
അജിത്തിന്റെ അസ്സല്‍ ചരണ്‍ എന്ന സംവിധായകനാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനും നായകനടനും ചേര്‍ന്നാണ് ഈ അസ്സല്‍ കഥ ഉണ്ടാക്കിയിരിക്കുന്നത്. കഥ ഉണ്ടാക്കാന്‍ കഷ്‌ടപ്പെടേണ്ടിവന്നിട്ടില്ല. കാരണം, നമുക്കെല്ലാം അറിയാവുന്ന കഥ തന്നെ. സ്ഥലവും മറ്റും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിട്ടുണ്ടെന്നേയുള്ളൂ.
അച്ഛന്‍ അധോലോകരാജാവ്. അങ്ങേര്‍ക്ക് പെരിയവീട്ടില്‍ രണ്ടു പുത്രന്മാരും ചിന്നവീട്ടില്‍ ഒരു ചെറുക്കനും. ചിന്നവീട്ടിലെ ചെറുക്കനായും അച്ഛനായും അജിത്ത് നരച്ചും നരയ്‌ക്കാതെയും. നല്ലവന്‍ സ്വാഭാവികമായും ജാരസന്തതി. മറ്റേ പുത്രന്മാര്‍ അച്ഛനെ വകവരുത്തി സ്വത്തു കൈക്കലാക്കാന്‍ ശ്രമിക്കുന്നു. അവര്‍ ഒരു വന്‍ആയുധകള്ളക്കടത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്നു. അതുപാടില്ലെന്ന് ജാരക്കൊച്ചന്‍ പറയുന്നതൊന്നും അളിയന്മാര്‍ കേള്‍ക്കുന്നില്ല. അപ്പോള്‍ ആ ഇരുവരിലൊരുത്തനെ മറ്റൊരു ഭീകരഅധോലോകന്‍ തട്ടിക്കൊണ്ടുപോകുന്നു. അജിത് ദേഷ്യമെല്ലാം മറന്ന് അനിയനെ രക്ഷിക്കാനിറങ്ങുന്നു. രക്ഷിക്കുകയും ചെയ്യുന്നു എന്നു വേറേ പറയേണ്ടല്ലോ. രക്ഷിക്കുന്നതിന് ആശാന് ഒരു കണ്ടീഷന്‍ മാത്രം. അപ്പന്റെ ആഗ്രഹം പോലെ മൂന്നാളും ഒന്നിച്ചുനില്‍ക്കേണം. ആ കണ്ടീഷന്‍ തെറ്റിക്കുന്ന അസുരസന്തതികള്‍ അജിത്തിനെ വെടിവച്ച് വെള്ളത്തിലിടുന്നു. പണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രമായ കണ്ണാടി മൂസ (ഈ കഥാപാത്രത്തില്‍നിന്നാണ് സിബി – ഉദയന്‍ ടീം സി.ഐ.ഡി. മൂസയെ റാഞ്ചിയത്. അതും ഒറിജിനലിന്റെ പിതാവായ കണ്ണാടി വിശ്വനാഥന്‍ എന്ന പാവം മനുഷ്യനെപ്പറ്റി ഒരു പരാമര്‍ശം പോലുമില്ലാതെ) പറഞ്ഞതു പോലെ, ഹെലികോപ്‌ടറില്‍ നിന്ന് വീണത് പാറക്കല്ലില്‍ തലകുത്തിയായതു കൊണ്ടു രക്ഷപ്പെട്ടു. വെള്ളത്തിലെങ്ങാനുമായിരുന്നെങ്കില്‍ മുങ്ങിച്ചത്തേനേം….
അതേ, അജിത് വീണത് വെള്ളത്തിലായപ്പോഴേ പ്രേക്ഷകനറിയാമല്ലോ കക്ഷി ചാകൂല്ലെന്ന്. ചത്തതില്ലതാനും കേട്ടോ. ഇന്റര്‍വെല്ലിനുശേഷം അജിത്ത് രണ്ട് സല്‍സഹോദരന്മാരെയും അവരുടെ ദുര്‍ബുദ്ധിയുപദേശകനായ ശകുനിയമ്മാവനെയും തട്ടി വിജയം വരിക്കുന്നതാണ് അസ്സല്‍. ഇതിനിടയ്‌ക്ക് സമീറാറെഡ്ഡിയുടെയും ഭാവനയുടെയും രണ്ടു പെണ്‍കൊടിക്കഥാപാത്രങ്ങള്‍ അജിത്തിനെ റാകിപ്പറകുന്ന സൈഡ്‌ട്രാക്ക് വേറേ. അസ്സലിന്റെ പോസ്റ്ററുകള്‍ മുഴുവന്‍ അജിത് മയമായിരുന്നു. അതിനുപകരം സമീറയുടെയും ഭാവനയുടെയും ഡാന്‍സ് പോസ്റ്ററുകള്‍ നല്‌കിയിരുന്നെങ്കില്‍ ഈ ചിത്രം ഇതിലും നന്നായി വിജയിച്ചിരുന്നേനേ. കാരണം, കൊച്ചുനിക്കറുമിട്ട് രണ്ടാളും മാറിമാറി പാടിയാടുന്നുണ്ട്. അതും ഭാവന ഇത്രയും ചെറിയ കാച്ചട്ടയുമിട്ട് ഇതുവരെ വന്നിട്ടില്ലെന്നും തോന്നുന്നു. സാന്ദര്‍ഭികമായി പറയട്ടെ. ഒട്ടും സെക്‌സിയല്ലാത്ത ഭാവനയുടെ കൊച്ചുകാച്ചട്ടക്കരകാട്ടം അറുബോറായി. അത്യാവശ്യം നന്നായി അഭിനയിച്ചിരിന്ന ഭാവന ഈയടുത്തായിട്ട് പരമബോറായിട്ടാണ് അഭിനയിക്കുന്നതും. ഇത്തരം റോളുകള്‍ ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ ഭാവനയ്‌ക്കു വശമില്ല. സമീറ റെഡ്ഡി തന്റെ കഥാപാത്രത്തെ ബോളിവുഡ് പരിചയത്താല്‍ പുല്ലുപോലെ മനോഹരമാക്കിയതു ഭാവന കണ്ടുപഠിക്കട്ട. അജിത് ഒരു മോശം നടനാണെന്ന് അദ്ദേഹത്തിനൊഴികെ എല്ലാര്‍ക്കുമറിയാമെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍വേഷം ക്ഷീണവും വയ്യായ്‌കയും അഭിനയിക്കുന്നതുകാണുമ്പോള്‍ ചിരിയാണുവരിക.
തമിഴില്‍ എന്തോ മഹാവിപ്ലവം നടക്കുന്നു എന്നായിരുന്നല്ലോ എല്ലാവരും പറഞ്ഞിരുന്നത്. പരുത്തിവീരനും സുബ്രഹ്മണ്യപുരവും ഒക്കെ താരത്തെ കുത്തിക്കൊന്നെന്നോ തല്ലിക്കൊന്നെന്നോ ഒക്കെ. ഏതു വിപ്ലവവുംപോലെ ആ വിപ്ലവവും കഴിഞ്ഞെന്നുതോന്നുന്നു. വിപ്ലവം കഴിഞ്ഞാല്‍പ്പിന്നെ അനക്കമില്ലാത്ത ശാന്തതയും പിന്നെ പഴയതെല്ലാം കൂടുതല്‍ വൃത്തികെട്ട അവസ്ഥയില്‍ തിരിച്ചുവരികയുമാണല്ലോ പതിവ്. തമിഴ്‌സിനിമയിലെ വിപ്ലവവും അങ്ങനെ കലാശിച്ചെന്നുതോന്നുന്നു. തമിഴന്‍ പഴയതുപോലെയായി. നായ് നടുക്കടലിലെത്തിയാലും നക്കിയേ കുടിക്കൂ എന്നതുപോലെ, തമിഴന്‍ താഷ്‌കെന്റില്‍ച്ചെന്നാലും വടിപ്പയറ്റും കത്തിച്ചണ്ടയും കാച്ചട്ടഡാന്‍സും തന്നെ….





