Posted on 31 January 2010. Tags: salman khan, veer
ബ്രാഡ് പിറ്റ് അഭിനയിച്ച ട്രോയ്‌യും മെല്‍ ഗിബ്‌സണ്‍ അഭിനയിച്ച പേട്രിയറ്റും റസല്‍ ക്രോവ് അഭിനയിച്ച ഗ്ലാഡിയേറ്ററുമെന്നല്ല, അതിനൊക്കെ വര്‍ഷങ്ങള്‍ക്കുമുന്‍പേ ബെന്‍ഹര്‍ കണ്ട കാലം മുതലേ സല്‍മാന്‍ ഖാന്റെ മനസ്സില്‍വീണ ചിന്തയാണ് ഇത്തരമൊരു വീരപുരുഷന്റെ കഥ അഭ്രത്തിലാക്കുകയെന്നത്. അതിവിടെ നമ്മുടെ അമീര്‍ഖാന്‍ മംഗള്‍പാണ്ടേ ചെയ്‌തതോടെ അങ്ങേയറ്റമായിത്തീര്‍ന്നു. അതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ വീര്‍ എന്ന ചിത്രം.
ആയിരത്തിത്തൊള്ളായിരത്തിഎണ്‍പതില്‍ സര്‍വശ്രീ ജയന്‍ മരണപ്പെടുമ്പോള്‍ തീര്‍ച്ചയായും ശ്രീ സല്‍മാന്‍ഖാന്‍ പത്തുപതിനൊന്നുവയസ്സുള്ള, വള്ളിക്കാച്ചട്ടയിട്ടുനടക്കുന്ന ഒരു കൊച്ചനാണ്. അല്ലായിരുന്നെങ്കില്‍ ജയന്റെ പുനര്‍ജന്മമാണു കക്ഷിയെന്നെങ്കിലും സമാധാനിക്കാമായിരുന്നു. വീര്‍ എന്ന ചിത്രത്തില്‍ നല്ലൊന്നൊന്താരം വാള്‍ക്കുത്തുകള്‍, അതായത്, ഖഡ്‌ഗത്തിന്റെ വീശലുകള്‍ കൈ കൊണ്ടു തടുക്കുക മാത്രമല്ല, ആ വാളു പിടിച്ച്, പിടിച്ച പിടിയാലേ, വെറുംകയ്യാല്‍ ഒടിച്ചുകളയുകവരെ ചെയ്യുന്നുണ്ട് സല്‍മാന്‍ ഖാന്‍. അതൊക്കെ ഏതു ചരിത്രസന്ദര്‍ഭത്തിലായാലും ഇത്തിരി കടന്നകയ്യല്ലേ എന്നാണ് ഇതെഴുതുന്നയാളുടെ സംശയം.
മാധവ്‌ഗാറിലെ രാജാവ് ബ്രിട്ടിഷുകാരുമായി ചേരുന്നതോടെ രാജ്യാഭിമാനികളായ പിണ്‌ഡാരികള്‍ അദ്ദേഹത്തിന്റെ കയ്യുംവെട്ടി സ്ഥലംവിടുന്നുതിടത്താണ് ചിത്രമാരംഭിക്കുന്നത്. പിണ്‌ഡാരികളുടെ നേതാവായ പൃഥ്വിക്ക് (മിഥുന്‍ ചക്രവര്‍ത്തി) ഉണ്ടാകുന്ന പുത്രനാണ് വീര്‍ (സല്‍മാന്‍) അവന്‍ പില്‍ക്കാലത്ത് മാധവഗാറിലെ രാജകുമാരിയെ ലണ്ടനില്‍ ഒരു പിണ്‌ഡരിയായെത്തി പ്രേമിക്കുന്നതും പിന്നെ നാട്ടിലെത്തി ഭാര്യയാക്കുന്നതും ഒപ്പം ബ്രിട്ടീഷുകാരെ ഒരരുക്കാക്കുന്നതും മറ്റുമാണ് ചിത്രത്തിന്റെ കഥ. വാളു പിടിച്ചൊടിക്കുന്നവന്റെ മുന്നില്‍ ബ്രിട്ടീഷുകാരല്ല, അമേരിക്കക്കാരുവരെ മുട്ടിടിച്ചു, മുട്ടുകുത്തിനിന്നില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളൂ. ഏതായാലും പയ്യന്‍ അവസാനം വെടിയേറ്റുമരിക്കുകയാണെന്നതുമാത്രമാണ് ചിത്രത്തില്‍ യുക്തിക്കുനിരക്കുന്നതായുള്ളത്.
സല്‍മാന്‍ഖാന്റെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും മനോഹരമായ അഭിനയവും സജീദ് വജീദിന്റെ അതിമനോഹരമായ സംഗീതവുമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റുകള്‍. ഒപ്പംതന്നെ, നാടകീയമെങ്കിലും ചേതോഹരമായ ക്ലൈമാക്‌സൊരുക്കിയ രചയിതാക്കളുടെ ഇന്റലിജന്‍സും ശ്രദ്ധേയം തന്നെ. ഏതര്‍ത്ഥത്തിലും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് വീര്‍ എന്നത് എടുത്തുപറയണം.
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 31 January 2010. Tags: jaggubhai, k.s.ravikumar, sarath kumar, sreeya saran
ദശാവതാരം മുതല്‍ ആദവന്‍ വരെയുള്ള മാസ്‌മരികചിത്രങ്ങള്‍ എടുക്കുന്നതിനിടയിലാണ് ശ്രീ കെ.എസ്. രവികുമാര്‍ ജഗ്ഗുഭായ് എന്ന ചിത്രം തിരക്കഥയെഴുതിയ സംവിധാനം ചെയ്‌തിരിക്കുന്നത്. ജഗ്ഗുഭായ് കാണുന്നവര്‍ രവികുമാറിന്റെ മാനസികാവസ്ഥയോര്‍ത്ത് അന്തംവിടാതിരിക്കില്ല. കാരണം, ആദവന്‍ പോലൊരു പുതുതലമുറച്ചിത്രവും ദശാവതാരം പോലൊരു ബ്രഹ്മാണ്‌ഡചിത്രവും ഒരുക്കുന്ന ആളുടെ മനസ്സു തന്നെയാണല്ലോ ജഗ്ഗുഭായ് പോലുള്ള ചിത്രവുമൊരുക്കുന്നതെന്നോര്‍ത്ത്.
ഈ ചിത്രത്തിന്റെ കഥ വളരെ വിചിത്രമാണ്. ജഗ്ഗുഭായ് എന്ന ഐ.പി.എസ്. ഓഫീസര്‍ 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഓസ്‌ട്രേലിയയില്‍ വച്ച് ഒരു ഗ്യാംഗിനെ ഒതുക്കാനും സ്വാഭാവികമായി അതിന്റെ തലവനായ ഒരുവനെ പിടികൂടാനായും ഒരു നാടകം കളിക്കുന്നു. അതിനായി അയാള്‍ ഒരു വിവാഹം വരെ കഴിക്കുന്നു. അതെല്ലാം കുളത്തില്‍വീണു കുളമായി എന്നു പറഞ്ഞാല്‍മതിയല്ലോ. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം, ആ ഭാര്യ ഓസ്‌ട്രേലിയയില്‍മരിക്കുമ്പോള്‍ ജഗ്ഗുഭായ് അങ്ങോട്ടെത്തുന്നു. അയാളുടെ 20 വയസ്സായ മകളുടെ സംരക്ഷണച്ചുമതല ഭാര്യ അയാളില്‍ നിക്ഷിപ്‌തമാക്കിയിരിക്കുന്നു. ആ മകളാവട്ടെ ശ്രീയ ശരണും. അവളുടെ അയാളുടെ വരുതിയില്‍ നില്‍ക്കുന്നു. അവളാണെങ്കില്‍ അരക്കാച്ചട്ടയുമിട്ട്, ബോട്ടില്‍ക്കയറി പാട്ടോടുപാട്ട്. അതിനിടെ അവളെ ശത്രുക്കള്‍ കൊല്ലാന്‍ വരികയും ചെയ്യുന്നു. ശരത് കുമാറിന്റെ നായകന്‍ ജഗ്ഗുഭായ്‌ക്കാണെങ്കില്‍ പെങ്കൊച്ചിന്റെ സ്‌നേഹം നേടണം. അവളുടെ തോന്ന്യവാസം അവസാനിപ്പിക്കണം, അവളെ കൊല്ലാന്‍ വരുന്നവരുടെ കഴുത്തൊടിക്കണം. ഇതിനെല്ലാംകൂടി ആകപ്പാടെ രണ്ടരമണിക്കൂറ് കഷ്‌ടിച്ചും. ഈ സമയം കൊണ്ട് ഇതെല്ലാം ആശാന്‍ ചെയ്‌തുതീര്‍ക്കുന്നതാണ് ജഗ്ഗുഭായ്.
ശ്രീയയുടെ കാലുകള്‍ കണ്ടുമതിവരാത്തവര്‍ക്കര്‍ക്ക് ഈ ചിത്രം ഒരു വിരുന്നുതന്നെയാണ്. അല്ലാത്തപക്ഷം, ഇതില്‍ വലിയ കഥയൊന്നുമില്ലതാനും. മുന്‍കാലത്ത് മുന്‍നിരനായികയായിരുന്ന കിരണ്‍ എന്ന മാദകനടിക്ക് ഒരു തുണിയഴിച്ചാട്ടവും മൂന്നു നോര്‍മല്‍ സീനുകളുമുണ്ട് ഈ ചിത്രത്തില്‍ കിരണിന്റെ ഇഷ്‌ടപ്പെടുന്നവര്‍ക്കും ഈ ചിത്രം ഒരു ആശ്വാസമാണ്. ക്ലൈമാക്‌സില്‍ ശരത് കുമാര്‍ ഒരു ഹെലികോപ്‌ടറില്‍നിന്നു ചാടി മറ്റൊരു എയര്‍ക്രാഫ്‌റ്റില്‍നിന്നു വീണുപോയ ശ്രീയയെ രക്ഷപ്പെടുത്തുന്ന മാസ്‌കമരികസര്‍ക്കസുണ്ട്. അതും ഒരു വിസ്‌മയക്കാഴ്‌ചയാണ്. അതൊക്കെയൊഴിച്ചാല്‍ ഈ ചിത്രം കാണാനെത്തുന്നവര്‍ പൊതുവെ നിരാശയിലാണ്ടുപോകാനാണു സാദ്ധ്യത.
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 31 January 2010. Tags: ali akbar, jagadheesh, jagathy sreekumar, junior mandrake
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അലി അക്‌ബര്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നൊരു പടമെടുത്തത്. അതിന്റെ രചനാരംഗത്ത് ഇന്നത്തെ പ്രമുഖതിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം പഴയ പേരുമാത്രം പൊടിതട്ടിയെടുത്ത് അലി അക്‌ബര്‍ സ്വയം സംവിധാനം ചെയ്‌ത് ഒരു രണ്ടാം ഭാഗമൊരുക്കിയിരിക്കുകയാണ് പ്രസ്‌തുതചിത്രത്തിന്; സീനിയര്‍ മാന്‍ഡ്രേക്ക് എന്ന പേരില്‍.
ഈ ചിത്രത്തെ ഒരു പരീക്ഷണചിത്രമെന്നേ വിളിക്കാനാവൂ. പരീക്ഷണം പക്ഷേ. പ്രേക്ഷകരുടെ നേരേ ആണെന്നേ പറയാനാവൂ. ശരിക്കും പരീക്ഷണം. പണ്ട് ജൂനിയര്‍ മാന്‍ഡ്രേക്കു കണ്ടവര്‍ അതിന്റെ പത്തിലൊന്നു തമാശെങ്കിലും ഈ രണ്ടാംഭാഗത്തില്‍നിന്നു പ്രതീക്ഷിച്ചുപോകുന്നതില്‍ തെറ്റുപറയാനാകുമോ. ഏതായാലും, വിചിത്രമെന്നേ പറയേണ്ടൂ, പത്തിലൊന്നുപോയിട്ട്, അഞ്ചിലൊന്നുപോലും മര്യാദ ആദ്യഭാഗത്തോടുപുലര്‍ത്താത്ത ഒരു വികൃതസൃഷ്‌ടിയായിപ്പോയിട്ടുണ്ട് അലി അക്‌ബറിന്റെ സീനിയര്‍ മാന്‍ഡ്രേക്ക്.
കഴിഞ്ഞ കുറച്ചുകാലമായി ചിരിമന്നന്‍ ജഗതി ശ്രീകുമാര്‍ താഴേക്കാണ് എന്നത് ഒരു സത്യമാണ്. എങ്കിലും പാസഞ്ചര്‍, ഇവിടം സ്വര്‍ഗമാണ്, മീശമാധവന്‍ പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയം മികവാര്‍ന്ന ഒരു പ്രകടനമാക്കിയിട്ടുണ്ട്. എങ്കിലും തമാശയുടെ കാര്യത്തില്‍ അദ്ദേഹം താഴോട്ടുതന്നെ.
ഈ ചിത്രം ശ്രീ ജഗതി ശ്രീകുമാര്‍ തിയറ്ററില്‍ പോയി കാണണം. ഞാന്‍ എന്റെ അനുഭവത്തിലാദ്യമായി ജഗതിയെ പ്രേക്ഷകര്‍ കൂവുന്നതു നേരിട്ടുകണ്ട ചിത്രമാണിത്. പണ്ടൊക്കെ ഏതു പരട്ടപ്പടത്തിലും സ്വന്തം സാന്നിദ്ധ്യം ഒരു വിസ്‌മയപ്രകടനത്തിന്റെ അരങ്ങാക്കിയിട്ടുള്ള ജഗതി ഈ പടത്തില്‍ വീണിരിക്കുന്നു. ജഗതിയുടെ നമ്പരുകള്‍ പണ്ടേപ്പോലെ ഏല്‍ക്കുന്നില്ല. ജഗദീഷും ഈ പടം തിയറ്ററില്‍ പോയി കാണണം. ജഗദീഷിന്റെ മുഖം സ്‌ക്രീനില്‍ തെളിയുമ്പോള്‍ ജനം കൂവുകയാണ്. ഇതിന്റെ അര്‍ത്ഥം ഈ നടന്മാര്‍ തിരിച്ചറിയണം. ഇവരെ കാണാനാണ് ജനം ഈ പടത്തിന് ടിക്കറ്റെടുത്തു കയറിയതെന്നുറപ്പ്. എന്നിട്ട്, ഇവരെ കാണുമ്പോള്‍ കൂവണമെങ്കില്‍ കാര്യമെന്താണ് എന്ന് ഈ നടന്മാര്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. കല്‌പനയുടെ തിരുവനന്തപുരം പ്രയോഗവും വെറും തറലെവലിലായിപ്പോയി.
ഈ ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന്‍ തന്നെയാണു നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്റെ കഥ മനസ്സിലാകാത്തതിനാല്‍ മറ്റ് എഡിറ്റര്‍ സുല്ലുപറഞ്ഞ നിസ്സഹായാവസ്ഥയിലായിരിക്കണം സംവിധായകനായ അലി അക്‌ബര്‍ പ്രസ്‌തുതകര്‍മം ഏറ്റെടുത്തിട്ടുണ്ടാകുക.
അല്‌പം ആശ്വാസമാകുമെന്നു കരുതിയ സുരാജും സലിംകുമാറും പോലും പടത്തിന്റെ മൊത്തം ലെവലില്‍നിന്ന് അല്‌പം പോലും ഉയരാനാകാതെ ദീര്‍ഘശ്വാസം വലിക്കുകയാണ്. അലി അക്‌ബറെഴുതിയതെന്ന നാട്യത്തില്‍ അവതരിപ്പിക്കുന്ന രണ്ടു നാടന്‍പാട്ടുകളും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതായിപ്പോയി.
ആകെമൊത്തം നോക്കിയാല്‍ കാലംതെറ്റിപ്പിറന്നൊരു ചാപിള്ളയല്ലാതെ മറ്റൊന്നുമല്ല സീനിയര്‍ മാന്‍ഡ്രേക്ക്.
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 31 January 2010. Tags: drona, mammootty, shaji kailas
വര്‍ഷങ്ങള്‍ക്കുശേഷം ഒരു മെഗാസ്റ്റാര്‍ ഹൊറര്‍ ചിത്രമാണു മലയാളത്തിലെത്തിയിരിക്കുന്നത്. മമ്മൂട്ടിയും ഷാജി കൈലാസും ഒപ്പം ഷാജിയുടെ സ്ഥിരം രചയിതാവ് എ.കെ. സാജനും ഒത്തൊരുമിക്കുന്ന ദ്രോണ. വെറും ദ്രോണയല്ല; ദ്രോണ 2010.
ഇതിന്റെ കഥാസാരം പറയുക അത്ര എളുപ്പപ്പണിയല്ല. വളരെ സങ്കീര്‍ണ്ണമായൊരു കഥയാണ് ഇത്തവണ ഷാജി കൈലാസ് തന്റെ മമ്മൂട്ടിച്ചിത്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. അതൊരു പ്രേതകഥയാണ്. നല്ലൂര്‍മനയിലെ ഒരു നാരീരത്‌നത്തെ വാഗ്വാദത്തില്‍ തോല്‌പിച്ച മറ്റൊരു പണ്‌ഡിതകുടുംബത്തോടു തോറ്റ വിദുഷിക്കുണ്ടാകുന്ന പകയും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രത്തെ സമ്പന്നമാക്കുന്നത്. നിഗൂഢത നിറഞ്ഞ അന്തരീക്ഷവും അതിന്റെ പ്രയോഗവുമൊക്കെ ചേര്‍ന്ന് സിനിമയെ മായികതയുടെ ഒരു മാസ്‌മരികതയില്‍ നിര്‍ത്തുന്നു.
ഏതായാലും വല്യേട്ടനുശേഷം എട്ടൊമ്പതു വര്‍ഷത്തിനുശേഷം ഷാജി കൈലാസ് മമ്മൂട്ടിയെ വച്ച്, അതും ഇരട്ടവേഷത്തില്‍വച്ച് ഒരു പടമൊരുക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തരമൊന്നാവില്ല പ്രേക്ഷകര്‍ പ്രതീക്ഷിച്ചതെന്നു തീര്‍ച്ച. എന്നാലും ഈ ചിത്രം പൂര്‍ണ്ണമായും പ്രതീക്ഷ കെടുത്തുന്നുവെന്നു പറയുന്നതും ശരിയായിരിക്കില്ല. കാരണം, പടം കണ്ടിറങ്ങുന്നവരില്‍ ചിലരെങ്കിലും പടം കണ്ടിരിക്കാവുന്ന ഒന്നാണെന്നു പറയുന്നത് ഈ ലേഖകന്‍ കേട്ടു. അതുകൊണ്ട് ഈ ചിത്രം ഒരു വന്‍ പരാജയമായിരിക്കില്ലെന്നാണു തോന്നല്‍.
പ്രേതസിനിമകള്‍ക്കു ലോജിക് അഥവാ കേവലയുക്തി വേണ്ടെന്നാണോ ചലച്ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. അതു ശരിയല്ല. കേവലയുക്തിയെങ്കിലും സംതൃപ്‌തിപ്പെടുന്ന ലിസ മുതല്‍ മണിച്ചിത്രത്താഴുവരെയുള്ള പ്രേതസിനിമകള്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. അതു സാദ്ധ്യമാക്കാത്ത അഥര്‍വം മുതല്‍ അഗ്നിനക്ഷത്രവും അപരിചിതനും വരെയുള്ളവ ഇവിടെ പരാജയത്തിന്റെ പടുകുഴിയില്‍ പതിച്ചിട്ടുമുണ്ട്. അതുകൊണ്ട് മിനിമം മര്യാദയുടെ പുറത്തേ പ്രേതസിനിമ എടുക്കാന്‍ പാടുള്ളൂ എന്നതാണ് സാമാന്യതത്വം. അത് ദ്രോണയില്‍ പാലിക്കപ്പെട്ടതായി തോന്നിയില്ല.
എങ്കിലും, നല്ല ഷോട്ടുകള്‍ ഒരുക്കുവാനുള്ള ഷാജി കൈലാസ് എന്ന ക്രാഫ്‌റ്റ് മാന്റെ സാമര്‍ത്ഥ്യം ഈ ചിത്രത്തെ കണ്ടിരിക്കാവുന്ന വിധത്തിലെങ്കിലുമാക്കിയിട്ടുണ്ടെന്നകാര്യം എടുത്തുപറയാതെ വയ്യ. ഒപ്പംതന്നെ, ലക്ഷ്‌മി ശര്‍മ, നവ്യാനായര്‍, കനിഹ, രഞ്‌ജിനി ജോസ്, ധന്യാമേരി വര്‍ഗീസ് എന്നീ അഞ്ചുനായികമാരുടെ സാന്നിദ്ധ്യം എന്നതും പ്രേക്ഷകര്‍ക്കു കണ്ണിനുത്സവമാകാതെ തരമില്ല. അതിനു പുറമേ മമ്മൂട്ടി ഇരട്ടവേഷത്തില്‍ നടത്തുന്ന പ്രകടനവും ആരാധകരെ സംതൃപ്‌തരാക്കാതിരിക്കില്ല.
പക്ഷേ, ദുര്‍ബലമായ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ സിനിമയുടെ ആത്മാവു ചോര്‍ത്തിക്കളഞ്ഞെന്നേ പറയാനാവൂ. കനിഹയെപ്പോലെ ഒരു മുന്‍നിരനായികയുടെ അഭിനയം പോലും അസഹ്യമെന്നേ പറയേണ്ടൂ. ഉര്‍വശിയെപ്പോലൊരു നടിയുടെ അഭാവം അനുഭവവേദ്യമാകുന്ന അവസരമാണിത്. ഉര്‍വശി അഭിനയിക്കേണ്ട വേഷമാണിത്. അതാണ് കനിഹ കുളമാക്കിയിരിക്കുന്നത്.
ദ്രോണ ഒരു ഗംഭീരസിനിമയല്ല. ഷാജി കൈലാസും മമ്മൂട്ടിയും ഇതിനു മുന്‍പ് ഒരുമിച്ച കിംഗും ട്രൂത്തും വല്യേട്ടനും ഈ ദ്രോണയ്‌ക്കുമുന്‍പില്‍ മികച്ച ചിത്രങ്ങളത്രെ. അപ്പനെ മകന്‍ നന്നാക്കുമെന്നാണല്ലോ ചൊല്ല്.
ദ്രോണ ഒരു ഹൊറര്‍ ചിത്രമാണ്; എല്ലാ അര്‍ത്ഥത്തിലും. അതില്‍ കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല.
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 27 January 2010. Tags: drona, mammootty, shaji kailas

മമ്മൂട്ടിയും ഷാജി കൈലാസും ഒമ്പതു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഒരുമിക്കുന്ന ത്രില്ലര്‍ ചിത്രം ദ്രോണ 2010 ഇന്നുമുതല്‍ കേരളത്തിലെ 80 തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. വല്യേട്ടനായിരുന്നു ഈ ഹിറ്റുജോഡി ഒരുമ#ിച്ച അവസാനചിത്രം. ഷാജിയുടെ വിജയരചയിതാവായ എ.കെ.സാജന്‍ ഷാജി-മമ്മൂട്ടി ടീമിനായി ആദ്യമായി എഴുതുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. നായിക കനിഹ. തിലകന്‍ വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രമാകുന്നു. മനോജ് കെ. ജയനും വ്യത്യസ്‌തമായ വേഷവും ഗെറ്റപ്പുമാണ്. മമ്മൂട്ടി രണ്ടു കാലഘട്ടത്തിലെ രണ്ടു കഥാപാത്രങ്ങളായി രംഗത്തെത്തുന്നു. മമ്മൂട്ടി, തിലകന്‍, കനിഹ, മനോജ് എന്നിവര്‍ പഴശ്ശിരാജയ്‌ക്കുശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ദ്രോണയ്‌ക്കുണ്ട്. മഹാഭാരതം എന്ന ഇതിഹാസത്തിലെ പ്രതികാരത്തിന്റെ പ്രതിരൂപമാണ് ദ്രോണാചാര്യര്‍. ഈ അഭിനവദ്രോണയും പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പ്രതികാരത്തിന്റെ കെടാത്ത കനലുമായാണ് എത്തുന്നത്.
പ്രമുഖ തിയറ്ററുകള്‍
തിരുവനന്തപുരം – കൃപ, കൈരളി,
എറണാകുളം – ഷേണായീസ്, ലിറ്റില്‍ ഷേണായിസ്
കോഴിക്കോട് – കൈരളി, ശ്രീ
തൃശ്ശൂര്‍ – രാംദാസ്, കൈരളി
പാലക്കാട് – ആരോമ, ന്യൂ ആരോമ
കണ്ണൂര്‍ – സരിത, സാഗര
കൊല്ലം – കുമാര്‍, പ്രണവം
കോട്ടയം – അനശ്വര
ആലപ്പുഴ – സീതാസ്
Posted in ഇന്നു മുതല്‍...
Posted on 27 January 2010. Tags: bodyguard, dileep, nayanthara, siddiq

മലയാളസിനിമയുടെ മുത്തെന്നായിരുന്നു സംവിധായകജോഡിയായിരുന്ന സിദ്ദീക് – ലാല്‍മാരെപ്പറ്റി പറഞ്ഞിരുന്നത്. റാംജിറാവു സ്‌പീക്കിംഗ് എന്ന ആദ്യചിത്രത്തിലൂടെത്തന്നെ വിസ്‌മയവും വിസ്‌മയവിജയവും സൃഷ്‌ടിച്ചു അവര്‍. തൊഴില്‍രഹിതരായ മൂന്നു ചെറുപ്പക്കാരുടെ ജീവിതങ്ങളെ മുന്‍നിര്‍ത്തി ഉഗ്രനൊരു സാമൂഹികവിമര്‍ശവിഷയമാണ് ആ ചിത്രം കൈകാര്യം ചെയ്‌തത്. അതിന്റെ വിഷയപരമായ ആഴവും ഉള്‍ക്കരുത്തും മലയാളസിനിമയും പ്രേക്ഷകരും നെഞ്ചേറ്റി ലാളിച്ചു. തുടര്‍ന്ന് വിജയത്തിന്റെ പാതയ്‌ക്കായി ഉള്‍ക്കരുത്തുള്ള വിഷയമെന്ന കാര്യമൊക്കെ വിട്ടെങ്കിലും രസനീയങ്ങളായ കഥകളും കഥാസന്ദര്‍ഭങ്ങളും അവതരണരീതിയും കൈമുതലാക്കി ഇരുവരുംചേര്‍ന്ന് ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്‌ഫാദര്‍, വിയറ്റ്‌നാംകോളനി, കാബൂളിവാല എന്നീ ചിത്രങ്ങളൊരുക്കി. എല്ലാം വിജയിച്ചു. ഇരുവരും പേരു ചാര്‍ത്താതെ സഹകരിച്ച ആഅവസാനചിത്രമായ മാന്നാര്‍ മത്തായി സ്‌പീക്കിംഗും വിജയിച്ചു. തുടര്‍ന്ന് ഇണപിരിഞ്ഞ ഇവരില്‍ സിദ്ദീഖ് രചന, സംവിധാനത്തിന്റെ പാതയില്‍ തുടരുകയും ലാല്‍ നിര്‍മാണ, വിതരണ, അഭിനയരംഗത്ത് നിലയുറപ്പിക്കുകയും ചെയ്‌തു. ലാലില്ലാതെ സിദ്ദീക് ചെയ്‌ത ചിത്രങ്ങളായ ഹിറ്റ്‌ലറും ഫ്രണ്ട്‌സും മറ്റും നിലവാരത്തില്‍ താഴെയായിരുന്നെങ്കിലും വിജയഫോര്‍മുലകള്‍ പിന്തുടര്‍ന്നു. അവസാനചിത്രമായ ക്രോണിക് ബാച്ചിലര്‍ പക്ഷേ, ഹൈസ്‌കൂള്‍ നിലവാരത്തിലുള്ള നാടകവും പടയപ്പ എന്ന തമിഴ്‌സിനിമയുടെ കഥാപാത്രവത്‌ക്കരണത്തെ അനുകരിക്കുന്നതുമൊക്കെയായിരുന്നു. എന്നിട്ടും പടം ഹിറ്റായി. ഹിറ്റായിട്ടും പിന്നെ ആറുവര്‍ഷം സിദ്ദീഖ് മലയാളത്തില്‍ സിനിമയെടുത്തില്ല. ഒഠുവില്‍ അദ്ദേഹം ഇപ്പോള്‍ ദിലീപ്, നയന്‍താര ജോഡിയുമായി ബോഡിഗാഡ് എന്ന ചിത്രമെടുത്തിരിക്കുന്നു. ക്രോണിക് ബാച്ചിലറിന്റെ നിലവാരത്തില്‍നിന്ന് ആറുകൊല്ലംകൊണ്ട് അദ്ദേഹം പിന്നെയും ആറായിരമടി താഴേക്കുപോയിരിക്കുന്നു ഈ ചിത്രത്തില്‍ എന്ന് പറയാതെ നിവൃത്തിയില്ല. പടംകണ്ടിറങ്ങുന്ന പ്രേക്ഷകരും അതുതന്നെയാണ് പറയുന്നതെന്നത് ഈ ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുമെന്നുറപ്പ്.
കെട്ടുകഥകളാണ് സിദ്ദീഖ് ചിത്രങ്ങളുടെ ഇതിവൃത്തം. വളരെ സങ്കീര്‍ണമായ ഒറു കഥാപരിസരവും കഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഗതിവിഗതികളും ഒടുവില്‍ അത് ഇഴപിരിച്ചെടുത്ത് ശുഭകരമായി അവസാനിപ്പിക്കുന്ന രീതിയുമാണ് റാംജിറാവു മുതല്‍ ഇന്നുവരെ ഈ സംവിധായകന്‍ ചെയ്‌ത സിനിമകളെല്ലാം അനുവര്‍ത്തിക്കുന്ന പ്രമേയരീതി. ബോഡിഗാഡിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ല. ധീരതയെ ആരാധിക്കുന്ന ഒരു കുട്ടി, അവന്‍ വളര്‍ന്നുവരുമ്പോള്‍ ഗുണ്ടകളെ ആരാധിക്കുന്നു. അവന്റെ പേര് ജയകൃഷ്‌ണന്‍ (ദിലീപ്). അവന്‍ ഗുണ്ടകളുടെ ഗുണ്ടയും എന്നാല്‍ മഹാനല്ലവനുമായ അശോകേട്ടന്റെ (ത്യാഗരാജന്‍) അടുക്കലെത്തിപ്പെടുന്നു. സംഗതിവശാല്‍ അവന്‍ അശോകേട്ടന്റെ മകളായ അമ്മുവിന്റെ (നയന്‍താര) ബോഡിഗാഡായി അവളോടും കൂട്ടുകാരിയോടുമൊപ്പം ദൂരെയുള്ള കോളേജിലേക്ക് എത്തിപ്പെടുന്നു. ഗുണ്ടയാകാന്‍ പഠിത്തം പണ്ടേ കളഞ്ഞെങ്കിലും ജയകൃഷ്‌ണന് പഠിക്കുമ്പോള്‍ ഫസ്റ്റ്‌റാങ്കായിരുന്നതിനാല്‍ അവന് അമ്മുവിന്റെ ക്ലാസില്‍ അഡ്‌മിഷനും തന്തപ്പടി ശരിപ്പെടുത്തുന്നു. പതിവുപോലെ ആശാന്‍ പെങ്കൊച്ചിനും കൂട്ടുകാരിക്കും കോളേജിലാകെ പാരയാകുന്നു. അവന്റെ കാവല്‍ശല്യം ഒഴിവാക്കാന്‍ പെങ്കൊച്ച് ഒരു ഫോണ്‍ ഇന്‍ പ്രേമം നമ്പര്‍ എടുത്തുകാച്ചുന്നു. പിന്നെ, പറയണോ കഥ? അമ്മുവാണെന്നറിയാതെ ആ ഫോണ്‍ ഇന്‍ പ്രണയം തളിരിടുന്നു. അമ്മുവിനാണെങ്കില്‍ പയ്യെപ്പയ്യെ ജയകൃഷ്‌ണനോടു മുടിഞ്ഞ പ്രേമവും ആയിത്തീരുന്നു. ഇത് ഒടുവില്‍ അറിയുന്ന തന്തപ്പടി ബോഡിഗാഡിനെ വകവരുത്താന്‍ തീരുമാനിക്കുന്നു. ഇവിടെ വച്ച് കഥയ്‌ക്ക്, സിദ്ദീഖ് സാറിന്റെ പടങ്ങളിലെ മുടങ്ങാച്ചടങ്ങായ ഒ.ഹെന്‍റി ട്വിസ്റ്റ് സംഭവിക്കുന്നു. പിന്നെ, ഒരു ഫ്‌ളാഷ്‌ബാക്ക്, ഒരു ക്ലൈമാക്‌സ്, ഒരു ആന്റി ക്ലൈമാക്‌സ്… അതൊന്നും തല്‍ക്കാലം പറയുന്നില്ല. കാണാനിരിക്കുന്നവരുടെ മനസ്സിലെ രസച്ചരടു പൊട്ടിക്കുന്നതെന്തിന്?…
ഈ ചിത്രത്തിനുവേണ്ടിയാണോ സിദ്ദീഖ് സാര്‍ കഴിഞ്ഞ ആറേഴുവര്‍ഷം കാത്തിരുന്നതും ഒരുങ്ങിയതും. അദ്ദേഹം, മലയാളത്തില്‍ സിനിമയെടുക്കാന്‍ ഭയമാണെന്നും മലയാളിപ്രേക്ഷകസമൂഹം മാറിയെന്നും പുതിയ പ്രേക്ഷകനെ ഭയമാണെന്നുമൊക്കെ പറയുന്ന ഇന്റര്‍വ്യൂകള്‍ ഇടയ്‌ക്കു കണ്ടിരുന്നു. ഏതായാലും ആ സ്ഥിതി ഇതോടെ മാറും. ബോഡിഗാഡ് വന്നതോടുകൂടി പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ ആയിരിക്കും ഇനിമേല്‍ ഭയം.
ഈ ചിത്രത്തില്‍ കുറേയധികം പാട്ടുകളുണ്ട്. അവനവളാണോ… അവളിവളാണോ… എവളെവളാണോ… എന്നൊക്കെയാണ് പാട്ടുകളുടെ വരികള്‍. ഒരു അഴശകലാരൂപമായ കഥാപ്രസംഗത്തില്‍ ഇങ്ങനെയാണ്. കഥ നാലുവരി പറഞ്ഞാല്‍ പിന്നൊരു പാട്ടാണ്. ഇവിടെ ആ അര്‍ഥത്തില്‍ സിദ്ദീഖ് കഥാപ്രസംഗത്തിന്റെ ശൈലി കടംകൊണ്ടിരിക്കുകയാണ്.
പടതത്തിന്റെ ഒരു വിഭാഗത്തെക്കുറിച്ചും നല്ലതുപറയാനില്ല. ദിലീപിന്റെയും ത്യാഗരാജന്റെയും സാന്നിദ്ധ്യമാണ് ഒരു ആശ്വാസഘടകം. പക്ഷേ, അവര്‍ക്കും വലിയ പെര്‍ഫോമന്‍സ് സാദ്ധ്യതകളില്ല. അമ്മുവായിവരുന്ന നയന്‍താരയ്‌ക്ക് മുഖത്ത് കൃത്രിമമായ ചില പേശീചലനങ്ങള്‍ കാഴ്‌ചവയ്‌ക്കാനല്ലാതെ പ്രേമമോ അതിന്റെ ഭഗ്നഭാവമോ അതിലെ വേദനയോ ഒന്നും തോന്നുന്നുമില്ല, കാണുന്നവരില്‍ തോന്നിക്കുന്നുമില്ല. ജനാര്‍ദ്ദനന്റെ കാര്യസ്ഥന്‍, ഹരിശ്രീയുടെ നീലാബരന്‍, വൈജയന്തിയുടെ മല്ലി, ഗിന്നസ് പക്രുവിന്റെ കുടമാളൂര്‍ ബാലാജി, സിദ്ധാര്‍ത്ഥന്റെ തടിയന്‍, സീനത്തിന്റെ അമ്മ, അപ്പാ ഹാജയുടെ രാജീവ്, കൊച്ചിന്‍ ഹനീഫയുടെ പ്രിന്‍സിപ്പല്‍, നന്ദുവിന്റെ അച്ഛന്‍, സീമാ ജി. നായരുടെ അമ്മ, ചുള്ളിക്കാടിന്റെ അദ്ധ്യാപകന്‍ തുടങ്ങിയ അനേകം കഥാപാത്രങ്ങളും കുറേ കൊട്ടേഷന്‍ സംഘാംഗങ്ങളും ചിത്രത്തില്‍ വന്നുമറയുന്നുണ്ട്. ആര്‍ക്കും ഒന്നും ചെയ്യാനോ കഥാവികാസത്തില്‍ പങ്കുവഹിക്കാനോ ഇല്ല. ഛായാഗ്രഹണം നിര്‍വഹിച്ച s.kumar വാതില്‍ തുറക്കുമ്പോള്‍ ഹൈ ആംഗിള്‍, അടയ്‌ക്കുമ്പോള്‍ ലോ ആംഗിള്‍ എന്നിങ്ങനെ കേവലവിസ്‌മയം തീര്‍ക്കുന്ന ആംഗിള്‍ മാറ്റങ്ങള്‍ മാത്രമേ ചെയ്യാനുള്ളൂ.
ആകപ്പാടെ പറഞ്ഞാല്‍, ബോഡിഗാഡ് ഒരു കെട്ടുകഥാപ്രസംഗമായിപ്പോയി. ഇത്തരമൊരു സിനിമയെടുക്കാനാണോ നൂറിലധികം ദിവസങ്ങളിലെ ഷൂട്ടും അഞ്ചാറു കോടി രൂപയും ചെലവഴിച്ചത് എന്നത് ആശ്ചര്യപ്പെടുത്തുന്നു.
എങ്കിലും ഈ ചിത്രം പരാജയപ്പെടുമെന്നു തോന്നുന്നില്ല. സ്‌ത്രീപ്രേക്ഷകര്‍ക്ക് ചിത്രത്തിന്റെ അതിനാടകീയത നിറഞ്ഞ ട്വിസ്റ്റുകള്‍ ഇഷ്‌ടപ്പെടാനിടയുണ്ട്. പരമ്പരകള്‍ സൃഷ്‌ടിച്ചിരിക്കുന്ന ഭാവുകത്വമണ്‌ഡലത്തില്‍ ജീവിക്കുന്ന സ്‌ത്രീകള്‍ക്ക് അംഗീകരിക്കാനും അദ്‌ഭുതം കൂറാനുമുള്ള വഹകളെല്ലാം ഇതിലുണ്ട്.
എങ്കിലും സിദ്ദീക്ക് എന്ന സംവിധായകനില്‍ നിന്ന് ഇങ്ങനൊരു കൂട്ട് പ്രേക്ഷകര്‍ നിനച്ചിരുന്നില്ല. മറ്റൊരു സംവിധായകന്റെ ചിത്രമായിരുന്നു ഇതെങ്കില്‍ ഇതിനെപ്പറ്റി കുറച്ചുകൂടി അനുഭാവത്തോടെ പ്രതികരിച്ചേനേ. സിദ്ദീകില്‍ നിന്ന് ജനം കൂടുതല്‍ വ്യക്തത പ്രതീക്ഷിക്കുന്നു.
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 27 January 2010. Tags: bala, black stallion, kalabhavan mani, namitha

സമീപത്തുള്ള പട്ടണത്തിലോ മറ്റോ പോകുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ പട്ടണത്തിലെ തീയറ്ററില്‍ ബ്ലാക്ക് സ്റ്റാലിയണ്‍ എന്ന സിനിമ ഓടുന്നുണ്ടാവാം. അബദ്ധത്തില്‍പോലും അതിനുള്ളില്‍ ചെന്നു തലയിടാതെ സൂക്ഷിക്കുക.
നിശ്ചലഛായാഗ്രാഹകനായ പ്രമോദും സഹോദരന്‍ പപ്പനും ചേര്‍ന്ന് കുറച്ചുകാലങ്ങളായി സിനിമകളെടുക്കുന്നു. മമ്മൂട്ടിയെ നായകനാക്കി ആദ്യമെടുത്ത വജ്രവും തസ്‌കരവീരനും ചുമ്മാ കണ്ടോണ്ടിരിക്കാനെങ്കിലും കൊള്ളാമായിരുന്നു. മമ്മൂട്ടി കളംമാറിയതോടെ രണ്ടാംനിര താരങ്ങളെവച്ചു വിലകുറഞ്ഞ കളിക്കാണ് പിന്നെയീ ഇരട്ടകള്‍ തീരുമാനിച്ചത്. മണിയെ നായകനാക്കി ഏബ്രഹാം ആന്റ് ലിങ്കണ്‍ എന്ന പടമെടുത്തു. തുടര്‍ന്നു റഹ്‌മാനെ വച്ച് മുസാഫിറും. മുസാഫിര്‍ പുറത്തുവന്നിട്ടില്ല. അതിനിടെ തട്ടിക്കൂട്ടിയതാണ് ബ്ലാക്ക് സ്റ്റാലിയണ്‍. കഥയോ തിരക്കഥയോ ഒന്നും സിനിമയ്‌ക്ക് ആവശ്യമില്ലെന്നും എന്തെങ്കിലും ഒരു എല്ലിന്‍തുണ്ട് കാണികള്‍ക്ക് കൊടുത്താല്‍മതിയെന്നും ആണ് ഈ സംവിധായകര്‍ കരുതുന്നത്. ആദ്യചിത്രങ്ങളില്‍ അത് മമ്മൂട്ടിയെന്ന മഹാമേരുവായിരുന്നെങ്കില്‍ ഇവിടെത്തുമ്പോള്‍ നമിതയെന്ന തെന്നിന്ത്യന്‍ ഗ്ലാമര്‍സുന്ദരിയുടെ ശരീരമാണെന്നു മാത്രം.
നമിതയുടെ ശരീരപ്രദര്‍ശനം മാത്രം ലാക്കാക്കിയും അത് വില്‌പന നടക്കുമെന്ന പ്രതീക്ഷ പുലര്‍ത്തിയും എടുത്ത സിനിമയാണ് ബ്ലാക്ക് സ്റ്റാലിയന്‍. ലോറി എന്ന വാഹനവുമായി രൂപപരമായുള്ള സാമ്യം കൊണ്ടാണോ എന്നറിയില്ല ലോറ എന്നാണ് നമിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നമിതയാണ് ചിത്രം മുഴുവന്‍. ഇന്റര്‍വെല്‍ വരെ അവളെ മണിയുടെ സ്റ്റാലിയന്‍ വേട്ടയാടുന്നു. ഇന്റര്‍വെല്ലിനു ശേഷം ബാലയുടെ അമീര്‍ ഉസ്‌മാന്‍ അവളെ രക്ഷിക്കുന്നു. ക്ലൈമാക്‌സില്‍ കഥ വീണ്ടും തിരിയുന്നു. അമീര്‍ ശിക്ഷകനും സ്റ്റാലിയന്‍ രക്ഷകനുമാകുന്നു. അതൊന്നും പ്രശ്‌നമല്ല, ആരു വേട്ടയാടിയാലും നമിതയുടെ തുടകളാണ് കഥയിലെ താരം.
ലോറയെ വിലപേശിയുറപ്പിക്കുന്ന അഗസ്റ്റിന്റെ കഥാപാത്രം ഈ ചിത്രത്തില്‍ പറയുന്ന ഒരു ഡയലോഗുണ്ട്. പടച്ചോനേ… പത്തുലക്ഷമാ അവള്‍ക്കുവേണ്ടി കൊടുത്തിരിക്കുന്നത്. അതുകൊണ്ട് എണ്ണതേച്ചൊന്നു കുളിച്ചുവരട്ടെ. മുഴുവന്‍ മുതലാക്കണം…
ഈ കഥാപാത്രത്തെപ്പോലെയാണ് സംവിധായകരും ചിന്തിച്ചിരിക്കുന്നത്. നമിതയ്‌ക്കു കൊടുത്തിരിക്കുന്നത് എത്ര ലക്ഷമാണോ അതിനു മുഴുവനും മുതലാക്കണം എന്ന ലാക്കോടുകൂടിയാണ് ക്യാമറമാനെ അവര്‍ നമിതയ്‌ക്കു ചുറ്റും വട്ടംചുറ്റിക്കുന്നത്. തന്റെ മുഖം ക്യാമറയില്‍ പതിയാന്‍ പോകുന്നില്ല എന്നു നന്നായി അറിയാവുന്നതുകൊണ്ടാവണം, അബദ്ധത്തിലെങ്ങാനും ക്യാമറയില്‍ നമിതയുടെ മുഖം പതിയുമ്പോള്‍ അവിടെ മരുന്നിനു പോലും ഒരു ഭാവം ഇല്ലാത്തതും.
ഏതായാലും ദോഷം പറയരുതല്ലോ, അഞ്ചു പാട്ടുകള്‍ക്കും ഏതാനും സ്വപ്‌നസീനുകള്‍ക്കും പിന്നെയും ചില ചേസുകള്‍ കഴിഞ്ഞും, ചിത്രത്തിന്റെ രണ്ടാംപാതിയില്‍ അഞ്ചാറു മിനിറ്റുകളോളം അഭിനയിക്കാനും പുറമേ, ഒരു എട്ടുമിനിറ്റോളം പര്‍ദയണിഞ്ഞ് പ്രത്യക്ഷപ്പെടാനുംകൂടി ഈ നടി സമയം കണ്ടെത്തിയിരിക്കുന്നു എന്നത് വിസ്‌മയകരമാണ്.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതൊരു പരീക്ഷണചിത്രമാണ്. വ്യത്യസ്‌തകഥകള്‍ തമ്മില്‍ പൊരുത്തപ്പെടുന്ന വിധത്തില്‍ ചിത്രമൊരുക്കിയില്ല എന്നാണല്ലോ മുന്‍പൊരു ജൂറി അടൂരിന്റെ നാലുപെണ്ണുങ്ങളെപ്പറ്റി പറഞ്ഞത്. ആ അര്‍ത്ഥത്തില്‍ പ്രമോദ് പപ്പന്‍ അടൂരി അതിശയിച്ചിരിക്കുന്നു. രണ്ടു വ്യത്യസ്‌തകഥകള്‍ അവരെത്ര കഷ്‌ടപ്പെട്ടാണ് അവസാനം പൊരുത്തപ്പെടുത്തിയിരിക്കുന്നത്.
രാജേഷ് ജയരാമന്റെ രചനാരീതിയെ സാഹസം എന്നേ വിശേഷിപ്പിക്കാനാവൂ. ആദ്യഭാഗങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ നാം എഴുപതുകളുടെ അവസാനം ഏതെങ്കിലും നാടന്‍ തീയറ്ററിലിരുന്ന് ബെന്‍സു വാസുവോ പച്ചനോട്ടുകളോ കാണുകയാണോ എന്നു പ്രേക്ഷകനു സംശയം തോന്നിപ്പോകും. എംഡി രാജേന്ദ്രന്റെ പാട്ടുകള്‍ ചിരിപരത്തി. നീയെന്‍ ദാഹം ഞാന്‍ നിന്‍ മോഹം… നീയെന്നില്‍ നിറയൂ, ഞാന്‍ നിന്നില്‍ നിറയാം… രതിഭാവം, പടരൂ… തീനാളം… എന്നിങ്ങനെ പദാവലികളും ക്ലിഷേകളുമായി അദ്ദേഹം ആസക്തിഭാവം പാട്ടില്‍ നിറയ്‌ക്കാന്‍ പെടുന്നൊരു പാട്. സംഗീതം പകര്‍ന്ന അഭിഷേക് ഒരേ ഈണം തന്നെയാണോ അഞ്ചുപാട്ടുകള്‍ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് സംശയം തോന്നുന്നു.
നമിതയുടെ കാലുകളും കഴുത്തും മറ്റും ഇനിയും കണ്ടുമടുത്തിട്ടില്ലാത്തവര്‍ക്ക് കാണാവുന്ന ഒരു സിനിമയാണിത് എന്നത് എന്തായാലും പറയാതെ വയ്യ കേട്ടോ…
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 24 January 2010. Tags: fashion, national film awards 2010, priyanka chopra

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടു. മികച്ച നടനും നടിക്കും ഉള്ള അവാര്‍ഡു നേടിയത് ഉപേന്ദ്ര ലിമായേ, പ്രിയങ്കാ ചോപ്ര എന്നിവരാണ്. മികച്ച സംവിധായകന്‍ നാന്‍ കടവുള്‍ എന്ന തമിഴ് ചലച്ചിത്രം ഒരുക്കിയ ബാലയും. ജോഗ്‌വ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിനാണ് ലിമായേ സമ്മാനിതനായത്. ഫാഷനിലെ പ്രകടനം പ്രിയങ്കയെ മികച്ച നടിയാക്കി. ബംഗാളി സിനിമ അന്താഹീനാണ് മികച്ച ചലച്ചിത്രം. കങ്കണാ റൗത്ത് മികച്ച സഹനടിയും അര്‍ജുന്‍ രാംപാല്‍ മികച്ച സഹനടനുമായി.
മികച്ച മലയാളചിത്രമായി രഞ്‌ജിത് സംവിധാനം ചെയ്‌ത തിരക്കഥ തെരഞ്ഞെടുക്കപ്പെട്ടു. ബയോസ്‌കോപ്പ് എന്ന മലയാളചിത്രത്തെപ്പറ്റി ജ്യൂറി പ്രത്യേകം പരാമര്‍ശിച്ചു.
ദേശീയ അവാര്‍ഡുനേടിയ എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍…
Posted in സിനിമാ വാര്‍ത്തകള്‍
Posted on 24 January 2010. Tags: gossip, malayalam film awards

കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ എല്ലാ ചാനലുകാരും ഏതെങ്കിലും സോപ്പുകമ്പനിയുടെയോ ഷാംപൂ കമ്പനിയുടെയോ കൂട്ടുചേര്‍ന്ന് മലയാളസിനിമാ അവാര്‍ഡു പ്രഖ്യാപിക്കുന്നുണ്ട്. ഈയടുത്തായി വനിതാപ്രസിദ്ധീകരണങ്ങളും സോപ്പുകമ്പനികളുടെ ഒത്താശയോടെ (ഒത്തൊരുമിച്ചുള്ള ആശ) ഇതേ സോപ്പിംഗ് നടത്തുന്നു. ഇത്തവണ ഈ ടൈപ്പ് അവാര്‍ഡുകളുടെ പ്രഖ്യാപനം വന്നതു വായിച്ചവര്‍ ഈയടുത്ത് ഏതു മലയാളസിനിമ കണ്ടു ചിരിച്ചതിലും ഏറെ ചിരിച്ചത്രേ. കാരണം, എല്ലാവര്‍ക്കും എന്തെങ്കിലും അവാര്‍ഡില്ലാതെ പട്ടിക ഒരാള്‍ പോലും പുറത്തുവിട്ടിട്ടില്ല. മികച്ച നടന്‍ മമ്മൂട്ടിയെങ്കില്‍ ചലച്ചിത്രരത്‌നം മോഹന്‍ലാല്‍. മികച്ച നടന്‍ ലാലെങ്കില്‍ ചലച്ചിത്രകുലോത്തുംഗന്‍ മമ്മൂട്ടി. എല്ലാവര്‍ക്കും സര്‍വകാലപ്രതിഭാ അവാര്‍ഡിന് പാവം മധുസാര്‍ തന്നെ ശരണം. പിന്നെ, മികച്ച താരജോഡി ജയസൂര്യ-റോമ, മികച്ച പുതുമഖനടന്‍, നടി, മികച്ച പുതുമുഖതാരജോഡി, രണ്ടാമത്തെ സിനിമയിലെ മികച്ച നടന്‍, സീരിയല്‍ രംഗത്തുനിന്നുവന്ന സംവിധായകരില്‍ മികച്ചത്, മികച്ച ഭാവിതാരം പൃഥ്വിരാജ്, മികച്ച ഒന്നാമത്തയും രണ്ടാമത്തെയും മൂന്നാമത്തെയും നടീനടന്മാരും സംവിധായകരും എന്നുവേണ്ട അവാര്‍ഡു ചെല്ലാത്തവരില്ല സിനിമാക്കാരില്‍ എന്ന അവസ്ഥ.
എന്നിട്ടും അപൂര്‍വം ചിലര്‍ക്ക് അവാര്‍ഡില്ലാതെ പോയെന്നതാണത്രേ സംഘാടകരെ വിഷമിപ്പിക്കുന്ന സംഗതി. അതിനു പരിഹാരമായി അടുത്ത കൊല്ലംതൊട്ട്, അവാര്‍ഡു പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ത്തന്നെ മറ്റൊരു പ്രഖ്യാപനവും കൂടി നടത്തുന്നത് നന്നായിരിക്കും. അഥവാ, ആര്‍ക്കെങ്കിലും അവാര്‍ഡു കിട്ടാതെയുണ്ടെങ്കില്‍ ആയവര്‍ അവാര്‍ഡു കമ്മിറ്റി ഓഫീസുമായി അവാര്‍ഡുദാനദിവസം വൈകുന്നേരം അഞ്ചുമണിക്കുമുമ്പു ബന്ധപ്പെടുവാന്‍ അപേക്ഷിച്ചുകൊണ്ടാവട്ടെ ആ പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ആ പരാതിയും അവസാനിക്കും.
പണ്ട്, ഒരു ഫുട്‌ബോള്‍ മത്സരത്തില്‍, 22 കളിക്കാര്‍ ഒരു പന്തിനായി ഓടുന്നതുകണ്ട് ഓരോരുത്തര്‍ക്കും ഓരോ പന്ത് ഉടനടി നല്‌കാന്‍ കല്‌പിച്ച നാട്ടുരാജാവിന്റെ പിന്മുറക്കാരിലാരോ ആണ് ഈ അവാര്‍ഡുവിതരണമേള കണ്ടുപിടിച്ചതെന്നുതോന്നുന്നു. അതോ, പണ്ടേതോ നടന്‍ അവാര്‍ഡു കിട്ടാതെ പേവാര്‍ഡിലായ വര്‍ഷം മുതല്‍, ഇനി ആര്‍ക്കും അവാര്‍ഡു കൊടുക്കാതിരിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ രഹസ്യനിര്‍ദേശമുണ്ടോ എന്നും അറിയില്ല.
Posted in പരദൂഷണം!...
Posted on 24 January 2010. Tags: jury chairman, national film award, piravi, shaji nkarun

സാധാരണ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ മലയാളത്തിന്റെ പേര് പലതവണ ഉണ്ടാകാറുണ്ട്. പക്ഷേ, ഇത്തവണ മലയാളത്തിന് കാര്യമായ ഒരവാര്‍ഡുപോലുമില്ല. ആകെയുള്ളത് ബയോസ്‌കോപ്പിനൊരു പരാമര്‍ശം. മികച്ച മലയാളസിനിമയ്‌ക്കുള്ള അവാര്‍ഡുമാത്രം രഞ്‌ജിത്തിന്റെ തിരക്കഥ നേടി. അവാര്‍ഡു പ്രഖ്യാപനത്തില്‍ മലയാളത്തിന്റെ പേരു കേള്‍ക്കാതെ അന്തംവിട്ടിരുന്ന ആളുകള്‍ ഇനി മികച്ച മലയാളചലച്ചിത്രത്തിനുള്ള അവാര്‍ഡും കൂടി വല്ല മറാത്തിസിനിമയ്‌ക്കോ ഗുജറാത്തിസിനിമയ്‌ക്കോ നല്‌കിക്കളയുമോ ഈ അവാര്‍ഡു കമ്മിറ്റി എന്നുവരെ വിചാരിച്ചുപോയത്രേ. അടൂര്‍ ഗോപാലകൃഷ്‌ണന്റെ ഒരുപെണ്ണും രണ്ടാണും ടി.വി.ചന്ദ്രന്റെ ഭൂമിമലയാളം തുടങ്ങിയ ചിത്രങ്ങള്‍ പോലും തഴയപ്പെട്ട നിലയാണ്.
രസകരമായ സംഗതി ഇത്തവണ സമ്മാനമൊന്നുമില്ലെങ്കിലും ജ്യൂറി ചെയര്‍മാന്‍ മലയാളിയായിരുന്നെന്ന കാര്യത്തില്‍ നമുക്കഭിമാനിക്കാമെന്നതാണ്. മത്സരിച്ച പ്രമുഖര്‍ക്ക് പക്ഷേ, അക്കാര്യത്തില്‍ വലിയ അഭിമാനം തോന്നുന്നുണ്ടാവില്ല. ജ്യൂറി ചെയര്‍മാന്‍ മലയാളിയായതാണ് പ്രശ്‌നമായതെന്നു കരുതുന്നവരും ഉണ്ടാകാം. ചെയര്‍മാനോട് ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍, അവാര്‍ഡു കിട്ടാത്തത് മലയാളസിനിമ ഒരു വെല്ലുവിളിയായി എടുക്കണമെന്നാണു പ്രതികരിച്ചത്. പണ്ടുപണ്ട്, പണ്ടെങ്ങാണ്ടു പണ്ട്…. ആര്‍ക്കും ഇപ്പോള്‍ വലിയ ഓര്‍മയൊന്നും വരാത്തത്ര പണ്ട്, ഇതേ ജ്യൂറി ചെയര്‍മാന്റെ ആദ്യസിനിമയായ പിറവിക്ക് കേരള സര്‍ക്കാരിന്റെ അവാര്‍ഡു കിട്ടാതിരുന്നപ്പോള്‍ ആള്‍ അന്നത് വെല്ലുവിളിയായൊന്നുമെടുത്തില്ല. എന്നുതന്നെയോ, അവാര്‍ഡിനു മാര്‍ക്കിട്ടവരെ വെല്ലുവിളിച്ചുകൊണ്ട്, കിട്ടിയ രണ്ടാമത്തെ മികച്ച സിനിമയെന്ന അവാര്‍ഡ് പുല്ലുപോലെ നിരസിക്കുകയും ചെയ്‌തിരുന്നു. പണ്ടു നടന്നതും പാളേല്‍ സംഭവിച്ചതുമൊക്കെ പഴേ കാര്യം, അല്ലേ…
ഇനിയും ചിലതൊക്കെ പറയാന്‍ ബാക്കിയുണ്ട്. പക്ഷേ, തല്‍ക്കാലം പറയുന്നില്ല. കാരണം, ജ്യൂറിമാരെപ്പറ്റി ഒന്നും പറയരുതെന്നോ മറ്റോ ജ്യൂറിസ്‌പ്രുഡന്‍സില്‍ പറയുന്നുണ്ട്.
Posted in പരദൂഷണം!...