Posted on 03 April 2010.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ0 Comments
Posted on 03 April 2010.

നായകന്‍ എന്നചിത്രം പുതുമുഖസംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടേതാണ്. പി.എസ്.റഫീക്കാണു തിരക്കഥ. മഹത്തായ ഒരു ചിത്രമേയല്ല നായകന്‍. പക്ഷേ, നായ്‌ക്കാട്ടംപോലുള്ള സിനിമകള്‍ക്കിടയില്‍ വലിയ ആശ്വാസമായിരിക്കുന്നു ഈ നായകന്‍.
ഇന്ദ്രജിത്ത് കഥകളിനടനായ വരദനുണ്ണിയാണ്. അവന്റെ അച്ഛന്‍ കഥകളിയാചാര്യനായ രാമന്‍കുട്ടിയാശാന്‍ (കലാശാല ബാബു). ബോംബെയില്‍ ഒരു കളിക്കുപോയ ആശാനും മകളും അധോലോകനായകനായ ശങ്കര്‍ദാസ് (സിദ്ദീഖ്) നടത്തുന്ന ഒരു കൊലയ്‌ക്കു സാക്ഷികളാകുന്നു. അങ്ങനെ ദാസ് അവരെയും കൊല്ലുന്നു. പകരംചോദിക്കാനെത്തിയ വരദനെ തല്ലി ഇഞ്ചപ്പരുവമാക്കുന്നു. അവിടെനിന്ന് അവനെ എടുക്കുന്ന വിന്‍സന്റ് കാരണവര്‍ (തിലകന്‍) എന്ന മറ്റൊരു നല്ലവനായ അധോലോകനായകന്‍ രക്ഷിക്കുന്നു. അയാളുടെ തണലില്‍ വളരുന്ന വരദന്‍ ശങ്കര്‍ദാസിനോട് പ്രതികാരം ചെയ്യുന്നു. ഇതാണു നായകന്റെ കഥ. കേട്ടുമടുത്ത പ്രതികാരകഥ. പക്ഷേ, ശില്‌പഘടനയും ആഖ്യാനവേഗത്തിലും പ്രത്യേകതകള്‍ പാലിച്ച് സംവിധായകന്‍ ഈ സാധാരണചിത്രത്തെ വെറുമൊരു സാധാരണചിത്രമല്ലാതാക്കിയിട്ടുണ്ട്.
കഥകളിയുടെ ഘടനയെ അപനിര്‍മിച്ച ഒരു ആഖ്യാനമാണ് സിനിമയ്‌ക്കു നല്‌കിയിരിക്കുന്നത്. അങ്ങനെ ഖണ്‌ഡങ്ങളായി തിരിച്ചാണു കഥ മുന്നേറുന്നത്. അതിന്റെ പുതുമ ചിത്രത്തിനുണ്ട്. എങ്കിലും ഇതു മലയാളത്തിനു മാത്രമേ പുതുമയാകുന്നുള്ളൂ എന്നു പറയേണ്ടിവരും. ചിത്രം ആകെയും കാരണവരുടെ വധരംഗങ്ങളില്‍ പ്രത്യേകിച്ചും ഗോഡ്‌ഫാദറെന്ന കപ്പോളച്ചിത്രത്തെ അതിശക്തമായി സ്‌മരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പേസും അതുതന്നെ. ഹോളിവുഡ് സിനിമകളില്‍നിന്നു പകര്‍ത്തി മഹേഷ് ഭട്ട് തന്റെ ഫുട്‌പാത്തും അംഗാരേയും പോലുള്ള ചിത്രങ്ങളില്‍ പരീക്ഷിച്ച ചില ക്രാഫ്‌റ്റ് ടിപ്പുകളും ലിജോ തന്റെ ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അത്രയെങ്കിലുമായല്ലോ.
ഈ ചിത്രം ബോക്‌സോഫീസില്‍ ഒരു വന്‍വിജയമാകില്ല. കാരണം, മന്ദതാളത്തിലുള്ള ആഖ്യാനം നമ്മുടെ പ്രേക്ഷകര്‍ക്ക് ഇനിയും അഭിരുചിശീലമായിട്ടില്ല. ആ ഒറ്റക്കാരണംകൊണ്ട് ഈ ചിത്രം തള്ളപ്പെട്ടേക്കാം. ഈ ചിത്രം അങ്ങനെ തള്ളപ്പെട്ടാല്‍ അതു മലയാളസിനിമയ്‌ക്ക് ചെറിയ ചില നഷ്‌ടങ്ങള്‍ സൃഷ്‌ടിക്കും. സിദ്ദീഖിന്റെ ഉജ്വലമായ അഭിനയം, മനോജ് പരമഹംസയുടെ മനോഹരമായ ക്യാമറാവര്‍ക്ക്, ഇന്ദ്രജിത്തിന്റെയും അനില്‍മുരളിയുടെയും ജഗതിയും മിതത്വമാര്‍ന്ന പ്രകടനങ്ങള്‍, ഒതുക്കമുള്ള, ഔചിത്യം ദീക്ഷിക്കുന്ന നല്ല സംഘട്ടനരംഗങ്ങള്‍, കഥകളി അഭിനയത്തിന്റെ മറ്റൊരു പേരായ മഹാകലാകാരന്‍ കലാമണ്‌ഡലം കൃഷ്‌ണന്‍ നായരാശാന്റെ മകന്‍ കലാശാല ബാബു ആ വേഷണിട്ടുനില്‌ക്കുന്നതു തന്നെ കാണുന്ന അഴക്, പോലീസ് ഇന്‍സ്‌പെക്‌ടര്‍ ശരവണനായി നടിക്കുന്ന പുതിയ നടന്റെ ഗംഭീരപ്രകടനം, പാതി ശരീരമല്ല, മുഴുവന്‍ ശരീരം തളര്‍ന്നാലും അഭിനയം അനുഭവമാക്കിമാറ്റുന്ന തിലകന്റെ സാന്നിദ്ധ്യം, സംവിധാനത്തില്‍ ശാന്തഗാംഭീര്യം ദീക്ഷിക്കാന്‍ കെല്‌പുള്ള ഒരു പുതുസംവിധായകന്റെ രംഗപ്രവേശം… ഇതൊക്കെ അനുഭവിക്കാനുള്ള സാദ്ധ്യതയാണു പ്രേക്ഷകര്‍ക്ക് അങ്ങനെയെങ്കില്‍ നഷ്‌ടമാകുക.

ഈ ചിത്രം മേക്കിംഗ് സമയത്ത് പലതരം പ്രതിസന്ധിയും നേരിട്ടുവെന്നു കേട്ടിട്ടുണ്ട്. വിപണിമൂല്യമില്ലാത്ത നായകനെ വച്ച് പുതുരചയിതാവും പുതുസംവിധായകനും ചിത്രമൊരുക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികള്‍. അവയില്ലായിരുന്നെങ്കില്‍ ലിജോ ഈ ചിത്രം കൂടുതല്‍ മനോഹരമാക്കിയേനേ എന്നുതോന്നുന്നു. ഇനിയും അവസരങ്ങള്‍ വന്നാല്‍, പ്രമേയം തെരഞ്ഞെടുക്കുന്നതില്‍ക്കൂടി ലിജോ ശ്രദ്ധ കൂടുതല്‍ പതിപ്പിച്ചാല്‍ മലയാളത്തിന് മികച്ചൊരു സംവിധായകനെ ലഭിക്കുമെന്ന് ഈ ചിത്രം എടുത്തുപറയുന്നു.
സിദ്ദീഖ് ഒന്നല്ല രണ്ടായിരുന്നു എന്ന മട്ടിലുള്ള ഗജിനിലെവല്‍ സൂത്രപ്പണിയാണ് ഈ ചിത്രത്തില്‍നിന്ന് പ്രേക്ഷകനെ അകറ്റിയതെന്നും തോന്നുന്നു. ഏതായാലും നായകന്‍ മികച്ചൊരു ശ്രമമാണ്. അതിന് രചയിതാവിനും സംവിധായകനും അഭിനന്ദനങ്ങള്‍. പിന്നെ, രചനയില്‍ അല്‌പംകൂടി മികവാകാമായിരുന്നു. ഏതായാലും നായകന്‍ വിജയിച്ചില്ലെങ്കില്‍ അതിന്റെ പിന്നിലെ കുറ്റക്കാര്‍ മുഖ്യമായും ലിജോയോ റഫീക്കോ ആയിരിക്കില്ല. അവര്‍ക്കും കുറ്റമില്ലെന്നല്ല, എങ്കിലും വ്യത്യസ്‌തമായ ലാവണ്യശിക്ഷണം ലഭിച്ചിട്ടില്ലാത്ത നമ്മുടെ പ്രേക്ഷകര്‍ ആവും മുഖ്യപ്രതികള്‍. പിന്നെ, സൂപ്പര്‍താരത്തിന്റെ സിനിമയ്‌ക്കുമാത്രമേ കയറൂ എന്ന ഇനിഷ്യല്‍ പുള്ളേഴ്‌സിന്റെ ശാഠ്യവും.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ2 Comments
Posted on 03 April 2010.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ0 Comments
Posted on 22 March 2010.

ദേ, പിന്നേം ഉദയഭാനു എന്ന, ഹിറ്റ്‌ലറിലെ ഡയലോഗു പോലെ ആരും പറഞ്ഞുപോകും, ദേ, പിന്നേം സുനാമി എന്ന്. അതേ, സുനാമിയാണു ഹുന്‍ഡേ എ ഡേ ആഫ്‌റ്റര്‍ എന്ന, ഇംഗ്ലീഷ് മൊഴിമാറ്റ കൊറിയന്‍ ചിത്രത്തിന്റെ പ്രമേയം.
2004ല്‍ ഡിസംബര്‍ 26ന് ഏഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി അടിച്ചു. അത് ഈ ദശകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. ആ ദുരന്തം ആയിരക്കണക്കിനു മനുഷ്യരുടെ ജീവനെടുത്തു. ലക്ഷക്കണക്കിനു കന്നുകാലികള്‍ ചത്തൊടുങ്ങി. പ്രകൃതിയുടെ സമതുലനാവസ്ഥയില്‍ വ്യതിയാനം വരുത്തി. എണ്ണമറ്റ കെട്ടിടങ്ങളും വാസസ്ഥലങ്ങളും നാനാവിധമാക്കി. കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ജീവിതങ്ങളും വ്യവസ്ഥകളും താറുമാറാക്കി. ചില തീരങ്ങളെ തകര്‍ത്തു തരിപ്പണമാക്കി. ഇങ്ങനെ ദുരന്തങ്ങളുടെ ഫലവൈവിദ്ധ്യം നീളുന്നു.
ഇതിനേക്കാളൊക്കെ വലിയ ഒരു ദുരന്തം ആ സുനാമി കൊണ്ടുവന്നു. അതു മറ്റൊന്നുമല്ല, സുനാമി വിഷയമാക്കിയ സിനിമകളാണ്. സുനാമിയെന്ന ദുരന്തത്തെ ചെറുതാക്കിക്കളയുന്ന മഹാദുരന്തങ്ങളാണ് പല സുനാമിച്ചിത്രങ്ങളും. 2012, 2022, സുനാമി, ദശാവതാരം… സുനാമി വിഷയമാക്കുന്ന ചിത്രങ്ങളുടെ പട്ടിക നീളുന്നു.
മനുഷ്യനെ ദ്രോഹിക്കുന്ന മറ്റൊരു സുനാമിച്ചിത്രമാണ് എ ഡേ ആഫ്‌റ്റര്‍.
കൊറിയയിലെ ഹ്യൂണ്ടേ എന്ന തീരദേശനഗരം. അവിടെ സുനാമി സൃഷ്‌ടിക്കുന്ന ജീവിതദുരന്തം. ഇതാണ് ചിത്രത്തിന്റെ പ്രമേയം. കഷ്‌ടിച്ച് ഒന്നരമണിക്കൂര്‍ മാത്രമുള്ള ചിത്രത്തിന്റെ പകുതിയിലേറെ സമയവും സുനാമിയാണു കാഴ്‌ചപ്പെടുന്നത്. പ്രമേയമെന്നുപറയുന്നത്, ആ തീരദേശത്തെ പലതരം ആളുകളുടെ ജീവിതങ്ങളുടെ ചെറുമുഹൂര്‍ത്തങ്ങളുടെ സങ്കലനമാണ്. ഒരു തീരദേശ ലൈഫ് ഗാര്‍ഡും അയാള്‍ രക്ഷിച്ച പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധവും അതിനെ എതിര്‍ക്കാനെത്തുന്ന അവളുടെ മുന്‍കാമുകനും ചേരുന്ന ഒരു കഥാസന്ദര്‍ഭം, പരസ്‌പരം ചേരാനാഗ്രഹിക്കുന്ന കമിതാക്കളുടെ മറ്റൊരു കഥ, ഒന്നിച്ചുജീവിക്കാനാഗ്രഹിക്കുകയും കുട്ടിയുണ്ടായിട്ടും പിരിയുകയും ചെയ്‌ത ശാസ്‌ത്രജ്ഞദമ്പതികള്‍, അയാള്‍ തന്റെയച്ഛനാണെന്നറിയാത്ത അവരുടെ മകള്‍… ഇങ്ങനെ പലപല കഥാചിന്തുകള്‍ സമാന്തരമായി പറഞ്ഞുവന്ന്, അവരുടെയെല്ലാം ജീവിതങ്ങളെ സുനാമി എങ്ങനെ ബാധിച്ചെന്നു കാട്ടിത്തരികയാണു സംവിധായകന്‍.
സുനാമിരംഗങ്ങളെ അതീവസമര്‍ത്ഥമായി ചിത്രീകരിക്കാന്‍ സാധിച്ചെങ്കിലും ചിത്രത്തിന്റെ ആദ്യപകുതി പലപ്പോഴും അമച്വര്‍ ഫിലിംമേക്കിംഗായിത്തോന്നിപ്പിക്കുംവിധമാണ്. പല കഥകളായി പിരിഞ്ഞുകിടക്കുന്ന സന്ദര്‍ഭങ്ങളിലെ വികാരനിര്‍ഭരരംഗങ്ങള്‍ക്ക് ഇതിനുമുന്‍പ് ഇത്തരം ചിത്രങ്ങള്‍ സൃഷ്‌ടിച്ച സമാനമുഹൂര്‍ത്തങ്ങളില്‍നിന്ന് ഒരു വ്യത്യസ്‌തതയും പറയാനില്ല. ദുരന്തം വരുമ്പോള്‍ നടക്കുന്ന മഹാത്യാഗങ്ങള്‍, ഉദാഹരണത്തിന് ലൈഫ് ഗാര്‍ഡ് തന്റെ ശത്രുവിനെയും കാമുകിയെയും രക്ഷിക്കാന്‍ സ്വയം മരണത്തിനു കീഴടങ്ങുന്നതും ശാസ്‌ത്രജ്ഞദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെമാത്രം ഒരു രക്ഷാവാഹനത്തില്‍ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതും അന്തിമനിമിഷത്തില്‍ ഒരു വൃദ്ധകരം ആ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതും പോലെയുള്ള നിമിഷങ്ങള്‍. എങ്കിലും അത്തരം നിമിഷങ്ങള്‍ എത്രയാവര്‍ത്തി കണ്ടാലും അവ നമ്മുടെ കണ്ണുകളെ ഈറനാക്കുമെന്നതുറപ്പ്. ചില നിമിഷങ്ങളെങ്കിലുമുണ്ട്, അത്തരത്തില്‍ നമ്മെ വികാരഭരിതരാക്കുന്നവയായി, ഈ സിനിമയില്‍.
മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും അവന്റെ മഹാനേട്ടങ്ങള്‍ക്കുമേല്‍ പ്രകൃതിയുടെ ഒരു ചെറുകൈ വീണാല്‍ അവ എങ്ങനെ നിസ്സാരമായി തകരുന്നുവെന്നും ഒരു ദര്‍ശനം ഈ ചിത്രം പങ്കുവയ്‌ക്കുന്നുണ്ട്. ആ ഒരു കാര്യത്തിനായി മാത്രം ഈ ചിത്രം കാണാം.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ0 Comments
Posted on 22 March 2010.

തമിഴില്‍ ചെറുസിനിമകളില്‍ എന്തോ അദ്‌ഭുതം നടക്കുന്നു എന്ന പറച്ചിലോടുപറച്ചില്‍ കേട്ടാണ് മൂന്നാംനിരയില്‍നിന്നു വരുന്ന തമിഴ്‌സിനിമകള്‍ക്കു കയറുന്നത്. പൊന്നുപൂക്കുന്നതേതു കാട്ടിലാണെന്നു പറയാനാവില്ലല്ലോ. അങ്ങനെ കയറിയ രസിക്കും സീമാനേ, എന്റെ പൊന്നേമാനേ, രസിപ്പിച്ചില്ലെന്നുമാത്രമല്ല, വിരസിപ്പിച്ചു കൈയില്‍ത്തന്നെന്നു പറഞ്ഞാല്‍ മതിയല്ലോ.
വലിയ വലിയ ആളുകള്‍ നടത്തുന്ന രതിവിക്രിയകള്‍ ഫോട്ടോയില്‍ പിടിച്ച് അവരെ ബ്ലാക്ക്‌മെയിലു ചെയ്യുന്നവനാണു നായകന്‍. പേരു നന്തു. അഭിനയിക്കുന്നത് ശ്രീകാന്ത്. പയ്യനെന്തേ പത്തുപതിനാലു പടംകഴിഞ്ഞിട്ടും സൂപ്പര്‍സ്റ്റാറാകാത്തതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഈ ചിത്രം. അഭിനയിക്കാനുമറിയില്ല, സ്റ്റാര്‍ മാനറിസങ്ങളുമില്ല, കിട്ടുന്ന പടങ്ങള്‍ ഇമ്മാതിരിയും. പയ്യന്‍ ഫോട്ടോ എടുക്കുന്ന ആളുകള്‍ ഫോട്ടോയും അതിന്റെ നെഗറ്റീവും കിട്ടാന്‍ ലക്ഷങ്ങളും കോടികളും നല്‌കുന്നു. ഇന്റര്‍നെറ്റിന്റെയും ഓര്‍ക്കുട്ടിന്റെയും ഫേസ്‌ബുക്കിന്റെയും യൂട്യൂബിന്റെയും കാലത്താണു ഒരു ഫോട്ടോയും നെഗറ്റീവും കളി. ഇതൊക്കെക്കാണുന്ന പ്രേക്ഷകനെ സമ്മതിക്കണം.
ഏതായാലും ഒരു വല്ലാത്ത പ്രേമക്കളിയാണു സിനിമയുടെ ശരിക്കുള്ള ഇതിവൃത്തം. ബ്ലാക്ക്‌മെയില്‍ നന്തുവിനും ഡോക്‌ടര്‍ അരവിന്ദിനും നവ്യയുടെ ഗായത്രിയോടു പ്രേമം. ഗായത്രി അരവിന്ദുമായി വിവാഹം നിശ്ചയിക്കുന്നു. അത് അട്ടിമറിക്കാന്‍ നന്ദു അവനെ തല്ലിച്ചതച്ചു പൂട്ടിയിടുന്നു. പൂട്ടുപൊട്ടിച്ച് രജിസ്‌ട്രാര്‍ ഓഫീസില്‍ ഓടിയെത്തുന്ന അരവിന്ദിന്റെ ഒരു കൊലപാതകക്കേസില്‍ പോലീസ് അറസ്റ്റു ചെയ്യുന്നു. അരവിന്ദല്ല കൊലയാളി എന്നു തെളിയിക്കാന്‍ ഒരേയൊരു തെളിവുമാത്രം. യഥാര്‍ത്ഥത്തില്‍ നടന്ന കൊലയുടെയും കൊലയാളിയുടെയും ഫോട്ടോ ഒളിച്ചുനിന്നെടുത്ത നന്തുവിന്റെ കയ്യിലെ നെഗറ്റീവ്. അതു ഗായത്രിക്കുനല്‌കണമെങ്കില്‍ അവള്‍ തന്നോടൊപ്പം ഒരാഴ്‌ച ഊട്ടിയില്‍ താമസിക്കണമെന്നു നന്ദു. അവളതു സമ്മതിക്കുന്നു. ആ ഒരാഴ്‌ചക്കാലത്തിനിടയ്‌ക്കു ശരീരവും മനസ്സും രണ്ടും രണ്ടാണെന്ന ബയോളജിക്കലും ഫിലോസഫിക്കലുമായ പാഠം പാവം പയ്യനു കിട്ടുന്നു. നന്തു ഒരു പന്തുപോലെ പിന്നാക്കം തട്ടിത്തെറിക്കുന്നു. നന്തുവിന്റെ പ്രേമം ഫയങ്കരമാണെന്നു പെണ്ണും മനസ്സിലാക്കുന്നു. ജയിലുചാടി വീണ്ടും ഓടിയെത്തുന്ന അരവിന്ദ് പിന്നെയും പെണ്ണിനെ പാട്ടിലാക്കി കൂട്ടിലാക്കാന്‍ നോക്കുന്നു. അപ്പോഴേക്കും നായകന്‍ വില്ലനും വില്ലന്‍ നായകനുമായി രൂപാന്തരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പിന്നെ, കൂടുതല്‍ പറയണ്ടല്ലോ, പോലീസ് സ്റ്റേഷന്‍, വിഷംകുടി, പെണ്ണിന്റെ പ്രാണസഞ്ചാരം, ഓട്ടം, ഡോക്‌ടര്‍മാര്‍… ഒടുക്കം നന്തു എരന്തുപോകാതെ രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍മതിയല്ലോ. അപ്പോഴേക്കും അരവിന്ദ് ഗായത്രിയെ തള്ളിപ്പറഞ്ഞിരുന്നു. പിന്നെ, നന്തുവും ഗായത്രിയും രസിക്കും സീമാനേ വീ…. രസിക്കും സീമാട്ടീ വാ എന്നു പാടിത്തുടങ്ങുമ്പോഴേക്കും ബാക്കിയുള്ള ജീവനും കൈയിലെടുത്ത് പ്രേക്ഷകന്‍, ജീവച്ഛവംപോലെ മെല്ലെ തിയറ്ററിനു പുറത്തേക്ക്.
നവ്യയുടെ നഗ്നശകലങ്ങള്‍ കാട്ടുന്നു എന്ന ബോര്‍ഡ് വച്ചാണ് വിതരണക്കാരന്‍ പടത്തിന് ആളെക്കയറ്റുന്നത്. നടിമാര്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ, അതവരുടെ ഇഷ്‌ടം. പക്ഷേ, തറനരപ്പിലുള്ള പരസ്യവാക്യങ്ങള്‍ തങ്ങളെപ്പറ്റി എഴുതി പൊതുനിരത്തില്‍ ഒട്ടിച്ചുവയ്‌ക്കരുതെന്ന് ഈ നടിമാര്‍ തങ്ങളുടെ കരാറില്‍ വ്യവസ്ഥ വയ്‌ക്കേണ്ട കാലം കഴിഞ്ഞു. കല്‍ക്കണ്ടം പോലെ നയന്‍സ്… നമിത ഒരു കുതിരപോലെ, ഹൊ! ബാലാമണി ദേ, ഇങ്ങനെയും… എന്നൊക്കെയാണു പരസ്യങ്ങള്‍… (യഥാര്‍ത്ഥത്തില്‍ ഇതിന്റെ അപ്പുറത്താണു ഭാഷ. എനിക്കുതോന്നുന്നത് ഫയറെന്ന മാസികയുടെ കവര്‍ തലക്കെട്ടുകളെഴുതുന്ന ആളെക്കൊണ്ടാണ് ഈ വിതരണക്കാര്‍ പരസ്യവാക്യമെഴുതിക്കുന്നതെന്നാണ്) ഇത്തരം പരസ്യതേജോവധങ്ങള്‍ പാടില്ലെന്നുവേണം വ്യവസ്ഥ.
രസിക്കും സീമാനേ സഹിക്കാന്‍ പറ്റാത്ത ഒരു തമിഴ്‌സിനിമയാണെന്ന് നിയമപ്രകാരമല്ലെങ്കിലും മുന്നറിയിപ്പു തന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ0 Comments
Posted on 22 March 2010.
താന്തോന്നി എന്നാല്‍ തനിക്കു തോന്നുന്നതുപോലെ നടക്കുന്നവന്‍, തനിക്കു ബോധിച്ചതു ചെയ്യുന്നവന്‍, ദുര്‍ബുദ്ധി എന്നൊക്കെ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ താന്തോന്നി എന്ന ചിത്രത്തിന്റെ ശീര്‍ഷകം അര്‍ത്ഥവത്താണ്. തനിക്കുതോന്നുംപടി നടക്കുന്ന ദുര്‍ബുദ്ധിയായ വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞ് എന്ന നായകകഥാപാത്രത്തിന്റെ വീരകഥ പറയുന്ന ചിത്രത്തിന് താന്തോന്നി എന്ന പേര് അത്യന്തം ചേരുന്നു. അതല്ലാതെതന്നെ പേര് വളരെ അനുയോജ്യമാണ്. തനിക്കുതോന്നുംപടി, അതായത്, പ്രേക്ഷകനെ അവനവളുമാരുടെ സാമാന്യബുദ്ധിയെയോ തരിമ്പും വകവയ്‌ക്കാതെയും വിലവയ്‌ക്കാതെയും, തന്നിഷ്‌ടപ്രകാരം, സിനിമയെടുക്കുന്ന ദുര്‍ബുദ്ധിയെയും അതേയര്‍ത്ഥത്തില്‍ നമുക്കു താന്തോന്നിത്തരം എന്നുവിളിക്കാം. നവാഗതസംവിധായകനായ ജോര്‍ജ് വര്‍ഗീസും തിരക്കഥാകൃത്ത് ടി.എ.ഷാഹിദും നടന്‍ പൃഥ്വിരാജും ഈ താന്തോന്നിത്തരം ആണ് ഇത്തവണ കാട്ടിയിരിക്കുന്നത്. താന്തോന്നിത്തരത്തിന് തല്ലുകൊള്ളിത്തരമെന്നും അര്‍ത്ഥമുണ്ട്. നാട്ടുകാരുടെ തല്ലുകൊള്ളാന്‍ വിണ്ണില്‍ മേയുന്ന ഈ താരങ്ങളെ കിട്ടിക്കൊള്ളണമെന്നില്ല. പക്ഷേ, പ്രേക്ഷകന്റെ തലോടലേല്‌ക്കാതെ ബോക്‌സോഫീസില്‍ ഈ താന്തോന്നിത്തരം അഥവാ, തല്ലുകൊള്ളിത്തരം കാലിടറിവീഴുമെന്ന കാര്യത്തില്‍ രണ്ടില്ല പക്ഷം. ഇതു തിയറ്ററില്‍നിന്നിറങ്ങുന്ന പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായമാണെന്നു കേട്ടറിഞ്ഞ ധൈര്യത്തില്‍ത്തന്നെയാണു പറയുന്നത്.
താന്തോന്നിക്കും മേന്തോന്നിക്കും പ്രതിവിധിയില്ല, മന്തിനും താന്തോന്നിത്തത്തിനും മരുന്നില്ല… ഇതെല്ലാം പഴയ മലയാളത്തിലെ ചില ചൊല്ലുകളാണ്. ഇവയെ ഓര്‍മിപ്പിക്കും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളുന്ന ഈ ചിത്രവധത്തിനിരയാകുന്നവരെ താന്തോന്നി എന്ന ചിത്രം. എന്തായാലും ഈ താന്തോന്നിത്തത്തിനു മരുന്നില്ലെന്നത് വര്‍ഷങ്ങളായി മലയാളസിനിമാപ്രേക്ഷകര്‍ അനുഭവിച്ചുവരുന്ന നഗ്നസത്യം. രണ്ടാമത്തെ ചൊല്ലിനെപ്പറ്റിയാണെങ്കിലോ, മന്ത് പിന്നേം സഹിക്കാം ഇമ്മാതിരി താന്തോന്നിപ്പടങ്ങള്‍ വയ്യേവയ്യെന്നു തന്നെ പറയും അല്‌പം വകതിരിവുള്ള പ്രേക്ഷകന്‍.
താന്തോന്നി എന്ന വാക്കിന് അല്‌പം ഭേദഗതി വിചാരിച്ചാല്‍ തന്തയെ തോന്നിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥം കല്‌പിക്കാം. ഈ ചിത്രം കാണുമ്പോള്‍ നമ്മള്‍ പലരുടെയും തന്തയെ തോന്നിപ്പോകും (മനസ്സില്‍ വിചാരിക്കുകയും വിളിക്കുകയും ചെയ്‌തുപോകുമെന്നു സാരം). ആ അര്‍ത്ഥത്തിലും താന്തോന്നി അര്‍ഥവത്തായ പേരുതന്നെ.
പിന്നെ, ടി.എ.ഷാഹിദ് എന്ന എഴുത്തുകാരന്റെ ഇഷ്‌ടവിഷയവും തന്തവിഷയകം തന്നെ. ഒരു തന്തൈ… ഒരു സന്താനം… അവരുടെ ബന്ധവും ആ ബന്ധത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളും സമസ്യകളും (കടപ്പാട് – ബാലചന്ദ്രന്‍ ചുള്ളിക്കാട് – കൗതുകകരമെന്നു പറയട്ടെ, ഈ ചിത്രത്തിലും ചുള്ളിക്കാടിന് കടപ്പാടു കിട്ടുന്നുണ്ട്, തന്റെ ശബ്‌ദത്തിന്റെ പേരില്‍) തന്നേഡേയ്… മൂപ്പരുടെ പടങ്ങളുടെ സ്ഥിരം ഫോര്‍മാറ്റ്. അത് ഇന്നലേ എന്റെ നെഞ്ചിലേ കൊച്ചു മണ്‍വിളക്കൂതിയില്ലേ ആകാം പുലിക്കാട്ടില്‍ മൂപ്പരും കൊച്ചുമൂപ്പരുമാകാം ബെന്‍ ജോണ്‍സണും തന്തയുമാകാം മത്സരത്തിലെ അപ്പനും മകനുമാകാം, രാജമാണിക്യത്തിലെ തന്തയും തന്തയില്ലാത്ത മാണിക്യവുമാകാം, എന്തായാലും തന്ത വേണം മകനും വേണം… പിന്നെ, അലമ്പ് സെന്റിമെന്റ്‌സും മഴയത്തു കുടയില്ലാതെ പോയ കുട്ടിയും ഒക്കെച്ചേര്‍ത്ത് ഷാഹിദ് അതിന്റെ സ്റ്റേജ് നാടകമാക്കിക്കൊള്ളും. ഇവിടെയും കാര്യങ്ങള്‍ക്കോ സന്ദര്‍ഭങ്ങള്‍ക്കോ സമവാക്യങ്ങള്‍ക്കോ മാറ്റമേതുമില്ല. ആ അര്‍ത്ഥത്തില്‍ തന്തോന്നി എന്നും പടത്തിനു പേരുപറയാം. തന്തയില്ലാതെ പിറന്ന കൊച്ചുകുഞ്ഞ് വടക്കന്‍ വീടെന്ന തറവാട്ടിലുണ്ടാകുന്ന പുകിലുകളാണു ചിത്രത്തിന്റെ ആദ്യപാതി. രണ്ടാംപാതിയില്‍ പ്രസ്‌തുത തന്ത ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ഡീറ്റെയില്‍സും വടക്കന്‍വീടരോടുള്ള പ്രതികാരവും മറ്റും മറ്റും.
പൃഥ്വിരാജിന്റെ സ്വന്തം ക്രെഡിറ്റില്‍ ഇതുവരെ ഒരു മലയാളപടമേ വിജയിച്ചിട്ടുള്ളൂ. പുതിയമുഖം. അതോടെ ആള്‍ ലാലു കളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ് താന്തോന്നി. ഒരു ലാല്‍ കഥാപാത്രത്തിന്റെ അമാനുഷികതയും മറ്റുമായാണ് കൊച്ചുകുഞ്ഞിനെ രൂപപ്പെടുത്തിയിരിക്കുന്നത്. ലാല്‍ തന്റെ കരിയറിന്റെ ഒരു നല്ല ശതമാനം സവിശേഷ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനമനസ്സുകളില്‍ നീക്കാനാവാത്ത സ്ഥാനം നേടിയിട്ടാണ് മംഗലശേരി നീലകണ്‌ഠനായതെന്നത് പൃഥ്വി ഓര്‍ക്കുന്നത് നന്ന്. അതിനുമുന്‍പേ വിന്‍സന്റ് ഗോമസും സാഗര്‍ ഏലിയാസ് ജാക്കിയും ഒക്കെയായെങ്കിലും അവയൊക്കെ അന്ന് അന്തിമമായി പരാജയപ്പെടുന്ന സാധാരണമനുഷ്യഭാവവും കൂടിച്ചേര്‍ന്ന കഥാപാത്രങ്ങളായിരുന്നു. ഇന്നും ലാല്‍ സ്റ്റണ്ടുരംഗങ്ങളില്‍ ഒന്നരക്കിലോമീറ്ററൊക്കെ പറക്കുകയൊക്കെ ചെയ്‌താല്‍ ജനം കൂവുകതന്നെ ചെയ്യും. അപ്പോഴാണ് അങ്ങനെയൊരു സ്ഥാനനേട്ടം സംസിദ്ധമാകാത്ത പൃഥ്വി സൂപ്പര്‍മാന്‍ കളിക്കിറങ്ങുന്നത്. താന്തോന്നിയില്‍ പൃഥ്വി സ്റ്റണ്ടുരംഗങ്ങളില്‍ മൂന്നുനാലു കിലോമീറ്ററൊക്കെയാണു പറന്നുവരുന്നത്. ജനം കൂകുമെന്നു ചിന്തിക്കാനുള്ള സാമാന്യവിവരം പോലും ഇതിന്റെ ശില്‌പികള്‍ക്കില്ലേ? ഇവര്‍ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്?. ഇവര്‍ കേരളത്തിലെ തിയറ്ററിലിരുന്നു സിനിമ കാണാറില്ലേ?
ഒരു പ്രേമവും നായികയുമുണ്ട് ചിത്രത്തില്‍. ഒരു പാട്ട്, ഒരു മരംചുറ്റല്‍, പിന്നെ ഏതാനും രംഗങ്ങളില്‍ പശ്ചാത്തലത്തിലെവിടെയെങ്കിലും മിഴുങ്ങസ്യാ എന്നു നില്‍ക്കല്‍. കഴിഞ്ഞു, സ്‌ത്രീകഥാപാത്രത്തിന്റെ കഥ. ഐ.എസ്.ആര്‍.ഒ.യിലെ ഡോക്‌ടറേറ്റുള്ള ഈ യുവശാസ്‌ത്രജ്ഞ, വാനനിരീക്ഷക, യന്ത്രക്കാറ്റാടികളുടെ ഫോട്ടം പിടിക്കാന്‍ (അത് അവളുടെ വാനനിരീക്ഷണപഠനങ്ങളുടെ ഭാഗമാണുപോലും) വന്നുനില്‌ക്കുന്ന രംഗങ്ങളൊക്കെ കണ്ടാല്‍ എന്റെ രചയിതാവേ, പത്താംക്ലാസുവരെയെങ്കിലും വിദ്യാഭ്യാസം കിട്ടിയവര്‍ക്കു ചിരിപൊട്ടുമെന്നു ചിന്തിക്കാന്‍ പോലും താങ്കള്‍ക്കു കഴിയുന്നില്ലേ?
അതുപോലെ, താന്തോന്നി കൊച്ചുകുഞ്ഞ് അബ്‌കാരി ലേലം നടക്കുന്നിടത്തുവന്ന് ഒരുകാര്യവുമില്ലാതെ ഡയലോഗു കീറുന്നതുമൊക്കെ അനാവശ്യമാണെന്നു മനസ്സിലാക്കാന്‍ അണിയറക്കാര്‍ തയ്യാറല്ല. അരമണിക്കൂറെടുത്തു നായകനെ വിധിയാംവണ്ണമൊന്ന് അവതരിപ്പിച്ച് പടംതുടങ്ങാന്‍ എന്നുള്ളതും ശ്രദ്ധിക്കുക.
നെല്‍സണ്‍ (സുരേഷ് കൃഷ്‌ണ) ഇരിക്കുന്ന റിസോര്‍ട്ടില്‍ ശ്രീജിത്ത് രവി എത്തി കുത്തേറ്റുമരിക്കുന്നതും അത് കൊച്ചുകുഞ്ഞിന്റെ റിസോര്‍ട്ടായതും ഒക്കെ കഥയെ ഷാഹിദ് ആവാഹിച്ചുവരുത്തുന്നതിന് ഉദാഹരണമാണ്. അബ്‌ദുള്ള മലേടടുത്തു ചെന്നില്ലെങ്കില്‍ മല അബ്‌ദുള്ളേടടുത്തേക്കു വരികതന്നെ. എല്ലാ റിസോര്‍ട്ടും എല്ലാ യന്ത്രക്കാറ്റാടിയിടങ്ങളും എല്ലാമെല്ലാം നായകനായ കൊച്ചുകുഞ്ഞിന്റേതായതും പ്രേക്ഷകരില്‍ ചിരിയാണു പടര്‍ത്തുന്നത്. ഇതെന്ത്, ബെന്‍സ് വാസുക്കാലമോ? ഇക്കണക്കിനുപോയാല്‍ റെയില്‍വേസ്റ്റേഷനിലോ ബസ്‌സ്റ്റാന്‍ഡിലോ ആ പെങ്കൊച്ചു പോയിരുന്നെങ്കില്‍ അതും ലവന്റേതായിരുന്നേനെയല്ലോ. ചേട്ടനും കുടുംബക്കാര്‍ക്കും താനൊരു മഹാന്‍ എന്നു കാട്ടിക്കൊടുക്കാന്‍ നായകന്‍ കൊലക്കുറ്റം അട്ടിമറിക്കുന്നത് പൊതുസമൂഹത്തിന് എന്തു സന്ദേശമാണു നല്‌കുകയെന്നതും ചോദ്യച്ചിഹ്നമായി നില്‍ക്കുന്നു.
സാങ്കേതികവിഭാഗത്തിലേക്കോ ഗാനസംഗീതവിഭാഗത്തിലേക്കോ കടന്ന് വിലയിരുത്താനുംമാത്രമൊന്നും മഹത്തായ ചിത്രമല്ല താന്തോന്നി. ഇതു കാണാന്‍ കൊള്ളാമോ ഇല്ലയോ എന്നുള്ള സാമാന്യജനത്തിന്റെ ചോദ്യത്തിന് ഈ ചിത്രം കണ്ട ബഹുഭൂരപക്ഷത്തിന്റെയും ഉത്തരം തന്നെയാണ് ഇതെഴുതുന്നയാളും നല്‌കാനുദ്ദേശിക്കുന്നത്. കാണാന്‍ കൊള്ളില്ല എന്നു തന്നെ.
പൃഥ്വിരാജ് ഇന്ന് മലയാളത്തില്‍ ഏറ്റവും വിപണിമൂല്യമുള്ള യുവതാരമാണ്. അല്‌പം ശ്രദ്ധിച്ചാല്‍, വിവേകപൂര്‍വം നീങ്ങിയാല്‍ അദ്ദേഹത്തിന് മലയാളത്തിലെ താരസിംഹാസനവും മികച്ച നടനെന്ന പേരും സ്വന്തമാക്കാം. അല്ലാതെ ഈ താന്തോന്നിക്കളിയാണ് അദ്ദേഹം തുടരാന്‍ തീരുമാനിക്കുന്നതെങ്കില്‍ താങ്കള്‍ക്കു ഹാ! കഷ്‌ടം എന്നല്ലാതെ മറ്റെന്തുപറയാന്‍…
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ1 Comment
Posted on 13 March 2010.

ഗൗതം വാസുദേവമേനോന്റെ പുതിയ ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായാ?…
സൂപ്പര്‍താരപ്പട്ടത്തിലേക്ക് എത്തിയിട്ടില്ലാത്ത താരങ്ങളെ വച്ച് സിനിമയെടുക്കുന്ന, അങ്ങനെ സൂപ്പര്‍ഹിറ്റുകളുണ്ടാക്കി തമിഴ് സിനിമയ്‌ക്ക് സൂപ്പര്‍താരങ്ങളെ സൃഷ്‌ടിച്ചുകൊടുക്കുന്ന ആളാണ് ഗൗതം മേനോനെന്നും പറയാം. സൂര്യ വലിയ താരമായതില്‍ നല്ലൊരു പങ്കുണ്ട്, മേനോന്റെ കാക്ക കാക്കയ്‌ക്ക്. താരസൂപ്രന്മാരെ തന്റെ ഇരയാക്കുന്നതില്‍ അദ്ദേഹം പതിവു തെറ്റിച്ചത് വേട്ടൈയാടു വിളയാടില്‍ കമല്‍ ഹാസനെ നായകനാക്കിക്കൊണ്ടുമാത്രം. സൂര്യ താരമായശേഷം അദ്ദേഹം എടുത്ത സിനിമയാണ് വാരണം ആയിരം എന്നതും വേണമെങ്കില്‍ പറയാം. സൂപ്പര്‍താരപ്പകിട്ട് അകന്നശേഷമാണ് മേനോന്‍ ശരത് കുമാറിനെ നായകനാക്കി പച്ചൈക്കിളി മുത്തുച്ചരമെടുത്തത്. ഏതായാലും കാക്ക കാക്കയും വേട്ടൈയാടും അല്ലാത്ത മേനോന്‍ ചിത്രങ്ങള്‍ താരസ്വരൂപത്തിലുള്ള നായകന്മാരാല്‍ ബലപ്പെട്ടതല്ല. ഇത്തവണയും സംഗതികള്‍ക്ക വലിയ മാറ്റമില്ല. താരമാകാന്‍ പലവിദ്യയും പയറ്റി പൊളിഞ്ഞുനില്‍ക്കുന്ന അര്‍മാദ കുമാരന്‍ ചിമ്പു… അതേ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഛായാഗ്രഹണം, പാട്ടെഴുത്ത്, സംഗീതം, അഭിനയം, എഡിറ്റിംഗ് എല്ലാം ഒന്നിച്ച് ചെയ്‌ത് റെക്കാഡിട്ട നമ്മുടെ ടി.രാജേന്ദ്രന്റെ സല്‍പ്പുത്രന്‍ തന്നെ, ആണ് മേനോന്റെ പുതുചിത്രമായ വിണ്ണൈത്താണ്ടി വരുവായായിലെ നായകന്‍. ചിമ്പു സ്വയം ഇതേ പണികളില്‍ പാതിയെങ്കിലും ചെയ്‌ത് ചില ചിത്രങ്ങള്‍ പുറത്തിറക്കിയിരുന്നു. മന്മഥനും വല്ലവനും മറ്റും. വല്ലവനും കേറിക്കണ്ടാലല്ലേ പക്ഷേ, സൂപ്പര്‍താരമാകൂ.
അതിനുപുറമേ, ചിമ്പു മറ്റുള്ള സംവിധായകരുടെയും ചിത്രങ്ങളില്‍ നായകനായി. കുത്ത്, മച്ചി, കാള അങ്ങനെയങ്ങനെ. തറലെവലിലുള്ള പ്രകടനങ്ങള്‍, മാനറിസങ്ങള്‍ കൊണ്ട് തമിഴ്‌ജനതയുടെ മനസ്സിലിടംപിടിക്കാമെന്നാണ് ഈ ചിന്നച്ചിമ്പു കരുതുന്നത്. രജനിയണ്ണന്റെ മഹാഫാനാണെന്നു തുറന്നുപറയുന്ന ചിമ്പു രജനിയെപ്പോലെ ചില നമ്പരുകള്‍ കാട്ടിയാണ് സൂപ്പര്‍താരമാകാന്‍ ഇതുവരെ ശ്രമിച്ചുപോന്നതും.
എന്നാല്‍, ഗൗതംമേനോന്റെ കൈയ്യില്‍ പയ്യന്‍ നന്നായിരിക്കുന്നു. പക്വതയില്ലാത്ത നായകന്റെ വേഷം പക്വതയോടെ കൈകാര്യം ചെയ്യാന്‍ ചിമ്പുവിന് കഴിഞ്ഞിരിക്കുന്നു. ചിമ്പുവിന്റെ നായികയായി അഭിനയിച്ച തൃഷയും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ഇവരുടെ കോംപിനേഷന്റെ മനോഹരമായ രസതന്ത്രമാണ് വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തെ കണ്ടിരിക്കാവുന്ന വിധത്തിലാക്കിയിരിക്കുന്നതെന്നു പറയാം.
ഗൗതം മേനോന് ഇതിവൃത്തം സൃഷ്‌ടിക്കാന്‍ ഉള്ളിലുള്ളത് കുറച്ചു പൈങ്കിളി പകല്‍ക്കിനാവുകളാണ്. ഈ പൈങ്കിളിപ്പരുവത്തിലുള്ള പകല്‍ക്കിനാവുകള്‍ പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ പകിട്ടോടെ പകര്‍ത്തിവയ്‌ക്കുമ്പോള്‍ അവ കണ്ണിനിമ്പം നല്‌കുന്ന കാഴ്‌ചകളായിമാറുന്നു. അതിനപ്പുറം വലിയ സംഭവമൊന്നുമില്ലാതെയാകുകയാണ് കുറച്ചുനാളായി മേനോന്‍ ചിത്രങ്ങള്‍.
എല്ലാവരും കൗമാരത്തില്‍ കാണുന്ന ചില സ്വപ്‌നങ്ങളുണ്ടല്ലോ. തന്നേക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടിയോടു തോന്നുന്ന പ്രേമം, കാമുകിയെ പിന്തുടര്‍ന്ന് അകലങ്ങളിലേക്ക് അനുധാവനം, പിരിഞ്ഞുപോക്ക്, താന്‍ വലിയ ഒരാളായി അവളുടെ മുന്നില്‍ പില്‍ക്കാലത്ത് പ്രത്യക്ഷപ്പെടല്‍, അവളുടെ വിവാഹം കഴിഞ്ഞു, താനിന്നും അവളെയോര്‍ത്ത് ഒറ്റയാനായി നില്‍ക്കുന്നു, അതുകാണുന്ന നായികയുടെ ഹൃദയവേദന… ഇങ്ങനെ ചില നമ്പരുകളൊക്കെയാണ് വാരണം ആയിരത്തിലെന്നപോലെ വിണ്ണൈത്താണ്ടിയിലും മേനോന്‍ എടുത്തുപ്രയോഗിക്കുന്നു. മേനോന്‍ വര്‍ഷം രണ്ടെന്ന മട്ടില്‍ പടം ചെയ്‌തവരികയാണ്. ഇക്കണക്കിന് ഇതൊക്കെയേ പറ്റൂ. മാത്രമല്ല, സിനിമയെ വ്യക്തമായും പുതിയ കാലത്തിന്റെ മാര്‍ക്കറ്റിംഗ് ഉല്‌പന്നമായി കണ്ടെത്താനും തിരിച്ചറിയാനും അതിനനുസരിച്ചു പെരുമാറാനും പഠിച്ച പുതിയ തലമുറയുടെ പ്രതിനിധി തന്നെയാണു മേനോന്‍. ഈ കാലത്തെ പ്രേക്ഷകര്‍ക്കു വേണ്ട അല്‌പം നൊസ്റ്റാള്‍ജിയ, ഇച്ചിരെ പൈങ്കിളി ദുഃഖം, അതിനെ അതിജീവിക്കുന്ന ജീവിതവിജയം… എല്ലാം വേണ്ടുംപടി അനുപാതപ്പെടുത്തിയാണ് മേനോന്‍ സിനിമകളെടുക്കുന്നത്. തിരക്കഥയുടെ ശില്‌പഘടനയും അതിനുചേരുംപടി അയഞ്ഞതാക്കാന്‍ മേനോന് അസാധാരണവൈഭവമുണ്ട്. വാരണം ആയിരത്തിലും തിരക്കഥയുടെ കഥനവഴികളെ കടിഞ്ഞാണയച്ച് വിടുന്നതു നാം കണ്ടു. ഇവിടെയും അതുതന്നെ. പക്ഷേ, ആ എഴുത്തിന്‍രെ അനായാസവേഗം ഇവിടെ ഇടയ്‌ക്കെങ്കിലും അദ്ദേഹത്തെ ചതിക്കുന്നുമുണ്ട്. പ്രത്യേകിച്ച് ഇന്‍ര്‍വെല്‍ കഴിഞ്ഞുള്ള ഭാഗത്ത് രംഗങ്ങളുടെ ക്രമാനുഗതവളര്‍ച്ച സാദ്ധ്യമാകാത്തിടത്ത് എന്തെങ്കിലും ചേര്‍ത്ത് അദ്ദേഹം കഥ പറഞ്ഞുമുന്നോട്ടാക്കുന്നതുപോലെയുണ്ട്. പ്രത്യേകിച്ച് കാലത്തിന്റെ മുന്നോട്ടുപോക്കും മറ്റും. അവസാനം കഥയിലെന്നപോലെ, സിനിമയ്‌ക്കുള്ളിലെ സിനിമയിലെ കഥ വ്യത്യസ്‌തപ്പെടുത്തിപ്പറഞ്ഞ്, നോണ്‍ലീനിയര്‍ രീതി അവലംബിച്ച് പ്രേക്ഷകനെ വിസ്‌മയിപ്പിക്കുന്ന രീതി പഴഞ്ചനായിത്തുടങ്ങിയില്ലേ എന്നും മേനോന്‍ സ്വയം ആലോചിക്കേണ്ടിയിരിക്കുന്നു.
ഈ ചിത്രത്തില്‍ കാമുകിയെത്തേടി കാമുകന്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തുന്നുണ്ട്. ആലപ്പുഴയില്‍. പ്രേമം വിണ്ണൈത്താണ്ടിയല്ല, സ്റ്റേറ്റെത്താണ്ടിയാണു വരുന്നത് ചിത്രത്തില്‍ എന്നു സാരം. കേരളവും മേനോന്റെ ഒരു ഒബ്‌സെഷനാണ്. വാരണം ആയിരത്തില്‍ കോഴിക്കോടും മാതൃഭൂമി കലണ്ടറുമൊക്കെ നിറഞ്ഞാടുന്നുണ്ടായിരുന്നല്ലോ. പിന്നെ, വയസ്സിനു മൂത്ത പെണ്ണിനെ പ്രേമിക്കല്‍ ചിമ്പുക്കഥാപാത്രങ്ങള്‍ക്ക് സ്ഥിരമാകുകയാണോ? വല്ലവനിലും കക്ഷി മൂത്തുപഴുത്ത നയന്‍താരയെ പ്രേമിക്കുന്നതിന്റെ പ്രശ്‌നങ്ങളാണു പ്രമേയം.
ഹാരിസ് ജയരാജാണ് മേനോന്‍ ചിത്രങ്ങള്‍ക്ക് സാധാരണ ഈണം പകരുന്നത്. ഇത്തവണ ഒരു സ്വപ്‌നസാക്ഷാല്‍ക്കാരമെന്ന നിലയ്‌ക്ക് അദ്ദേഹം എ.ആര്‍.റഹ്‌മാനെക്കൊണ്ട് ഈണം നല്‌കിപ്പിച്ചിട്ടുണ്ട്. റഹ്‌മാന്റെ സംഗീതം വെറും ശബ്‌ദക്കലവികളായി ഒടുങ്ങിയെന്നു പറയാന്‍ സങ്കടമുണ്ട്. ഈണമൊന്നുമില്ല. മനുഷ്യശബ്‌ദത്തെ അതിജീവിച്ചുനില്‌ക്കുന്ന ഉപകരണനാദങ്ങളാല്‍ അദ്ദേഹം വികലസിംഫണിയാണൊരുക്കിയിരിക്കുന്നതെന്നേ പറയാന്‍ കഴിയൂ. എന്തായാലും സിനിമയ്‌ക്കു യോജിച്ചതായില്ല, സംഗീതം.
ബാബു ആന്റണിക്കു ചെറുതെങ്കിലും നല്ലൊരു വേഷം കിട്ടിയിരിക്കുന്നു. അദ്ദേഹമതു നന്നായി ചെയ്യുകയും ചെയ്‌തിരിക്കുന്നു. പാട്ടിനു പുറമേ, സ്റ്റണ്ട്, നാടകീയത തുടങ്ങിയവയൊക്കെ വേണ്ട അനുപാതത്തില്‍ ചേര്‍ത്ത് മേനോന്‍ പ്രേക്ഷകനെ മടുപ്പിക്കാതെ പടം ചെയ്‌തിട്ടുണ്ട്. പിന്നെ, മുട്ടിനുമുട്ടിന് തൃഷയും ചിമ്പുവുമായുള്ള അധരചുംബനം ചേര്‍ത്ത് സംഗതിയാകെ കൊഴുപ്പിച്ചിട്ടുമുണ്ട്. പണ്ട് സത്യജിത് റായിയാണു ചോദിച്ചത്, ചുംബനത്തിന് അനുവദിക്കാത്ത ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ എങ്ങനെ സിനിമയില്‍ സത്യസന്ധമായി പ്രേമരംഗങ്ങള്‍ ആവിഷ്‌കരിക്കുമെന്ന്. റായി മരിച്ചുപോയല്ലോ. ഇന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് അങ്ങനെ ആവലാതിപ്പെടേണ്ടിവരുമായിരുന്നില്ല. സെന്‍സര്‍ ബോര്‍ഡിനെ അസ്‌തപ്രജ്ഞരാക്കിക്കളയുംവിധം ആദിമദ്ധ്യാന്തം ചുംബനങ്ങളാല്‍ അലംകൃതമായൊരു ചിത്രമെടുത്ത് അദ്ദേഹത്തിനു പകരം വീട്ടാമായിരുന്നു.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ0 Comments
Posted on 13 March 2010.

ദ്രോണ എന്ന പേരില്‍ ഒരുചിത്രംകൂടി രണ്ടുമാസത്തിനിടെ കേരളക്കരയില്‍ ഇറങ്ങിയിരിക്കുന്നു. മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിച്ച ദ്രോണ 2010 എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടിയപാടേ വന്നിരിക്കുന്ന ഈ ചിത്രം തമിഴ് ചിത്രമെന്ന ലേബലിലാണു വന്നിരിക്കുന്നതെങ്കിലും ഇത് ആ പേരുപറഞ്ഞ് തമിഴ് സിനിമാപ്രിയരെ ആകര്‍ഷിച്ച് വലയിലാക്കി പീഡിപ്പിക്കുന്ന ഒരു കന്നഡ ചിത്രമാണെന്ന് ആദ്യം തന്നെ പറയട്ടെ. പ്രിയാമണിയുടെ ദേഹപ്രദര്‍ശനത്തിന്റെ മറവിലാണ് ചിത്രം മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. കന്നഡയിലെ ദ്രോണ എന്ന പേര് തമിഴ് എനക്കാ മണി ഉനക്കാ എന്നോ മറ്റോ ആക്കിയിട്ടുണ്ടെങ്കിലും പോസ്റ്ററുകളിലും ടൈറ്റിലിലും മറ്റും പേര് ദ്രോണ എന്നുതന്നെ. ചിത്രത്തിന്റെ നിരൂപണം എഴുതാന്‍ ഇതെഴുതുന്ന ആള്‍ക്ക് പാതി യോഗ്യതയേ ഉള്ളൂ എന്നുകൂടി തുറന്നുപറയട്ടെ. ആദ്യത്തെ ഒരുമണിക്കൂര്‍ നേരം ബലംപിടിച്ചിരുന്ന ഞാന്‍, അത്രയുമായപ്പോള്‍ ശേഷം സഹിച്ചിരുന്നാല്‍ തിയറ്ററില്‍നിന്നു പുറത്തിറങ്ങാന്‍ ആള്‍ ശേഷിക്കില്ലെന്നു തിരിച്ചറിഞ്ഞ് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ട് ആദ്യത്തെ നാല്‌പതുമിനിറ്റിന്റെ കഥ മാത്രം പറയാം. സത്യസന്ധനായ പോലീസ് ഓഫീസറായ മുകേഷ് ഋഷിയുടെ മകന്‍ ദ്രോണ കൂട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി കളിക്കളത്തിലെ വില്ലന്‍പയ്യന്‍മാരെ വിരട്ടാന്‍ അപ്പന്റെ തോക്കെടുത്തുകൊണ്ടുവന്നു ചൂണ്ടി അവരെ ഓടിക്കുന്നു. അതുകണ്ടുവന്ന മുകേഷേട്ടന്‍ പയ്യനെ അച്ചാലും മുച്ചാലും അടിക്കുന്നു. അതിനുശേഷം മാത്രമാണ് തന്തപ്പിടി മനസ്സിലാക്കുന്നത് പയ്യന്‍ ഉണ്ടയെടുത്ത് ഇണ്ടത്തുവച്ചിട്ടാണ് തുപ്പാക്കിയുമായി പോയിരുന്നതെന്ന്. പയ്യനെക്കണ്ട് മാപ്പുപറയാന്‍ ഓടിയ അപ്പന്‍ മനസ്സിലാക്കുന്നു, പയ്യന്‍ നാടുവിട്ടിരിക്കുന്നു. അങ്ങനെ നാടുവിട്ട പയ്യന്‍ യുവാവായി, പെരുംകള്ളനായി തിരിച്ചെത്തുന്നു. ആ കള്ളനെ അപ്പന്‍ പോലീസ് നോക്കിയിരിക്കുന്ന സമയത്ത് പയ്യന്‍ മറ്റൊരു പേരില്‍ അപ്പനമ്മമാരുടെ സ്വന്തം വീട്ടില്‍ കയറിപ്പറ്റുന്നു. പയ്യനെ അവന്റെ മുറപ്പെണ്ണായ പ്രിയാമണി കയ്യില്‍ കുത്തിയ പച്ച കണ്ട് തിരിച്ചറിയുന്നു. അപ്പോഴേക്കും പയ്യനെ തട്ടാന്‍ ഗുണ്ടാപ്പട വാടകയ്‌ക്ക് അഞ്ചാറു ക്വാളിസും വിളിച്ച് നഗരത്തിലെത്തുന്നു. അവന്‍ വില്ലന്മാരെയെല്ലാം തല്ലി കയ്യും കാലും ഒടിക്കുമ്പോള്‍ അപ്പനും അപ്പന്റെ പോലീസും വരുന്നു, പയ്യനെ കയ്യാമംവയ്‌ക്കുന്നു. അയ്യോ അതെന്തിന് എന്നു ചോദിക്കുന്നിടത്ത്, പയ്യനാണ് ഭൂലോകമോഷ്‌ടാവായ ഇന്നയാള്‍ എന്നു പറഞ്ഞ് തള്ളയെ പോലീസപ്പന്‍ വിരട്ടി ഫ്രീസ് ചെയ്യിക്കുന്നിടത്ത് ഇന്റര്‍വെല്‍. ഇതിനിടെ പ്രിയാമണി ഒരു കാര്യവുമില്ലാതെ ബിക്കിനിയില്‍ വന്ന് ഒരു പാട്ടും ഡാന്‍സുമുണ്ട്. അതിനുപുറമേ, കൊച്ചുകാച്ചട്ട, ഇരുവശവും കീറിത്തുന്നിയ പലവര്‍ണപ്പാവാടകള്‍ എന്നിങ്ങനെയുള്ള സുതാര്യവേഷങ്ങളില്‍ വേറേയും പാട്ടുകളും ആട്ടങ്ങളുമുണ്ട്. പയ്യന്‍ നൂറുമൈലിലോടുന്ന ബൈക്കില്‍ കിടന്നും ഇരുന്നും നടന്നും ഉറങ്ങിയും മറ്റും പോലീസ് വാനുകള്‍, ബൈക്കുകള്‍… എന്നുവേണ്ട, ഹെലികോപ്‌ടര്‍ വരെ വെടിവച്ചിടുന്ന മാരകപ്രകടനം വേറേയും. തെന്നിന്ത്യന്‍ സിനിമാവ്യവസായമേഖലകളില്‍ കമേഴ്‌സ്യല്‍ സിനിമ എന്ന വിഭാഗത്തില്‍ ഇന്നും അമച്വറായിത്തുടരുന്ന ഒന്നാണ് കന്നഡ ഫിലിം ഇന്‍ഡസ്‌ട്രി. ഗിരീഷ് കര്‍ണാഡ്, ഗിരീഷ് കാസറവള്ളി, ബി.വി.കാരന്ത്, കെ.വി ലങ്കേഷ്, കവിതാ ലങ്കേഷ് എന്നിങ്ങനെ ഒരു മികച്ച ധാര അവിടെയുണ്ട്. ഇന്ത്യയിലെ ഏതു മികച്ച സിനിമപ്രവര്‍ത്തകരുടെയും ഒപ്പം നില്‍ക്കുന്ന പ്രതിഭകള്‍. എന്നാലും കച്ചവടസിനിമയില്‍ കന്നഡം ഇന്നും എണ്‍പതുകള്‍ക്കു മുന്നിലെ മലയാളത്തിന്റെ അവസ്ഥയിലും മോശം. ഒരു കാര്യം പ്രേക്ഷകര്‍ ശ്രദ്ധിക്കുക. കന്നഡ കച്ചവട സിനിമ. അതു പലരൂപത്തിലും വരാം. തമിഴ് ഡബ്ബിംഗിലോ മലയാളംപേരിലോ പ്രിയാമണിയുടെ ബിക്കിനിയുടെ രൂപത്തിലോ അങ്ങനെ ഏതുവിധത്തിലും അതുവരാം. സൂക്ഷിക്കേണ്ടതു നമ്മളാണ്. എന്തെന്നാല്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. പോസ്റ്റ് സ്‌ക്രിപ്‌റ്റ് – പിന്നെ പ്രിയാമണിയുടെ ബിക്കിനി കാണണമെന്നാണെങ്കില്‍ അതിന് ഈ പറട്ടച്ചിത്രം പൈസയുംകൊടുത്ത് രണ്ടുമണിക്കൂര്‍ തിയറ്ററില്‍ സഹിക്കണമെന്നില്ല. യൂട്യൂബുവഴി ഒന്നെത്തിനോക്കിയാല്‍ കാണാനാകും ഈ ദേശീയഅവാര്‍ഡ് ബിക്കിനിഷോ…
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ0 Comments
Posted on 01 March 2010.
![]()
അവതാര്‍ കാണാന്‍ ശരിക്കും വൈകി. ത്രീഡി തന്നെ കാണണമെന്നുണ്ടായിരുന്നതിനാല്‍ എറണാകുളത്തുപോയിക്കാണാനാണു കാത്തിരുന്നത്. രണ്ടുതവണ കോട്ടയത്തുനിന്ന് എറണാകുളത്തെത്തിയപ്പോഴും തിയറ്ററിനു പുറത്തേക്കു കവിഞ്ഞുകിടന്ന തിരക്കുകണ്ട് ഭയന്ന് മാറിപ്പോയി. ഒടുവില്‍ മൂന്നാംതവണ, അമ്പതാംനാളിനുശേഷമെത്തിയപ്പോഴും, സത്യംപറഞ്ഞാല്‍, പൊടി സ്വാധീനമുപയോഗിക്കേണ്ടിവന്നു, ടിക്കറ്റ് കിട്ടാന്‍. ഇ-ടിക്കറ്റ് തരാക്കാന്‍ കഴിയാതെപോയതാണ് ഇത്രയും പ്രയാസത്തിനു ഹേതു. അതവിടെ നില്‌ക്കട്ടെ. എന്തായാലും കണ്ടു. എന്നിട്ട്?
ചിത്രം കണ്ടിട്ട് ചില ചോദ്യങ്ങളാണു മനസ്സില്‍ തോന്നിയത്. അതിവിടെ കുറിക്കുന്നു.
ഇതാണോ ലോകം മുഴുവന്‍ മനുഷ്യര്‍ കണ്ട് അന്തംവിട്ട് കുന്തംമറിഞ്ഞ് നിലംപരിശായിരിക്കുന്ന ചിത്രം. കാമറൂണും പത്രക്കാരും മറ്റുമല്ലാതെ സാധാരണ സിനിമാക്കാണികളാരെങ്കിലും ഇതിനെ ഇന്നുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു വിസ്‌മയമായി പറഞ്ഞിട്ടുണ്ടോ? ഈ ചിത്രത്തിന്റെ വിജയവും ഇതുണ്ടാക്കിയ തരംഗവും സത്യം പറഞ്ഞാല്‍ കേവലം മാദ്ധ്യമസൃഷ്‌ടിയല്ലേ?. അവതാറിന്റെ കുറ്റംപറഞ്ഞാല്‍ സ്വയം മോശക്കാരനാകുമോ എന്ന ഹിപ്പോക്രിസി നിറഞ്ഞ ചിന്ത മാറ്റിവച്ച് കാണികള്‍ സത്യസന്ധമായി പറയാന്‍ തീരുമാനിച്ചാല്‍ ഈ ചിത്രമൊരു മഹാവിസ്‌മയമാണെന്ന് എത്രപേര്‍ പറയും?
ഇനി അതുംപോകട്ടെ, ആ വിചിത്രഗ്രഹത്തിലെ ആളുകള്‍ക്ക് സ്വന്തമായി ഒരു ഭാഷയുണ്ടല്ലോ. അവരില്‍ ചിലര്‍ മാത്രം നല്ല അമേരിക്കന്‍ ഇംഗ്ലീഷ് പറയുന്നതെങ്ങനെ? അവരെന്താ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലാണോ എം.എ. പഠിച്ചത്?
സാങ്കേതികവും മാനുഷികവും കലാപരവുമായ എല്ലാ കൊടച്ചക്രവും പോട്ടെ. ഇവന്മാര്‍ക്ക് ഒരു നല്ല കണ്ണട തന്നൂടായിരുന്നോ? 30 രൂപയാണ് കണ്ണടയ്‌ക്കുമാത്രമായി ഈടാക്കുന്നത്. 30 രൂപയ്‌ക്ക് അത്യാവശ്യം നാലഞ്ചുമാസം ഉപയോഗിക്കാവുന്ന കണ്ണടച്ചട്ടം ഉണ്ടാക്കുന്ന നാടാണ് ഇന്ത്യ. ഇവിടെ ഈ കടലാസുചട്ടം വേണ്ടിയിരുന്നോ?. പണ്ട് കുട്ടിച്ചാത്തന്‍ കാണാന്‍ തന്ന കണ്ണട ഇതുവച്ചുനോക്കുമ്പോള്‍ എത്ര നന്നായിരുന്നു. അവതാറിന്റെ സുഗമമായ കാഴ്‌ചയെ കണ്ണട വലിയ അസ്വസ്ഥതയുണ്ടാക്കിനശിപ്പിച്ചില്ലെന്നു സത്യസന്ധമായി എത്രപേര്‍ക്കു കഴിയും? ഏതു തരക്കാര്‍ക്കും വയ്‌ക്കാനാകുംവിധമുള്ള ഇലാസ്റ്റിക് കാലുകളായിരുന്നില്ലേ ഭേദം? ഇത്രയും വലിയ സാങ്കേതികമേന്മ പറയുന്നവര്‍ക്ക് ഇത്രയും സാങ്കേതികപരാധീനതയുള്ള കണ്ണടയേ ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളുവോ?.. (ഭാവി ചിത്രീകരിക്കുന്ന ടെര്‍മിനേറ്ററില്‍ ജെയിംസ് കാമറൂണ്‍ എന്ന ഈ മഹാനായ സാങ്കേതികജ്ഞാനി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2010 എന്ന ഭാവിവര്‍ഷമോ മറ്റോ ആണ് എണ്‍പതുകളിലെത്തിയ ആ ചിത്രം കാട്ടുന്നത്. അന്ന് മൊബൈല്‍ ഇല്ല. അധികം വൈകാതെ വന്ന് 2010ല്‍ സമ്പൂര്‍ണ്ണമായും ജനകീയമായിമാറിയ സെല്‍ഫോണ്‍ കണ്ടുപിടിക്കുമെന്ന് ആലോചിക്കാന്‍ പോലും കാമറൂണിന് കഴിഞ്ഞില്ല. ആ ആശാന്റെ ഈ ഭാവിചിത്രവും അതോര്‍ക്കുമ്പോള്‍ ചിരിവരുത്തുന്നുണ്ട്) അമേരിക്കക്കാര്‍ക്കും ഇതേ കണ്ണടയാണോ കൊടുത്തത്? അതോ, ഇത് ഇന്ത്യന്‍ മൂന്നാംലോക കാണികള്‍ക്കുള്ള തട്ടിപ്പുകളിപ്പാട്ടമോ?…
പണ്ട് ത്രീഡി വിസ്‌മയം വന്നപ്പോള്‍ത്തന്നെ ഇതൊരു വെറും വിലകുറഞ്ഞ കളിക്കോപ്പാണെന്ന് ചലച്ചിത്രവിദഗ്‌ദ്ധര്‍ പറഞ്ഞിരുന്നു. അതു ചലച്ചിത്രലോകെ ശരിവച്ചതുകൊണ്ടാണ് ത്രീഡി വലിയ അനുഗാമികളെ ഒരു ഭാഷയിലും സൃഷ്‌ടിക്കാതിരുന്നത്. അതേ വിലകുറഞ്ഞ കളിക്കോപ്പെടുത്ത് മോശമായി കൈകാര്യം ചെയ്‌തിരിക്കുക മാത്രമല്ലേ കാമറൂണ്‍ ചെയ്‌തിരിക്കുന്നത്? 15 വര്‍ഷംകൊണ്ട് സൃഷ്‌ടിച്ച ഈ സാധനം കണ്ടിട്ട് എന്തെങ്കിലും വികാരപരതയോ വിസ്‌മയമോ വിവേകികള്‍ക്കുണ്ടാകുമോ?
പി.എസ്. – മൈ ഡിയര്‍ കുട്ടിച്ചാത്തനെന്ന ത്രീഡിയിലൂടെ ഇതിന്റെ പത്തിരട്ടി വിസ്‌മയംവിരിയിച്ച പ്രിയ ജിജോ… അങ്ങയുടെ മുന്‍പില്‍ മുതുകുവളച്ചുനിന്ന് വന്ദനം പറയാനുള്ള യോഗ്യതയേ ഈ ജെയിംസ് കാമറൂണിനുള്ളൂ…. അതു മൂന്നുവട്ടം ഉറക്കെപ്പറഞ്ഞുകൊള്ളട്ടെ….
Posted on 01 March 2010.

ചിത്രം – തീരാത വിളൈയാട്ടു പിള്ളൈ
സംവിധാനം – തിരു
രചന – തിരു
നിര്‍മാണം – വിക്രം കൃഷ്‌ണ
സംഗീതം – യുവന്‍ ശങ്കര്‍ രാജ
ഛായാഗ്രഹണം – അരവിന്ദ് കൃഷ്‌ണ
എഡിറ്റിംഗ് – സുരേഷ്
അഭിനേതാക്കള്‍ – വിശാല്‍, തനുശ്രീ ദത്ത, നീതു ചന്ദ്ര, സാറാ ജെയ്‌ന്‍, പ്രകാശ് രാജ്, മയില്‍സാമി, സന്താനം.
പുരുഷാധിപത്യം നിറഞ്ഞ ഒരു ലോകമാണു നമ്മുടേത്. അതിന്റെ ഏറ്റവും വിപുലവും വികലവുമായ ലോകമാണ് സിനിമയുടെ ലോകം. നായകന്‍ എന്ന പുരുഷനെ കേന്ദ്രീകരിച്ചാണ് ഇവിടത്തെ സിനിമയുടെ നിലനില്‌പ്. പെണ്ണ് എന്നത് നായകന്റെ വീരപരിവേഷത്തിനുപകരിക്കുന്ന ഒരുപകരണം മാത്രമായാണ് ഇവിടെ കണക്കാക്കപ്പെടുന്നതും ചിത്രപ്പെടുത്തപ്പെടുന്നതും. പിന്നെ, കാണികളിലെ പുരുഷന്മാരുടെ ഇക്കിളിവികാരങ്ങളെ സംതൃപ്‌തിപ്പെടുത്താനുള്ള ശരീരങ്ങളായും ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെയൊരു ലോകത്തില്‍നിന്നുനോക്കുമ്പോള്‍ ഇവിടെ സ്‌ത്രീകഥാപാത്രങ്ങള്‍ക്കു പ്രാമുഖ്യമുള്ള ചിത്രങ്ങള്‍ വരുന്നില്ല എന്ന പരാതിയൊക്കെ വനരോദനമേ ആകൂ. എന്നാലും തീരാത വിളൈയാട്ടുപിള്ളൈ പോലുള്ള സിനിമകള്‍ കാണുമ്പോള്‍, അതില്‍ സ്‌ത്രീകളെ ചിത്രീകരിച്ചിരിക്കുന്നതുകാണുമ്പോള്‍, സ്‌ത്രീയെപ്പറ്റി ഈ സിനിമ മുന്നോട്ടുവയ്‌ക്കുന്ന ചിന്ത കാണുമ്പോള്‍, ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്, നടനും സംവിധായകനും അടക്കമുള്ളവര്‍ക്ക്, സ്‌ത്രീയെപ്പറ്റിയുള്ള ധാരണയെന്തെന്നും അത് അവര്‍ കച്ചവടതാല്‌പര്യത്തോടെ സാമാന്യജനത്തിനുമേല്‍ ചാര്‍ത്തുന്ന രീതി കാണുമ്പോള്‍, പുരുഷനെന്ന നിലയില്‍ തൊലിയുരിയുന്ന ആത്മനിന്ദ തോന്നുന്നു. ഈ സിനിമയില്‍ സ്‌ത്രീയെ അപമാനിക്കുന്നതിന്റെ പേരില്‍, ഈ സിനിമ കണ്ടുപോയതിന്റെ പേരില്‍, പുരുഷവര്‍ഗപ്രതിനിധി എന്ന നിലയില്‍, ലോകസ്‌ത്രീസമൂഹത്തിന്റെ മുന്നില്‍ കുമ്പിട്ടുനിന്നു മാപ്പുചോദിക്കാന്‍ തോന്നിപ്പോകുന്നു.
എന്തും തെരഞ്ഞുനോക്കിമാത്രം എടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ജീവിതദര്‍ശനം ആക്കി പുലരുന്ന ഒരു മന്തനാണ് ഈ ചിത്രത്തിലെ വിശാലിന്റെ നായകകഥാപാത്രം. ഒരു ഷേവിംഗ് സെറ്റു വാങ്ങണമെങ്കിലും അവന്‍ രണ്ടുമൂന്നെണ്ണത്തില്‍നിന്നേ തെരഞ്ഞെടുക്കൂ. അപ്പോള്‍പ്പിന്നെ ഭാര്യയുടെ കാര്യത്തിലോ?. തീര്‍ച്ചയായും മൂന്നാലെണ്ണത്തില്‍നിന്നേ തെരഞ്ഞെടുക്കാനാവുകയുള്ളല്ലോ. ഇവിടെ ഭൂരിഭാഗം പുരുഷന്മാരും ഡസന്‍കണക്കില്‍ പെണ്ണുകണ്ടാണു സെലക്‌ട് ചെയ്യുന്നതെന്നത് വേറേ കാര്യം. ഇവനങ്ങനെയല്ല. പ്രേമിച്ചുനോക്കി, മികച്ചതേതാണെന്നു കണ്ടെത്തണംപോലും. പുതിയ തലമുറ അങ്ങനാണെന്ന് അവന്‍ പലതവണ പറയുന്നുണ്ട്. പ്രേമമൊന്നുമല്ല സ്‌ത്രീപുരുഷബന്ധത്തെ നിശ്ചയിക്കുന്നതെന്നും ഒരുത്തി തന്റെ വഞ്ചന മനസ്സിലാക്കി പ്രതികരിക്കുമ്പോള്‍, നീ പോടീ എന്നും മറ്റും അവന്‍ പറയുന്നുണ്ട്. ഏതായാലും ചില കാര്യങ്ങള്‍ ഏതു പുതുതലമുറയ്‌ക്കും തെരഞ്ഞെടുക്കാന്‍ ഓപ്‌ഷന്‍ കുറവാണെന്നു മനസ്സിലാക്കാന്‍ ഈ കഥാപാത്രം തയ്യാറല്ല. അമ്മയെയും അച്ഛനെയും അവന്‍ എന്തുകൊണ്ടു പലരില്‍നിന്നു തെരഞ്ഞെടുത്തില്ല എന്ന് രചയിതാവുകൂടിയായ സംവിധായകന്‍ ഏതായാലും ചോദിപ്പിക്കുന്നില്ല.
അങ്ങനെ അവന്‍ മൂന്നു ചെറുപ്പക്കാരികളെ പ്രേമിക്കുകയും അവരില്‍ ഒരാള്‍ അവന്റെ ഈ കളി മനസ്സിലാക്കി തെറ്റിപ്പിരിഞ്ഞ് ശത്രുവാകുകയും മറ്റു രണ്ടു പെണ്‍കുട്ടികളെ അവന്റെ കുടുക്കില്‍ നിന്നു രക്ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് തീരാത വിളൈയാട്ടുപിള്ളൈയുടെ ഇതിവൃത്തം.
ഇന്റര്‍വെല്ലിനുശേഷം ആ എതിരാളിപ്പെണ്‍കുട്ടിയുടെ എല്ലാ ശ്രമങ്ങളെയും തന്ത്രപരമായി തോല്‌പിക്കുന്ന നായകന്‍ വിജയിക്കുന്നതാണു കഥ. നായകന്‍ ആണ് തെറ്റുമുഴുവന്‍ ചെയ്യുന്നത്. എന്നാല്‍, ഇത്രയും കാലം പാവം ആണുങ്ങളെ പെണ്ണുങ്ങള്‍ കാമുകിമാര്‍ പറ്റിക്കുകയായിരുന്നെന്നും പുതിയ തലമുറയിലെ ആണുങ്ങള്‍ ഇവ്വിധത്തില്‍ അതിനു പകരം വീട്ടുകയാണെന്നും ഉള്ള മട്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമ കാണുന്നവരില്‍ തൊണ്ണൂറു ശതമാനവുംവരുന്ന ആണുങ്ങളുടെയും ജീവിതദര്‍ശനം തന്നെ ആണാണു മികച്ചതെന്നും പെണ്ണു വെറും വിടുവേലക്കാരിയും ലൈഗികോപകരണവുമാണെന്നുതന്നെയാവണം. കാരണം, ഈ നായകന്റെ തോന്ന്യവാസം മുഴുവന്‍ കാണികളായ ആണുങ്ങള്‍ രസിച്ചാണു കാണുന്നത്. ഏതായാലും ഉത്തരവാദിത്തമില്ലാത്ത രചയിതാവും സംവിധായകനും നടനുമെല്ലാംചേര്‍ന്ന് അറുവഷളനൊരു ചിത്രമാണു പ്രേക്ഷകര്‍ക്കു സമ്മാനിച്ചിരിക്കുന്നത്. ഇത്രയും മോശമായി സ്‌ത്രീയെ ചിത്രീകരിച്ചിരിക്കുന്നൊരു ചിത്രം അടുത്തെങ്ങും കണ്ടിട്ടില്ല.
പല പെണ്ണുങ്ങളെ പ്രേമിക്കുന്ന നായകന്‍ പുരുഷാധിപത്യസിനിമാലോകത്തിന്റെ സ്ഥിരം വിജയഫോര്‍മുലകളിലൊന്നാണ്. ബോയിംഗ് ബോയിംഗ് മുതല്‍ കൗതുകവാര്‍ത്തകളും കുട്ടേട്ടനും സ്വപ്‌നക്കൂടും വരെയുള്ള മലയാളസിനിമകളിലും അവന്‍ നാന്‍ ഇല്ലൈ മുതല്‍ അവന്‍ നാന്‍ ഇല്ലൈ 2 വരെയുള്ള തമിഴ് സിനിമകളിലുമെല്ലാം ഈ ഫോര്‍മുല തന്നെ ഉപയോഗിച്ചിട്ടുണ്ട്. അത്തരം മുന്‍കാലസിനിമകളുടെ എല്ലാം സ്‌ത്രീവിരുദ്ധതയെ ഈ ചിത്രം കടത്തിവെട്ടിയിരിക്കുന്നു. അതിനു പുറമേ സിനിമയെന്ന നിലയില്‍ ചിത്രം വളരെ മോശമായിട്ടുണ്ടുതാനും. വിശാലിന്റെ അഭിനയശേഷിയെ പരിതാപകരമെന്നേ പറയേണ്ടൂ. യുവന്‍ശങ്കര്‍ രാജ കുറച്ചുകാലമായി ചെയ്യുന്ന സംഗീതമെല്ലാം ഒരേപോലിരിക്കുന്നു. ഇതിലും വ്യത്യസ്‌തതയൊന്നുമില്ല. ശബ്‌ദക്കലവിയല്ലാതെ മറ്റൊന്നുമില്ല സംഗീതകാരന്റെ ഭാഗത്തുനിന്ന്.
