താന്തോന്നി എന്ന ചിത്രത്തിന്റെ ശീര്‍ഷകം അര്‍ത്ഥവത്താണ്‌. തനിക്കുതോന്നുംപടി നടക്കുന്ന ദുര്‍ബുദ്ധിയായ വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞ്‌ എന്ന നായകകഥാപാത്രത്തിന്റെ വീരകഥ പറയുന്ന ചിത്രത്തിന്‌ താന്തോന്നി എന്ന പേര്‌ അത്യന്തം ചേരുന്നു. അതല്ലാതെതന്നെ പേര്‌ വളരെ അനുയോജ്യമാണ്‌. തനിക്കുതോന്നുംപടി, അതായത്‌, പ്രേക്ഷകനെ അവനവളുമാരുടെ സാമാന്യബുദ്ധിയെയോ തരിമ്പും വകവയ്‌ക്കാതെയും വിലവയ്‌ക്കാതെയും, തന്നിഷ്‌ടപ്രകാരം, സിനിമയെടുക്കുന്ന ദുര്‍ബുദ്ധിയെയും അതേയര്‍ത്ഥത്തില്‍ നമുക്കു താന്തോന്നിത്തരം എന്നുവിളിക്കാം. നവാഗതസംവിധായകനായ ജോര്‍ജ്‌ വര്‍ഗീസും തിരക്കഥാകൃത്ത്‌ ടി.എ.ഷാഹിദും നടന്‍ പൃഥ്വിരാജും ഈ താന്തോന്നിത്തരം ആണ്‌ ഇത്തവണ കാട്ടിയിരിക്കുന്നത്‌. താന്തോന്നിത്തരത്തിന്‌ തല്ലുകൊള്ളിത്തരമെന്നും അര്‍ത്ഥമുണ്ട്‌. നാട്ടുകാരുടെ തല്ലുകൊള്ളാന്‍ വിണ്ണില്‍ മേയുന്ന ഈ താരങ്ങളെ കിട്ടിക്കൊള്ളണമെന്നില്ല. പക്ഷേ, പ്രേക്ഷകന്റെ തലോടലേല്‌ക്കാതെ ബോക്‌സോഫീസില്‍ ഈ താന്തോന്നിത്തരം അഥവാ, തല്ലുകൊള്ളിത്തരം കാലിടറിവീഴുമെന്ന കാര്യത്തില്‍ രണ്ടില്ല പക്ഷം. ഇതു തിയറ്ററില്‍നിന്നിറങ്ങുന്ന പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായമാണെന്നു കേട്ടറിഞ്ഞ ധൈര്യത്തില്‍ത്തന്നെയാണു പറയുന്നത്‌.
താന്തോന്നിക്കും മേന്തോന്നിക്കും പ്രതിവിധിയില്ല, മന്തിനും താന്തോന്നിത്തത്തിനും മരുന്നില്ല… ഇതെല്ലാം പഴയ മലയാളത്തിലെ ചില ചൊല്ലുകളാണ്‌. ഇവയെ ഓര്‍മിപ്പിക്കും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളുന്ന ഈ ചിത്രവധത്തിനിരയാകുന്നവരെ താന്തോന്നി എന്ന ചിത്രം. എന്തായാലും ഈ താന്തോന്നിത്തത്തിനു മരുന്നില്ലെന്നത്‌ വര്‍ഷങ്ങളായി മലയാളസിനിമാപ്രേക്ഷകര്‍ അനുഭവിച്ചുവരുന്ന നഗ്നസത്യം. രണ്ടാമത്തെ ചൊല്ലിനെപ്പറ്റിയാണെങ്കിലോ, മന്ത്‌ പിന്നേം സഹിക്കാം ഇമ്മാതിരി താന്തോന്നിപ്പടങ്ങള്‍ വയ്യേവയ്യെന്നു തന്നെ പറയും അല്‌പം വകതിരിവുള്ള പ്രേക്ഷകന്‍.
താന്തോന്നി എന്ന വാക്കിന്‌ അല്‌പം ഭേദഗതി വിചാരിച്ചാല്‍ തന്തയെ തോന്നിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥം കല്‌പിക്കാം. ഈ ചിത്രം കാണുമ്പോള്‍ നമ്മള്‍ പലരുടെയും തന്തയെ തോന്നിപ്പോകും (മനസ്സില്‍ വിചാരിക്കുകയും വിളിക്കുകയും ചെയ്‌തുപോകുമെന്നു സാരം). ആ അര്‍ത്ഥത്തിലും താന്തോന്നി അര്‍ഥവത്തായ പേരുതന്നെ.
പിന്നെ, ടി.എ.ഷാഹിദ്‌ എന്ന എഴുത്തുകാരന്റെ ഇഷ്‌ടവിഷയവും തന്തവിഷയകം തന്നെ. ഒരു തന്തൈ… ഒരു സന്താനം… അവരുടെ ബന്ധവും ആ ബന്ധത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളും സമസ്യകളും (കടപ്പാട്‌ – ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ – കൗതുകകരമെന്നു പറയട്ടെ, ഈ ചിത്രത്തിലും ചുള്ളിക്കാടിന്‌ കടപ്പാടു കിട്ടുന്നുണ്ട്‌, തന്റെ ശബ്‌ദത്തിന്റെ പേരില്‍) തന്നേഡേയ്‌… മൂപ്പരുടെ പടങ്ങളുടെ സ്ഥിരം ഫോര്‍മാറ്റ്‌. അത്‌ ഇന്നലേ എന്റെ നെഞ്ചിലേ കൊച്ചു മണ്‍വിളക്കൂതിയില്ലേ ആകാം പുലിക്കാട്ടില്‍ മൂപ്പരും കൊച്ചുമൂപ്പരുമാകാം ബെന്‍ ജോണ്‍സണും തന്തയുമാകാം മത്സരത്തിലെ അപ്പനും മകനുമാകാം, രാജമാണിക്യത്തിലെ തന്തയും തന്തയില്ലാത്ത മാണിക്യവുമാകാം, എന്തായാലും തന്ത വേണം മകനും വേണം… പിന്നെ, അലമ്പ്‌ സെന്റിമെന്റ്‌സും മഴയത്തു കുടയില്ലാതെ പോയ കുട്ടിയും ഒക്കെച്ചേര്‍ത്ത്‌ ഷാഹിദ്‌ അതിന്റെ സ്റ്റേജ്‌ നാടകമാക്കിക്കൊള്ളും. ഇവിടെയും കാര്യങ്ങള്‍ക്കോ സന്ദര്‍ഭങ്ങള്‍ക്കോ സമവാക്യങ്ങള്‍ക്കോ മാറ്റമേതുമില്ല. ആ അര്‍ത്ഥത്തില്‍ തന്തോന്നി എന്നും പടത്തിനു പേരുപറയാം. തന്തയില്ലാതെ പിറന്ന കൊച്ചുകുഞ്ഞ്‌ വടക്കന്‍ വീടെന്ന തറവാട്ടിലുണ്ടാകുന്ന പുകിലുകളാണു ചിത്രത്തിന്റെ ആദ്യപാതി. രണ്ടാംപാതിയില്‍ പ്രസ്‌തുത തന്ത ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ഡീറ്റെയില്‍സും വടക്കന്‍വീടരോടുള്ള പ്രതികാരവും മറ്റും മറ്റും.
പൃഥ്വിരാജിന്റെ സ്വന്തം ക്രെഡിറ്റില്‍ ഇതുവരെ ഒരു മലയാളപടമേ വിജയിച്ചിട്ടുള്ളൂ. പുതിയമുഖം. അതോടെ ആള്‍ ലാലു കളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്‌ താന്തോന്നി. ഒരു ലാല്‍ കഥാപാത്രത്തിന്റെ അമാനുഷികതയും മറ്റുമായാണ്‌ കൊച്ചുകുഞ്ഞിനെ രൂപപ്പെടുത്തിയിരിക്കുന്നത്‌. ലാല്‍ തന്റെ കരിയറിന്റെ ഒരു നല്ല ശതമാനം സവിശേഷ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ജനമനസ്സുകളില്‍ നീക്കാനാവാത്ത സ്ഥാനം നേടിയിട്ടാണ്‌ മംഗലശേരി നീലകണ്‌ഠനായതെന്നത്‌ പൃഥ്വി ഓര്‍ക്കുന്നത്‌ നന്ന്‌. അതിനുമുന്‍പേ വിന്‍സന്റ്‌ ഗോമസും സാഗര്‍ ഏലിയാസ്‌ ജാക്കിയും ഒക്കെയായെങ്കിലും അവയൊക്കെ അന്ന്‌ അന്തിമമായി പരാജയപ്പെടുന്ന സാധാരണമനുഷ്യഭാവവും കൂടിച്ചേര്‍ന്ന കഥാപാത്രങ്ങളായിരുന്നു. ഇന്നും ലാല്‍ സ്റ്റണ്ടുരംഗങ്ങളില്‍ ഒന്നരക്കിലോമീറ്ററൊക്കെ പറക്കുകയൊക്കെ ചെയ്‌താല്‍ ജനം കൂവുകതന്നെ ചെയ്യും. അപ്പോഴാണ്‌ അങ്ങനെയൊരു സ്ഥാനനേട്ടം സംസിദ്ധമാകാത്ത പൃഥ്വി സൂപ്പര്‍മാന്‍ കളിക്കിറങ്ങുന്നത്‌. താന്തോന്നിയില്‍ പൃഥ്വി സ്റ്റണ്ടുരംഗങ്ങളില്‍ മൂന്നുനാലു കിലോമീറ്ററൊക്കെയാണു പറന്നുവരുന്നത്‌. ജനം കൂകുമെന്നു ചിന്തിക്കാനുള്ള സാമാന്യവിവരം പോലും ഇതിന്റെ ശില്‌പികള്‍ക്കില്ലേ? ഇവര്‍ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്‌?. ഇവര്‍ കേരളത്തിലെ തിയറ്ററിലിരുന്നു സിനിമ കാണാറില്ലേ?
ഒരു പ്രേമവും നായികയുമുണ്ട്‌ ചിത്രത്തില്‍. ഒരു പാട്ട്‌, ഒരു മരംചുറ്റല്‍, പിന്നെ ഏതാനും രംഗങ്ങളില്‍ പശ്ചാത്തലത്തിലെവിടെയെങ്കിലും മിഴുങ്ങസ്യാ എന്നു നില്‍ക്കല്‍. കഴിഞ്ഞു, സ്‌ത്രീകഥാപാത്രത്തിന്റെ കഥ. ഐ.എസ്‌.ആര്‍.ഒ.യിലെ ഡോക്‌ടറേറ്റുള്ള ഈ യുവശാസ്‌ത്രജ്ഞ, വാനനിരീക്ഷക, യന്ത്രക്കാറ്റാടികളുടെ ഫോട്ടം പിടിക്കാന്‍ (അത്‌ അവളുടെ വാനനിരീക്ഷണപഠനങ്ങളുടെ ഭാഗമാണുപോലും) വന്നുനില്‌ക്കുന്ന രംഗങ്ങളൊക്കെ കണ്ടാല്‍ എന്റെ രചയിതാവേ, പത്താംക്ലാസുവരെയെങ്കിലും വിദ്യാഭ്യാസം കിട്ടിയവര്‍ക്കു ചിരിപൊട്ടുമെന്നു ചിന്തിക്കാന്‍ പോലും താങ്കള്‍ക്കു കഴിയുന്നില്ലേ?
അതുപോലെ, താന്തോന്നി കൊച്ചുകുഞ്ഞ്‌ അബ്‌കാരി ലേലം നടക്കുന്നിടത്തുവന്ന്‌ ഒരുകാര്യവുമില്ലാതെ ഡയലോഗു കീറുന്നതുമൊക്കെ അനാവശ്യമാണെന്നു മനസ്സിലാക്കാന്‍ അണിയറക്കാര്‍ തയ്യാറല്ല. അരമണിക്കൂറെടുത്തു നായകനെ വിധിയാംവണ്ണമൊന്ന്‌ അവതരിപ്പിച്ച്‌ പടംതുടങ്ങാന്‍ എന്നുള്ളതും ശ്രദ്ധിക്കുക.
നെല്‍സണ്‍ (സുരേഷ്‌ കൃഷ്‌ണ) ഇരിക്കുന്ന റിസോര്‍ട്ടില്‍ ശ്രീജിത്ത്‌ രവി എത്തി കുത്തേറ്റുമരിക്കുന്നതും അത്‌ കൊച്ചുകുഞ്ഞിന്റെ റിസോര്‍ട്ടായതും ഒക്കെ കഥയെ ഷാഹിദ്‌ ആവാഹിച്ചുവരുത്തുന്നതിന്‌ ഉദാഹരണമാണ്‌. അബ്‌ദുള്ള മലേടടുത്തു ചെന്നില്ലെങ്കില്‍ മല അബ്‌ദുള്ളേടടുത്തേക്കു വരികതന്നെ. എല്ലാ റിസോര്‍ട്ടും എല്ലാ യന്ത്രക്കാറ്റാടിയിടങ്ങളും എല്ലാമെല്ലാം നായകനായ കൊച്ചുകുഞ്ഞിന്റേതായതും പ്രേക്ഷകരില്‍ ചിരിയാണു പടര്‍ത്തുന്നത്‌. ഇതെന്ത്‌, ബെന്‍സ്‌ വാസുക്കാലമോ? ഇക്കണക്കിനുപോയാല്‍ റെയില്‍വേസ്റ്റേഷനിലോ ബസ്‌സ്റ്റാന്‍ഡിലോ ആ പെങ്കൊച്ചു പോയിരുന്നെങ്കില്‍ അതും ലവന്റേതായിരുന്നേനെയല്ലോ. ചേട്ടനും കുടുംബക്കാര്‍ക്കും താനൊരു മഹാന്‍ എന്നു കാട്ടിക്കൊടുക്കാന്‍ നായകന്‍ കൊലക്കുറ്റം അട്ടിമറിക്കുന്നത്‌ പൊതുസമൂഹത്തിന്‌ എന്തു സന്ദേശമാണു നല്‌കുകയെന്നതും ചോദ്യച്ചിഹ്നമായി നില്‍ക്കുന്നു.
സാങ്കേതികവിഭാഗത്തിലേക്കോ ഗാനസംഗീതവിഭാഗത്തിലേക്കോ കടന്ന്‌ വിലയിരുത്താനുംമാത്രമൊന്നും മഹത്തായ ചിത്രമല്ല താന്തോന്നി. ഇതു കാണാന്‍ കൊള്ളാമോ ഇല്ലയോ എന്നുള്ള സാമാന്യജനത്തിന്റെ ചോദ്യത്തിന്‌ ഈ ചിത്രം കണ്ട ബഹുഭൂരപക്ഷത്തിന്റെയും ഉത്തരം തന്നെയാണ്‌ ഇതെഴുതുന്നയാളും നല്‌കാനുദ്ദേശിക്കുന്നത്‌. കാണാന്‍ കൊള്ളില്ല എന്നു തന്നെ.
പൃഥ്വിരാജ്‌ ഇന്ന്‌ മലയാളത്തില്‍ ഏറ്റവും വിപണിമൂല്യമുള്ള യുവതാരമാണ്‌. അല്‌പം ശ്രദ്ധിച്ചാല്‍, വിവേകപൂര്‍വം നീങ്ങിയാല്‍ അദ്ദേഹത്തിന്‌ മലയാളത്തിലെ താരസിംഹാസനവും മികച്ച നടനെന്ന പേരും സ്വന്തമാക്കാം. അല്ലാതെ ഈ താന്തോന്നിക്കളിയാണ്‌ അദ്ദേഹം തുടരാന്‍ തീരുമാനിക്കുന്നതെങ്കില്‍ താങ്കള്‍ക്കു ഹാ! കഷ്‌ടം എന്നല്ലാതെ മറ്റെന്തുപറയാന്‍…

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (1)

താന്തോന്നി എത്തി



യുവനായകന്‍ വീണ്ടും ആഞ്ഞടിക്കുന്നു എന്ന പരസ്യവാക്യവുമായി പൃഥ്വിരാജിന്റെ താന്തോന്നി ഇന്നുമുതല്‍. ഈ ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ പൃഥ്വിയുടെ കരിയറില്‍ ചലനങ്ങളുണ്ടാക്കുമെന്നു കരുതപ്പെടുന്നു. ടി.എ.ഷാഹിദ്‌ എഴുതുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന നവാഗതനാണ്‌. ഷീലാ കൗള്‍ നായികയാകുന്നു. മുട്ടാന്‍ വരുന്നവരോടെല്ലാം ഒടക്കാന്‍ നില്‍ക്കുന്ന വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞായിട്ടാണ്‌ പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

പ്രമുഖറിലീസ്‌ സെന്ററുകള്‍
തിരുവനന്തപുരം – അജന്ത, കൃപ
എറണാകുളം – കവിത, പത്മ
പാലക്കാട്‌ – പ്രിയദര്‍ശിനി
കോഴിക്കോട്‌ – കൊറോണേഷന്‍, അപ്‌സര
കോട്ടയം – ആനന്ദ്‌
കണ്ണൂര്‍ – സവിത, സമുദ്ര
കൊല്ലം – പ്രണവം
ചങ്ങനാശേരി – അഭിനയ
ചാലക്കുടി – അക്കരെ
ചാലക്കുടി – അഗസ്‌ത്യ
മൂവാറ്റുപുഴ – ഐസക്‌
മാനന്തവാടി – വീണ
കാഞ്ഞങ്ങാട്‌ – വിനായക
കാസര്‍ഗോഡ്‌ – സമ്രാട്ട്‌
അടൂര്‍ – നയനം
തൊടുപുഴ – വിസ്‌മയ
ആലപ്പുഴ – റെയ്‌ബാന്‍ സിനിമ, പങ്കജ്‌
മലപ്പുറം – പത്മം
ഷൊര്‍ണൂര്‍ – ഗീത
കൊച്ചി – കോക്കേഴ്‌സ്‌
പാല – യൂണിവേഴ്‌സല്‍
തലയോലപ്പറമ്പ്‌ – പ്രഭൂസ്‌
കല്‌പറ്റ – അനന്തവീര
മഞ്ചേരി – നര്‍ത്തകി
ഷൊര്‍ണൂര്‍ – അനുരാഗ്‌
ചേര്‍ത്തല – ചിത്രാജ്ഞലി
ഇരിട്ടി – ന്യൂ ഇന്ത്യ

Posted in Featured, ഇന്നു മുതല്‍...Comments (2)

രാധ


രാധ
ചേട്ടത്തിയായ അംബിക മലയാളത്തിലും തമിഴിലും ഒരുപോലെ പേരെടുത്തെങ്കിലും രാധയ്‌ക്ക്‌ തമിഴില്‍മാത്രമേ പേരുണ്ടാക്കാനായുള്ളൂ. അംബികയും രാധയും അമ്മ കല്ലറ സരസമ്മയും ചേര്‍ന്ന്‌ എ.ആര്‍.എസ്‌. പ്രൊഡക്ഷന്‍സ്‌ എന്ന പേരില്‍ നിര്‍മിച്ച വേണുനാഗവള്ളിയുടെ അയിത്തം, പി.ജി.വിശ്വംഭരന്റെ ഇന്നത്തെ പ്രോഗ്രാം എന്നിവയാണ്‌ രാധയുടെ മലയാളചിത്രങ്ങള്‍. മമ്മൂട്ടിയുടെ നായികയാകണമെന്നു മോഹിച്ചിരുന്നെങ്കിലും നടന്നില്ല. ഇപ്പോള്‍ രാധയുടെ മകള്‍ ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ നായികയാകുകയാണ്‌. ഇനി മകള്‍ക്കു ചിലപ്പോള്‍ മമ്മൂട്ടിയുടെ നായികയാകാനായേക്കും. തന്നെക്കൊണ്ടൊക്കാത്തത്‌ മക്കളെക്കൊണ്ട്‌ എന്നാണല്ലോ ഒരു ചൊല്ല്‌.

Posted in പലരും പലതുംComments (0)

രാജാവിന്റെ മകനുമായി വീണ്ടും ആ ടീം


രാജീവിന്റെ മകന്‌ ഒരു രണ്ടാംഭാഗം സാദ്ധ്യമല്ലെന്ന്‌ ലാല്‍ ആരാധകര്‍ വിഷമിച്ചതിന്‌ പരിഹാരമാകുന്നു. വിന്‍സെന്റ്‌ ഗോമസ്‌ എന്ന ലാല്‍കഥാപാത്രം വെടിയേറ്റു മരിച്ചതുകൊണ്ടാണ്‌ ആ ചിത്രത്തിന്‌ രണ്ടാംഭാഗം സാദ്ധ്യമല്ലാതെ പോയത്‌. എന്നാല്‍, രാജാവിന്റെ മകന്‍ അതേ കഥ തന്നെ തന്നെ പുനരവതരിപ്പിക്കാന്‍ ആന്റണി പെരുമ്പാവൂര്‍ ശ്രമിക്കുന്നു. കഥയ്‌ക്ക്‌ കാലികമായ മാറ്റങ്ങള്‍ വരുത്തും. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സുരേഷ്‌ ഗോപിയുടെ ആദ്യറിലീസ്‌ ചിത്രമായ രാജാവിന്റെ മകന്‍ ലാലിനെ താരസിംഹാസനത്തില്‍ പ്രതിഷ്‌ഠിച്ച ചിത്രമാണ്‌.

Posted in സിനിമാ വാര്‍ത്തകള്‍Comments (0)

തിരിച്ചുവരവുകളുടെ കാലം



മലയാളസിനിമയിലിപ്പോള്‍ തിരിച്ചുവരവുകളുടെ കാലമാണ്‌. തിരിച്ചുവരുന്നതെല്ലാം പഴയകാലനായികമാരാണെന്നതാണ്‌ സവിശേഷത. ചില

Posted in ഫീച്ചറുകള്‍Comments (0)


Model of the Week