ദ്രോണയല്ല, ദ്രോഹ; കൊടുംദ്രോഹ


ദ്രോണ എന്ന പേരില്‍ ഒരുചിത്രംകൂടി രണ്ടുമാസത്തിനിടെ കേരളക്കരയില്‍ ഇറങ്ങിയിരിക്കുന്നു. മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിച്ച ദ്രോണ 2010 എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടിയപാടേ വന്നിരിക്കുന്ന ഈ ചിത്രം തമിഴ്‌ ചിത്രമെന്ന ലേബലിലാണു വന്നിരിക്കുന്നതെങ്കിലും ഇത്‌ ആ പേരുപറഞ്ഞ്‌ തമിഴ്‌ സിനിമാപ്രിയരെ ആകര്‍ഷിച്ച്‌ വലയിലാക്കി പീഡിപ്പിക്കുന്ന ഒരു കന്നഡ ചിത്രമാണെന്ന്‌ ആദ്യം തന്നെ പറയട്ടെ. പ്രിയാമണിയുടെ ദേഹപ്രദര്‍ശനത്തിന്റെ മറവിലാണ്‌ ചിത്രം മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്‌. കന്നഡയിലെ ദ്രോണ എന്ന പേര്‌ തമിഴ്‌ എനക്കാ മണി ഉനക്കാ എന്നോ മറ്റോ ആക്കിയിട്ടുണ്ടെങ്കിലും പോസ്റ്ററുകളിലും ടൈറ്റിലിലും മറ്റും പേര്‌ ദ്രോണ എന്നുതന്നെ. ചിത്രത്തിന്റെ നിരൂപണം എഴുതാന്‍ ഇതെഴുതുന്ന ആള്‍ക്ക്‌ പാതി യോഗ്യതയേ ഉള്ളൂ എന്നുകൂടി തുറന്നുപറയട്ടെ. ആദ്യത്തെ ഒരുമണിക്കൂര്‍ നേരം ബലംപിടിച്ചിരുന്ന ഞാന്‍, അത്രയുമായപ്പോള്‍ ശേഷം സഹിച്ചിരുന്നാല്‍ തിയറ്ററില്‍നിന്നു പുറത്തിറങ്ങാന്‍ ആള്‍ ശേഷിക്കില്ലെന്നു തിരിച്ചറിഞ്ഞ്‌ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ട്‌ ആദ്യത്തെ നാല്‌പതുമിനിറ്റിന്റെ കഥ മാത്രം പറയാം. സത്യസന്ധനായ പോലീസ്‌ ഓഫീസറായ മുകേഷ്‌ ഋഷിയുടെ മകന്‍ ദ്രോണ കൂട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി കളിക്കളത്തിലെ വില്ലന്‍പയ്യന്‍മാരെ വിരട്ടാന്‍ അപ്പന്റെ തോക്കെടുത്തുകൊണ്ടുവന്നു ചൂണ്ടി അവരെ ഓടിക്കുന്നു. അതുകണ്ടുവന്ന മുകേഷേട്ടന്‍ പയ്യനെ അച്ചാലും മുച്ചാലും അടിക്കുന്നു. അതിനുശേഷം മാത്രമാണ്‌ തന്തപ്പിടി മനസ്സിലാക്കുന്നത്‌ പയ്യന്‍ ഉണ്ടയെടുത്ത്‌ ഇണ്ടത്തുവച്ചിട്ടാണ്‌ തുപ്പാക്കിയുമായി പോയിരുന്നതെന്ന്‌. പയ്യനെക്കണ്ട്‌ മാപ്പുപറയാന്‍ ഓടിയ അപ്പന്‍ മനസ്സിലാക്കുന്നു, പയ്യന്‍ നാടുവിട്ടിരിക്കുന്നു. അങ്ങനെ നാടുവിട്ട പയ്യന്‍ യുവാവായി, പെരുംകള്ളനായി തിരിച്ചെത്തുന്നു. ആ കള്ളനെ അപ്പന്‍ പോലീസ്‌ നോക്കിയിരിക്കുന്ന സമയത്ത്‌ പയ്യന്‍ മറ്റൊരു പേരില്‍ അപ്പനമ്മമാരുടെ സ്വന്തം വീട്ടില്‍ കയറിപ്പറ്റുന്നു. പയ്യനെ അവന്റെ മുറപ്പെണ്ണായ പ്രിയാമണി കയ്യില്‍ കുത്തിയ പച്ച കണ്ട്‌ തിരിച്ചറിയുന്നു. അപ്പോഴേക്കും പയ്യനെ തട്ടാന്‍ ഗുണ്ടാപ്പട വാടകയ്‌ക്ക്‌ അഞ്ചാറു ക്വാളിസും വിളിച്ച്‌ നഗരത്തിലെത്തുന്നു. അവന്‍ വില്ലന്മാരെയെല്ലാം തല്ലി കയ്യും കാലും ഒടിക്കുമ്പോള്‍ അപ്പനും അപ്പന്റെ പോലീസും വരുന്നു, പയ്യനെ കയ്യാമംവയ്‌ക്കുന്നു. അയ്യോ അതെന്തിന്‌ എന്നു ചോദിക്കുന്നിടത്ത്‌, പയ്യനാണ്‌ ഭൂലോകമോഷ്‌ടാവായ ഇന്നയാള്‍ എന്നു പറഞ്ഞ്‌ തള്ളയെ പോലീസപ്പന്‍ വിരട്ടി ഫ്രീസ്‌ ചെയ്യിക്കുന്നിടത്ത്‌ ഇന്റര്‍വെല്‍. ഇതിനിടെ പ്രിയാമണി ഒരു കാര്യവുമില്ലാതെ ബിക്കിനിയില്‍ വന്ന്‌ ഒരു പാട്ടും ഡാന്‍സുമുണ്ട്‌. അതിനുപുറമേ, കൊച്ചുകാച്ചട്ട, ഇരുവശവും കീറിത്തുന്നിയ പലവര്‍ണപ്പാവാടകള്‍ എന്നിങ്ങനെയുള്ള സുതാര്യവേഷങ്ങളില്‍ വേറേയും പാട്ടുകളും ആട്ടങ്ങളുമുണ്ട്‌. പയ്യന്‍ നൂറുമൈലിലോടുന്ന ബൈക്കില്‍ കിടന്നും ഇരുന്നും നടന്നും ഉറങ്ങിയും മറ്റും പോലീസ്‌ വാനുകള്‍, ബൈക്കുകള്‍… എന്നുവേണ്ട, ഹെലികോപ്‌ടര്‍ വരെ വെടിവച്ചിടുന്ന മാരകപ്രകടനം വേറേയും. തെന്നിന്ത്യന്‍ സിനിമാവ്യവസായമേഖലകളില്‍ കമേഴ്‌സ്യല്‍ സിനിമ എന്ന വിഭാഗത്തില്‍ ഇന്നും അമച്വറായിത്തുടരുന്ന ഒന്നാണ്‌ കന്നഡ ഫിലിം ഇന്‍ഡസ്‌ട്രി. ഗിരീഷ്‌ കര്‍ണാഡ്‌, ഗിരീഷ്‌ കാസറവള്ളി, ബി.വി.കാരന്ത്‌, കെ.വി ലങ്കേഷ്‌, കവിതാ ലങ്കേഷ്‌ എന്നിങ്ങനെ ഒരു മികച്ച ധാര അവിടെയുണ്ട്‌. ഇന്ത്യയിലെ ഏതു മികച്ച സിനിമപ്രവര്‍ത്തകരുടെയും ഒപ്പം നില്‍ക്കുന്ന പ്രതിഭകള്‍. എന്നാലും കച്ചവടസിനിമയില്‍ കന്നഡം ഇന്നും എണ്‍പതുകള്‍ക്കു മുന്നിലെ മലയാളത്തിന്റെ അവസ്ഥയിലും മോശം. ഒരു കാര്യം പ്രേക്ഷകര്‍ ശ്രദ്ധിക്കുക. കന്നഡ കച്ചവട സിനിമ. അതു പലരൂപത്തിലും വരാം. തമിഴ്‌ ഡബ്ബിംഗിലോ മലയാളംപേരിലോ പ്രിയാമണിയുടെ ബിക്കിനിയുടെ രൂപത്തിലോ അങ്ങനെ ഏതുവിധത്തിലും അതുവരാം. സൂക്ഷിക്കേണ്ടതു നമ്മളാണ്‌. എന്തെന്നാല്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. പോസ്റ്റ്‌ സ്‌ക്രിപ്‌റ്റ്‌ – പിന്നെ പ്രിയാമണിയുടെ ബിക്കിനി കാണണമെന്നാണെങ്കില്‍ അതിന്‌ ഈ പറട്ടച്ചിത്രം പൈസയുംകൊടുത്ത്‌ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ സഹിക്കണമെന്നില്ല. യൂട്യൂബുവഴി ഒന്നെത്തിനോക്കിയാല്‍ കാണാനാകും ഈ ദേശീയഅവാര്‍ഡ്‌ ബിക്കിനിഷോ…

This post was written by:

anvar - who has written 153 posts on Malayalam Vibetalkies.


Contact the author

Leave a Reply

Model of the Week