Archive | ലേഖനങ്ങള്‍

പാട്ടിന്റെ പുത്തന്‍ പൂക്കാലം കഴിഞ്ഞു…


പാട്ടിന്റെ പുത്തന്‍ പൂക്കാലമായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. രണ്ടു പതിറ്റാണ്ടിലേറെക്കാലം മലയാളസിനിമയില്‍ ഭാവസൗരഭ്യം പരത്തിയ ആ പൂക്കാലത്തിന്‌ ആകസ്‌മികമായ അന്ത്യമായി. നീലഭസ്‌മക്കുറിയണിഞ്ഞ ആ നിലാവൊളി മാഞ്ഞു. കിനാവിന്റെ പടികടന്നെത്തിയ ആ പദനിസ്വനം ഇനി കേള്‍ക്കില്ല മലയാളി.
എണ്‍പതുകളുടെ രണ്ടാംപാതിയിലാണ്‌ ഗിരീഷ്‌ പുത്തഞ്ചേരി മലയാളസിനിമാലോകത്തേക്കു കടന്നെത്തുന്നത്‌. എഴുത്തച്ഛന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുവരെയുള്ള കവികളെ നന്നായി വായിച്ചതിന്റെ വാസനാബലത്തിലാണ്‌ പുത്തഞ്ചേരി നാടകങ്ങള്‍ക്കും പാട്ടെഴുതിയും കവിതയെഴുതിയും വാക്കിന്റെ ലോകത്തേക്കുവരുന്നത്‌. മനോഹരമായ ഡിക്ഷന്‍ കൈമുതലായുണ്ടായിരുന്നെങ്കിലും സിനിമാപ്രവേശം സുസാദ്ധ്യമായിരുന്നില്ല. സിനിമ എന്ന മായികലോകം അതിന്റെ എല്ലാ ഭാവവുംകാട്ടി പുത്തഞ്ചേരിയെ വിളിച്ചുകൊണ്ടിരുന്നു. തന്നെ മദിരാശിയിലേക്കു യാത്രയാക്കാന്‍ വരികയും എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്‌ത ഗിരീഷ്‌ എന്ന ചെറുപ്പക്കാരനെക്കുറിച്ച്‌, തന്റെ ഓര്‍മക്കുറിപ്പുകളില്‍ മുന്‍കാല തിരക്കഥാകൃത്ത്‌ ശാരംഗപാണി ഓര്‍മിക്കുന്നുണ്ട്‌. തന്നെ സിനിമാഗാനരചയിതാവാകാന്‍ സഹായിക്കണമെന്നതായിരുന്നു ഗിരീഷിന്റെ അഭ്യര്‍ത്ഥന. തനിക്ക്‌ അക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വപ്രതിഭ ഗിരീഷിനെ എത്രയോ ഉയരത്തിലെത്തിച്ചതായും ശാരംഗപാണി എഴുതുന്നു.
ശരിക്കും കഷ്‌ടപ്പെട്ടിട്ടുണ്ട്‌ പുത്തഞ്ചേരി, ഒരു തുടക്കത്തിനായി. എന്‍ക്വയറി എന്ന ചിത്രമാണ്‌ ആദ്യമായി ഗിരീഷിന്റെ ഗാനത്തിന്റെ സുന്ദരഭാവങ്ങള്‍ എടുത്തണിഞ്ഞത്‌. ചിത്രം ശ്രദ്ധിക്കപ്പെടാതെ വന്നതോടെ പാട്ടെഴുത്തുകാരനും ഗുണംകിട്ടാതെ പോയി. തുടര്‍ന്ന്‌, പാട്ടെഴുതാനുള്ള മോഹത്തില്‍ ഒരു തിരക്കഥാരചന വരെ ഭരമേല്‌ക്കുകയുണ്ടായി പുത്തഞ്ചേരി. രണ്ടാമത്തെ ചിത്രം അങ്ങനെ പുറത്തുവന്നു. ബ്രഹ്മരക്ഷസ്സ്‌. അക്കാലത്ത്‌ പൈങ്കിളിവാരികകളില്‍ മാന്ത്രികനോവലുകള്‍ വിളയുന്ന കാലമായിരുന്നു. അങ്ങനെയുണ്ടായ നോവലാണ്‌ കോട്ടയം പുഷ്‌പനാഥിന്റെ ബ്രഹ്മരക്ഷസ്സ്‌. മൈല്‍ഡ്‌ പോര്‍ണോ ചിത്രങ്ങളുടെ വസന്തവുമായിരുന്നു അക്കാലത്ത്‌ മലയാളസിനിമയില്‍. ആദ്യപാപവും ലയനവും തുടങ്ങിവച്ച ട്രെന്‍ഡ്‌. ആ ട്രെന്‍ഡില്‍ വന്നൊരു സിനിമയായിരുന്നു അത്‌. ബ്രഹ്മരക്ഷസ്സിനു പാട്ടും തിരക്കഥയും എഴുതി പുത്തഞ്ചേരി. സത്യത്തില്‍ പാട്ടെഴുതാനുള്ള ഒരു അതിസാഹസം. വിജയന്‍ കരോട്ടായിരുന്നു സംവിധായകന്‍. ആ ചിത്രവും ശ്രദ്ധ നേടാതെ വന്നതോടെ പാട്ടെഴുത്തില്‍ തിരക്കിലാകാനുള്ള മോഹം ഒന്നു തളര്‍ന്നു. ഹരിദാസിന്റെ ജോര്‍ജൂട്ടി കെയറോഫ്‌ ജോര്‍ജൂട്ടിയില്‍ തിരക്കഥയെഴുതാനാണ്‌ ഗിരീഷിനെ ആദ്യം നോക്കിയതെങ്കിലും തനിക്കതു പറ്റുന്നില്ലെന്നു പറഞ്ഞൊഴിഞ്ഞ ഗിരീഷ്‌ പുത്തഞ്ചേരിക്ക്‌ ആ പടത്തിലെ പാട്ടെഴുത്‌ കിട്ടി. ഒപ്പം ജീവിതം മാറ്റിമറിച്ചൊരു സുഹൃത്തിനെയും. അതു മറ്റാരുമല്ല, ആ ചിത്രത്തിന്റെ രചന നിര്‍വഹിച്ച രഞ്‌ജിത്‌.
ആ ചിത്രത്തില്‍ രണ്ടു പാട്ടുകള്‍. രണ്ടും പുതിയൊരു ഭാവുകത്വത്തിന്റെ വരവറിയിച്ചു. തന്റെ സിനിമാകാത്തിരിപ്പുകഥകൂടി അറിയാതെ സൂചിപ്പിക്കുന്നുണ്ട്‌ അതിലെ ഹിറ്റുഗാനത്തിന്റെ വരികളില്‍ പുത്തഞ്ചേരി. ഒരു പൊന്‍കിനാവിലേതോ കിളിപാടും കളഗാനം… നറുവെണ്ണിലാവിലീറന്‍മിഴിചാര്‍ത്തും ലയഭാവം… ചിരകാലമെന്റെയുള്ളില്‍ വിരിയാതിരുന്ന പൂവേ… നിന്‍പരിഭവംപോലുമെന്നില്‍…. സ്വയം വരും കവിതയായ്‌… ഇതായിരുന്നു ആ വരികള്‍. ജോണ്‍സണായിരിന്നു സംഗീതം. ചിത്രം വിജയിച്ചു. തിരക്കഥാകാരന്‍ രഞ്‌ജിത്തിനും നടന്‍ ജയറാമിനും ആ വിജയം ഗുണമേകിയെങ്കിലും ഗാനരചയിതാവിന്‌ അത്‌ വലിയ അവസരങ്ങളുടെ വാതില്‍ തുറന്നില്ല. താന്‍ തിരക്കഥയെഴുതുന്ന ചിത്രങ്ങളില്‍ രഞ്‌ജിത്‌ പുതിയ ഗാനരചയിതാവിനെ ശുപാര്‍ശ ചെയ്യാന്‍ മറന്നില്ല. പക്ഷേ, പലരും അതു വിശ്വാസത്തിലെടുത്തില്ല. ഒടുവില്‍ സംവിധായകന്‍ ജയരാജാണ്‌ രഞ്‌ജിത്തിനെ വാക്കുകേട്ടത്‌. അങ്ങനെ പുത്തഞ്ചേരിയുടെ ആദ്യത്തെ സൂപ്പര്‍താരസംഗമം. മമ്മൂട്ടിയുടെ ജോണിവാക്കറില്‍. ആ ചിത്രത്തിലെ ശാന്തമീരാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ… എന്നപാട്ട്‌ സൂപ്പര്‍ഹിറ്റായി. എസ്‌.പി.വെങ്കിടേഷായിരുന്ന സംഗീതം. പില്‍ക്കാലത്ത്‌ വന്‍സംഭവമായിമാറിയ പ്രഭുദേവയായിരുന്നു ആ പാട്ടിന്‌ കോറിയോഗ്രഫി നിര്‍വഹിച്ചത്‌. പുതിയ ഗാനരചയിതാവ്‌ ശ്രദ്ധേയനായി. പിന്നെ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല ഗിരീഷ്‌ പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്‌. രഞ്‌ജിത്ത്‌ തിരക്കഥയെഴുതിയ, സംവിധാനം ചെയ്‌ത ചിത്രങ്ങളില്‍ ഗിരീഷിന്റെ ഏറ്റവും നല്ല ഗാനങ്ങള്‍ പിറന്നു എന്നതും യാദൃച്ഛികം. ദേവാസുരത്തിലെ സൂര്യകിരീടം, ആറാം തമ്പുരാനിലെയും നരസിംഹത്തിലെയും നന്ദനത്തിലെയും മറ്റും പാട്ടുകള്‍ സമ്മര്‍ ഇന്‍ ബേദ്‌ലഹേമിലെയും കൃഷ്‌ണഗുഡിയിലെയും പാട്ടുകള്‍…
മലയാളി മറക്കാതെപാടുന്ന അനേകം ഗാനങ്ങള്‍ പുത്തഞ്ചേരിയില്‍നിന്നു വന്നു.
എളുപ്പവഴിയിലൂടെയല്ല ഗിരീഷ്‌ പുത്തഞ്ചേരി ഈ രംഗത്തു നിലയുറപ്പിച്ചത്‌. എണ്‍പതുകളുടെ അവസാനത്തില്‍ പുത്തഞ്ചേരി കടന്നുവരുമ്പോള്‍ ഗാനരചനാരംഗം വളരെ സജീവമായ ചില സാന്നിദ്ധ്യങ്ങളാല്‍ സമ്പന്നമായിരുന്നു. കിലുകില്‍പമ്പരവും മറ്റുമെഴുതി ബിച്ചുതിരുമല സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്നു. പുതിയൊരു കാവ്യപാരമ്പര്യത്തിന്റെ കണ്ണിയുമായെത്തിയ കൈതപ്രം ജോണ്‍സണുമായി ഹിറ്റുജോഡി സൃഷ്‌ടിച്ചുവിലസുന്നു. ഒ.എന്‍.വി. പത്മപ്രഭചൊരിയുന്ന കാവ്യതേജസുമായി ഉയര്‍ന്നുനില്‌ക്കുന്നു. തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ നേടുന്നു. മെയ്‌മാസപ്പുലരിയും മറ്റുമെഴുതി പി.ഭാസ്‌കരനും തൂവാനത്തുമ്പികളും മൂന്നാംപക്കവുമെഴുതി ശ്രീകുമാരന്‍ തമ്പിയും പഴയ തലമുറ തളര്‍ന്നിട്ടില്ലെന്നു തെളിയിച്ചുനില്‌ക്കുന്നു. ഇതിനിടെ പാവക്കൂത്തുപോലുള്ള മനോഹരഗാനങ്ങളുമായ കെ.ജയകുമാര്‍, നീലഗിരിയിലെയും സസ്‌നേഹത്തിലെയും സുന്ദരവരികളുമായി പി.കെ.ഗോപി, എം.ഡി.രാജേന്ദ്രന്‍ തുടങ്ങിയ പുതുതലമുറ ഒരു വിജയപാതയ്‌ക്കായി ശ്രമിക്കുന്നു. ദശരഥത്തിലെ പാട്ടുമായി പൂവച്ചല്‍ ഖാദറും തിളങ്ങിനില്‌ക്കുന്നു. എന്റെ പൊന്നുതമ്പുരാനിലെ സുഭഗേയും മാഘമാസവുമായി തുടക്കം കുറിച്ച വയലാറിന്റെ പൊന്നോമനപ്പുത്രന്‍ ശരത്‌ചന്ദ്രവര്‍മയും ഒരു തുടര്‍ച്ച സ്വപ്‌നംകാണുന്നു. ധ്വനിയിലെ മുഴങ്ങുന്ന പാട്ടുകളുമായ യൂസഫലി കേച്ചേരിയും സാന്നിദ്ധ്യമറിയിച്ചുനില്‌ക്കുന്നു. ഇത്രയും വലിയ ട്രാഫിക്കിലൂടെയാണ്‌ സത്യത്തില്‍ എഴുത്തിലെ തെളിമകൊണ്ടുമാത്രം ഗിരീഷ്‌ പുത്തഞ്ചേരി പിടിച്ചുകയറിയത്‌. പുതിയ ഭാഷയും പുതിയ ശൈലിയും പുതിയ ഭാവുകത്വവും തന്നെയായിരുന്നു പുത്തഞ്ചേരിയുടെ ഗാനങ്ങളെ നവാനുഭവമാക്കിമാറ്റിയത്‌.
തുടക്കംതൊട്ടുതന്നെ വിമര്‍ശങ്ങളും പുത്തഞ്ചേരിയുടെ പാതയില്‍ വിഘാതം സൃഷ്‌ടിച്ചിരുന്നു. ആദ്യത്തെ ഹിറ്റുഗാനമായ ശാന്തമീരാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ എന്ന പാട്ടിനെ വാദ്യഘോഷങ്ങളേ കൊണ്ടുവരാനാകൂ, ആദികള്‍ കൊണ്ടുവരാനാവില്ലെന്നുപറഞ്ഞാണ്‌ വിമര്‍ശകര്‍ എതിരേറ്റത്‌. ബ്രേക്ക്‌ത്രൂ ആയ സൂര്യകിരീടം വീണുടഞ്ഞുവിലെ ഇനിയൊരു ജന്മം വീണ്ടും തരുമോ എന്നതും ശൈലീഭംഗമെന്ന വിമര്‍ശത്തിനിരയായി. ഇനിയും, വീണ്ടും എന്ന ആവര്‍ത്തനമാണ്‌ വിമര്‍ശകരെ ചൊടിപ്പിച്ചത്‌. ചന്ദ്രലേഖയിലെ ഒന്നാംവട്ടംകണ്ടപ്പോഴത്തെ കിണ്ണാണ്ടവും മിന്നാരത്തിലെ പുന്നാരംകിന്നാരം ചിരിച്ചുകൊഞ്ചുന്ന പോലുള്ള പാട്ടുകളും വിമര്‍ശിക്കപ്പെട്ടു. പക്ഷേ, ഇതെല്ലാം സിനിമയുടെ രസതന്ത്രത്തില്‍ പെടുന്നതാണെന്നു വ്യക്തമായറിയാവുന്ന പുത്തഞ്ചേരി വിമര്‍ശങ്ങളെ മികച്ച രചനകള്‍ കൊണ്ടാണു കീഴടക്കിയത്‌. വരമഞ്ഞളാടിയ രാവിന്റെ മാറിലും (പ്രണയവര്‍ണ്ണങ്ങള്‍) പിന്നെയും പിന്നെയും ആരോ കിനാവിന്റെയും (കൃഷ്‌ണഗുഡി) നിലാവിന്റെ നീലഭസ്‌മക്കുറിയും (അഗ്നിദേവന്‍) മച്ചകത്തമ്മയും (ചിന്താവിഷ്‌ടയായ ശ്യാമള) പാടീ, തൊടിയിലേതോയും (ആറാംതമ്പുരാന്‍) തങ്കത്തിളക്കമുള്ള രചനകളായി.
ഏതുതരം പാട്ടിനും വഴങ്ങുന്ന വരികളും വാക്കുകളും മനസ്സില്‍ക്കൊണ്ടുനടന്ന, ശബ്‌ദതാരാവലിയായിരുന്നു പുത്തഞ്ചേരിയുടെ മനസ്സ്‌. ഹരിമുരളീരവം പോലെയൊരു പാട്ടെഴുതാന്‍ അഞ്ചുനിമിഷമേ വേണ്ടിവന്നുള്ളൂ എന്നത്‌ വിസ്‌മയകരമായ ആ സത്യത്തിന്‌ അടിവരയിടുന്നു. ഭാരതീയവും കേരളീയവുമായ കാവ്യപാരമ്പര്യത്തിന്റെ നേരവകാശിയായ ഗാനരചയിതാവുതന്നെയായിരുന്നു അദ്ദേഹം. കേരളീയമായ പ്രതീകങ്ങളും ബിംബങ്ങളും നിറഞ്ഞ ശുദ്ധവും ലളിതവുമായ ആ ശൈലി അനന്യമാണെന്ന്‌ ഈ പുഴയുംകടന്നിലെ നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മമാത്രം അളക്കുന്നു പോലെയുള്ള വരികള്‍ തെളിവാണ്‌.
പുത്തഞ്ചേരിയെക്കുറിച്ചുള്ള ഈ കുറിപ്പ്‌ ചില കൗതുകങ്ങളും കൂടി പങ്കുവയ്‌ക്കാതെ അവസാനിപ്പിക്കാനാവില്ല. തിരക്കഥാകൃത്തുകൂടിയായ അപൂര്‍വം ഗാനരചയിതാക്കളിലൊരാളാണ്‌ ഗിരീഷ്‌ പുത്തഞ്ചേരി. അദ്ദേഹം തുടക്കകാലത്ത്‌ ബ്രഹ്മരക്ഷസ്സിനു തിരക്കഥയെഴുതി. പിന്നെ, വര്‍ഷങ്ങള്‍ക്കുശേഷം മേലേപ്പറമ്പില്‍ ആണ്‍വീടിനു കഥയെഴുതി. കിന്നരിപ്പുഴയോരത്തിന്‌ പ്രിയദര്‍ശന്റെ കഥയ്‌ക്കു തിരക്കഥയും സംഭാഷണവും രചിച്ചു. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണനും മോഹന്‍ലാല്‍ നായകനായ വടക്കുന്നാഥനും കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. ഒരു ചിത്രം രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. വടക്കുന്നാഥന്റെ തിരക്കഥ പുസ്‌തകമായിട്ടുണ്ട്‌.
എ.ആര്‍.റഹ്‌മാന്റെ ഈണത്തില്‍ മണിരത്‌നം ദില്‍സേ എന്ന ചിത്രത്തില്‍ ദിയാജലേ എന്ന പാട്ടൊരുക്കിയപ്പോള്‍ അതില്‍ അല്‌പം മലയാളം വരികളുള്ളത്‌ എഴുതാന്‍ ഗിരീഷ്‌ പുത്തഞ്ചേരിയെയാണു വിളിച്ചത്‌. അതിലെ കുക്കുരുകുരുകുരു…. എന്ന വരികള്‍ ഗിരീഷിന്റേതാണ്‌. മറ്റു ഗാനരചയിതാക്കളെ പ്രത്സാഹിപ്പിക്കാന്‍ അദ്ദേഹം മടികാട്ടിയിട്ടില്ല. സര്‍ക്കാര്‍ ദാദയിലെ ഒരു ഈണംകേട്ടിട്ട്‌ ഇതെഴുതാന്‍ തന്നേക്കാള്‍ യോഗ്യന്‍ ബീയാര്‍ പ്രസാദാണെന്നു ശുപാര്‍ശ ചെയ്‌തു, പുത്തഞ്ചേരി. അങ്ങനെ ആ പാട്ട്‌ ബീയാര്‍ പ്രസാദാണ്‌ എഴുതിയത്‌. അതുപോലെ, മറ്റൊരു ഗാനരചയിതാവ്‌ പകര്‍ന്ന ഈണത്തില്‍ വാക്കുകള്‍ പകര്‍ന്ന ഭാഗ്യവും പുത്തഞ്ചേരിക്കുണ്ട്‌. കൈക്കുടന്നനിലാവിനുവേണ്ടി കൈതപ്രം ഈണവും പുത്തഞ്ചേരി രചനയും നിര്‍വഹിച്ചതാണ്‌ അങ്ങനൊരു അപൂര്‍വകൂട്ടുകെട്ടിനു വഴിതെളിച്ചത്‌.
മലയാളസിനിമയ്‌ക്ക്‌ ഇത്‌ ശോകകാലമാണ്‌. വിയോഗകാലം. മഹാപ്രതിഭകളുടെ വിയോഗം നികത്താനാവാത്ത വിടവ്‌ അക്ഷരാര്‍ത്ഥത്തില്‍ സൃഷ്‌ടിക്കുകയാണ്‌. വലംകൈയാല്‍ ഗംഗേയും ഹരിമുരളിരവവും ഇടങ്കയ്യാല്‍ ഒന്നാംവട്ടം കണ്ടപ്പോഴും ബുദ്ധിയാല്‍ അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയും ഹൃദയം കൊണ്ട്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെയും ഒക്കെ എഴുതാന്‍ കഴിവുള്ള മറ്റൊരു ഗിരീഷ്‌ പുത്തഞ്ചേരി ഇനിയുണ്ടാവില്ല. പാട്ടെഴുത്തില്‍ വിലാസലോലുപമായ ആ തൂലിക ഇനിയില്ല. ഒരേസമയം ധൂര്‍ത്തനും പിശുക്കനുമായിരുന്ന ആ വാഗ്‌സമര്‍ത്ഥന്‍ ഇനി ഒരുപാട്ടും കുറിക്കില്ല.
അന്‍വര്‍ അബ്‌ദുള്ള

Posted in ലേഖനങ്ങള്‍0 Comments

മരണത്തിനു മായ്‌ക്കാനാകാത്ത മന്ദഹാസം


വര്‍ത്തമാനകാല മലയാളസിനിമയില്‍ സജീവമായിരുന്നവരില്‍ പ്രായംകൊണ്ടല്ലെങ്കിലും അനുഭവംകൊണ്ട്‌ ഏറ്റവും സീനിയറായിരുന്നു കൊച്ചിന്‍ ഹനീഫ. ഇന്നത്തെ മിക്കവാറും എല്ലാ പ്രശസ്‌തനടീനടന്മാരേക്കാളും സംവിധായകരേക്കാളും സാങ്കേതികപ്രവര്‍ത്തകരെക്കാളും നേരത്തേ സിനിമയില്‍ പ്രവേശിച്ചയാളാണു കൊച്ചിന്‍ ഹനീഫ. കെ.പി.എ.സി. ലളിതയെയും പറവൂര്‍ ഭരതനെയും ജഗതി ശ്രീകുമാറിനെയും ഐ.വി.ശശിയെയും പോലെ അപൂര്‍വം പേരേ ഹനീഫയോടൊപ്പമോ അതിലധികമോ ചലച്ചിത്രാനുഭവമുള്ളവരായി കാണുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒറ്റയാനായി ബാക്കിയുണ്ടായിരുന്ന, അഭിനയത്തിന്റെ ഒരു തലമുറയുടെ അവസാനകണ്ണിയാണു വിടപറഞ്ഞതെന്നുതന്നെ പറയേണ്ടിവരും.
എഴുപതുകളുടെ രണ്ടാംപാതിയില്‍, അതായത്‌, എണ്‍പതുകളുടെ തുടക്കത്തോടെ ഇന്നത്തെ മലയാള സിനിമാലോകം പിറവിയെടുക്കുന്നതിനു മുന്‍പുതന്നെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്കു കൊച്ചിന്‍ ഹനീഫ കടന്നുവന്നു. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും മലയാളസിനിമ നടനരംഗത്തും സാങ്കേതികരംഗത്തും മാറ്റങ്ങള്‍ക്കു വശംവദമാകുന്ന വേളയില്‍ രണ്ടു രംഗത്തും സാന്നിദ്ധ്യമായിരുന്നു, ഹനീഫ.
ജോഷിയുമായുണ്ടായ മനപ്പൊരുത്തമാണ്‌ ഹനീഫ എന്ന നടനെയും എഴുത്തുകാരനെയും സംവിധായകനെയും വളര്‍ത്തിയതെന്നു പറയാം. ഇതിഹാസം മുതല്‍ സന്ദര്‍ഭം വരെയുള്ള സിനിമകള്‍ക്ക്‌ രചനാ-സംവിധാനപങ്കാളിത്തമായ ഈ കൂട്ടുകെട്ട്‌ അന്നത്തെ ശക്തമായ ടീമായിരുന്നു. ജയന്‍ നായകനായ മൂര്‍ഖനില്‍ മുഴുനീളവും തത്തുല്യവുമായ വേഷമഭിനയിക്കാന്‍ ജോഷി കൊച്ചിന്‍ ഹനീഫയ്‌ക്കു നല്‌കിയ അവസരമാണ്‌ നടനെന്ന നിലയില്‍ അദ്ദേഹത്തെ വളര്‍ത്തിയത്‌. തുടര്‍ന്ന്‌ വില്ലന്‍വേഷങ്ങളാണ്‌ കൊച്ചിന്‍ ഹനീഫ കൂടുതലും കൈകാര്യം ചെയ്‌തിരുന്നത്‌. താന്‍തന്നെ സംവിധാനം ചെയ്‌ത മൂന്നുമാസങ്ങള്‍ക്കുമുന്‍പിലെ വില്ലന്‍വേഷം അക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു. സ്‌ത്രീപ്രേക്ഷകര്‍ക്ക്‌ വെറുപ്പുതോന്നുന്ന, അതിക്രൂരനായ വില്ലനായാണ്‌ അക്കാലത്ത്‌ അദ്ദേഹം അഭിനയിച്ചിരുന്നത്‌.
കുടുംബസിനിമകള്‍ക്കാണ്‌ അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ചത്‌. എണ്‍പതുകളുടെ അവസാനം ലോഹിതദാസിന്റെ രചനയില്‍ വാത്സല്യം എന്ന ചിത്രം ചെയ്‌തതോടെ അദ്ദേഹം സംവിധാനവും അവസാനിപ്പിച്ചു. അതിനു മുന്‍പുതന്നെ തമിഴിലും തൊഴില്‍ അഭിനയം മാത്രമാക്കിയിരുന്നു. മലയാളത്തില്‍ താന്‍ ചെയ്‌ത ചിത്രങ്ങള്‍ തന്നെയാണ്‌ പാടാത തേനികളായും പാശപറവൈകളായും മറ്റും അദ്ദേഹം തമിഴില്‍ ചെയ്‌തത്‌. അവയ്‌ക്ക്‌ തിരക്കഥ രചിച്ചത്‌ ശക്തനായ കരുണാനിധിയായിരുന്നു.
അഭിനയകാര്യത്തില്‍ അദ്ദേഹത്തിന്‌ ശക്തമായ പിന്തുണ നല്‌കിയിരുന്നത്‌ രണ്ടു സംവിധായകരാണ്‌. പ്രിയദര്‍ശനും ജോഷിയും. ജോഷി അദ്ദേഹത്തിലെ വില്ലനിസത്തെ ഉപയോഗപ്പെടുത്തിയപ്പോള്‍ പ്രിയന്‍ ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്യാനുള്ള പ്രാഗത്ഭ്യത്തെയാണ്‌ ഉപയോഗപ്പെടുത്തിയത്‌. രാക്കുയിലിന്‍ രാഗസദസ്സില്‍ പോലെയുള്ള ചിത്രങ്ങളില്‍ പ്രിയന്‍ ക്യാരക്‌ടര്‍ വേഷം നല്‌കി.
അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ മാറ്റം വരുത്തിയ ലോഹിതദാസ്‌ – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ഹൈദ്രോസ്‌ എന്ന കഥാപാത്രമാണ്‌. കിരീടത്തിലല്ല, ചെങ്കോലില്‍ ആ ഹൈദ്രോസ്‌ നടത്തിയ പ്രകടനമാണ്‌ ഹനീഫയിലെ ഹാസ്യനടനെ രംഗത്തവതരിപ്പിച്ചത്‌. തുടര്‍ന്ന്‌ മാന്നാര്‍ മത്തായി സ്‌പീക്കിംഗിലെ എല്‍ദോസ്‌ എന്ന കഥാപാത്രവും വന്നു. തുടര്‍ന്ന്‌ കൊച്ചിന്‍ ഹനീഫ അല്‌പം ടൈപ്പു ചെയ്യപ്പെടുകയുണ്ടായി. എല്ലാ സിനിമകളിലും മാന്നാര്‍ മത്തായിയിലെപ്പോലെ ഒരു ഓട്ടം നിര്‍ബന്ധമായിത്തീര്‍ന്നു. അപ്പോഴും തമിഴ്‌സിനിമകളില്‍ അദ്ദേഹം വ്യത്യസ്‌ത്യങ്ങളായി വേഷങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. മഹാനദി എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ വില്ലന്‍വേഷമാണ്‌ അദ്ദേഹത്തെ തമിഴില്‍ പ്രശസ്‌തനാക്കിയത്‌.
തമാശവേഷങ്ങളില്‍, പലപ്പോഴും വിഡ്‌ഢിവേഷങ്ങളില്‍ അഭിനയിക്കുമ്പോഴും, ജോഷി അദ്ദേഹത്തിന്‌ വ്യത്യസ്‌തങ്ങളായ വില്ലന്‍വേഷങ്ങളാണു നല്‌കിയിരുന്നത്‌. ദുബായ്‌യിലെ വില്ലന്‍ അതിനൊരുദാഹരണമാണ്‌. തമാശനടനെന്ന മുദ്രകുത്തപ്പെട്ടിരിക്കുമ്പോഴാണ്‌ രക്തക്കറ പുരണ്ട ചിരിയുമായി ആ ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ തകര്‍ത്താടിയത്‌.
സൗഹൃദങ്ങളുടെ തമ്പുരാനായിരുന്നു ഹനീഫ. പരിചയപ്പെട്ട ഒരാളെപ്പോലും അദ്ദേഹം പിരിഞ്ഞിട്ടില്ല. എല്ലാവരും വലിയ ആളുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്‌, കമല്‍ഹാസന്‍, പ്രിയദര്‍ശന്‍, ജോഷി, കരുണാനിധി, ശിവാജി ഗണേശന്‍… അദ്ദേഹത്തിന്റെ സുഹൃദ്‌നിരയില്‍ താരങ്ങള്‍ അനേകരാണ്‌. മലയാളത്തിലെ മിക്ക വന്‍താരങ്ങളുടെയും വളര്‍ച്ച അടുത്തുനിന്നു നോക്കിക്കണ്ട ആളാണു ഹനീഫ. അപ്പോഴും 1980ല്‍ സ്‌ഫോടനത്തിന്റെ സെറ്റില്‍ വച്ച്‌ മമ്മൂട്ടിയെന്ന പുതിയ താരത്തിനോട്‌ അനുഭാവപൂര്‍വം സംസാരിച്ച മനുഷ്യസ്‌നേഹി അദ്ദേഹത്തില്‍നിന്നു മാഞ്ഞിരുന്നില്ല.
വില്ലനായിരിക്കുമ്പോഴും വിഡ്‌ഢിവേഷം കെട്ടുമ്പോഴുമെല്ലാം അദ്ദേഹത്തില്‍ ഒരു ചിരി ഉണ്ടായിരുന്നു. ചിലപ്പോള്‍ ക്രൂരഹാസം; ചിലപ്പോള്‍ വിഡ്‌ഢിച്ചിരി. സിനിമയ്‌ക്കു പുറത്തുവച്ചുള്ള എല്ലാ ഫോട്ടോകളിലും അദ്ദേഹത്തില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായ മന്ദഹാസം ഉണ്ടായിരുന്നു. നന്മയുള്ള ഒരു മന്ദഹാസം. ആ മന്ദഹാസത്തെ മായ്‌ക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ മരണം ദുര്‍ബലമാണ്‌.

Posted in ലേഖനങ്ങള്‍0 Comments

red little flowers – chinees film

ഇത്തിരിപ്പൂവ്‌, ചെമന്ന കണ്ണുവെട്ടിച്ച്‌ കിന്റര്‍ ഗാര്‍ട്ടന്റെ പുറത്തേക്ക്‌, ഇടക്കിടെ പോവുകയും ചെയ്യുന്നുണ്ട്‌. സമീപസ്ഥലത്തുള്ള ഒരു പാര്‍ക്കാണ്‌ അവരുടെ യാത്രാലക്ഷ്യം. അവിടെ മനുഷ്യര്‍ സ്വതന്ത്രമായി നടക്കുന്ന‌ ചൈനയുടെ തലസ്ഥാനമാണ്‌. നോണ്‍ റിബലുകളുടെ ഒരു സ്വപ്‌ന സമൂഹമാണ്‌ ചിത്രത്തിലെ കിന്റര്‍ഗാര്‍ട്ടിന്റെ ലക്ഷ്യം. കുട്ടികള്‍ക്ക്‌ സമ്മാനം നല്‍കുന്ന ഇത്തിരിപ്പോന്ന ചുവന്ന പൂക്കള്‍ വളരെ അര്‍ത്ഥവത്തായ പ്രതീകമാകുന്നത്‌ അനങ്ങളെ സൃഷ്‌ടിച്ചുകൊണ്ടാണ്‌.

Posted in ലേഖനങ്ങള്‍0 Comments

ponthan mada and vidheyan

പട്ടേലരും മാടയും: അധികാരത്തിന്റേയും
വിധേയത്വത്തിന്റേയും ഉടല്‍ഭാഷകള്‍

അന്‍വര്‍ അബ്‌ദുള്ള

ലൂമിയര്‍ സഹോദരന്മാര്‍

Posted in ലേഖനങ്ങള്‍0 Comments


Model of the Week